വേനൽചൂട് തുടങ്ങി. അൽപനേരം പുറത്തിറങ്ങി നിന്നാൽ പോലും ചർമം ചൂടുപിടിക്കും. വേനൽ കടുക്കുന്തോറും ചർമത്തെ പൊള്ളിക്കുന്ന സൺബേണ്‍ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അധികസമയം വെയിലേൽക്കുന്നവരെയാണ് സൺബേൺ ബാധിക്കാറ്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) കിരണങ്ങൾ ചർമത്തെ ബാധിക്കുന്നതിനാലാണ് സൺബേൺ ഉണ്ടാകുന്നത്. ചർമത്തിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാം. ഇതു സാധാരണയായി മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ സുഖപ്പെടാം.
സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലപ്പോൾ ചർമത്തിൽ കുമിളകൾ രൂപപ്പെടാം. മറ്റു ചിലപ്പോൾ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പും ദാഹവും എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം.
പരിഹാരം വീട്ടിലുണ്ട്
സൂര്യതാപം പ്രതിരോധിക്കാനും ചികിത്സിക്കാനും ചില വീട്ടുവഴികളുണ്ട്. അവ പരിചയപ്പെടാം
∙ ഐസ്: ചൂടായ ചർമത്തിൽ ഐസ് ഉപയോഗിക്കുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും. ഐസ് ക്യൂബ്സ് തുണിയിൽ പൊതിഞ്ഞ് സൺ ബേണ്‍ ഏറ്റ ഭാഗത്തു 5–10 മിനിറ്റ് വയ്ക്കുക. അര മണിക്കൂർ ഇടവിട്ട് ആവർത്തിക്കാം.
∙ തണുത്ത വെള്ളം: തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചൂട് കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. ക്ലോറിനേറ്റ് ചെയ്ത നീന്തൽപൂളുകൾ ഒഴിവാക്കുക. ക്ലോറിൻ വേദനയും ചൊറിച്ചിലും കൂട്ടും.
∙ കറ്റാർവാഴ: കറ്റാർവാഴ ജെൽ ചൂടും ചൊറിച്ചിലും കുറയ്ക്കുന്നതിനൊപ്പം സൺബേൺ ഏറ്റ ഭാഗം പെട്ടെന്നു സുഖപ്പെടാനും സഹായിക്കും.
∙ തേൻ: തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പൊള്ളലിന്റെ അസ്വസ്ഥതകളും ചർമത്തിലെ ചൊറിച്ചിലും അകറ്റാൻ മികച്ചതാണ്. തേൻ ചർമത്തെ മൃദുവാക്കുകയും ചെയ്യുന്നു. സൂര്യതാപമേറ്റ ഭാഗത്ത് തേൻ പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
∙ ഓട്സ് : ഒട്ടേറെ ചർമപ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഓട്സ്. കുളിക്കാനുള്ള വെള്ളത്തിൽ കാൽ കപ്പ് ഓട്സ് ചേർക്കുക. ഓട്സ് കുതിർന്നശേഷം ആ വെള്ളത്തിൽ കുളിക്കാം.
∙ തക്കാളി: തക്കാളിയിലെ എൻസൈമുകൾ ചർമത്തിലേക്ക് ആഗിരണം ചെയ്ത് ചർമത്തെ പുനരുജ്ജീവിപ്പിക്കും. ദിവസം മൂന്നു തവണ തക്കാളിനീര് പുരട്ടാം. തക്കാളിനീരും തൈരും യോജിപ്പിച്ചു പുരട്ടിയാൽ ഗുണം ഇരട്ടി.
∙ വിച് ഹേസൽ : ഒരു ആന്റി ഇൻഫ്ലമേറ്ററി ആസ്ട്രിജന്റ് ആണ് വിച് ഹേസൽ. ചർമത്തിലെ വേദനയും ചൊറിച്ചിലും കുറയ്ക്കാൻ ഇതു സഹായിക്കും.
∙ കുക്കുമ്പർ : കുക്കുമ്പർ വട്ടത്തിൽ അരിഞ്ഞു ഫ്രിജിൽ വച്ചാൽ ചർമം ചൂടാകുമ്പോൾ ഇതിലൊന്നെടുത്ത് അസ്വസ്ഥതയുള്ള ഭാഗത്തു വച്ചാൽ മതി.
