‘സൺടാൻ നീക്കാന്‍ നാരങ്ങാനീരിനൊപ്പം കൂൾ കുക്കുമ്പര്‍’; മുഖം തിളങ്ങാന്‍ 30 പ്ലസ് ഫെയ്സ് പാക്കുകള്‍
Mail This Article
ആഘോഷങ്ങൾ കലണ്ടറിൽ മാർക് ചെയ്ത് മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത് ഒരുങ്ങുന്നവരും അത്രയും ദിവസം മടിപിടിച്ചിരുന്നു വിശേഷദിവസങ്ങൾക്കു തലേന്നു മുഖം മിനുക്കാൻ പാർലറിലേക്ക് ഓടുന്നവരുമുണ്ട്. ഇക്കൂട്ടരെല്ലാം പക്ഷേ, മുഖകാന്തി കൂട്ടാനുള്ള സൗന്ദര്യക്കൂട്ടുകൾ തേടി അടുക്കളയിലേക്കും മുറ്റത്തേക്കും ഇടയ്ക്കിടെ എത്തിനോക്കുന്നവരാണ്. മുഖം പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങാന്‍ 30 പ്ലസ് ഫെയ്സ് പാക്കുകള്‍ ഇതാ..
ഒറ്റ ചേരുവ കൊണ്ടും മുഖം മിനുക്കാം
ഫ്ലാക്സ് സീഡ് : ഒരു വലിയ സ്പൂൺ ഫ്ലാക്സ് സീഡ് കാൽകപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ജെൽ രൂപത്തിലാകുമ്പോൾ മുഖത്തു പുരട്ടാം. ഉണങ്ങിയശേഷം കഴുകാം. ചർമത്തിലെ ചുളിവുകൾ അകറ്റാനും ചർമം അയഞ്ഞുതൂങ്ങുന്നതു തടയാനും സഹായിക്കും.
കഞ്ഞിവെള്ളം : കഞ്ഞിവെള്ളം ഒരു ചെറിയ ഗ്ലാസ് ജാറിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്ന് അൽപമെടുത്ത് എല്ലാ ദിവസവും മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകാം. മുഖത്തിനു തിളക്കം ലഭിക്കും.
ബീറ്റ്റൂട്ട്, ഓറഞ്ച്, പപ്പായ, തക്കാളി എന്നിവ മുഖത്തിനു പെട്ടെന്നു തിളക്കം നൽകാൻ മികച്ചതാണ്. ഇവയിലേതും മിക്സിയില്‍ അരച്ച്, ഐസ് ട്രേയിലൊഴിച്ചു വയ്ക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി കിടക്കും മുൻപ് ഒരു ക്യൂബ് എടുത്ത് മുഖത്തു മസാജ് ചെയ്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.
രണ്ടേ രണ്ട് ചേരുവ...ഗുണം 100ൽ 100
തക്കാളി, തേങ്ങാപ്പാൽ : ഒരു വലിയ സ്പൂൺ തക്കാളിനീരും രണ്ടു വലിയ സ്പൂൺ തേങ്ങാപ്പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിയാൽ ചർമത്തിനു തെളിച്ചവും മൃദുത്വവും കിട്ടും.
തേൻ, നാരങ്ങാനീര് : ക്ലിയർ സ്കിൻ ലഭിക്കാൻ രണ്ടു വലിയ സ്പൂൺ തേനും ഒരു വലിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ മതി. ഈ പാക് പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
ഓട്സ്, തൈര് : ഒരു വലിയ സ്പൂൺ ഓട്സും രണ്ടു വലിയ സ്പൂൺ തൈരും യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക. ശേഷം മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം മൃദുവായി മസാജ് ചെയ്തു കഴുകാം. മൃതകോശങ്ങളകറ്റാനും ചർമസുഷിരങ്ങൾ ചെറുതാക്കാനും ഇതു നല്ല വഴിയാണ്.
