ഇരുണ്ട ചര്‍മ്മമാണോ? ഏറ്റവും മികച്ച ലിപ്സ്റ്റിക്ക് ഷേഡുകൾ ഇതാ...
Mail This Article
അതിമനോഹരമായി ഒരുങ്ങാന്‍ കഴിയുന്നവരാണ് ഇരുണ്ട ചര്‍മ്മക്കാര്‍. നോ മേക്കപ്പ് ലുക്കിലും ഗ്ലാസി മേക്കപ്പിലുമെല്ലാം ഡസ്കി സ്കിന്‍ ടോണുള്ളവര്‍ ഫെയര്‍ സ്കിന്നുകാരെക്കാള്‍ സ്കോര്‍ ചെയ്യാറുണ്ട്. എന്നാല്‍ ലിപ്സ്റ്റിക്കിന്റെ കാര്യം വരുമ്പോള്‍ ഡസ്കി സ്കിന്‍ ടോണുള്ളവര്‍ ഒന്നു മടിച്ചു നില്‍ക്കുന്നത് കാണാം. പലര്‍ക്കും കടുംനിറങ്ങളായ പിങ്ക്, റെഡ് ഷെയ്ഡുകള്‍ തിരഞ്ഞെടുക്കാന്‍ ഭയമാണ്. ഇത്തരം കളര്‍ടോണുകള്‍ നാച്ചുറല്‍ ലുക് നല്‍കുന്നില്ല എന്നതാണ് പ്രധാന കാരണം. ഇരുണ്ട ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ചില ലിപ്സ്റ്റിക്ക് ഷേഡുകൾ പരിചയപ്പെടാം.
ബെസ്റ്റ് ഓപ്ഷന്‍ ബെറി ടോണുകൾ
ഇരുണ്ട ചർമ്മത്തിന് ഏറ്റവും ആകർഷകമായ ഓപ്ഷനുകളിൽ ഒന്നാണ് ബെറി ലിപ്സ്റ്റിക്ക്. പിഗ്മെന്റഡായ ചുണ്ടുകള്‍ക്ക് മാറ്റ് അല്ലെങ്കിൽ സോഫ്റ്റ് സാറ്റിൻ ഫിനിഷുള്ള ബെറി ടോണുകൾ തിരഞ്ഞെടുക്കാം. റാസ്ബെറി, വൈൻ, പ്ലം തുടങ്ങിയ ഷേഡുകളും മുഖത്തിന്റെ മനോഹാരിത നിലനിര്‍ത്തി നാടന്‍ സൗന്ദര്യം നല്‍കുന്നു.
ചുവന്ന ലിപ്സ്റ്റിക്കുകളോട് യെസ്
ബോൾഡായ ചുവപ്പ് നിറം സാധാരണയായി ഡസ്കി സ്കിന്‍ ടോണുള്ളവര്‍ തിരഞ്ഞെടുക്കാറില്ല. കാരണം ഇഷ്ടിക ചുവപ്പ്, ബ്ലഡ് ഷേഡുകൾ എന്നിവ ചർമത്തിന്റെ അണ്ടർടോണിനൊപ്പം പ്രവർത്തിക്കുമ്പോൾ കൂടുതല്‍ എടുത്തുകാണിക്കുന്നു. അതുകൊണ്ട് ഓറഞ്ച് നിറം കലര്‍ന്ന ചുവപ്പ് ലിപ്സ്റ്റിക്കുകള്‍ ഒഴിവാക്കാം. പകരം ന്യൂഡ് റെഡ് പോലുള്ള ഷേഡുകൾ തിരഞ്ഞെടുക്കാം.
ഓറഞ്ച് റെഡ്, ക്രിസണ്‍ റെഡ്, തക്കാളി ചുവപ്പ്, ബ്രൈറ്റ് ചെറി ടോണുകൾ എന്നിവ ഒഴിവാക്കാം. അതേസമയം പീച്ച്, കോറല്‍, ആപ്രിക്കോട്ട് പോലുള്ള ടോണുകൾ ഇരുണ്ട ചര്‍മത്തില്‍ മനോഹരമായി പ്രവർത്തിക്കുന്നു. ഇവ മുഖത്തിന് തിളക്കം നൽകുകയും പകല്‍ സമയത്തും നിശാ പാര്‍ട്ടികളിലും നിങ്ങളെ കൂടുതല്‍ സുന്ദരികളാക്കുകയും ചെയ്യും.
ബെറി, ഡീപ് റെഡ്, പ്ലം, ചോക്ലേറ്റ് ബ്രൗണ്‍, മോവ് (Mauve), സോഫ്റ്റ് റോസ്, റോസ് വുഡ് ഷേഡുകള്‍ എന്നിവ ഇരുണ്ട ചർമ്മത്തിന് അനുയോജ്യമാണ്. ഓഫിസില്‍ അല്ലെങ്കിൽ കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം മികച്ചതാണ് ഇവ.
ചോക്ലേറ്റ് ചുണ്ടുകള്‍
മോച്ച, ടെറാക്കോട്ട, ചോക്ലേറ്റ് ബ്രൗൺ എന്നീ നിറങ്ങള്‍ ചുണ്ടുകൾക്ക് അതിശയകരമായ ഫിനിഷ് നൽകുന്നു. ടാൻ ചർമ്മത്തിന് ഏറ്റവും മികച്ച ലിപ്സ്റ്റിക്ക് ഷേഡുകളാണ് ഇവ. ടെറാക്കോട്ട, ടൈംലെസ് മോച്ച തുടങ്ങിയ ന്യൂഡ് ഷേഡുകളും ആകർഷകമാണ്. കാരമല്‍ ന്യൂഡ്, മോച്ചാ ന്യൂഡ്, ഡസ്റ്റി റോസ്, വാം കൊക്കോ എന്നീ ന്യൂഡ് ഷേഡുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
പിഗ്മെന്റഡ് ചുണ്ടുകൾക്ക് വേണം സ്പെഷല്‍ കെയര്‍
നിയാസിനമൈഡും വിറ്റാമിൻ സിയും ചേർന്ന ലിപ് ബാം പുരട്ടുന്നത് കറുത്ത നിറം കുറച്ച് ചുണ്ടിന്റെ സ്വാഭാവികത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചുണ്ടുകളില്‍ സെറം ഫൗണ്ടേഷൻ ഇട്ടശേഷം ലിപ്സ്റ്റിക്ക് ഇടുന്നത് പിഗ്മെന്റെഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എസ്പിഎഫ് 50 ഉള്ള ഫൗണ്ടേഷൻ ഉപയോഗിക്കുന്നത് വെയില്‍ മൂലം ചുണ്ടുകള്‍ കറുക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
