അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ ഓടിയെത്തുന്നവരോട് ഒരു ന്യൂറോസർജന്റെ അപേക്ഷ! നിങ്ങളുടെ ഒരു തെറ്റായ നീക്കം ഒരു കുടുംബത്തിന്റെ ഭാവി തകർത്തേക്കാം! അപകടത്തിൽ മരിക്കാതെ രക്ഷപ്പെട്ടിട്ടും ജീവിതകാലം മുഴുവൻ കിടക്കയിൽ കഴിയേണ്ടിവരുന്ന എത്രയോ മനുഷ്യരുണ്ട്! ചിലപ്പോൾ അതിന് കാരണം അപകടത്തിന്റെ ആഘാതം മാത്രമല്ല, രക്ഷാപ്രവർത്തനത്തിനിടയിലെ തെറ്റുകളും ആകാം!
***
രാവിലെ വീട്ടിൽനിന്ന് ജോലിക്കിറങ്ങിയ അച്ഛൻ...
മക്കളുടെ ഭാവിക്കായി അധ്വാനിക്കുന്ന അമ്മ...
ഒരു കുടുംബത്തിന്റെ ഏക അത്താണിയായ യുവാവ്...
ഒരു നിമിഷത്തെ അപകടം ഇവരുടെ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതവും തകിടം മറിച്ചേക്കാം!
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഓടിയെത്തുന്നവരുടെ നല്ല മനസ്സിനെ ഞാൻ ആദരിക്കുന്നു. എന്നാൽ ഒരു ന്യൂറോസർജനെന്ന നിലയിൽ ഓരോ കേരളീയനോടും എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.
അപകടത്തിൽപ്പെട്ട ഒരാൾ മരണത്തിൽനിന്ന് രക്ഷപ്പെട്ടു. പക്ഷേ ജീവിതകാലം മുഴുവൻ കിടക്കയിൽ കഴിയേണ്ടിവന്നാലോ?
അപകടത്തിന്റെ ആഘാതം മാത്രമല്ല, രക്ഷിക്കാനുള്ള ശ്രമത്തിനിടയിലെ ഒരു തെറ്റായ നീക്കവും അതിന് കാരണമായെങ്കിലോ?
ഇന്നലെവരെ ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന മനുഷ്യൻ, ഇന്ന് മറ്റുള്ളവരുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയാലോ?
ഒന്നോർത്തുനോക്കൂ... ആ കുടുംബത്തിന്റെ വേദന എത്ര വലുതായിരിക്കും!
അതുകൊണ്ടാണ് ഞാൻ ആവർത്തിച്ച് പറയുന്നത്...
രക്ഷിക്കാനുള്ള നല്ല മനസ്സും ആവേശവും മാത്രം പോരാ. ഒരു ജീവൻ എങ്ങനെ സുരക്ഷിതമായി രക്ഷിക്കണമെന്ന് ഓരോ കേരളീയനും അറിഞ്ഞിരിക്കണം!
സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില അപകടദൃശ്യങ്ങൾ ഒരു ന്യൂറോസർജനെന്ന നിലയിൽ എന്നെ ഏറെ ആശങ്കപ്പെടുത്താറുണ്ട്!
രക്തത്തിൽ കുളിച്ചുകിടക്കുന്ന മനുഷ്യനെ കൈകാലുകളിൽ പിടിച്ച് വലിച്ചുയർത്തുന്നു. ബോധമില്ലാത്തയാളെ കുലുക്കിവിളിക്കുന്നു. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിരിക്കാമെന്ന സാധ്യതപോലും പരിഗണിക്കാതെ വാഹനത്തിലേക്ക് തൂക്കിയെടുത്ത് കയറ്റുന്നു!
എല്ലാം ജീവൻ രക്ഷിക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ! പക്ഷേ അറിവില്ലായ്മയോടെയുള്ള ഇത്തരം രക്ഷാപ്രവർത്തനങ്ങൾ ചിലപ്പോൾ അപകടത്തെക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം!
നട്ടെല്ലിന് പരിക്കേറ്റ ഒരാളെ അശ്രദ്ധമായി ചലിപ്പിക്കുന്നത് സുഷുമ്നാനാഡിക്ക് കൂടുതൽ ക്ഷതമുണ്ടാക്കുകയും സ്ഥിരമായ തളർച്ചയ്ക്ക് (Permanent Disability) കാരണമാകുകയും ചെയ്തേക്കാം.
രാവിലെ സ്വന്തം കാലിൽ ജോലിക്കിറങ്ങിയ ഒരു കുടുംബനാഥൻ, രക്ഷാപ്രവർത്തനത്തിലെ ഒരു തെറ്റായ നീക്കം കാരണം ജീവിതകാലം മുഴുവൻ കിടപ്പിലായാലോ?
എന്താണ് അപകടാനന്തര സുവർണസമയം (Golden Hour)?