∙ പാലും തൈരും : ഫ്രിജിൽ വച്ചു തണുപ്പിച്ച പാലോ തൈ രോ പുരട്ടുന്നത് സൺബേണിൽ നിന്ന് ആശ്വാസം തരും. ഒപ്പം ചർമകോശങ്ങൾ വേഗം സുഖപ്പെടുകയും ചർമത്തിനു മൃദുത്വം ലഭിക്കുകയും ചെയ്യും.
∙ ഗ്രീൻ ടീ: ഗ്രീൻ ടിയിലുള്ള ടാനിക് ആസിഡ് ചർമത്തിലെ ചൂടു കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, കേടുപാടുണ്ടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഉപയോഗിച്ച ഗ്രീൻ ടീ ബാഗ് ഫ്രിജിൽ വച്ചു തണുപ്പിച്ച് സൺ ബേൺ ഏറ്റ ഭാഗത്ത, വയ്ക്കുക. ഗ്രീൻ ടീ തണുപ്പിച്ചത് ഒഴിച്ചാലും മതി.
ഈ വീട്ടുവൈദ്യങ്ങളിലൂടെ സൺബേൺ കാരണം അനുഭവിക്കുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിയും. പക്ഷേ, ഗുരുതരമാണെങ്കിൽ ഡോക്ടറെ കാണുക.
ചില മുൻകരുതൽ കൂടി
∙ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് ഒഴിവാകുക. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെയുള്ള സൂര്യപ്രകാശം ഏറ്റവും ശക്തമാണ്; ഈ സമയത്തു പുറത്തിറങ്ങുന്നത് ഒഴിവാക്കുക. 11 മുതൽ നാലു മണി വരെ വെയിലേൽക്കാത്തതാണു കൂടുതൽ നല്ലത്.
∙ എസ്പിഎഫ് 50ന് മുകളിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക. ചുണ്ടുകൾ സംരക്ഷിക്കാൻ എസ്പിഎഫ് അടങ്ങിയ ലിപ് ബാമും ശരീരത്തിനായി എസ്പിഎഫ് ഉള്ള ബോഡി ലോഷനും ഉപയോഗിക്കുക.
∙ ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങ ൾ ധരിക്കുക.
∙ പുറത്തു പോകുമ്പോൾ വീതിയുള്ള തൊപ്പി ധരിക്കുക.
∙ കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
∙ കുട്ടികളെയും, പ്രായമായവരെയും, ഗർഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക.
∙ വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്ത് ജോലി ചെയ്യുന്നവർ, പോഷകാഹാരക്കുറവുള്ളവർ, മദ്യപാനികൾ എന്നിവരും അപകടസാധ്യത കൂടിയവരിൽ ഉൾപ്പെടുന്നു. ഇത്തരക്കാരിൽ സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു എങ്കിൽ ഒട്ടും വൈകാതെ ചികിത്സ തേടേണ്ടതാണ്.
ആഹാരത്തിലൂടെ കരുതൽ
∙ വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കാം.
∙ ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
∙ വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുന്തിരി, ബ്ലൂബെറി, മാതളനാരങ്ങ, സ്ട്രോബെറി, കിവി തുടങ്ങിയ പഴങ്ങൾ കഴിക്കണം.
∙ പച്ചക്കറി സാലഡുകള്‍ പതിവാക്കുക. തക്കാളി, സ്പിനാച്ച് തുടങ്ങിയവ സൺ ബേണിൽ നിന്നും സംരക്ഷണം നൽകും.
∙ ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ഇതിലെ ഇജിസിജി എന്ന ഘടകം ഫോട്ടോപ്രൊട്ടക്ടീവ് ആയി പ്രവർത്തിച്ചു സൺബേൺ പോലുള്ള പ്രശ്നങ്ങളെ അകറ്റുമെന്നു പഠനങ്ങൾ പറയുന്നു.
∙ നട്സും വിത്തുകളും കഴിക്കാം. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ്സിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ സൂര്യരശ്മികളിൽ നിന്നു ചർമത്തിനേൽക്കുന്ന ആഘാതങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കാനും കഴിയും.