‘താരനും മുടികൊഴിച്ചിലിനും വീട്ടില്‍തന്നെ പരിഹാരം’; തലമുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തിക്കൂട്ട് Benefits of Hibiscus Hair Packs
Mail This Article
മുടിയുടെ എല്ലാതരം പ്രശ്നങ്ങൾക്കും പരിഹാരമാണ് ചെമ്പരത്തി. മുടിക്ക് കരുത്തും തിളക്കവും മിനുസവും നൽകാൻ ചെമ്പരത്തി ഹെയര്‍ പാക്കുകൾ ബെസ്റ്റാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന ചില ചെമ്പരത്തി ഹെയര്‍പാക്കുകൾ ഇതാ...
∙ തേങ്ങാപ്പാൽ - ചെമ്പരത്തി
അരച്ച ചെമ്പരത്തി പൂവിതളുകൾ രണ്ടു ടേബിൾ സ്പൂൺ, രണ്ടു ടേബിൾ സ്പൂൺ തേങ്ങാപാൽ, രണ്ടു ടേബിൾ സ്പൂൺ തേൻ, രണ്ടു ടേബിൾ സ്പൂൺ തൈര്, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്യുക. മുടിയിഴകളിലും വേരുകളിലും ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. വരണ്ടതും അറ്റം പിളർന്നു പോയതുമായ തലമുടിയുടെ സംരക്ഷണത്തിനു ഈ കൂട്ട് സഹായിക്കും.
∙ ഇഞ്ചി - ചെമ്പരത്തി
മൂന്നു ടേബിൾ സ്പൂൺ ഇഞ്ചി നീരും രണ്ടു ടേബിൾ സ്പൂൺ ചെമ്പരത്തി പൂവ് അരച്ചതും മിക്സ് ചെയ്യുക. ഇത് തലമുടിയിൽ മുഴുവനായും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇപ്രകാരം ചെയ്യാം.
ഇഞ്ചിയും ചെമ്പരത്തിയും തലമുടിയുടെ വളർച്ചയെ വർധിപ്പിക്കുന്നു. ഈ കൂട്ട് ശിരോചർമത്തിലും തലമുടിയുടെ വേരുകളിലും പുരട്ടി മസാജ് ചെയ്യുന്നത് പുതിയ തലമുടി വളർന്നുവരാനും നല്ലതാണ്.
∙ മുട്ട - ചെമ്പരത്തി
രണ്ടു മുട്ടയുടെ വെള്ളയും ചെമ്പരത്തി പൂവ് അരച്ചത് മൂന്നു ടേബിൾ സ്പൂണും മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിലാകെ പുരട്ടി 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യാം.
പ്രോട്ടീനിനാൽ സമ്പന്നമാണ് ഈ ഹെയർ പായ്ക്ക്. തലമുടിയിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതെയാക്കാനും മുടികൊഴിച്ചിലിനെ പ്രതിരോധിക്കാനും ഈ കൂട്ടുകൊണ്ടു സാധിക്കുന്നു.
∙ ആര്യവേപ്പില - ചെമ്പരത്തി
10 ആര്യവേപ്പ് ഇലയും ഒരു കൈനിറയെ ചെമ്പരത്തിയിലകളും കാൽകപ്പ് വെള്ളവുമാണ് ഈ ഹെയർ പാക്കിന് ആവശ്യമായ വസ്തുക്കൾ. വെള്ളം ഒഴിച്ച് ആര്യവേപ്പിന്റെ ഇല അരച്ചതിനു ശേഷം, അതിന്റെ നീര് പിഴിഞ്ഞെടുക്കുക. അരച്ചുവച്ച ചെമ്പരത്തിയില ആര്യവേപ്പിലയുടെ നീരുമായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം തലയിലാകെ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.
താരനെ ചെറുക്കാനും തലമുടിക്ക് കരുത്തു പകരാനും ഈ ഹെയർപാക്ക് സഹായിക്കുന്നു.