ഓറഞ്ചുതൊലി, പനിനീര് : സൺടാൻ അകറ്റാൻ സൂപ്പർ പാക് പറഞ്ഞു തരട്ടെ. ഒരു വലിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതും അതു കുഴയ്ക്കാൻ പാകത്തിനു പനിനീരും ചേർത്തു ഫെയ്സ് മാസ്ക് തയാറാക്കാം. ഇതു മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം.
മുട്ടവെള്ള, നാരങ്ങാനീര് : ഒരു വലിയ സ്പൂൺ മുട്ടവെള്ളയും ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടി ഉണങ്ങിയശേഷം പീൽ ചെയ്തെടുക്കാം. മുഖം തിളങ്ങാനും ബ്ലാക് ഹെഡ്സ് നീക്കം ചെയ്യാനും ഈ പീൽ ഓഫ് മാസ്ക് സഹായിക്കും.
പച്ചരി, ബദാമെണ്ണ : നാലു വലിയ സ്പൂൺ പച്ചരി നന്നായി കഴുകി നികക്കെ വെള്ളമൊഴിച്ചു മൂന്നു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇതു നന്നായി അരച്ചശേഷം ചെറുതീയിൽ കുറുക്കി ക്രീം രൂപത്തിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്നു ഒരു വലിയ സ്പൂൺ എടുത്തു മൂന്നു തുള്ളി ബദാമെണ്ണ ചേർത്തു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകാം. ഗ്ലാസ് സ്കിന്നും ക്ലാസ് സ്കിന്നും ഗ്യാരന്റി.
ഉണക്കമുന്തിരി, കാപ്പിപ്പൊടി : ഒരു വലിയ സ്പൂൺ ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ കുതിർത്തശേഷം അരച്ചെടുക്കുക. ഇത് അരിച്ചെടുത്തശേഷം ഒരു ചെറിയ സ്പൂൺ കാപ്പിപ്പൊടി ചേർത്തു മുഖത്ത് അണിയാം. 20 മിനിറ്റിനു ശേ ഷം കഴുകാം. ചർമകാന്തി വർധിക്കും.
റാഗി, പാൽ : രണ്ടു വലിയ സ്പൂൺ റാഗി വെള്ളത്തിൽ കുതിർക്കുക. ഇതു രണ്ടു വലിയ സ്പൂൺ പാൽ ചേര്‍ത്തരച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. സ്ക്രബിന്റെ ഗുണവും ലഭിക്കും, ചർമം മൃദുവാകുകയും ചെയ്യും.
കറ്റാർവാഴ, ഷിയ ബട്ടർ : വരണ്ട ചർമക്കാർക്കുള്ള പാക്കാണ് ഇത്. ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് ഒരു ചെറിയ ഷിയ ബട്ടർ ചേർത്തു നന്നായി യോജിപ്പിച്ചു മുഖത്തു പുരട്ടാം. അര മണിക്കൂറിനുശേഷം വെള്ളത്തിൽ മുക്കിയ തുണികൊണ്ടു തുടച്ചു മാറ്റാം.
ഉരുളക്കിഴങ്ങ്, അരിപ്പൊടി : ഒരു ഉരുളക്കിഴങ്ങിന്റെ പകുതി ഗ്രേറ്റ് ചെയ്ത് നീരു പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അ രിപ്പൊടി യോജിപ്പിച്ചു മുഖത്തണിയാം. കണ്ണിനു താഴെയുള്ള കറുപ്പും മുഖത്തെ കരിവാളിപ്പും അകലാൻ നല്ലതാണ്.
മുഖകാന്തിക്കു മൂന്നു ചേരുവ പാക്സ്
അരിപ്പൊടി, ഓറഞ്ചു തൊലി, തേൻ : ഒരു വലിയ സ്പൂൺ അരിപ്പൊടിയിലേക്ക് അര ചെറിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത്, കുഴയ്ക്കാൻ പാകത്തിനു തേൻ എന്നിവ ചേർത്തു യോജിപ്പിച്ചു മുഖത്തണിയാം. 20 മിനിറ്റിനു ശേഷം കഴുകാം. ചർമത്തിന് ഇൻസ്റ്റന്റ് ഗ്ലോ ലഭിക്കും.
