ADVERTISEMENT

ചർമത്തിൽ പല തരത്തിലുള്ള പാടുകൾ കാണാം. ഇവയിൽ പെട്ടെന്നു ശ്രദ്ധിക്കുന്നതും എടുത്തു കാണുന്നതും മുഖത്തെ പാടുകളാണ്. 

മെലാസ്മ അല്ലെങ്കിൽ കരിമംഗല്യം: പ്രായമായ സ്ത്രീകളിലാണ് ഇവ സാധാരണമായി ഉണ്ടാകുക. ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലും ഗർഭിണികളിലും കൂടുതലായി കാണാറുണ്ട്. കടും ബ്രൗൺ നിറത്തിലോ ഇളം ബ്രൗൺ നിറത്തിലോ ഇരുകവിളുകളിലും പാടുകൾ വരും. മൂക്കിന്റെ പാലത്തിലേക്കും നെറ്റിയിലേക്കും ഇവ പടരാറുമുണ്ട്. ചിലർക്ക് എക്സ്ട്രാ ഫേഷ്യൽ മെലാസ്മ എന്ന അവസ്ഥ കാരണം കയ്യിലും പാടുകളുണ്ടാകാറുണ്ട്. 

ഹോർമോൺ വ്യതിയാനത്തിന്റെ സമയത്താണ് ഇവ സാധാരണയായി വരുന്നത്. ജനിതകപരമായി മെലാസ്മ കൈമാറ്റം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. സൂര്യരശ്മിയുമായി സമ്പർക്കം വന്നാൽ മെലാസ്മ കൂടാം. അതുകൊണ്ട് കഴിവതും വെയിൽ ഏൽക്കുന്നതു കുറയ്ക്കുക. 

അക്കാൻത്തോസിസ് നൈഗ്രിക്കാൻസ് :  കൗമാരക്കാരിൽ കൂടുതലായി കാണുന്ന ഒന്നാണിത്. വണ്ണമുള്ള കുട്ടികളിലാണ് അധികമായി കാണപ്പെടുന്നത്. കൂടാതെ മാസമുറ തെറ്റി വരുന്നവർ, ഹോര്‍മോൺ പ്രശ്നങ്ങളുള്ളവർ, പിസിഒഡി അലട്ടുന്നവർ, ചെറുപ്പത്തിലേ പ്രമേഹം വന്നവർ തുടങ്ങിയവരിലും ഈ അവസ്ഥ കാണാം. 

വായ്ക്ക് ചുറ്റും നെറ്റിയുടെ വശങ്ങളിലും കഴുത്തിന്റെ പിന്നിലും കക്ഷങ്ങളിലും തുടയിടുക്കിലും മറ്റ് ഇടുങ്ങിയ ഭാഗങ്ങളിലും ചർമം കറുത്തു കട്ടിയായി കാണപ്പെടും. പ രിഹാരമാർഗങ്ങളായി പ്രധാനമായും നിർദേശിക്കുന്നത് വ ണ്ണം കുറയ്ക്കുക, വ്യായാമം ചെയ്യുക എന്നിവയാണ്. 

ഇതോടൊപ്പം കൗമാരപ്രായത്തിൽ തന്നെ താരനുള്ള വരിൽ (സെബോറിക്ക് മെലനോസിസ്) ചർമത്തിൽ പാടുകൾ കാണാറുണ്ട്. 

ആക്നെ പോസ്റ്റ് ഇൻഫ്ലമേറ്ററി ഹൈപ്പർ പിഗ്‌മെന്റേഷൻ : മുഖക്കുരു വന്നു കഴിഞ്ഞുള്ള പാടുകളും കലകളുമാണിത്. കുറച്ചു സമയമെടുക്കുമെങ്കിലും ചികിത്സിച്ചു മാറ്റാനാകും. 

