‘പിന്നെ... യാത്രയ്ക്കിടയിലല്ലേ സൗന്ദര്യ സംരക്ഷണം!’ എന്ന് ചിന്തിക്കുന്നവരുണ്ടാകാം... ‘അതിനെന്താ ചെയ്യാല്ലോ’ എന്നുള്ളവരും. നിങ്ങൾ ഏതു കൂട്ടത്തിൽ ഉള്ളവരാണെങ്കിലും ഈ നുറുങ്ങുകൾ അറിഞ്ഞിരുന്നോളൂ.
യാത്ര ചെയ്യുമ്പോൾ ഏതു കാലാവസ്ഥയാണോ അതിനനുസരിച്ചു വേണം ചർമ സംരക്ഷണവും ചെയ്യാൻ. നമുക്ക് ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയുള്ള ഇടങ്ങളിലേക്ക് പോകേണ്ടി വരുമ്പോൾ മിക്കവാറും ചർമത്തിനും മുടിക്കും സാരമായ കേടുപാടുകൾ വരാറുണ്ട്. ഇതൊഴിവാക്കാൻ യാത്ര പുറപ്പെടും മുമ്പേ കരുതൽ തുടങ്ങാം.
തലമുടിക്ക് വേണം കൂടുതൽ ശ്രദ്ധ
∙ ബൈക്കിലും ടൂവീലറിലും ഒക്കെ യാത്ര ചെയ്യുന്നവരും ദീർഘദൂരം നടക്കുകയോ ഹൈക് ചെയ്യുകയോ ചെയ്യുന്നവരും വേനൽക്കാലത്ത് പുറത്തിറങ്ങും മുമ്പ് ഒരു സ്കാർഫോ തൊപ്പിയോ കൂടെ കരുതിക്കൊള്ളൂ.. തലമുടിയിൽ കഠിനമായ വെയിൽ നേരിട്ടേൽക്കാതിരിക്കാനാണിത്. തലമുടി ഇത്തരത്തിൽ മറയ്ക്കുന്നത് ഇത് മുടിയെ മാത്രമല്ല തലയോട്ടിയേയും സംരക്ഷിക്കും. അഴുക്കും പൊടിയും തലയോട്ടിയിലും മുടിയിലും അടിയുന്നതും ഒഴിവാക്കാം.
∙ തലമുടിക്കു നിറം കൊടുത്തിട്ടുള്ളവർ തീർച്ചയായും മുടി മറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുടി എളുപ്പം വരണ്ടു പോകാതെ സ്വാഭാവികമായ ഈർപം നിലനിർത്താന്‍ ഇതു സഹായിക്കും. കൂടാതെ കാറ്റടിച്ച് മുടി പൊട്ടിപ്പോകുന്നതും കെട്ടുപിണഞ്ഞു കിടക്കുന്നതും ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും.
∙ പലരും ദിവസവും തലമുടി കഴുകി ശീലിച്ചവരാണ് എന്നാലും യാത്ര പോകുമ്പോൾ എന്നും തലമുടി കഴുകണമെന്ന് നിർബന്ധമില്ല. കുളിക്കുന്ന ദിവസം മുടി പാതി ഉണങ്ങി കഴിയുമ്പോൾ തന്നെ നിങ്ങളുടെ മുടിക്കിണങ്ങുന്ന ഹെയർ സിറം ഇട്ട് മസാജ് ചെയ്യാം.
∙ മുടി മുഴുവൻ ഉണങ്ങി കഴിഞ്ഞാൽ യാത്രയ്ക്ക് ഇറങ്ങും മുൻപേ കെട്ടി വയ്ക്കാം. വലിച്ചു മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സ്വൽപം അയവിൽ കെട്ടി വയ്ക്കാവുന്ന തരം ഹെയർസ്റ്റൈൽ സ്വീകരിക്കാം. . മുടിയുടെ നീളമനുസരിച്ച് പിന്നിക്കെട്ടുകയോ പൊണി ടെയിൽ, ബൺ ഇവ കെട്ടുകയോ ആകാം. റബർബാൻഡിനു പകരം മൃദുവായ തുണിത്തരങ്ങൾ കൊണ്ടുള്ള ഹെയർ സ്ക്രഞ്ചീസ് ഉപയോഗിച്ചാൽ മുടി പൊട്ടുന്നത് കുറയ്ക്കാനാകും.