പഴം, പാൽ, തേൻ : ഒരു ചെറുപഴത്തിന്റെ പകുതി നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു ചെറിയ സ്പൂണ്‍ വീതം പാലും തേനും യോജിപ്പിച്ചു മുഖത്തു പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകാം. പാടുകൾ നീങ്ങി ചർമം മൃദുലമാകും.
ഉലുവ, ചെറുപയർ, തൈര് : ഒരു വലിയ സ്പൂൺ ചെറുപയറും ഒരു ചെറിയ സ്പൂൺ ഉലുവയും മൂന്നു മണിക്കൂർ കുതിർത്തശേഷം തൈര് ചേർത്തരയ്ക്കുക. ഇതു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. മുഖം മൃദുലമാകും. പുതുമയോടെ തിളങ്ങും.
ചെമ്പരത്തിപ്പൂവ്, പച്ചരി, കറ്റാർവാഴ : ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു മൂന്നു ചെമ്പരത്തിപ്പൂവും (അഞ്ചിതൾ ഉള്ള നാടൻ ചെമ്പരത്തിപ്പൂവ്) രണ്ടു വലിയ സ്പൂൺ കഴുകിയ പച്ചരിയും വേവിക്കുക. ഇത് ഒരു തുണിയിലൂടെ അരിച്ചെടുക്കുക. ഇതിലേക്ക് അലോവെര ജെൽ ചേർത്തു മുഖത്തു പുരട്ടാം. ചില്ലുപാത്രത്തിലാക്കി ഫ്രിജിൽ വച്ചാൽ രണ്ടാഴ്ചയോളം ഉപയോഗിക്കാം. ചർമാരോഗ്യം മെച്ചപ്പെടും.
വെള്ളക്കടല, ഉഴുന്ന്, നാരങ്ങാനീര് : വെള്ളക്കടലയും ഉഴുന്നും തുല്യഅളവിലെടുത്തു കുതിർക്കാനിടുക. നാലു മണിക്കൂറിനുശേഷം അതു വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അര ചെറിയ സ്പൂൺ നാരങ്ങാനീര് ചേർത്തു മുഖത്തണിയാം. 20 മിനിറ്റിനു ശേഷം കഴുകാം. മൃതകോശങ്ങളകറ്റാനും ചർമകാന്തി കൂട്ടാനും കഴിയും.
ആരിവേപ്പില, തൈര്, മുൾട്ടാനി മിട്ടി : മൂന്നോ നാലോ ആരിവേപ്പില ഒരു വലിയ സ്പൂൺ തൈര് ചേർത്തരയ്ക്കുക. ഇതിലേക്ക് ഒരു ചെറിയ സ്പൂൺ മുൾട്ടാണി മിട്ടി യോജിപ്പിച്ചു പാക്ക് തയാറാക്കി മുഖത്ത് അണിയാം. മുഖത്തെ എണ്ണമയവും മുഖക്കുരുവും അകലാന്‍ നല്ല വഴിയാണിത്.
ബദാം, പനിനീര്, ഓട്സ് : നാലു ബദാം കുതിർക്കുക. ഒരു വലിയ സ്പൂൺ ഓട്സ് പനിനീരിൽ കുതിർക്കുക. ഇവ രണ്ടും ചേർത്തരച്ചു മുഖത്തു പുരട്ടാം. മുഖം റോസാപ്പൂ പോലെ സുന്ദരമാകും.
