ഹെയർ ബോട്ടോക്സും ബോട്ടോക്സ് ഇൻജക്ഷനും തമ്മിൽ ബന്ധമുണ്ടോ? ഹെയർ ബോട്ടോക്സ് ചെയ്താൽ ഫലം എത്രനാൾ നിലനിൽക്കും? സംശയങ്ങളെല്ലാം മാറ്റാം
Mail This Article
ഇങ്ങോട്ടു വരാൻ പറഞ്ഞാൽ അങ്ങോട്ടു പോകുന്ന, എത്ര അടക്കിയിരുത്താൻ ശ്രമിച്ചാലും ഓടിക്കളിക്കുന്ന ചില പിള്ളേരില്ലേ... അവരെ പോലെയാണു ചിലരുടെ മുടി. ചൂരൽച്ചൂടുമായി ചട്ടം പഠിപ്പിക്കാൻ വരുന്ന അധ്യാപകരെ പോലെയാണ് ഇവർക്ക് സ്ട്രെയ്റ്റനിങ്ങും സ്മൂത്തനിങ്ങും. ഇത്തരം കെമിക്കൽ ട്രീറ്റ്മെന്റുകൾക്കു ശേഷം അടങ്ങി നിൽക്കുമെങ്കിലും മുടിയുടെ സ്വഭാവത്തിനും വളർച്ചയ്ക്കും ആരോഗ്യത്തിനും കോട്ടം തട്ടാം. മുടി കൊഴിച്ചിലും വരാം.
പക്ഷേ, മറ്റു ചില അധ്യാപകരില്ലേ. കുട്ടികളെ അധികം സമ്മർദത്തിലാക്കാതെ അവരെ അടിമുടി മാറ്റാന്‍ ശ്രമിക്കാതെ തഞ്ചത്തിൽ മെരുക്കിയെടുക്കുന്നവർ. അവരെ പോലെയാണു ഹെയർ ബോട്ടോക്സ്. പോഷണം നൽകി തളർന്ന മുടിക്ക് പുതുജീവൻ നൽകുന്നതിനൊപ്പം മുടിയുടെ ഭംഗിയും കൂട്ടും ഈ ട്രീറ്റ്മെന്റ്.
കണ്ടീഷൻ ചെയ്യാം മുടിയെ
ചൂട്, സ്റ്റൈലിങ്, കളറിങ്, സൂര്യപ്രകാശം, പൊടി, മലിനീകരണം എന്നിങ്ങനെ പല കാരണങ്ങളാൽ മുടിയുടെ മൃദുത്വവും തിളക്കവും നഷ്ടപ്പെടാം. അത്തരം മുടിക്കു വീണ്ടും തിളക്കവും ജീവനും നൽകുന്ന പരിചരണമാണു ഹെയർ ബോട്ടോക്സ്.
മുഖത്തിനു ബോട്ടോക്സ് എടുക്കുന്നതുപോലെ അല്ല മുടിക്കുള്ളത്. ഇതിൽ ബോട്ടുലിനം ടോക്സിൻ ഒന്നുമില്ല കേട്ടോ... പിന്നെന്തിന് ഈ പേര് എന്നല്ലേ ? ബോട്ടോക്സ് ഇൻജക്‌ഷൻ മുഖം സുന്ദരമാക്കുന്നതു പോലെ ഹെയർ ബോട്ടോക്സ് മുടിക്കു തിളക്കവും മൃദുത്വവും നൽകുന്നു എന്നതാണു കാരണം.
ഹെയർ ബോട്ടോക്സ് ഡീപ് കണ്ടീഷനിങ് റിപ്പയർ ട്രീറ്റ്മെന്റ് ആണ്. പോഷണവും സംരക്ഷണവും നൽകുന്ന പ്രോട്ടീന്‍, അമിനോ ആസിഡ്, വൈറ്റമിന്‍, മുടിയുടെ ഘടന വീണ്ടെടുക്കുന്ന കെരാറ്റിൻ, മുടിക്കു ശക്തി നൽകുന്ന കൊളാജന്‍ കോംപ്ലക്‌സുകള്‍, സ്വാഭാവിക മൃദുത്വവും തിളക്കവും നൽകുന്ന നാച്ചുറൽ ഓയിൽ എന്നിവയുടെ കോക്ടെയ്‌ലാണ് ബോട്ടോക്‌സ്. ഇതൊരു പുതിയ ഹെയർ ട്രീറ്റ്മെന്റ് അല്ല. പക്ഷേ, ഇന്നും പ്രിയങ്കരമായി നിലനിൽക്കുന്നതിനു കാരണം ഇതിൽ വലിയ തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ല എന്നതാണ്.
