വീട്ടിൽ ഉലുവയും കറ്റാർ വാഴയും തേനുമുണ്ടോ? തയ്യാറാക്കാം പാദങ്ങളിലെ വിള്ളലകറ്റാനുള്ള ഫൂട്ട് മാസ്കുകൾ Homemade Foot Masks for Cracked Heels
Mail This Article
നല്ല അടിപൊളിയായി ഉടുത്തൊരുങ്ങി മെയ്ക്കപ്പൊക്കെ ഇട്ട് ഇറങ്ങുന്നു... ചെരുപ്പിടാൻ കാലു മുന്നോട്ട് എടുത്ത് വയ്ക്കുമ്പോഴാണ് ഷൂസല്ലാതെ ഒന്നും ഇടാനാവില്ലെന്ന് മനസിലാകുന്നത്. ഹെയ്... അത് ഷൂസിനോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടല്ല... ഉപ്പൂറ്റി മുഴുവൻ വിണ്ടു കീറിയിട്ട് അതു മറയ്ക്കാൻ ഷൂസല്ലാതെ തുറന്നിരിക്കുന്ന ഒരു ചെരുപ്പും ഇടാൻ പറ്റാത്ത അവസ്ഥ! ഇത്തരമൊരവസ്ഥയിലൂടെ നമ്മളിൽ പലരും കടന്നു പോയിട്ടുണ്ടാകും.. ഇനിയങ്ങനെ ഒരവസരം വരാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണങ്ങളെ കുറിച്ചറിഞ്ഞാലോ....
വിണ്ടുകീറലിനു പിന്നിൽ പല കാരണങ്ങൾ
ചർമത്തിന്റെ ഈർപം നഷ്ടപ്പെടുമ്പോഴാണ്. പലപ്പോഴും ചർമപാളിയിളകിയടർന്ന് പൊട്ടലും വിള്ളലുമായി മാറുന്നത്. സാധാരണഗതിയിൽ നമ്മുടെ ചർമം തന്നെ സ്വാഭാവിക എണ്ണകൾ പുറപ്പെടുവിച്ച് ചർമത്തിന്റെ മാർദ്ദവം നിലനിർത്താറുണ്ട്. ചില സമയം ഈ സ്വാഭാവിക മോയ്സ്ച്വറൈസിങ്ങ് തികയാതെ വരികയും നമ്മൾ ആവശ്യത്തിന് പരിചരണം നൽകാതിരിക്കുമ്പോഴുമാണ് പാദങ്ങൾ മോശമാകുന്നത്.
ഉപ്പൂറ്റിക്ക് വിള്ളൽ വരാൻ പല കരണങ്ങളുണ്ട്. കടുത്ത തണുപ്പും കഠിനമായ ചൂടും, രൂക്ഷമായ പ്രതലങ്ങളിലൂടെയുള്ള ചെരുപ്പിടാതെയുള്ള നടത്തവും, കാലുകളെ ശ്വസിക്കാൻ വിടാത്ത ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നതും, തുടർച്ചയായുള്ള ചൂടുവെള്ളത്തിന്റെ ഉപയോഗവും, പ്രായം കൂടുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും അടക്കം ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലായ്മയും, ഹൈപോതൈറോയിഡിസം, പ്രമോഹം, ചർമ രോഗങ്ങൾ പോലുള്ള ആരോഗ്യപരമായ കാര്യങ്ങൾ എന്നിവ മൂലവുമൊക്കെ ഉപ്പൂറ്റിയിൽ വിള്ളൽ വരാറുണ്ട്.
∙ വെളിച്ചെണ്ണ കൊണ്ട് തടുക്കാം
രണ്ടു പാദങ്ങളിലും പുരട്ടാനുള്ളത്ര വെളിച്ചെണ്ണയെടുത്ത് ചെറുതായി ചൂടാക്കാം. എന്നിട്ട് പാദത്തിലും പ്രത്യേകിച്ച് ഉപ്പൂറ്റിയിൽ നന്നായി പുരട്ടിയ ശേഷം നേരിയ ഒരു സോക്സ് ഇട്ടിട്ട് ഉറങ്ങാം. വെളിച്ചെണ്ണയിലെ ഉയർന്ന കൊഴുപ്പിന്റെ അംശം കാലുകളിലെ ചർമത്തെ ഹൈഡ്രേറ്റ് ചെയ്ത് മിനുസമുള്ളതാക്കി മാറ്റും.
∙ നെയ്യും പനിനീരും
അൽപം നെയ്യെടുത്ത് അതിലേക്ക് ശുദ്ധമായ പനിനീർ 3–4 തുള്ളിയിട്ട് തമ്മിൽ കലർത്തി പാദങ്ങളിൽ പുരട്ടി മൃദുലമായി മസാജ് ചെയ്യാം. എന്നിട്ട് സോക്സിട്ട് ഉറങ്ങാം. പാദങ്ങളിലെ അടരുന്ന ചർമമൊക്കെ മാറി കൂടുതൽ സുന്ദരമാകും.
∙ തേനും നാരങ്ങാ നീരും
ഒരു ടേബിൾ സ്പൂൺ തേനിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരു ചേർത്ത് നന്നായി കലർത്തുക. ഈ മിശ്രിതം കാലിൽ തേച്ചു പിടിപ്പിക്കാം.. 20 മിനിറ്റ് നേരം ഇത് കാലിൽ വച്ചിട്ട് ചെറുചൂടുവെള്ളം കൊണ്ട് കഴുകിയെടുക്കാം..
∙ കറ്റാർ വഴ എന്ന് ഒറ്റമൂലി
വീട്ടിൽ വളരുന്ന കറ്റാർ വാഴയുടെ ജെൽ എടുത്ത് കാലിൽ നന്നായി തേച്ചു പിടിപ്പിക്കാം.. എന്നിട്ട് 20 മിനിറ്റു നേരം വയ്ക്കുക. ശേഷം പച്ചവെള്ളത്തിൽ കാലു കഴുകാം. ഇത് കാലിലെ വിള്ളലകറ്റാൻ സഹായിക്കുക മാത്രമല്ല ചെറുമുറിവുകളുണക്കി ചർമത്തിന് യുവത്വം നൽകും.
∙ ഉലുവ കൊണ്ട് പരിഹാരം
തലേദിവസം രാത്രി വെള്ളത്തിലിട്ടു വച്ച ഉലുവ നന്നായി അരച്ചെടുക്കാം.. ഈ ഉലുവ പായ്ക്ക് കാലിലാകെ പുരട്ടിയിട്ട് 15 മിനിറ്റ് വയ്ക്കുക. ശേഷം ഇളം ചൂടു വെള്ളം കൊണ്ട് കഴുകിയെടുക്കാം.. ഉലുവയുടെ ആന്റി–ഇൻഫ്ലമേറ്ററി ഗുണവും ചർമത്തിന് മൃദുലത പകരാനുള്ള കഴിവും വിണ്ട പാദങ്ങളെ സാവകാശം പൂർവ്വ സ്ഥിതിയിലാക്കി മനോഹരമാക്കും.