രണ്ടേ രണ്ട് ചേരുവ...ഗുണം 100ൽ 100: മുഖം പട്ടുപോലെ മൃദുലമാക്കും തക്കാളി–തേങ്ങാപ്പാൽ മാജിക് Easy Beauty Packs with Two Ingredients
Mail This Article
ആഘോഷങ്ങൾ കലണ്ടറിൽ മാർക് ചെയ്ത് മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത് ഒരുങ്ങുന്നവരും അത്രയും ദിവസം മടിപിടിച്ചിരുന്നു വിശേഷദിവസങ്ങൾക്കു തലേന്നു മുഖം മിനുക്കാൻ പാർലറിലേക്ക് ഓടുന്നവരുമുണ്ട്. ഇക്കൂട്ടരെല്ലാം പക്ഷേ, മുഖകാന്തി കൂട്ടാനുള്ള സൗന്ദര്യക്കൂട്ടുകൾ തേടി അടുക്കളയിലേക്കും മുറ്റത്തേക്കും ഇടയ്ക്കിടെ എത്തിനോക്കുന്നവരാണ്. അവർക്കായി ഇതാ ഈസി ബ്യൂട്ടി പായ്ക്കുകൾ...
രണ്ടേ രണ്ട് ചേരുവ...ഗുണം 100ൽ 100
തക്കാളി, തേങ്ങാപ്പാൽ : ഒരു വലിയ സ്പൂൺ തക്കാളിനീരും രണ്ടു വലിയ സ്പൂൺ തേങ്ങാപ്പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിയാൽ ചർമത്തിനു തെളിച്ചവും മൃദുത്വവും കിട്ടും.
തേൻ, നാരങ്ങാനീര് : ക്ലിയർ സ്കിൻ ലഭിക്കാൻ രണ്ടു വലിയ സ്പൂൺ തേനും ഒരു വലിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ മതി. ഈ പാക് പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
ഓട്സ്, തൈര് : ഒരു വലിയ സ്പൂൺ ഓട്സും രണ്ടു വലിയ സ്പൂൺ തൈരും യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക. ശേഷം മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം മൃദുവായി മസാജ് ചെയ്തു കഴുകാം. മൃതകോശങ്ങളകറ്റാനും ചർമസുഷിരങ്ങൾ ചെറുതാക്കാനും ഇതു നല്ല വഴിയാണ്.
കഞ്ഞിവെള്ളം : കഞ്ഞിവെള്ളം ഒരു ചെറിയ ഗ്ലാസ് ജാറിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്ന് അൽപമെടുത്ത് എല്ലാ ദിവസവും മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകാം. മുഖത്തിനു തിളക്കം ലഭിക്കും.
ബീറ്റ്റൂട്ട്, ഓറഞ്ച്, പപ്പായ, തക്കാളി എന്നിവ മുഖത്തിനു പെട്ടെന്നു തിളക്കം നൽകാൻ മികച്ചതാണ്. ഇവയിലേതും മിക്സിയില്‍ അരച്ച്, ഐസ് ട്രേയിലൊഴിച്ചു വയ്ക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി കിടക്കും മുൻപ് ഒരു ക്യൂബ് എടുത്ത് മുഖത്തു മസാജ് ചെയ്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.
വിവരങ്ങൾക്ക് കടപ്പാട്:
അമ്മു ജൊവാസ്
വിവരങ്ങൾക്കു കടപ്പാട് : ഡോളി പൗലോസ്,
നിംഫെറ്റ് മേക്കോവർ സലൂൺ, കൊച്ചി
