‘ചർമത്തിലെ ചുളിവുകൾ മാറ്റി കൂടുതൽ മൃദുലമാക്കും’; കഞ്ഞിവെള്ളവും തേനും ചേര്‍ന്നൊരു കൊറിയൻ ഫെയ്സ് മാസ്ക്
Mail This Article
കൊറിയൻ സ്കിന്‍ കെയര്‍ ട്രീറ്റ്മെന്റുകളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് താല്‍പ്പര്യം. കൊറിയൻ എന്ന പേരില്‍ മാർക്കറ്റിൽ കിട്ടുന്ന പല വസ്തുക്കളും വാങ്ങി പരീക്ഷിക്കുന്നവരും ഉണ്ട്. അതെല്ലാം പലപ്പോഴും വിപരീത ഫലമായിരിക്കും നൽകുന്നത്. എന്നാല്‍ കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു കിടിലൻ മാസ്കാണ് ഇവരുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ മാസ്ക് ഉപയോഗിച്ചാൽ മുഖം കൂടുതൽ മൃദുലമാവുകയും ചർമത്തിലെ ചുളിവുകൾ മാറ്റി യുവത്വം നിലനിർത്തുകയും ചെയ്യും.
കഞ്ഞിവെള്ളം
ഈ മാസ്കുണ്ടാക്കുന്നതിന് ആദ്യം വേണ്ടത് കഞ്ഞിവെള്ളമാണ്. ചർമത്തിന് ബ്ലീച്ചിങ് ഇഫക്ട് നൽകുന്ന വസ്തുവാണ് ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കഞ്ഞിവെള്ളം. വൈറ്റമിൻ ബിയും പ്രോട്ടീനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായം കുറവ് തോന്നിക്കുന്നതിനും തിളക്കവും മിനുസമുള്ളതുമായ ചർമം ലഭിക്കാനും ഉപയോഗിക്കാം.
നാരങ്ങാനീര്
വളരെ ഏറെ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങാനീര്. ചർമത്തിന് നല്ല തിളക്കം നൽകാൻ നാരങ്ങാനീരിന് സാധിക്കും. മുഖത്ത് ഉപയോഗിക്കാവുന്ന മറ്റേതെങ്കിലും മിശ്രിതത്തോട് ചേർത്ത് ഉപയോഗിക്കണമെന്നു മാത്രം. ചർമത്തിന്റെ ഇലാസ്തികത നിലനിർത്താനും നിറംനൽകാനും നാരങ്ങാനീര് സഹായിക്കും.
തേൻ
ചർമ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു വസ്തുവമാണ് തേൻ. ചർമത്തിനു തിളക്കം നൽകാൻ ഏറെ സഹായിക്കുന്ന ഒന്നാണ് തേൻ. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ തേനിലുണ്ട്. ഇത് ചർമത്തിനു ജലാംശം നൽകുകയും ചർമത്തിന്റെ സംന്തുലിതാവസ്ഥ നിലനിർത്തുകയും സെബം ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.
മാസ്ക് തയാറാക്കുന്ന വിധം
പുളിപ്പുള്ള കഞ്ഞിവെള്ളമാണ് മാസ്ക് തയാറാക്കുന്നതിന് ആവശ്യം. കഞ്ഞിവെള്ളം ഒരുപാത്രത്തിൽ അടച്ചു വയ്ക്കുക. പിറ്റേദിവസം ഇതിലേക്ക് തേനും അൽപം നാരങ്ങാനീരും ചേർക്കണം. ശേഷം നന്നായി യോജിപ്പിച്ച മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ചർമത്തിന് തിളക്കവും മിനുസവും നൽകുന്നു. ഏതുതരത്തിലുള്ള ചർമമുള്ളവർക്കും ഇത് ഉപയോഗിക്കാം.