കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഹെയർ ഗമ്മികളല്ല ഇത് മുടിവളരാൻ സഹായിക്കുന്ന പ്രകൃതിദത്തമായ വിത്തുകൾ Natural Seeds for Enhanced Hair Growth
Mail This Article
ഇതു കഴിച്ചാൽ മുടി മുട്ടോളമെത്തും, കൊഴിഞ്ഞു പോയതൊക്കെ തിരികെ വരും, ഇനി കൊഴിയാതെ ഉറപ്പോടെ നിൽക്കും... എന്നൊക്കെ പറയുന്നതൊക്കെ കേട്ട് നമ്മൾ പല ട്രെന്റുകൾക്കും ഒപ്പം സ്വയം കണ്ണും കെട്ടി ഇറങ്ങിപ്പുറപ്പെടും എന്നിട്ടോ? ഉദ്ദേശിച്ച ഫലവും കിട്ടില്ല, കൈയിലെ പൈസയും പോകും ഇനി ‘ഭാഗ്യമുണ്ടേൽ’ എന്തെങ്കിലും പാർശ്വഫലം കാരണം അടുത്ത പ്രശ്നത്തിനുള്ള ചികിത്സയ്ക്കുള്ള വകുപ്പും കൂടിയുണ്ടായി വരും.
ഗയർ ഗമ്മികളെന്നും ഹെയർ ഗ്രോത്ത് ടാബ്‌ലെറ്റെന്നുമൊക്കെ പറഞ്ഞ് വിപണിയിലെത്തുന്നവയ്ക്ക് പുറകേ പോകും മുൻപേ ഒരു ചർമ രോഗവിദഗ്ധനെ നിർബന്ധമായും കണ്ട് നിർദേശമെടുക്കണം. ഇതൊന്നുമില്ലാതെ തന്നെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പ്രകൃതിദത്തമായ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഉലുവ: ഉലുവ, ഉലുവയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. അൽപം ഉലുവ തലേദിവസം വെള്ളത്തിലിട്ട് വച്ച് അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് ഈ വെള്ളം അരിച്ചു കുടിക്കുന്നത് നല്ലതാണ്.
ആശാളി: അൽപം പാലിലോ വെള്ളതിലോ കുറച്ച് ആശാളി കുതിർത്തു വയ്ക്കുക. രണ്ടു മണിക്കൂർ നേരം കഴിഞ്ഞ് കിടക്കുന്നതിനു മുൻപായി ഇത് അൽപം ജാതിക്കാപ്പൊടിയും ചേർത്ത് കുടിക്കാം.
കരിം ജീരകം: ചൊറിച്ചിലും സെൻസിറ്റീവുമായ തലയോട്ടിയുള്ളവർക്ക് കറുത്ത ജീരകം ആശ്വാസമാകും. ജീരകം ചെറുതായി ചൂടാക്കി പൊടിക്കുക. ഈ പൊടി അൽപം തേനിൽ ചാലിച്ച് കഴിക്കാം.
ഫ്ലാക്സ് സീഡ്: ഫ്ലാക്സ് സീഡ് ചെറുതായി ചൂടാക്കി പൊടിച്ച് വായു കടക്കാത്ത കുപ്പിയിലാക്കി വെയ്ക്കാം. തൈരിലോ മോരിലോ അൽപ്പാൽപ്പമായി തൂവിയിട്ട് കുടിക്കാം.
കറുത്ത എള്ള്: കഴുത്ത എള്ളും ശർക്കരയും ചേർത്ത് കഴിക്കാം. അല്ലെങ്കിൽ ശർക്കര ഉരുക്കി പാവ് കാച്ചി അതിലേക്ക് കറുത്ത എള്ളിട്ട് ഇളക്കി ഒന്ന് ചൂട് കുറഞ്ഞ് കഴിയുമ്പോൾ ഉരുട്ടി ചെറിയ ഉരുളകളാക്കി വയ്ക്കാം. ഇതിടയ്ക്കിടെ കഴിക്കാം.