ADVERTISEMENT

അത്രയും നാൾ ചിട്ടയോടെ കാത്തു സൂക്ഷിച്ച് കിട്ടിയ ആ ‘ഗ്ലോ’ ഒറ്റ യാത്ര കൊണ്ട് മങ്ങുന്നത് അത്ര രസകരമായൊരു കാര്യമേയല്ല. പോയ ഗ്ലോ തിരികെ കൊണ്ടുവരാനോ ഇനിയെത്ര പെടാപ്പാടു പെടണം. വിഷമിക്കണ്ട യാത്രയിൽ ശ്രദ്ധിക്കാവുന്ന ചില സൗന്ദര്യ സംരക്ഷണ ടിപ്പുകളുണ്ട്.

യാത്ര ചെയ്യുമ്പോൾ ഏതു കാലാവസ്ഥയാണോ അതിനനുസരിച്ചു വേണം ചർമ സംരക്ഷണവും ചെയ്യാൻ. നമുക്ക് ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയുള്ള ഇടങ്ങളിലേക്ക് പോകേണ്ടി വരുമ്പോൾ മിക്കവാറും ചർമത്തിനു സാരമായ കേടുപാടുകൾ വരാറുണ്ട്. ചർമത്തിന് വലിയ പരിക്കുക്കളൊന്നും തട്ടാതെ കാക്കാൻ ഇക്കാര്യങ്ങൾ നോക്കാം...  

ചിട്ടയാണ് ഇവിടുത്തെ ‘മെയിൻ’

∙ രാത്രിയും പകലും രണ്ടു തവണയെങ്കിലും ചർമത്തിൽ മോയ്സ്ചറൈസർ പുരട്ടനാൻ മറക്കരുത്. ആവശ്യത്തിന് മോയ്സ്ചറൈസേഷൻ കിട്ടിയാൽ തന്നെ പല ചർമ പ്രശ്നങ്ങളും കുറയും.

∙പുറത്തേക്കിറങ്ങുമ്പോൾ മറക്കാതെ സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എസ്.പി.എഫ്. 50 എങ്കിലും ഉള്ളവ  നോക്കി വാങ്ങുക.  

∙ കടൽത്തീരത്തേക്കാണു പോകുന്നതെങ്കിൽ അൾട്രാ വയലറ്റ് രശ്മികളിൽ (യു.വി. റെയ്സ്) നിന്ന് ചർമത്തെ സംരക്ഷിക്കുന്ന തരം സൺസ്ക്രീൻ തന്നെ വാങ്ങി വയ്ക്കാം. പാക്കറ്റിന് പുറമേ എഴുതിയ കാര്യങ്ങൾ വായിച്ച് സ്വന്തം ചർമത്തിന് അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കാം.

∙ മുഖം വൃത്തിയാക്കാൻ സോപ്പിനു പകരം ക്ലെൻസിങ് മിൽക് ഉപയോഗിക്കാം. ദിവസവും മൂന്നു തവണയെങ്കിലും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതാണു നല്ലത്. ക്ലെൻസ് ചെയ്തതിനു ശേഷം ടോണർ ,മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിവ ക്രമത്തിൽ പുരട്ടാം. യാത്രയ്ക്ക് ഉതകുന്ന തരത്തിൽ മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളും ചെറിയ വലുപ്പത്തിലും അളവിലുമൊക്കെ ലഭിക്കും.

∙ ബാഗിൽ ക്രീമുകൾ പൊട്ടിപ്പടർന്നാലോ എന്ന പേടിയൊന്നും ഇല്ലാതെ യാത്രയിൽ കൂടെ കൂട്ടാവുന്നതാണ് ഹൈഡ്രേറ്റിങ് മാസ്ക്. ചർമത്തെ എളുപ്പത്തിൽ ഫ്രഷ് ആക്കാൻ ഇവ സഹായിക്കും. കവറിൽ നിന്നും എടുത്തു മുഖത്തു വച്ച് ചെറുതായി അമർത്തിയാൽ മതി. ക്രീമോ ചർമ സംരക്ഷണ പൊടിയോ പോലെ കൈ തട്ടിയോലോ മറ്റോ എവിടേയും പറ്റിപ്പിടിക്കുകയോ കറയാകുകയോ ചെയ്യില്ല എന്ന ഗുണവും ഇവയ്ക്കുണ്ട്.  