∙ സാധാരണ ചീപ്പിനു പകരം ഫ്ലാറ്റ് കോമ്പ് ഉപയോഗിക്കുക. കെട്ടുപിണഞ്ഞ മുടി എളുപ്പത്തിൽ കെട്ടു മാറ്റി നേരേയാക്കാൻ ഇത് സഹായിക്കും.
∙ വെയിലത്ത് പോകേണ്ടി വരുമ്പോൾ മുടിക്ക് എളുപ്പത്തിൽ കുറച്ച് എക്സ്ട്രാ സംരക്ഷണം കൊടുക്കാനായി സൺസ്ക്രീൻ കൈവെള്ളയിലെടുത്തു തിരുമിയ ശേഷം നേർമയായി തലമുടിക്കു മീതെ തേച്ചു കൊടുക്കാം.
∙ തണുപ്പു കാലത്തു മുടി കഴുകുന്ന സമയത്ത് എണ്ണ പുരട്ടി മസാജ് ചെയ്ത് കുളിക്കുന്നത് തലയിലെ രക്തയോട്ടം കൂട്ടാനും മുടി വളരാനും സഹായിക്കും. പറ്റിയാൽ എണ്ണ ചെറുതായി ചൂടാക്കി (പാത്രത്തിലെടുത്ത് ചൂടു വെള്ളത്തിന് മുകളിലോ മറ്റോ വച്ച് ചെറിയ ചൂടു വരുത്താം) തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് കൊടുക്കാം.
∙സാറ്റിൻ പോലെ സോഫ്റ്റായ തുണികൊണ്ടുള്ള പില്ലോ കവർ യാത്രാ വേളയിൽ എപ്പോഴും കരുതുന്നതും നല്ലതാണ്. ഉറങ്ങുന്ന സമയം മുടി പരുക്കനായ പ്രതലത്തിൽ ഉരഞ്ഞു കേടുവരുന്നത് ഒഴിവാക്കാം. ഭാരം കുറവായതു കൊണ്ട് കൂടെ കൊണ്ടു പോകാനും ബുദ്ധിമുട്ടില്ല.
∙ മഞ്ഞുള്ള സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ ദാഹിച്ചില്ലെങ്കിലും വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാം. കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതു ശരീരം ചൂടായി നിലനിർത്താൻ സഹായിക്കും.
∙ കൂടുതൽ ദിവസങ്ങൾ യാത്ര പോകുന്നവർ ആഴ്ചയിലൊന്നു നിങ്ങൾക്കനുയോജ്യമായ സ്പാ ക്രീം വാങ്ങി മുടിയിൽ പുരട്ടിവച്ച ശേഷം തല ഷാംപൂ ചെയ്യുന്നത് മുടിയിൽ അടിഞ്ഞു കൂടുന്ന അഴുക്കു കളയാനും മുടി ആരോഗ്യത്തോടെയിരിക്കാനും ഉപകരിക്കും.
യാത്രയ്ക്ക് ശേഷം ആഫ്റ്റർ കെയർ
യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയാലും വേണം ചില കരുതലുകൾ.
∙ ഹെയർ സ്പാ ക്രീം ആഴ്ചയിലൊരിക്കലോ രണ്ടു തവണയോ മുടിയിൽ പുരട്ടി മസാജ് ചെയ്തു കഴുകുന്നതു നല്ലതാണ്. മുടി കൊഴിച്ചിൽ, മുടി പിളരൽ, പൊട്ടിപ്പോകൽ, ശിരോചർമത്തിന്റെ വരൾച്ച എന്നിവ കുറയ്ക്കാൻ സഹായിക്കും. മുടി വളർച്ച കൂട്ടുകയും ചെയ്യും.
കടപ്പാട്: ഡെന്നിസ് ബാബു, എക്സെൽ ബ്യൂട്ടി പാർലർ, തൃപ്പൂണിത്തുറ