ട്രീറ്റ്‌മെന്റ് എങ്ങനെ ?
∙ ആദ്യം മുടി ക്ലാരിഫയിങ് ഷാംപൂ ഉപയോഗിച്ചു കഴുകി അഴുക്കു നീക്കം ചെയ്യും. ആവശ്യാനുസരണം രണ്ടോ മൂന്നോ തവണ കഴുകും.
∙ അൽപം നനവുള്ള മുടി ഓരോ ഭാഗങ്ങളായി തിരിച്ച് അതിൽ ഹെയർ ബോട്ടോക്സ് മിശ്രിതം പുരട്ടും.
∙ ഈ മിശ്രിതം മുടിയിൽ 30-60 മിനിറ്റ് വരെ വയ്ക്കും. മുടിയിൽ മുൻപ് കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതനുസരിച്ചാണു മിശ്രിതം എത്ര സമയം മുടിയി ൽ വയ്ക്കണമെന്നു തീരുമാനിക്കുന്നത്.
∙ ശേഷം ഫ്ലാറ്റ് അയൺ ഉപയോഗിച്ച് ഓരോ ഭാഗം മുടിയിലെയും പോഷകങ്ങൾ സീൽ ചെയ്യും. എത്ര ചൂടിൽ എത്ര വട്ടം ഓരോ ഭാഗം മുടിയും ഫ്ലാറ്റ് അയൺ ചെയ്യണമെന്നതും മുടിയിൽ മുൻപ് ചെയ്ത ട്രീറ്റ്മെന്റ്സ് ആശ്രയിച്ചിരിക്കും.
∙ ശേഷം മുടി കഴുകി കണ്ടീഷനർ പുരട്ടി ബ്ലോ ഡ്രൈ ചെയ്യും. ട്രീറ്റ്മെന്റ് കഴിഞ്ഞാലുടൻ തന്നെ മുടിയിൽ വ്യത്യാസം കാണാം.
ഗുണങ്ങൾ അറിയാം
∙ സ്മൂത്തനിങ്, സ്ട്രെയ്റ്റനിങ്, കെരറ്റിൻ എന്നിങ്ങനെയുള്ള ട്രീറ്റ്മെന്റുകളിൽ ഫോർമാൽഡിഹൈഡ് പോലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, ബോട്ടോക്സിൽ അവയില്ല.
∙ എല്ലാ തരത്തിലുള്ള മുടിക്കും അനുയോജ്യമാണു ഹെയർ ബോട്ടോക്സ്. മുടി എളുപ്പത്തിൽ ഏതു തരത്തിലും സ്റ്റൈൽ ചെയ്യാനാകും. മുടിക്കു ലൂസ് ഹെയർ സ്റ്റൈൽ പരീക്ഷിക്കാനും സൂപ്പർ തന്നെ.
∙ പലപ്പോഴും വരണ്ട മുടിക്കാരുടെ മുടി കെട്ടുവീണു പൊട്ടിപ്പോകുന്നതു കൂടുതലായിരിക്കും. വരൾച്ചയും അറ്റം വിണ്ടുകീറിയതുമായ മുടി മൃദുലവും തിളക്കവുമുള്ളതാക്കും.
∙ ഹെയർ ബോട്ടോക്സ് മുടിയുടെ സ്വാഭാവിക ഘടന മാറ്റാതെ മുടിയിഴകളെ സുന്ദരമാക്കുന്നു. ഇതു മുടിക്ക് ഉള്ളുള്ളതായി തോന്നും.
ഫലം എത്ര കാലം നിലനിൽക്കും ?
∙ സാധാരണയായി ഹെയർ ബോട്ടോക്സിന്റെ ഫലം മൂന്നു മുതൽ നാലു മാസം വരെ നിലനിൽക്കും.