‌ഹെയർ ഡൈ മെലനോസിസ്: മുടിക്കു നിറം കൊടുക്കുന്ന ഡൈ ഉപയോഗിച്ച ശേഷം ചിലരിൽ കാണുന്ന അവസ്ഥ. മുടിയുമായി ചേർന്ന മുകൾ നെറ്റി, ചെവിയുടെ മുന്നിലുള്ള ഭാഗം, ചിലപ്പോൾ കവിളുകളിലേക്കും നീളാം ഇരുളിമ. ചർമം കറുത്തും കട്ടിയുള്ളതുമായി കാണപ്പെടും. 

ലൈക്കൻ പ്ലാനസ് പിഗ്‌മെന്റോസിസ് : നീല/കരിനീല, ചാ ര നിറത്തിലുള്ള നിറവ്യത്യാസം മുഖത്താകമാനവും കഴുത്തിലും കൈകളിലും വരുന്ന അവസ്ഥയാണിത്. ലൈക്കൻ പ്ലാനസ് എന്ന ചർമവീക്കമുണ്ടാക്കുന്ന അസുഖം മൂലവും ഹെയർ ഡൈയുടെ ഉപയോഗം കൊണ്ടുമൊക്കെ ഇതു വരാം. ഹെർബൽ എന്ന ലേബലിൽ വരുന്ന ഡൈകൾ ഉൾപ്പെടെ ഈ പ്രശ്നമുണ്ടാക്കാം.  

വെയിലേറ്റാൽ ഉണ്ടാകുന്ന നിറവ്യത്യാസം ചർമത്തിന്റെ മേൽപാളിയിലാണെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന പിഗ്‌മെന്റേഷൻ പ്രശ്നങ്ങളെല്ലാം ബാധിക്കുന്നത് ചർമത്തിന്റെ താഴത്തെ പാളിയിലാണ്. അതുകൊണ്ടു നിറവ്യത്യാസം സ്ഥിരമായി തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എത്രയും പെട്ടെന്നു കാരണം തിരിച്ചറിഞ്ഞുള്ള ചികിത്സ തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. 

ചർമത്തെ നിരീക്ഷിക്കാം

ഉള്ളിലെ അസുഖത്തിന്റെ ഭാഗമായി ചർമത്തിൽ പല മാറ്റങ്ങൾ വരാം. അതിൽ തന്നെ പ്രധാനം ഹോർമോൺ തകരാറുകളുടെ പ്രതിഫലനം മൂലം ചർമത്തിൽ വരുന്ന നിറം മാറ്റമാണ്. ഉദാഹരണത്തിനു പല സ്ത്രീകളെയും അലട്ടുന്ന പിസിഒഡിയുടെ ലക്ഷണങ്ങൾ മുഖത്തു കാണാൻ സാധിക്കും. അമിത രോമവളർച്ച, കഷണ്ടി പോലെ തലമുടി കയറുക, കഴുത്തിന്റെ പുറകിലും തുടയിടുക്കിലും കക്ഷത്തിലും മറ്റുമായി ചർമം ഇരുണ്ടു കട്ടിയാവുക, മുഖക്കുരു – താരൻ പ്രശ്നങ്ങൾ കൂടുക എന്നിവയും ലക്ഷണങ്ങളാണ്. 

തൈറോയിഡ് ഹോർമോൺ കുറയുന്ന (ഹൈപോതൈറോയിഡിസം) അവസ്ഥയുള്ളവരുടെ ചർമത്തിലും ലക്ഷണങ്ങൾ പ്രകടമാകും. ചർമം കട്ടിയാകുക, മുടി കൊഴിയുക, പുരികത്തിന്റെ അറ്റം കൊഴിഞ്ഞു പോകുക, ചർമം തണുത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാരിലുണ്ടാകും. 

