‘ആറു മാസത്തിൽ ഒരിക്കൽ ക്ലീൻ അപ്, 13 വയസ്സിലേ തുടങ്ങാം’; ബ്യൂട്ടി ട്രീറ്റ്മെന്റ്സ് എന്തെല്ലാം?
Mail This Article
കൗമാരപ്രായത്തിൽ തിളക്കവും പ്രസരിപ്പും സ്വാഭാവികമായും കാണും. വളർച്ചാ ഘട്ടത്തിൽ ചർമത്തിനു ആരോഗ്യവും തിളക്കവും നൽകുന്ന ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ക്ലീൻ അപ് പോലുള്ള ട്രീറ്റ്മെന്റ്സ് 13 വയസ്സിലേ തുടങ്ങാം. പക്ഷേ, മൃദുമായി വേണം ചർമത്തെ സമീപിക്കാൻ. ആറു മാസത്തിൽ ഒരിക്കൽ ക്ലീൻ അപ് ചെയ്താലും മതി.
മുഖക്കുരു നീക്കാനുള്ള ആക്‌നെ ട്രീറ്റ്മെന്റ്, താരനകറ്റാൻ ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ് എന്നിവ 16 വയസ്സു മുതൽ ചെയ്യാം. പെഡിക്യൂർ, മാനിക്യൂർ, വാക്സിങ് എന്നിവയും ഈ പ്രായത്തിൽ തന്നെ തുടങ്ങാം. സൗന്ദര്യം കൂട്ടുക എന്നതിനേക്കാൾ വൃത്തിയോടെയിരിക്കാൻ സഹായിക്കുന്ന ട്രീറ്റ്മെന്റ്സ് വേണം ചെയ്യാനെന്നു ചുരുക്കം.
മുഖത്ത് അമിത രോമവളർച്ചയുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ പ്രതിവിധി കാണുക. റേസർ ഉപയോഗവും വാക്സിങ്ങും ചർമത്തെ അസ്വസ്ഥമാക്കാം.
എത്ര വയസ്സു മുതല്‍ ഫേഷ്യൽ ചെയ്യാം?
20 വയസ്സാണ് ഫേഷ്യലിങ് തുടങ്ങേണ്ട ഐഡിയൽ പ്രായം. കാരണം ഈ പ്രായമെത്തുമ്പോഴാണു ചർമത്തിന് ഫേഷ്യൽ ചെയ്തു പരിഹരിക്കേണ്ട പ്രശ്നങ്ങൾ ഉണ്ടാകുക.
മുഖം മസാജ് ചെയ്യുന്നതാണു ഫേഷ്യലിലെ പ്രധാന ഘട്ടം.
കൗമാരക്കാർക്ക് ഫെയ്സ് മസാജിന്റെ ആവശ്യമില്ല. മാത്രമല്ല, മുഖം മസാജ് ചെയ്യുമ്പോൾ സെബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപെടുന്നുണ്ട്. അതിനാലാണ് ഫെയ്സ് മസാജിനു ശേഷം മുഖത്തിനു തിളക്കവും മൃദുത്വവും വരുന്നത്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം മുഖക്കുരു കൂട്ടും.
പൊടിക്കൈകൾ പരീക്ഷിക്കാമോ?
തക്കാളിനീര്, പാൽ, തൈര്, ഉരുളക്കിഴങ്ങ് നീര്, ഓറഞ്ച് ജ്യൂസ് എന്നിങ്ങനെ വീട്ടിൽ തന്നെയുള്ള പല ചേരുവകളിലും ചർമകാന്തിക്കു സഹായിക്കുന്ന ഘടകങ്ങൾ നേരിയ അളവിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ ഇവ ചേർന്ന ഫെയ്സ് പാക് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനുരാധ കാക്കനാട്ട്, ബാബു ലീഡ് സീനിയർ കൺസൽറ്റന്റ്, ഡെർമറ്റോളജി വിഭാഗം, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