അപകടത്തിനുശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂറിനെയാണ് സാധാരണയായി 'സുവർണസമയം' എന്നു വിശേഷിപ്പിക്കുന്നത്.
എന്നാൽ അറുപത് മിനിറ്റിനുള്ളിൽ ചികിത്സ ലഭിച്ചാൽ എല്ലാവരും രക്ഷപ്പെടുമെന്നോ അതിനുശേഷം പ്രതീക്ഷയില്ലെന്നോ അർഥമില്ല.
ഓരോ അപകടത്തിന്റെയും ഗുരുതരാവസ്ഥ വ്യത്യസ്തമാണ്. ചിലപ്പോൾ ആദ്യത്തെ ഏതാനും മിനിറ്റുകൾപോലും ജീവൻ നിർണയിച്ചേക്കാം!
തലച്ചോറിലെ രക്തസ്രാവം, ആന്തരിക രക്തസ്രാവം, ശ്വാസതടസ്സം, ഗുരുതരമായ നട്ടെല്ലുപരിക്കുകൾ എന്നിവയിൽ സമയബന്ധിതമായ വിദഗ്ധചികിത്സ മരണസാധ്യതയും സ്ഥിരവൈകല്യവും കുറയ്ക്കാൻ സഹായിക്കും.
അപകടത്തിനുശേഷം നഷ്ടപ്പെടുന്ന ഓരോ മിനിറ്റും ഒരാളുടെ ജീവനും ജീവിതവും തിരിച്ചുപിടിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്!
അപകടം കണ്ടാൽ എന്തുചെയ്യണം?
ഓരോ കേരളീയനും അറിഞ്ഞിരിക്കേണ്ട ജീവൻരക്ഷാ നടപടികൾ!
- ആദ്യം സ്വയം സുരക്ഷ! വാഹനങ്ങൾ, തീ, വൈദ്യുതി തുടങ്ങിയ അപകടസാധ്യതകൾ പരിശോധിക്കുക. മറ്റൊരു അപകടത്തിന് കാരണമാകരുത്.
- ഓരോ നിമിഷവും വിലപ്പെട്ടതാണ്! ഉടൻ 108 അല്ലെങ്കിൽ 112 വിളിച്ച് ആംബുലൻസ് ആവശ്യപ്പെടുക. അപകടസ്ഥലം കൃത്യമായി അറിയിക്കുക.
- ബോധവും ശ്വാസവും പരിശോധിക്കുക! പ്രതികരിക്കുന്നുണ്ടോ, സാധാരണ ശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
- അനാവശ്യമായി കുലുക്കരുത്.
- ശ്വാസമില്ലെങ്കിൽ ഉടൻ പ്രവർത്തിക്കുക! സാധാരണ ശ്വാസമില്ലാത്ത, പ്രതികരിക്കാത്ത വ്യക്തിക്ക് അടിയന്തരസേവനത്തിന്റെ നിർദേശപ്രകാരം നെഞ്ചമർത്തൽ (CPR) ആരംഭിക്കുക.
- രക്തസ്രാവം നിയന്ത്രിക്കുക! ശക്തമായ രക്തസ്രാവമുണ്ടെങ്കിൽ വൃത്തിയുള്ള തുണികൊണ്ട് മുറിവിൽ ശക്തമായി അമർത്തിപ്പിടിക്കുക. മുറിവിൽ തറച്ചിരിക്കുന്ന വസ്തുക്കൾ വലിച്ചെടുക്കരുത്.
- നട്ടെല്ലിനെ സംരക്ഷിക്കുക! തലയും കഴുത്തും ശരീരവും അനാവശ്യമായി ചലിപ്പിക്കരുത്.
- അപകടസ്ഥലം സുരക്ഷിതമാണെങ്കിൽ രോഗിയെ വലിച്ചിഴയ്ക്കുകയോ എടുത്തുയർത്തുകയോ ചെയ്യരുത്.
- ശരിയായ ആശുപത്രി തിരഞ്ഞെടുക്കുക! ഗുരുതരമായി പരിക്കേറ്റവരെ പരിശീലനം ലഭിച്ച ആംബുലൻസ് സംഘത്തിന്റെ സഹായത്തോടെ അടിയന്തര ശസ്ത്രക്രിയയും തീവ്രപരിചരണവും ലഭ്യമായ അനുയോജ്യമായ അപകടചികിത്സാകേന്ദ്രത്തിലെത്തിക്കുക. പ്രശസ്തിയേക്കാൾ പ്രധാനം സമയബന്ധിതമായ വിദഗ്ധചികിത്സയാണ്!
അപകടസ്ഥലത്ത് ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങൾ!
രക്ഷിക്കാനുള്ള ആവേശത്തിൽ ചെയ്യുന്ന ഒരു തെറ്റ് ജീവിതകാലം മുഴുവൻ തീരാവേദനയായി മാറരുത്!
