ADVERTISEMENT

മുഖവും ചർമവും ഒക്കെ തിളങ്ങുകയും വേണം എന്നാൽ പോക്കറ്റ് കീറാനും പാടില്ല. അത്തരം ആളുകൾക്കും എന്നും ക്രീമും സീറവും തേയ്ക്കാൻ മടിക്കുന്നവർക്കുമൊക്കെ പരീക്ഷിക്കാവുന്ന ബ‍ഡ്ജറ്റ് ഫ്രണ്ടലിയായ കു റച്ച് ആയുർവേദ സൗന്ദര്യസംരക്ഷണ രീതികൾ പരിചയപ്പെടാം.

ശ്രദ്ധിക്കുക: ആയുർവ്ദ ചേരുവകളും ചിലർക്ക് അലർജിയുണ്ടാക്കാം. മുഖത്തോ ചർമത്തിലോ മുഴുവനായി പുരട്ടും മുൻപേ കൈത്തണ്ടയിലോ മറ്റോ പുരട്ടി നോക്കി കുഴപ്പമില്ലെന്ന് ഉറപ്പാക്കുക.  

തെളിമയാർന്ന മുഖം  

∙ മുഖക്കുരു അകറ്റാൻ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ രക്തചന്ദനം പൊടിച്ച് കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. അൽപ്പാൽപ്പമായി എടുത്ത് വെള്ളത്തിൽ ചാലിച്ചു പുരട്ടാം. ഉറങ്ങും മുൻപോ രാവിലെ എഴുന്നേൽക്കുമ്പോഴോ പുരട്ടിയിരിക്കാം. ഉണങ്ങി കഴിയുമ്പോൾ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകുക. മുഖക്കുരുവും കറുത്ത പാടുകളും നിശ്ശേഷം മാറി മുഖത്തിനു തെളിച്ചം വർദ്ധിക്കും.

∙ ഉറക്കക്കുറവ്, ക്ഷീണം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിനു താഴേ ഡാർക് സർക്കിൾസ് വരാം. മുഖക്കുരു കൊണ്ടുള്ള പാടുകൾ, നഖം തട്ടിയുണ്ടായ കറുപ്പ് നിറം എന്നിവ മുഖസൗന്ദര്യത്തിനു കളങ്കം വരുത്താറുണ്ട്. ഇതിനു പരിഹാരമായി വീട്ടിൽ തയ്യാറാക്കാവുന്ന ആയുർവേദിക്ക് ഫെയ്സ് പായ്ക്ക്. തേൻ ഒരു ടീസ്പൂൺ, പച്ചമഞ്ഞൾ ഒരു ടീസ്പൂൺ, ചെറുപയറു പൊടി എന്നിവ വെള്ളം ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഫെയ്സ് പായ്ക്കാക്കി മുഖത്തിടാം. ഉണങ്ങി കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാം. കണ്ണിനടിയിലെ കറുപ്പു നിറവും മുഖത്തെ കലകളും മാറിക്കിട്ടും.

Beauty2

∙ മൂക്കിന്റെ വശങ്ങളിലും കവിളിലും മറ്റും വരുന്ന വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും സൗന്ദര്യസംരക്ഷണത്തിൽ ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നവയാണ്. മുഖം വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇവയുണ്ടാകാനുള്ള കാരണം. വൈറ്റ് ഹെഡ്സിനെയും ബ്ലാക് ഹെഡ്സിനെയും തടുക്കാൻ മുതിര നിങ്ങളെ സഹായിക്കും. മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കാം. ഇത് ആഴ്ച്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി.

∙ രാത്രി കിടക്കും മുൻപ് പച്ചമഞ്ഞളരച്ച് കട്ടിയായി മേൽചുണ്ടിൽ പുരട്ടാം. കാലത്തെഴുന്നേറ്റ് ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. അനാവശ്യരോമങ്ങൾ കൊഴിഞ്ഞു പോകും.

∙ പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖരോമങ്ങൾ കളയാൻ ഉത്തമമാണ്.

∙ കറുത്ത മുന്തിരി നന്നായി കഴുകി ജ്യൂസടിച്ച് വച്ച് അടുത്ത ദിവസം രാവിലെ അതു പുരട്ടി മുഖം കഴുകുക. പാടുകൾ മാറി മുഖം തുടുക്കും.

മൃദുല മനോഹര ചർമം

∙ വരണ്ടചർമമുള്ളവർ സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വാങ്ങി വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളിൽ എത്രത്തോളം പയറുപൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙ പയറുപൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙ എണ്ണമയമുള്ള ചർമക്കാർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അ‍ധികമുള്ള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙ കടല/പയറു െപാടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമസംരക്ഷണത്തിനു വളരെ നല്ലതാണ്.

∙ എണ്ണമയമുള്ള ചർമമുള്ളവർ ഇടയ്ക്ക് പച്ചവെള്ളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙ഏലാദി ചൂർണവും കടല/പയറുപൊടിയും സമാസമം ചേർത്ത് അതുകൊണ്ടു കുളിക്കുന്നത് സൺ ടാൻ കളയാനും ശരീരകാന്തി വർധിപ്പിക്കാനും വളരെ നല്ലതാണ്.

∙ എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ നോർമൽ ചർമക്കാർ മഞ്ഞളും ചെറുപയർപൊടിയും സമം എടുത്ത് വെള്ളത്തിൽ ചാലിച്ച് ശരീരത്തു തേച്ച് കുളിക്കാം. കാന്തി വർദ്ധിക്കും.

കടപ്പാട്: ഡോ. അപർണ, പൂമുള്ളി മന, പാലക്കാട്.

ADVERTISEMENT