ADVERTISEMENT

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ.

മുഖക്കുരു മായ്ക്കാൻ ടൂത് പേസ്റ്റ്, ബേക്കിങ് സോഡ എന്നിവ ഉപയോഗിക്കാമോ?

ADVERTISEMENT

മുഖത്തെ കുരുക്കളോ പാടുകളോ മായ്ക്കാൻ ടൂത്പേസ്റ്റോ ബേക്കിങ് സോഡയോ പരിഹാരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം. ഇവയുടെ ഉപയോഗം ചർമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നത് രണ്ടാമത്തെ കാര്യം. സെൻസിറ്റീവ് ചർമമുള്ളവർക്ക് ഇവ പൊള്ളൽ വീഴ്ത്താനുമിടയുണ്ട്. ബേക്കിങ് സോഡയുടെ ആൽക്കലൈൻ സ്വഭാവം ചർമത്തിലെ പിഎച്ച് ബാലൻസ് തെറ്റിച്ച് മുഖക്കുരു കൂട്ടാം. 

മുഖം ഷേവ് ചെയ്യാമോ?

ADVERTISEMENT

മുഖത്ത് രണ്ടുതരം രോമങ്ങളാണ് ഉള്ളത്. മുഖമാകെയുള്ള നേർത്ത ഇളം നിറത്തിലുള്ള രോമവും (പീച്ച് ഫസ് എന്നും പറയും) ചുണ്ടിനു മുകളിലും താടിയിലുമുള്ള കട്ടിയുള്ള രോമവും. മുഖത്തെ രോമം ഷേവ് ചെയ്തു കളയുന്നതിൽ തെറ്റില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

സാധാരണ ഷേവിങ് സെറ്റ് അല്ല ഉപയോഗിക്കേണ്ടത്. സിംഗിൾ ബ്ലേഡ് ഫേഷ്യൽ റേസർ തന്നെ മുഖത്തെ രോമം നീക്കാൻ ഉപയോഗിക്കണം. മുഖം കഴുകിയ ശേഷം ഷേവിങ് ജെൽ/ കറ്റാർവാഴ ജെൽ പുരട്ടാം. രോമം വളർന്നു നിൽക്കുന്ന അതേ ‍ദിശയിൽ തന്നെ ഷേവ് ചെയ്യണം. ഷേവ് ചെയ്ത ശേഷം മുഖത്ത് മോയിസ്ചറൈസറും പുരട്ടണം. റേസർ കഴുകി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പു പിടിക്കുമെന്ന് ഓർക്കുക.

ADVERTISEMENT

ഷേവ് ചെയ്താൽ രോമം കൂടുതൽ കട്ടിയോടെ വളരുമെന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. മുഖക്കുരു ഉള്ളവർ ഷേവ് ചെയ്താൽ മുഖക്കുരു പൊട്ടാനും അണുബാധ ഉണ്ടാകാനുമിടയുണ്ട്. 

മറ്റൊരു പ്രധാനകാര്യം രോമവളർച്ച ഹോർമോൺ വ്യതിയാനം കൊണ്ടും ഉണ്ടാകാം. അമിതമായി രോമമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിഹാരം തേടണം. രോമം നീക്കാൻ ലേസർ ചികിത്സകളും ലഭ്യമാണ്.

സോപ്പ് ചർമത്തിന് ദോഷമാണോ? 

സോപ്പ് ഉപയോഗമല്ല, അമിത ഉപയോഗമാണ് പ്രശ്നം. ദിവസം രണ്ടിലേറെ തവണ ചർമത്തിൽ സോപ്പ് ഉപയോഗിക്കരുത്. അമിതമായ സോപ്പ് ഉപയോഗം ചർമത്തിലെ സ്വാഭാവിക എണ്ണമയം അകറ്റും, ചർമത്തിന്റെ പിഎച്ച് ബാലൻസ് അസ്വസ്ഥമാക്കി വരള്‍ച്ചയ്ക്കും  കാരണമാകും. അതുകൊണ്ട് സോപ്പ് തേച്ചു കുളിച്ചശേഷം ചർമത്തിൽ ഈർപ്പമുള്ളപ്പോൾ തന്നെ മോയിസ്ചറൈസർ പുരട്ടണം. സിറമൈഡ്, ഹയലുറുണിക് ആസിഡ്, വൈറ്റമിൻ ഇ, കൊക്കോ ബട്ടർ, ഷിയ ബട്ടർ എന്നിവയടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കാം.

കൈകൾ ഇടയ്ക്കിടെ കഴുകേണ്ടി വരുമ്പോൾ സോപ്പിനു പകരം വീര്യം കുറഞ്ഞ ഹാൻഡ് വാഷ് തിരഞ്ഞെടുക്കാം. മുഖം കഴുകാൻ ചർമത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന, ചർമപ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ഫെയ്സ് വാഷ് ആണ് നല്ലത്.

വിവരങ്ങൾക്കു കടപ്പാട് : ഡോ. ആശ ബിജു, എസ്തറ്റിക് ഫിസിഷ്യൻ & കോസ്മറ്റിക് ലേസർ സർജൻ, വൗ ഫാക്ടർ മെഡി കോസ്‌മെറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം

ADVERTISEMENT