ചർമത്തിൽ പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്ന മ റ്റൊരവസ്ഥയാണു പ്രമേഹം. കാലിൽ പല രീതിയിലുള്ള പാടുകൾ കാണുക, ചൊറിഞ്ഞു പൊട്ടുക, അസഹ്യമായ ചൊറിച്ചിലോടു കൂടിയ കറുത്തു തടിച്ച വ്രണങ്ങൾ മുതലായവ ഉണ്ടാകാം. 

കൊളസ്ട്രോൾ കൂടുതലുള്ളവർക്കു കണ്ണുകൾക്കു ചുറ്റും മഞ്ഞ നിറത്തിലുള്ള തടിപ്പുകൾ വരാം. വാതമുള്ളവർക്ക് ഫോട്ടോ സെൻസിറ്റിവിറ്റി സാധാരണമാണ്. വെയിലേൽക്കുന്ന ഭാഗങ്ങൾ പ്രധാനമായും മൂക്കിന്റെ പാലവും കവിളുകളും ചുവന്നു തടിക്കുക, അവിടെ ചർമം പൊളിഞ്ഞടരുക, വെയിലേൽക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുക, വായിൽ അൾസർ വരിക, മുടി കൊഴിയുക, ദേഹത്തും മുഖത്തും വെയിൽ കൊള്ളുന്ന മറ്റിടങ്ങളിലും പാടുകൾ വരിക പോലുള്ള ഒട്ടനവധി മാറ്റങ്ങൾ ആദ്യമേ തന്നെ പ്രത്യക്ഷപ്പെടാം. 

ഉദരസംബന്ധമായ രോഗങ്ങൾ മൂലവും ചർമത്തിൽ മാറ്റങ്ങൾ വരാം. വായ്പ്പുണ്ണായും കാലിലെ ഉണങ്ങാത്ത മുറിവായുമൊക്കെയാണ് പൊതുവേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 

ബാഹ്യമായ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വൈദ്യസഹായം തേടിയാൽ രോഗങ്ങളെ ഇല്ലായ്മ ചെയ്യാം. സോറിയാസിസ്, വെള്ളപ്പാണ്ട്, അലോപേഷ്യ പോലുള്ള രോഗാവസ്ഥകൾ നേരത്തെ ചികിത്സിച്ചു തുടങ്ങിയാൽ രോഗം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. 

ഡോക്ടറെ കാണേണ്ട സാഹചര്യങ്ങൾ: 

∙ ചർമത്തിൽ പോറലോ പാടുകളോ നിറം മാറ്റമോ ഉണ്ടാകുക, അതിന്റെ വലുപ്പം പെട്ടെന്നു കൂടുക. 

∙ അസുഖമുള്ള ആളുകളാണെങ്കിൽ അതിനിടയിൽ പാടുകളോ ചർമത്തിനു നീരുവയ്ക്കലോ നിറം മാറ്റമോ വന്നാൽ. പ്രത്യേകിച്ച് പനിയുള്ളപ്പോൾ, എന്തെങ്കിലും മരുന്നുകൾ കഴിക്കുന്ന സാഹചര്യങ്ങളിൽ.

∙ നഖത്തിൽ പെട്ടെന്നു നിറംമാറ്റവും എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങളും തോന്നിയാൽ. 

∙ മുടിയിൽ മാറ്റങ്ങൾ വന്നാൽ, വായിൽ പൊട്ടലുണ്ടാകുക.

∙ സന്ധിവേദനകൾക്കൊപ്പമുള്ള ഉദരസംബന്ധമായ അ സുഖങ്ങളുള്ളപ്പോൾ ചർമത്തിൽ മാറ്റം കണ്ടാൽ.

മേൽപറഞ്ഞ തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ ഒട്ടും വൈകരുത്. 

വിവരങ്ങൾക്കു കടപ്പാട്: 

ഡോ. സൗമ്യ ജഗദീശൻ വിവേക്, 

പ്രഫസർ, ഡെർമറ്റോളജി, അമൃത ഹോസ്പിറ്റൽ, എറണാകുളം. 

ADVERTISEMENT