കണ്ണുകൾക്ക് വലിപ്പവും അഴകും കൂട്ടുന്ന കൃത്രിമ കൺപീലികൾ: അവ കൃത്യമായി വയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... Choosing the Right Lashes for You
Mail This Article
ഇതേവരെ ഉപയോഗിക്കാത്തവർ പോലും ഇടയ്ക്കെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കണം എന്നാഗ്രഹിക്കുന്ന ഒരു ബ്യൂട്ടി പ്രോഡക്റ്റാണ് കൃത്രിമ കൺപീലികൾ. നീണ്ട കട്ടിയുള്ള ഇടതൂർന്ന പീലികൾ കണ്ണിനു മുകളിലേക്ക് വയ്ക്കുന്നതോടെ മൊത്തം ലുക്കിനെ അതു പതിൻമടങ്ങ് മെച്ചപ്പെടുത്തും. മറ്റുള്ളവർ വച്ചു കാണുമ്പോൾ കൊള്ളാല്ലോ എന്നു തോന്നിക്കുന്ന ഈ പ്രോഡക്റ്റ് സ്വന്തമായി വച്ചു നോക്കണം എന്നാഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
∙ ആവശ്യത്തിനനുസരിച്ച് ലാഷും മാറും
ക്രിസ് ക്രോസ്, ഫ്ലഫി, ഫുൾ ലാഷസ് എന്നിങ്ങനെ പലയവസരങ്ങളിൽ ഉപയോഗിക്കാനുള്ള പല തരം ലാഷുകളുണ്ട്. അതിൽ അവസരിത്തിനനുസരിച്ചും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചും നോക്കി അനുയോജ്യമായത് തിരഞ്ഞെടുക്കുകയാണ് ആദ്യ പടി.
∙ കണ്ണിന്റെ വീതിക്കനുസരിച്ച് ട്രിം ചെയ്യാം
ആദ്യം നിങ്ങൾക്കുള്ള കൺപീലി ഒരു ലാഷ് കേളർ ഉപയോഗിച്ച് നന്നായി ഒരുക്കി വയ്ക്കുക. അതിനു ശേഷം വാങ്ങിയ ലാഷ് വിരലിനറ്റം കൊണ്ട് സാവകാശം കവറിൽ നിന്നും പുറത്തെടുത്ത് കൺപോളയിലേക്ക് കൊണ്ടുവരാം.. ഏകദേശം കണ്ണിന്റെ അളവ് മനസിലാക്കിയ ശേഷം അധികമുള്ളത് കത്രിക കൊണ്ട് മുറിച്ചു മാറ്റാം. കണ്ണിനു മുകളിൽ വച്ചു തന്നെ മുറിച്ച് അപകടമുണ്ടാക്കാതിരിക്കാൻ പ്രത്യേകം കരുതുക. മുഖത്തിനടുത്തു നിന്ന് മാറ്റി മാത്രം ലാഷ് ട്രിം ചെയ്യാം.
ആദ്യം വലിയ വിലയില്ലാത്ത ലാഷുകൾ വാങ്ങി, കണ്ണിൽ വച്ചു ശീലിച്ചിട്ട് വില കൂടിയവ വാങ്ങുന്നതാകും ഉത്തമം.
∙ ലാഷ് ഗ്ലൂ കൃത്യമായി ഉപയോഗിക്കുക
കൺപോളയിലേക്ക് ഇവ ഒട്ടിച്ചു വയ്ക്കാനുള്ള ലാഷ് ഗ്ലൂ കൃത്രിമ ലാഷിന്റെ അകത്തായി പുരട്ടി 30 സെക്കെന്റിനകം അത് കണ്ണിനു മുകളിലേക്കു വയ്ക്കാം. കണ്ണ് താഴ്ത്തി മുഖത്തിനു താഴേയായി കണ്ണാടി പിടിച്ച് അതിൽ നോക്കി ഒരു ലാഷ് ആപ്ലിക്കേറ്ററോ ട്വീസറോ കൊണ്ട് പീലി അനക്കി കൃത്യമായി വയ്ക്കാം.
∙ ഐലൈനർ കൊണ്ട് മറയ്ക്കാം
ലാഷിന്റെ നേരിയ അപാകതകളൊക്കെ ഐലൈനർ ഇട്ടു കൊണ്ട് മറയ്ക്കാം. കണ്ണിന് നല്ല പെർഫെക്‌ഷൻ കിട്ടും.
∙ മസ്കാരയിട്ട് കലാശക്കൊട്ട്
നിങ്ങളുടെ സ്വന്തം കൺപീലികൾ കൃത്രിമമായി വച്ചവയോട് ഇണക്കി നിർത്താനായി മസ്കാരയിട്ടു കൊടുക്കാം.. അതോടെ വേറിട്ടു നിൽക്കുന്നെന്ന തോന്നൽ ഒഴിവാക്കാം..
കഴിവതും കറുത്ത നിറത്തിലുള്ള ലാഷ് ഗ്ലൂ തന്നെ നോക്കി വാങ്ങാൻ നോക്കാം. ഓയിൽ ഫ്രീ മെയ്ക്കപ് റിമൂവറിട്ട് പശയുടെ അംശം കളഞ്ഞാൽ ഒരേ ലാഷുകൾ 5 തവണ വരേയൊക്കെ ഉപയോഗിക്കാം.. എടുത്ത് സൂക്ഷിക്കുന്നത് വാങ്ങിയ അതേ കവറിൽ തന്നെയാകാൻ ശ്രദ്ധിക്കുക. ഇതു വഴി അവയുടെ യഥാർഥ രൂപം സംരക്ഷിച്ചു നിലനിർത്താനാകും..