∙ കെമിക്കൽ സ്ട്രെയ്റ്റനിങ് ചെയ്തതുപോലെ മുടി അറ്റൻഷനായി കിടക്കില്ല ഹെയർ ബോട്ടോക്സ് ചെയ്താൽ. സ്വാഭാവിക ലുക് നിലനിർത്താം.
∙ ഹെയർ ബോട്ടോക്സ് ചെയ്ത ആദ്യനാളുകളിൽ മുടി അധികം ചുരുളോ വളവോ ഇല്ലാതെ കിടക്കും. പതിയെ പതിയെ പഴയ രീതിയിലേക്കു മാറും. പക്ഷേ, അപ്പോഴും മുടിയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടാകും.
ഫലം നിലനിർത്താൻ ഈ പരിചരണങ്ങൾ
ഹെയർ ബോട്ടോക്സ് ചെയ്തു കഴിഞ്ഞാൽ പാലിക്കേണ്ട ചിലതുണ്ട്. ഇവ എന്തൊക്കെയണെന്നു മനസ്സിലാക്കാം.
∙ മുടി കഴുകാനായി സൾഫേറ്റ് ഫ്രീ ഷാംപൂവും കണ്ടീഷനറും മാത്രം ഉപയോഗിക്കുക.
∙ ചൂടു വെള്ളത്തിൽ മുടി കഴുകുന്നത് ഒഴിവാക്കുക. സാധാരണ താപനിലയുള്ള വെള്ളമോ തണുത്തോ വെള്ളമോ ആണു നല്ലത്.
∙ ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിങ്ങനെ ചൂടു നൽകി മുടി സ്റ്റൈൽ ചെയ്യുന്ന ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
∙ ക്ലോറിൻ കലർന്ന വെള്ളം ഒഴിവാക്കാം. പൂളിൽ നീന്തുമ്പോൾ ക്യാപ് ധരിക്കാൻ മറക്കേണ്ട.
∙ ഹെയർ ബോട്ടോക്സിന്റെ ഫലം ഏറെ നാൾ നിലനിൽക്കാൻ മുടിയിൽ അധികം സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കാം. പുറത്ത് പോകുമ്പോൾ സ്കാർഫ് അല്ലെങ്കിൽ ക്യാപ് ധരിക്കുക.
∙ ഹെയർ വാഷിന്റെ എണ്ണം കുറയ്ക്കുന്നതു നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി ഹെയർ വാഷ്.
∙ തല കഴുകാത്ത ദിവസങ്ങളിൽ മുടിയിൽ എണ്ണമയം ഉള്ളതുപോലെ മിനുസം വരാം. ഇതു ഹെയർ ബോട്ടോക്സിനു ശേഷം സാധാരണമാണ്.
ശ്രദ്ധിക്കണേ ഇക്കാര്യങ്ങൾ
∙ മികച്ച സലൂൺ തന്നെ തിരഞ്ഞെടുക്കുക. ഹെയർ എക്സ്പർട്ടിന്റെ സഹായത്തോടെ ശിരോചർമത്തിന്റെയും മുടിയുടെയും ആരോഗ്യവും പരിഗണിച്ച് ഹെയർ ബോട്ടോക്സ് തീരുമാനിക്കുക.
∙ ഹെയർ ബോട്ടോക്സിനായി ഉപയോഗിക്കുന്ന ബ്രാൻഡ് ഏതെന്നു മനസ്സിലാക്കണം. അവയുടെ ചേരുവകളിൽ ഫോർമാൽഡിഹൈഡ് പോലുള്ള രാസഘടകങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്യാം.
∙ അലർജി പ്രശ്നങ്ങളുള്ളവർ പാച്ച് ടെസ്റ്റ് ചെയ്യാൻ മടിക്കേണ്ട.
വിവരങ്ങൾക്കു കടപ്പാട്: ബിന്ദു മാമ്മൻ, കോസ്മറ്റോളജിസ്റ്റ് & മേക്കപ് ആർടിസ്റ്റ്, ആൽക്കെമി സലൂൺ, ആലുവ, ചങ്ങനാശേരി, കോട്ടയം
