മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ മാറും; വീട്ടില്‍ ചെയ്യാന്‍ 10 ഫെയ്സ് മാസ്കുകള്‍
Mail This Article
മുഖ ചർമത്തിന് കൃത്യമായ പരിചരണം നൽകാതിരുന്നാല്‍ ചുളിവുകൾ, കറുത്തപാടുകൾ, വരൾച്ച തുടങ്ങിയവയെല്ലാം ഉണ്ടാകും. എന്നാൽ ചിലര്‍ക്ക് ജീവിതശൈലി മൂലം ചെറുപ്രായത്തിൽ തന്നെ ചർമത്തിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അധികം ചെലവില്ലാതെ വീട്ടില്‍ ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന 10 ഫെയ്സ് മാസ്ക്കുകള്‍ പരിചയപ്പെട്ടാലോ?
∙ പഴം ഫെയ്സ് മാസ്ക്
ഒരു പഴം നല്ലതുപോലെ ഉടച്ചു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം കൈ ഉപയോഗിച്ചോ, കോട്ടൺ കൊണ്ടോ ഇത് കണ്ണിനു ചുറ്റും പുരട്ടുക. 10 മുതൽ 20 മിനിറ്റ് വരെ ഈ ഫെയ്സ് മാസ്ക് മുഖത്തു പുരട്ടിയിരിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മികച്ച ഫലം നല്‍കാൻ ശേഷിയുള്ള ഫെയ്സ് മാസ്ക് ആണിത്. വിറ്റാമിൻ എ, ബി 6, സി എന്നിവയാൽ സമ്പുഷ്ടമാണ് നേന്ത്രപ്പഴം. കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ അകറ്റാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കും.
∙ തൈര് ഫെയ്സ് മാസ്ക്
ഒരു ചെറുനാരങ്ങയുടെ നീരിലേക്ക് രണ്ടു ടീസ്പൂൺ തൈര് ചേർക്കുക. വിറ്റാമിൻ ഇ യുടെ രണ്ടു ഗുളികകളും ഒരു ടീസ്പൂൺ തേനും ഈ കൂട്ടിലേയ്ക്ക് ചേർക്കാം. ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മുഖത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചർമത്തിനു തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ ഇ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. തേൻ ചർമത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു.
∙ തൈര്- മഞ്ഞൾ ഫെയ്സ് മാസ്ക്
രണ്ടു ടീസ്പൂൺ തൈരിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം 15 മിനിറ്റ് നേരം മുഖത്തു പുരട്ടിയതിനു ശേഷം കഴുകി കളയാം. ധാരാളം ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. മുഖത്തെ അഴുക്ക് നീക്കം ചെയ്യാനും അണുവിമുക്തമാക്കാനും മഞ്ഞളിന് ശേഷിയുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖചർമത്തിൽ പുതിയ കോശങ്ങളുണ്ടാകാൻ സഹായിക്കുന്നു. തൈരിലെ ലാക്ടിക് ആസിഡ് കൂടി ചേരുമ്പോൾ മികച്ച ഫലം ലഭിക്കും.
∙ കറ്റാർവാഴ ഫെയ്സ് മാസ്ക്
രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ചർമ സംരക്ഷണത്തിനു ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും പ്രധാന കൂട്ടായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കറ്റാർവാഴ ജെൽ മുഖ ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നു. മുഖത്തെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശേഷിയും ഈ ഫെയ്സ് മാസ്കിനുണ്ട്.
∙ പൈനാപ്പിൾ ഫെയ്സ് മാസ്ക്
പൈനാപ്പിൾ ചതച്ചു അതിന്റെ നീര് എടുത്തു മാറ്റുക. ഈ നീര് കഴുത്തിന്റെ മുകൾഭാഗത്തു തേച്ചുപിടിപ്പിച്ചു നല്ലതുപോലെ മസാജ് ചെയ്യുക. അഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയാം. പ്രായത്തെ പിടിച്ചുകെട്ടാൻ ഒരു ഉത്തമ പ്രതിവിധിയാണ് പൈനാപ്പിൾ. കഴുത്തിലെ കനം കുറഞ്ഞ ചർമത്തിൽ വളരെ പെട്ടെന്ന് തന്നെ ചുളിവുകൾ വീഴാനിടയുണ്ട്. ഈ ചുളിവുകൾ ഇല്ലാതെയാക്കാനും ചർമത്തിനു കൂടുതൽ ആകർഷണീയത തോന്നാനും പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റിനാൽ സാധിക്കുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമത്തിലെ പ്രോട്ടീൻ ഉൽപാദനം വർധിപ്പിക്കുന്നു.
∙ കോക്കനട്ട് ഫെയ്സ് മാസ്ക്
കോക്കനട്ട് ഫെയ്സ് മാസ്ക് പോഷകം നൽകി ചർമം ആരോഗ്യമുള്ളതാക്കുന്നു. രണ്ട് ടീസ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, ഒരു ടീ സ്പൂൺ തേൻ എന്നിവ ഒരു ബൗളിൽ എടുത്ത് നന്നായി മികസ് ചെയ്യുക. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കണം. 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.
∙ വെള്ളരിക്ക ഫെയ്സ് മാസ്ക്
ചർമത്തിലെ എണ്ണമയവും പാടുകളും അകറ്റാൻ ഇത് സഹായിക്കും. ഒരു വെള്ളരിക്കയുടെ പകുതി അരച്ചത്, അരക്കപ്പ് ഉപ്പ്, കാൽ ടീസ്പൂൺ പെപ്പർമിന്റ് എസന്‍ഷ്യൽ ഓയിൽ എന്നിവ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ചു പിടിപ്പിച്ച് 10 മിനിറ്റോളം മസാജ് ചെയ്യണം. ശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി കളയാം.
∙ കടലമാവ്- ആൽമണ്ട് ഓയില്‍ ഫെയ്സ് മാസ്ക്
ചർമത്തിന്റെ ആരോഗ്യം നിലനിർത്തുകയും വരൾച്ചയിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ കടലമാവും ഒരു ടീസ്പൂൺ ആൽമണ്ട് ഓയിലും മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കി മുഖത്ത് മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
∙ മുന്തിരി ഫെയ്സ് മാസ്ക്
ചർമം തിളങ്ങാനും പാടുകൾ നീക്കി മുഖം സുന്ദരമാകാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു. രണ്ട് ടീസ്പൂൺ മുന്തിരി ജ്യൂസും ഒരു ടീ സ്പൂൺ യോഗർട്ടും മിക്സ് ചെയ്തതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കണം. ഇങ്ങനെ കിട്ടുന്ന മിശ്രിതം ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്യുക. 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.
∙ മഞ്ഞള്‍- നാരങ്ങനീര് ഫെയ്സ് മാസ്ക്
ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ തേനിലേക്ക് അര ടീസ്പൂൺ മഞ്ഞളും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയാം.