സിസ്റ്റും ഫൈബ്രോയ്ഡും ഒന്നാണോ ? ട്യൂമർ എന്നാൽ കാൻസറോ ? Fibroids vs. Cysts: Key Differences You Should Know
Mail This Article
സിസ്റ്റും ഫൈബ്രോയ്ഡും തികച്ചും വ്യത്യസ്തമാണ്.
ഫൈബ്രോയിഡ് : ഗർഭപാത്രത്തിന്റെ ഭിത്തിയിലെ മസിലുകളിൽ നിന്നുണ്ടാകുന്ന ട്യൂമർ/ ഗ്രോത് ആണിത്. ട്യൂമർ എന്നാൽ കാൻസർ എന്നു പലരും കരുതാറുണ്ട്. മുഴ/ കോശ വളർച്ച എന്ന അർഥമേയുള്ളൂ ഈ വാക്കിന്. കാൻസറുള്ള ട്യൂമറും (malignant tumor) കാൻസറല്ലാത്ത ട്യൂമറും (benign tumor) ഉണ്ട്.
30 - 70 % സ്ത്രീകളിലും ഫൈബ്രോയിഡ് കണ്ടുവരാറുണ്ട്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല. കാൻസറായി മാറാനുള്ള സാധ്യത ഒരു ശതമാനത്തിലും താഴെയാണ്. എന്നാൽ ഇവയുടെ വലുപ്പവും സ്ഥാനവും അനുസരിച്ച് അമിത രക്തസ്രാവം, മൂത്രതടസ്സം, മലബന്ധം, വയറുവേദന, ഹൈഡ്രോ യൂറേറ്ററോ നെഫ്രോസിസ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഫൈബ്രോയിഡ് ചികിത്സിക്കാൻ മരുന്നുകളുണ്ട്. മരുന്നു കൊണ്ടു ആശ്വാസം ലഭിക്കാത്തവരിൽ ശസ്ത്രക്രിയയും ചികിത്സാമാർഗമാണ്.
ഓവേറിയൻ സിസ്റ്റ് : ഖരം അല്ലെങ്കിൽ ദ്രാവകം നിറഞ്ഞ ഒരു പോക്കറ്റ് ആണ് സിസ്റ്റ്. ഇതു ശരീരത്തിൽ എവിടെ വേണമെങ്കിലും വരാം. (ഉദാ. റീനല്‍ സിസ്റ്റ്, ഹെപാറ്റിക് സിസ്റ്റ്) അണ്ഡാശയത്തിന്റെ ഉള്ളിലോ ഉപരിതലത്തിലോ കാണപ്പെടുന്ന സിസ്റ്റാണ് ഓവേറിയൻ സിസ്റ്റ്. ഇതു പല തരത്തിലുണ്ട്. എല്ലാം അപകടകാരികളല്ല. സാധാരണയായി കാണുന്ന ഫങ്‌ഷനൽ സിസ്റ്റ് മാസമുറയുമായി ബന്ധപ്പെട്ടതാണ്. ഓവുലേഷൻ നടക്കാതെ വരുമ്പോൾ ഈ സിസ്റ്റ് ഉണ്ടാകാം. ഇതു രണ്ടു - മൂന്നു മാസത്തിനുള്ളിൽ തനിയെ മാറിക്കൊള്ളും. കോർപസ് ലൂട്ടിയൽ സിസ്റ്റ്, ഹെമറേജിക് സിസ്റ്റ് എന്നിവയും ചെറുപ്പക്കാരിൽ കണ്ടുവരാറുണ്ട്.
എൻഡോമെട്രിയോടിക് സിസ്റ്റ് : അണ്ഡാശയത്തിൽ ആർത്തവരക്തം ശേഖരിച്ചു വലിയ സിസ്റ്റ് ഉണ്ടാകുന്നു.ഇതു കാരണം ആർത്തവസമയത്ത് ശക്തമായ വയറുവേദനയും അമിത രക്തസ്രാവം ഉണ്ടാവാം. വന്ധ്യതയ്ക്കും കാരണമാകാം. സിസ്റ്റിന് അണുബാധ വന്നാൽ പഴുപ്പും സിസ്റ്റ് പൊട്ടിയാൽ ശക്തമായ വേദനയും വരാം.
അണ്ഡാശയത്തിൽ നിന്നുണ്ടാകുന്ന മുഴകൾ സിസ്റ്റ് രൂപത്തിൽ കാണപ്പെടാം. ഇവ പല തരത്തിലുണ്ട്. ഡെർമോയിഡ് സിസ്റ്റ് അതിൽ ഒന്നാണ്. ചെറുപ്പക്കാരിലാണ് കൂടുതൽ. ഈ സിസ്റ്റ് മൂലം ഓവറിക്ക് ടോർഷൻ (ചുറ്റുക) വരാം, ശക്തമായ വേദന, ഓക്കാനം, ഛർദി എന്നിവയും വൈകിയാൽ അണുബാധ, സിസ്റ്റ് പൊട്ടുക എന്നീ സങ്കീർണതയിലേക്കും പോകാം.
എല്ലാ സിസ്റ്റും കാൻസറുണ്ടാക്കുന്നില്ല, ഫോളോ അപ് മതി. കാൻസറാകാൻ സാധ്യതയുള്ള സിസ്റ്റുകളുടെ രൂപഘടനയിലും രക്തയോട്ടത്തിലും വലുപ്പത്തിലും വ്യത്യാസമുണ്ടാകും. ഇവ ടെസ്റ്റുകളിലൂടെ തിരിച്ചറിയാനാകും. പ്രായം കൂടിയവരിലും വളരെ ചെറുപ്രായത്തിലുള്ളവരിലും ഉണ്ടാകുന്ന സിസ്റ്റും മുഴയും കാൻസറാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കണം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള വിശദമായി മറുപടി വനിത മാസികയിൽ വായിക്കാം