∙ കടുത്ത വെയിലത്ത് പുറത്തിറങ്ങുമ്പോൾ കൈകൾ മറയ്ക്കുന്ന തരം കൈയുറ ഇടാം. ഇറക്കം കുറഞ്ഞ വസ്ത്രമാണെങ്കിൽ വെയിൽ കൊണ്ട് കാലു കരുവാളിക്കുന്നത് തടയാൻ സോക്സും. കുട പിടിക്കാവുന്ന ഇടത്ത് അവ ചൂടാൻ മറക്കണ്ട. മുഖത്തേക്ക് വെയിലടിക്കാത്ത തരം തൊപ്പിയും ശീലിക്കാം.  

∙ പൊരിവെയിലത്തു പുറത്ത് പോയി വന്നതിന്റെ കരുവാളിപ്പു മറ്റും മാറ്റാൻ റൂമിലേക്ക് പോകും വഴി ഒരു പാക്കറ്റ് തൈരും വാങ്ങാം. തൈര് കൊണ്ടു പത്തു മിനിറ്റു മുഖം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

∙ചൂടുള്ള സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ വാട്ടർ ബോട്ടിൽ, ടവൽ, തൊപ്പി, സ്കാർഫ്, ഇറുകി കിടക്കാത്ത വസ്ത്രം, സൺഗ്ലാസ് എന്നിവ മറക്കാതെ പാക് ചെയ്യാം.

∙ തണുപ്പു കാലത്തു യാത്ര ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രശ്നം മുടിയും ചർമവും വരളും എന്നതാണ്. തണുപ്പു പ്രതിരോധിക്കാനുള്ള കയ്യുറ, തോപ്പി, കോട്ട്, സോക്സ് എന്നിവ നിർബന്ധമായി ബാഗിൽ കരുതുക. മറക്കാതിരിക്കാൻ ഫോൺ കലണ്ടറിൽ തന്നെ മാർക് ചെയ്ത് അലാം സെറ്റ് ചെയ്യാം.

trvl

∙ വെയിൽ കൊണ്ട് ചർമം പൊള്ളുന്നതു പോലെ തന്നെ കടുത്ത തണുപ്പും ചർമ്മത്തിന് പൊള്ളലേൽപ്പിക്കുന്ന തരം അനുഭവം ഉണ്ടാക്കും. അതുകൊണ്ട് തന്നെ മോയ്സ്ചറൈസർ നന്നായി പുരട്ടിയ ശേഷം മാത്രം ഗ്ലൗസും സോക്സും ധരിക്കുക. ചെറിയ പാക്കറ്റിൽ മോയ്സ്ചറൈസർ വസ്ത്രത്തിന്റെ പോക്കറ്റിൽ വയ്ക്കുന്നതും ഇടവിട്ട് എടുത്ത് പുരട്ടുന്നതും നല്ലതാണ്.

∙വരണ്ട് പൊട്ടാതിരിക്കാൻ ചുണ്ടിൽ ലിപ് ബാം ഇട്ടു ചെറിയ മസാജ് നൽകാം. ദൂരയാത്രയാണങ്കിൽ 3–5 ദിവസത്തിൽ ലിപ് സ്ക്രബ് ഉപയോഗികച്ച് മൃതകോശം മാറ്റിയിട്ട് ലിപ് ബാം ഇടാം.  

∙ തണുപ്പുള്ള ഇടങ്ങളിലേക്കു യാത്ര ചെയ്യേണ്ടി വരുമ്പോൾ ബാഗിൽ തേൻ കരുതുന്നതു നന്നായിരിക്കും. പുറത്തു പോയി തിരികെ എത്തുമ്പോൾ അൽപം തേൻ മുഖത്തു പുരട്ടി മസാജ് ചെയ്യാം. ചർമത്തിലെ രക്തയോട്ടം കൂട്ടാൻ ഇത് സഹായിക്കും.

∙ കഴിവതും ചെറു ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ ചൂടിൽ കുളിക്കുന്നതു ചർമത്തിൽ റാഷസ് ഉണ്ടാക്കാൻ ഇടവരുത്താം.