കറ്റാർവാഴ, കാപ്പി, വൈറ്റമിൻ ഇ : ഒരു വലിയ സ്പൂൺ അലോവെര ജെല്ലിലേക്ക് ഒരു ചെറിയ സ്പൂൺ കാപ്പിപൊടിയും ഒരു വൈറ്റമിൻ ഇ ഗുളികയും കലർത്തുക. ഇതു മുഖത്തണിഞ്ഞ് 20 മിനിറ്റിനുശേഷം കഴുകാം. മുഖത്തെ വലിയ ചർമസുഷിരങ്ങൾ ചുരുങ്ങാനും സഹായിക്കും
നാരങ്ങാനീര്, കുക്കുംബർ, പനിനീര് : സൺടാൻ നീക്കുന്ന നാരങ്ങാനീരിനൊപ്പം കൂളിങ് ഗുണങ്ങളുള്ള കുക്കുംബർ, റോസ് വാട്ടറും ചേരുന്നതാണ് ഈ ഫെയ്സ് പാക്. ഓരോ ചേരുവയും ഓരോ വലിയ സ്പൂൺ വീതമെടുത്തു യോജിപ്പിച്ച് മുഖത്തണിയാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മോയിസ്ചറൈസറും അണിയാം.
തണ്ണിമത്തങ്ങ, പുതിനയില, കുക്കുമ്പർ : ഈ മൂന്നു ചേരുവയുടെ നീര് സമമെടുത്തു യോജിപ്പിച്ച് ഐസ് ട്രേയില്‍ ഒഴിച്ചുവച്ചാൽ ചർമം ക്ഷീണിച്ചു എന്നു തോന്നുമ്പോൾ ഇതിലൊന്നെടുത്തു മുഖത്തുരസിയാൽ മതി. ചർമം ഫ്രഷാകും.
ചെമ്പരത്തിപ്പൂവ്, ചന്ദനപ്പൊടി, തൈര് : ഒരു ചെമ്പരത്തിയുടെ ഇതളുകൾ പാത്രത്തില്‍ വെള്ളമൊഴിച്ച് അൽപം ചൂടാക്കുക. ചൂടാറിയശേഷം ഇതിൽ ഒരു ചെറിയ സ്പൂൺ ചന്ദനപ്പൊടിയും തൈരും ചേർത്തു യോജിപ്പിച്ച് ഫെയ്സ് പാക്ക് തയാറാക്കാം.
മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം. ചർമത്തിനു യുവത്വം നൽകും.
മസൂർ പരിപ്പ്, ഓറഞ്ച് തൊലി, ഓറഞ്ച് ജ്യൂസ് : ഒരു വലിയ സ്പൂൺ മസൂർ പരിപ്പു പൊടിച്ചതും ഒരു ചെറിയ സ്പൂൺ ഓറഞ്ചുതൊലി പൊടിച്ചതും ഓറഞ്ച് ജ്യൂസ് ചേർത്തു കുഴയ്ക്കുക.
ഇതു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. കരിവാളിപ്പ് അകലാനും മുഖത്തിനു പെട്ടെന്നു തിളക്കം കിട്ടാനും ഈ പാക്ക് മതി.
നല്ല നാലു ചേർന്നാൽ
കാപ്പിപ്പൊടി, കടലമാവ്, പാൽ, തേൻ : ഒരു ചെറിയ സ്പൂൺ വീതം കാപ്പിപ്പൊടിയും കടലമാവും യോജിപ്പിച്ചതിലേക്ക് ഒരു വലിയ സ്പൂൺ പാലും ഒരു ചെറിയ സ്പൂൺ തേനും ചേർത്തു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. കരിവാളിപ്പ് അകലും.
തക്കാളി, പപ്പായ, ബീറ്റ്റൂട്ട് പൊടി, ഗോതമ്പുപൊടി : രണ്ടു തക്കാളിക്കഷണവും രണ്ടു പപ്പായക്കഷണവും അരച്ചതിലേക്ക് ഒരു ചെറിയ സ്പൂൺ വീതം ബീറ്റ്റൂട്ട് പൊടിയും ഗോതമ്പുപൊടിയും ചേർത്തു കുഴച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. മുഖം തിളങ്ങും.
