കുടിക്കാൻ മാത്രമല്ല നരച്ചമുടി കറുപ്പിക്കാനും ചായയും കാപ്പിയും: അറിയാം വൈറൽ ട്രെന്റിനെ കുറിച്ച് Natural Ways to Darken Grey Hair
Mail This Article
തലമുടി നരയ്ക്കുന്നത് അങ്ങനെ തന്നെ നിലനിർത്തുന്നവരും അത് കറുപ്പിക്കുന്നവരും പല നിറം നൽകുന്നവരും ഒക്കെ നമുക്കിടയിലുണ്ട്. മുടിവെളുക്കുന്നത് ആതേ പടി നിലനിർത്തുന്നതും അതിന് നിറം കൊടുക്കുന്നതും ഓരോരുത്തരുടേയും ഇഷ്ടം. എന്നാൽ മുടിക്ക് നിറം കൊടുക്കാൻ തീരുമാനിക്കുന്നവർക്കറിയാം അത് എത്രയും മെനക്കേടുള്ളൊരു പണിയാണെന്ന്. പ്രകൃതിദത്തം എന്നൊക്കെ പറഞ്ഞ് ഇറക്കുന്ന പല ഡൈകള്‍ പോലും മുടി കൊഴിച്ചിലിനും മുടി നേർത്തു വരുന്നതിനും കാരണമാകാറുണ്ട്. ചില നിറങ്ങളൊക്കെ പുരട്ടി കഴിഞ്ഞാലോ നെറ്റി കേറലും പല തരം അലർജിയും വരെ വരുന്ന വാർത്തകളും ധാരാളം. ഇങ്ങനെയൊക്കെ കേൾക്കുമ്പോഴേക്കും മുടിക്ക് നിറം കൊടുക്കണം എന്നു കരുതുന്നവർ പോലും പേടികൊണ്ട് അതിൽ നിന്നൊക്കെ പിൻവലിയും. എന്നാലോ, മുടി നരച്ചിരിക്കുന്നതോർത്ത് ആധി വേറെയും.
എന്നാൽ ഇപ്പോൾ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ നരച്ച മുടിക്ക് നിറം കൊടുക്കാനുള്ള എളുപ്പ വഴിയാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.
കട്ടൻ ചായയും കടുംകാപ്പിയും കൊണ്ട് തല കഴുകിയാല്‍ മുടിയുടെ ഫോളിക്കലുകളെ ഉത്തേജിപ്പിച്ച് തലമുടിയുടെ വളർച്ച വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ഇത് കൂടാതെ മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ തിളക്കം കൂട്ടാനും ഇവ സഹായിക്കുമത്രേ. ഇതൊക്കെ കൊണ്ട് തന്നെയാണ് തലമുടി ഷാംപൂ ചെയ്യുന്നതിനൊപ്പം കട്ടൻചായയും കടുംകാപ്പിയും ചേർക്കുന്നത് ട്രെന്റായി മാറുന്നതും.
എന്നിരുന്നാലും തലയിലേക്ക് ചായയും കാപ്പിയുമൊക്കെയെടുത്ത് കമഴ്ത്തും മുൻപേ ഒരു ഭാഗത്ത് കുറച്ച് പുരട്ടി നോക്കി അലർജിയൊന്നുമില്ലെന്ന് ഉറപ്പിക്കുക.
ചായ കൊണ്ട് തല കഴുകാം
കട്ടൻചായ മുടിയിഴകൾക്ക് ശക്തിയും തലയോട്ടിക്ക് കുളിർമയും പകരും. 4–6 ടീ ബാഗുകൾ ഒരു കപ്പ് ചൂടുവെള്ളത്തിലിട്ട് വയ്ക്കാം. അല്ലെങ്കിൽ 4–6 ടീസ്പൂൺ നിറയെ തെയിലപ്പൊടിയിട്ട് ചായ തിളപ്പിക്കുക. ശേഷം ചായ അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക. ഒന്നുകിൽ ഇത് സ്പ്രേ ബോട്ടിലിൽ ഒഴിച്ച് തലമുടി ഷാംപൂ വാഷ് ചെയ്ത ശേഷം തലയിലാകെ സ്പ്രേ ചെയ്ത് അൽപ നേരം വച്ചിട്ട് മുടി കഴുകാം. അല്ലെങ്കിൽ ഷാംപൂ വാഷ് കഴിഞ്ഞ് അവസാനം ഈയൊരു കപ്പ് കൊണ്ട് തല കഴുകാം.
കാപ്പിയിട്ടാലും ഗുണം
കാപ്പികൊണ്ട് തല കഴുകുന്നത് തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുമെന്നുംമുടിയിഴകളെ ബലപ്പെടുത്താൻ സഹായിക്കുമെന്നും പല പഠനങ്ങളും പറയുന്നു. ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഷാംപൂവിൽ ചേർത്ത് തല കഴുകാം. അല്ലെങ്കിൽ 4 ടീസ്പൂൺ കാപ്പിപ്പൊടി ഇട്ട് തിളപ്പിച്ചാറ്റി അരിച്ചെടുത്ത കടുംകാപ്പി ഒരു കപ്പ് എടുത്ത് വയ്ക്കാം. ഷാംപൂ ചെയ്ത ശേഷം അവസാനം ഈ കടുംകാപ്പിയൊഴിച്ച് തല കഴുകാം.
ഇവ രണ്ടിന്റേയും കറ കൊണ്ട് മുടിയിഴകൾക്ക് സ്വാഭാവികമായ നിറം മാറ്റം വരും. ഒറ്റ വാഷിൽ അത്ഭുതകരമായ മാറ്റമൊന്നും പ്രതീക്ഷിക്കരുത്. തുടർച്ചയായുള്ള ഉപയോഗം കൊണ്ടേ വ്യത്യാസം വരൂ എന്നോർക്കണം.
ആഴ്ച്ചയിൽ ഒന്നൊ രണ്ടോ ദിവസം മുടി ചായയോ കാപ്പിയോ കൊണ്ട് മുടി കഴുകുന്നത് ശീലിക്കാം. രണ്ടിലേത് ഉപയോഗിച്ചാലും ശേഷം മുടിയിൽ കണ്ടീഷ്ണർ ഇടുക, ഇല്ലെങ്കിൽ മുടി വരണ്ടിരിക്കാൻ സാധ്യതയുണ്ട്.