∙ തണുപ്പു കാലത്തെ യാത്രയിൽ കറ്റാർ വാഴയുടെ ജൽ ഒപ്പം കൊണ്ടു പോകുന്നതും നല്ലതാണ്. മിക്കചർമ പ്രശ്നങ്ങൾക്കും ഇത് പുരട്ടിയാൽ പരിഹാരം കിട്ടും.

∙തണുപ്പു പ്രദേശത്തു യാത്ര കഴിഞ്ഞു വന്നാൽ ആവണക്കെണ്ണയും പനിനീരും ചേർത്തു മുഖത്തും ശരീരത്തും പുരട്ടുന്നതു ചർമം വിണ്ടുകീറുന്നതു തടയാനും അവ ഉണ്ടായാൽ തന്നെ പരിഹരിക്കാനും സഹായിക്കും.

വെള്ളം കുടി പിന്നത്തേക്ക് ആക്കണ്ട

യാത്രയിൽ പല കാര്യങ്ങളും ശ്രദ്ധിക്കുമ്പോഴും നമ്മളെല്ലാം മറന്നു പോകുന്ന കാര്യമാണ് വെള്ളം കൃത്യസമയത്ത് കുടിക്കുക എന്നത്. എടുത്ത് പറയേണ്ട കാര്യമാണോ ഇതെന്ന് പലർക്കും തോന്നാം എന്നാൽ ചർമത്തേയും ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും മോശമായി ബാധിക്കുന്ന ഒന്നാണ് ആവശ്യത്തിന് ജലം ശരീരത്തിൽ എത്താത്ത അവസ്ഥ. വെള്ളം കൃത്യമായി കുടിക്കാത്തത് ജറ്റ് ലാഗിന്റെ ക്ഷീണം വരെ കൂട്ടും എന്ന് പഠനങ്ങൾ പറയുന്നു. കൃത്യമായി വെള്ളം കുടിക്കുന്നതിലൂടെ നല്ല ഉറക്കം കിട്ടും, ജലം നമ്മുടെ ശരീര താപം കൃത്യമാക്കാൻ സഹായിക്കും, അണുബാധയുടെ സാധ്യത കുറയ്ക്കും, ചര്‍മത്തിലെ ടോക്സിനുകളെ അകറ്റി തെളിമ നൽകും, സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യാനും സഹായിക്കും...

∙ കഴിവതും വെള്ളക്കുപ്പി കയ്യിൽ കരുതുക. കൃത്യമായ അളവിൽ വെള്ളം കുടിച്ചു തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. കുപ്പി എപ്പോഴും ബാഗിൽ വച്ചാൽ ബാഗിലെ സ്ഥലം കുപ്പിക്കായി മാറ്റി വെയ്ക്കേണ്ടി വരില്ലേ എന്നാണോ? അതിനായി ആവശ്യം കഴിഞ്ഞ് മടക്കി വയ്ക്കാവുന്ന തരം കുപ്പികളും ഗ്ലാസുകളും ഇന്ന് ലഭ്യമാണ്.

∙ രാവിലെ യാത്രയ്ക്കിറങ്ങും മുൻപേ തന്നെ വെള്ളം കുടിച്ചിട്ട് ഇറങ്ങാം. മൂത്രമൊഴിക്കേണ്ടി വരുമെന്ന് കരുതി വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്.

∙ കാർബണേറ്റഡായ പാനീയങ്ങൾ കുടിച്ച് ദാഹം ശമിപ്പിക്കുന്നതും ദോഷം ചെയ്യും. പകരം കരിക്ക് പോലുള്ള പ്രകൃതിദത്തമായ പാനീയങ്ങൾ യാത്രയിൽ ശീരിക്കാം.

∙ വെള്ളക്കുപ്പിയിൽ വെള്ളം എടുത്ത് കുടിക്കുന്നവർക്ക് കുടിക്കുന്ന വെള്ളത്തിൽ നാരങ്ങ, ഇഞ്ചി, മിന്റ് ഇല, തുളസി എന്നിവയൊക്ക ഇട്ട വെള്ളം കുടിക്കാം. ഇവയൊക്കെ ചർമം മെച്ചപ്പെടുത്താൻ നല്ലതാണ്.

കടപ്പാട്: ഡെന്നിസ് ബാബു, എക്സെൽ ബ്യൂട്ടി പാർലർ, തൃപ്പൂണിത്തുറ

ADVERTISEMENT