ADVERTISEMENT

എത്ര വിലകൂടിയ സൗന്ദര്യവസ്തുക്കൾ ഉപയോഗിച്ചിട്ടും നമ്മൾ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെങ്കിൽ വരുന്നൊരു നിരാശയുണ്ട്...! ഇനി നിരാശപ്പെടും മുൻപേ എല്ലാ കാര്യങ്ങളും ചെയ്തിട്ടും പലരും ചെയ്യാൻ വിട്ടുപോകുന്നൊരു പ്രധാന കാര്യം കൂടി ചർമ സംരക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കിയാലോ? മൃതകോശങ്ങളെ അകറ്റി ചർമത്തിന് പുതുതെളിച്ചം നൽകുന്ന എക്സ്ഫോളിയേഷൻ ശീലിക്കാം. ആഴ്ച്ചയിലൊരിക്കലെങ്കിലും മൃതകോശങ്ങളെ ചർമത്തിൽ നിന്നകറ്റുന്നതാണ് നല്ലത്. പുറത്തു നിന്നു വാങ്ങുന്ന സൗന്ദര്യ വസ്തുക്കൾ കൊണ്ടും വീട്ടിൽ തന്നെയുള്ളവ കൊണ്ടും ചർമം അൽപം ശക്തിയിൽ മസാജ് ചെയ്ത് മൃതകോശങ്ങൾ അകറ്റാം.

ഗുണങ്ങൾ പലതുണ്ട്

ADVERTISEMENT

ശരിയായി ചെയ്താൽ എക്സ്ഫോളിയേഷൻ അതു ചർമത്തിനു നൽകുന്ന ഗുണങ്ങൾ പലതാണ്.

–ഇതേവരെ അടർന്നു പോകാത്ത മൃതകോശങ്ങളെ അകറ്റുമ്പോൾ ചർമം കൂടുതൽ മൃദുത്വമുള്ളതും തെളിച്ചമാർന്നതും ചർമത്തിന്റെ ടോൺ ഒരേപോലെയാകാനും സഹായിക്കും.

ADVERTISEMENT

–ചർമത്തിന്റെ ഉപരിതലം ഉത്തേജിപ്പിക്കപ്പെടുമ്പോൾ അത് രക്തചംക്രമണം കൂട്ടാൻ സഹായിക്കും. അതുവഴി ചർമത്തിന് പുതിയൊരുണർവും ലഭിക്കും.

–സുഷിരങ്ങളിൽ അടിയുന്ന അഴുക്കും എണ്ണമയവും അകറ്റി, മുഖക്കുരു സാധ്യത കുറയ്ക്കും.

ADVERTISEMENT

–അടിഞ്ഞു കൂടിയ മൃതകോശങ്ങള്‍ അകറ്റുന്നതോടെ ചർമസംരക്ഷണ പദാർഥങ്ങൾ കൂടുതൽ നന്നായി ആഗിരണം ചെയ്യപ്പെടും.

അധികച്ചിലവില്ലാതെ വീട്ടിലുണ്ടാക്കാം സ്ക്രബ്

scrubv2

നമ്മുടെ വീട്ടിലുള്ള ചില പദാർഥങ്ങൾ തമ്മിൽ ചേർത്ത് സ്ക്രബ് ഉണ്ടാക്കാം. സ്ക്രബ് ഉണ്ടാക്കി പുരട്ടും മുൻപേ ഉപയോഗിക്കുന്ന വസ്തുക്കൾ കൈത്തണ്ടയിലോ കഴുത്തിന്റെ പിന്നിലോ ചെറിയൊരിടത്ത് പുരട്ടി നോക്കി അലർജിയില്ലെന്ന് ഉറപ്പിക്കണം. അവരവരുടെ ചർമത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള വസ്തുക്കളെടുക്കാം. എണ്ണമയക്കാർ കൂടുതൽ എണ്ണ ചേർന്ന സ്ക്രബ് ഉപയോഗിക്കണ്ട, വരണ്ട ചർമക്കാർ ചർമത്തെ കൂടുതൽ വരണ്ടതാക്കുന്ന പൊടികളും അകറ്റുക.

വീട്ടിലുള്ള ചേരുവകൾ കൊണ്ടുള്ള മൂന്ന് തരം സ്ക്രബുകൾ നോക്കാം... ഇവ മുഖത്തിടുന്ന കണക്കാണ് ഇവിടെയുള്ളത് കൈകാലുകൾ ഒക്കെ സ്ക്രബ് ചെയ്യണമെങ്കിൽ അതിനനുസരിച്ച് അളവുകൾ മാറ്റുക.

ഓട്ട്സ് സ്ക്രബ്

തരിതരിപ്പായി പൊടിച്ച 2 ടേബിൾ സ്പൂൺ ഓട്ട്സ്, 1 ടേബിൾ സ്പൂൺ അധികം പുളിയില്ലാത്ത തൈര്, 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ. ഇവ ഒരു പാത്രത്തിലെടുത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. 30–60 സെക്കന്റു നേരം ഇത് മുഖത്തിട്ട് വട്ടത്തിൽ കറക്കി മസാജ് ചെയ്യാം. ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

  • പഴം സ്ക്രബ്

    നന്നായി പഴുത്ത പഴം ഒരു ഫോർക്ക് കൊണ്ട് ഉടച്ച് പൾപ്പാക്കിയത്, 2 ടേബിൾ സ്പൂൺ ഓട്ട്സ് പൊടിച്ചത്, 1 ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തിട്ട് മുകളിൽ പറഞ്ഞപോലെ മസാജ് ചെയ്തിട്ട് കഴുകാം.

  • കാപ്പി സ്ക്രബ്

    1 കപ്പ് തരിയായി പൊടിച്ച കാപ്പി, 1 കപ്പ് ബ്രൗൺ ഷുഗർ, 3–4 ടേബിൾസ്പൂൺ വെളിച്ചെണ്ണ. ഇവ നന്നായി തമ്മിൽ കലർത്തുക. കഴുകിയ മുഖത്തേക്ക് ഇത് പുരട്ടി 1–3 മിനിറ്റു നേരത്തേക്ക് മുദുവായി വട്ടത്തിൽ മസാജ് ചെയ്തിട്ട് ഇളം ചൂടുവെള്ളം കൊണ്ട് മുഖം കഴുകാം.

    ADVERTISEMENT