ഗ്ലാസ് സ്കിന്നിന് പച്ചരി–ബദാമെണ്ണ ക്രീം, ടാൻ മാറാൻ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത്: ബ്യൂട്ടി ടിപ്സ് Beauty Packs for Radiant Skin
Mail This Article
ആഘോഷങ്ങൾ കലണ്ടറിൽ മാർക് ചെയ്ത് മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത് ഒരുങ്ങുന്നവരും അത്രയും ദിവസം മടിപിടിച്ചിരുന്നു വിശേഷദിവസങ്ങൾക്കു തലേന്നു മുഖം മിനുക്കാൻ പാർലറിലേക്ക് ഓടുന്നവരുമുണ്ട്. ഇക്കൂട്ടരെല്ലാം പക്ഷേ, മുഖകാന്തി കൂട്ടാനുള്ള സൗന്ദര്യക്കൂട്ടുകൾ തേടി അടുക്കളയിലേക്കും മുറ്റത്തേക്കും ഇടയ്ക്കിടെ എത്തിനോക്കുന്നവരാണ്. അവർക്കായി ഇതാ ഈസി ബ്യൂട്ടി പായ്ക്കുകൾ...
ഓറഞ്ചുതൊലി, പനിനീര് : സൺടാൻ അകറ്റാൻ സൂപ്പർ പാക് പറഞ്ഞു തരട്ടെ. ഒരു വലിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതും അതു കുഴയ്ക്കാൻ പാകത്തിനു പനിനീരും ചേർത്തു ഫെയ്സ് മാസ്ക് തയാറാക്കാം. ഇതു മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം.
മുട്ടവെള്ള, നാരങ്ങാനീര് : ഒരു വലിയ സ്പൂൺ മുട്ടവെള്ളയും ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടി ഉണങ്ങിയശേഷം പീൽ ചെയ്തെടുക്കാം. മുഖം തിളങ്ങാനും ബ്ലാക് ഹെഡ്സ് നീക്കം ചെയ്യാനും ഈ പീൽ ഓഫ് മാസ്ക് സഹായിക്കും.
പച്ചരി, ബദാമെണ്ണ : നാലു വലിയ സ്പൂൺ പച്ചരി നന്നായി കഴുകി നികക്കെ വെള്ളമൊഴിച്ചു മൂന്നു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇതു നന്നായി അരച്ചശേഷം ചെറുതീയിൽ കുറുക്കി ക്രീം രൂപത്തിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്നു ഒരു വലിയ സ്പൂൺ എടുത്തു മൂന്നു തുള്ളി ബദാമെണ്ണ ചേർത്തു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകാം. ഗ്ലാസ് സ്കിന്നും ക്ലാസ് സ്കിന്നും ഗ്യാരന്റി.