- പിടിച്ചുവലിക്കരുത്! പരിക്കേറ്റയാളെ കൈകാലുകളിൽ പിടിച്ച് വലിച്ചിഴയ്ക്കുകയോ തൂക്കിയെടുക്കുകയോ ചെയ്യരുത്.
- കഴുത്തും തലയും ബലമായി തിരിക്കരുത്! നട്ടെല്ലിനേറ്റ പരിക്ക് കൂടുതൽ ഗുരുതരമാകാം.
- കുലുക്കിവിളിക്കരുത്! ബോധമില്ലാത്തയാളെ ശക്തമായി കുലുക്കുന്നതും മുഖത്തടിക്കുന്നതും അപകടകരമാണ്.
- വെള്ളമോ ഭക്ഷണമോ നൽകരുത്! ബോധം കുറഞ്ഞവരുടെ ശ്വാസനാളത്തിലേക്ക് ഇവ കടന്ന് ശ്വാസതടസ്സമുണ്ടാകാം.
- ഒടിഞ്ഞ എല്ലുകൾ ബലമായി നേരെയാക്കാൻ ശ്രമിക്കരുത്! അങ്ങനെ ചെയ്യുന്നത് രക്തക്കുഴലുകൾക്കും നാഡികൾക്കും കൂടുതൽ പരിക്കേൽക്കാൻ കാരണമായേക്കാം.
- എഴുന്നേൽപ്പിക്കുകയോ നടത്തിക്കുകയോ ചെയ്യരുത്! സംസാരിക്കുന്നുണ്ടെന്നോ കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നോ കരുതി ഗുരുതരമായ ആന്തരിക പരിക്കില്ലെന്ന് ഉറപ്പിക്കാനാവില്ല.
- കാഴ്ചക്കാരാകരുത്, രക്ഷകരാകൂ! വീഡിയോ ചിത്രീകരിച്ച് സമയം കളയാതെ ആംബുലൻസ് വിളിക്കുക. രക്ഷാപ്രവർത്തകർക്ക് വഴിയൊരുക്കുക.
പ്രധാന മുന്നറിയിപ്പ്:
തീപിടിത്തമോ മറ്റൊരു വാഹനം ഇടിക്കാനുള്ള അപകടസാധ്യതയോ ഉണ്ടെങ്കിൽ പരിക്കേറ്റയാളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റേണ്ടിവരാം. അല്ലാത്ത സാഹചര്യങ്ങളിൽ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കുക. എന്നാൽ ശ്വാസവഴി തുറക്കുന്നതും ആവശ്യമായ ജീവൻരക്ഷാ നടപടികൾ സ്വീകരിക്കുന്നതും ഒരിക്കലും വൈകിക്കരുത്.
കേരളത്തോട് എന്റെ അഭ്യർഥന...
അപകടത്തിൽപ്പെടുന്ന മനുഷ്യൻ വെറുമൊരു രോഗിയല്ല. അയാൾ ഒരു കുടുംബത്തിന്റെ അത്താണിയായിരിക്കാം. മക്കളുടെ സ്വപ്നങ്ങളും പ്രായമായ മാതാപിതാക്കളുടെ പ്രതീക്ഷകളും അയാളെ ആശ്രയിച്ചായിരിക്കാം!
അയാളുടെ ജീവൻ രക്ഷിക്കുന്നതുപോലെതന്നെ പ്രധാനമാണ്, സാധ്യമായത്ര വൈകല്യങ്ങളില്ലാതെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതും.
ഒരു ന്യൂറോസർജനെന്ന നിലയിൽ ഓരോ കേരളീയനോടും എനിക്ക് പറയാനുള്ളത് ഇതാണ്...
അടിസ്ഥാന പ്രഥമശുശ്രൂഷ പഠിക്കൂ. അപകടസ്ഥലത്ത് വിവേകത്തോടെ പ്രവർത്തിക്കൂ. വിലപ്പെട്ട സമയം പാഴാക്കരുത്!
നിങ്ങളുടെ ശരിയായ ഒരു തീരുമാനം ഒരു ജീവൻ രക്ഷിച്ചേക്കാം. എന്നാൽ തെറ്റായ ഒരു നീക്കം ഒരു കുടുംബത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചേക്കാം!
ഓർക്കുക! രക്ഷിക്കാനുള്ള ആവേശത്തോടൊപ്പം എങ്ങനെ രക്ഷിക്കണമെന്ന അറിവും അനിവാര്യമാണ്.
ഈ സന്ദേശം പങ്കുവയ്ക്കൂ. ഒരാളുടെ ജീവൻ മാത്രമല്ല, അയാളുടെ ജീവിതവും രക്ഷിക്കാൻ അത് സഹായിച്ചേക്കാം!
എഴുത്ത്: ഡോ. അരുൺ ഉമ്മൻ, ന്യൂറോ സർജൻ