∙ പഴം, ഓട്സ്, നെല്ലിക്കാപ്പൊടി, തേൻ : ഒരു പഴത്തിന്റെ പകുതി ഉടച്ചതിലേക്ക് ഒരു വലിയ സ്പൂൺ ഓട്സ് കുതിർത്തതും ഒരു ചെറിയ സ്പൂൺ വീതം നെല്ലിക്കാപ്പൊടിയും തേനും ചേർത്തു യോജിപ്പിച്ചു മുഖത്തണിയാം. മിക്ക ചർമപ്രശ്നങ്ങളും പരിഹരിക്കുന്ന ഫെയ്സ് പാക്ക് ആണിത്.
പച്ചരി, ബീറ്റ്റൂട്ട്, കാരറ്റ്, ചിയ സീഡ്സ് : ഒരു ബൗളിൽ കഴുകിവാരിയ ഒരു വലിയ സ്പൂൺ പച്ചരിയും ഒരു ചെറിയ സ്പൂൺ വീതം ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും കാരറ്റും ചിയ സീഡ്സും ചേർക്കുക. ഇതു മൂന്നു മണിക്കൂർ വച്ചശേഷം അരിച്ചെടുക്കുക. ഷീറ്റ് മാസ്ക് ഈ മിശ്രിതത്തിൽ മുക്കി മുഖത്തണിയാം. 20 മിനിറ്റിനുശേഷം കഴുകാം. ചർമം തിളങ്ങും.
മാതളനാരങ്ങയുടെ തൊലി, പാൽപ്പാട, കടലമാവ്, പാൽ : മുഖത്തിനു നിറവും തെളിച്ചവും നൽകുന്ന വരണ്ട ചർമക്കാർക്കു യോജിച്ച പാക് ആണിത്. ഒരു ചെറിയ സ്പൂൺ വീതം മാതളനാരങ്ങയുടെ തൊലി ഉണക്കിപൊടിച്ചതും കടലമാവും യോജിപ്പിക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂണ്‍ വീതം പാലും പാൽപ്പാടയും ചേർത്തു മുഖത്തു പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകാം.
ഫ്ലാക്സ് സീഡ്, തേങ്ങാപ്പീര, റോസാപ്പൂവ്, പച്ചരി : ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഒരു വലിയ സ്പൂൺ ഫ്ലാക്സ് സീഡ്, രണ്ടു വലിയ സ്പൂൺ വീതം തേങ്ങാപ്പീര, റോസാപ്പൂവിതൾ, ഒരു ചെറിയ സ്പൂൺ പച്ചരി എന്നിവ തിളപ്പിക്കുക. ഇത് അരിച്ചെടുത്തു മുഖത്ത് അണിയാം. ചുളിവുകൾ തടയുന്നതിനൊപ്പം ചർമത്തിന് ഉന്മേഷവും നൽകും.
മോര്, മാമ്പഴം, തേൻ, ബദാം : രണ്ടു വലിയ സ്പൂൺ മോരിലേക്കു രണ്ടു കഷണം മാമ്പഴം ഉടച്ചതും ഒരു ചെറിയ സ്പൂൺ ബദാം പൊടിച്ചതും അര ചെറിയ സ്പൂൺ തേനും ചേർത്തു മുഖത്തു പുരട്ടാം. എക്സ്ഫോളിയേഷനൊപ്പം മുഖത്തിനു തെളിച്ചവും കിട്ടും.
അവക്കാഡോ, പപ്പായ, ഓട്സ്, തേൻ : ഒരു കഷണം അവക്കാഡോയും പപ്പായയും ഉടച്ചതിലേക്ക് അര ചെറിയ സ്പൂൺ ഓട്സ് പൊടിച്ചതും അര ചെറിയ സ്പൂൺ തേനും ചേർക്കുക. ഇതു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. നിറവ്യത്യാസം അകലുന്നതിനൊപ്പം ചർമം മൃദുവാകും.
വിവരങ്ങൾക്കു കടപ്പാട് : ഡോളി പൗലോസ്, നിംഫെറ്റ് മേക്കോവർ സലൂൺ, കൊച്ചി
