സ്ഥിരമായി മുടിയിൽ പരീക്ഷണങ്ങൾ നടത്തുന്നവരോണോ? എങ്കിൽ കൈയിൽ കരുതാം ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ Key Benefits of Using Heat Protectant Sprays
Mail This Article
ഒരു ദിവസം മുടി കേൾ ചെയ്യാൻ തോന്നുന്നു, അടുത്ത ദിവസം സ്ട്രെയിറ്റ് പിന്നെ ബാങ്സ് ശേഷം ഫിഞ്ചസ്... ഇങ്ങനെ മുടിയിൽ മാറി മാറി ചെയ്യുന്ന പരീക്ഷണങ്ങൾക്കൊപ്പം നിങ്ങളറിയാതെ നിങ്ങൾക്കൊപ്പം വരുന്ന ഒന്നു കൂടിയുണ്ട്– മുടിയുടെ ആരോഗ്യം ക്ഷയിക്കൽ!
സ്ഥിരമായി ബ്ലോ ഡ്രൈ ചെയ്യുക, കേളർ, സ്ട്രെയിറ്റ്നർ തുടങ്ങി പല സ്റ്റൈലിങ്ങ് ഉപകരണങ്ങളും ഇന്ന് പലരുടേയും പക്കലുണ്ട്. പണ്ട് നടീനടന്മാരോ ഒരു ചടങ്ങിലെ വിശിഷ്ടാതിഥികളോ സിനിമയ്ക്കായോ എന്തെങ്കിലും പരിപാടികൾക്കായോ മാത്രം ചെയ്തിരുന്ന കാര്യമാണ് ഹെയർ സ്റ്റൈലിങ്ങ്. എന്നാൽ ഇന്ന് നമ്മളിൽ പലരുടേയും മെയ്ക്കപ് ബാഗിൽ പോലും ഇത്തരം സ്റ്റൈലിങ്ങ് പ്രോഡക്റ്റുകളുണ്ട്.. സ്റ്റൈലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയൊന്നും വരില്ലെങ്കിലും സ്ഥിരമായി ഹെയർ സ്റ്റൈലിങ്ങ് പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.. മുടിയുടെ അറ്റം പിളരുക, പൊട്ടി പോവുക, നേർത്തു വരിക, മുടി കൊഴിച്ചിൽ തുടങ്ങി പല രീതിയിൽ അതു പ്രകടമായി പുറത്തേക്ക് വരും.ഇതിനൊരു പരിധി വരെ പരിഹാരമാകുകയാണ് ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേസ്.
ചൂടിനെ ചെറുക്കും പോരാളി
മുടിയുടെ ഉപരിതലത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന തരം വൈറ്റമിനുകൾ അടങ്ങിയ ഒന്നാണ് ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ. ഇവയിലെ സംരക്ഷണ പാളി മുടിയുടെ ചൂടത്തും ക്യൂട്ടിക്കൾസിനെ നശിക്കാതെ കാക്കും. ഹെയർ സ്പ്രേയുടെ ഗുണങ്ങൾ അറിയാം:
– സൺസ്ക്രീൻ പോലെ മുടിക്ക് കൊട്ടിങ്ങ് നൽകി ചുടിൽ നിന്നും രക്ഷിക്കും
–മുടിയിൽ ഈർപം നിലനിർത്തി കാഴ്ച്ചയിൽ കട്ടി തോന്നിപ്പിച്ച് മുടിക്ക് തിളക്കം നൽകും.
– സ്റ്റൈലിങ്ങിന്റെ മുഴുവൻ ഭംഗിയും ലഭിക്കാൻ ഇവ സഹായിക്കും.. ഹീറ്റിങ്ങ് ടൂളുകൾക്ക് ഇവ അനായാസമായി സഞ്ചരിക്കാനുള്ള ഇടം നൽകുന്നുണ്ട്.
– നിറം കൊടുത്ത മുടിയുടെ നിറം മങ്ങാതെ കാക്കും.
– സ്റ്റൈൽ ചെയ്തില്ലെങ്കിൽ പോലും സ്പ്രേ ഉപയോഗിച്ചാൽ അത് മുടിയെ മൃദുലമാക്കി വയ്ക്കും.
മുഴുവൻ ഗുണവും കിട്ടാനായി സ്പ്രേ ചെയ്ത് അതൊന്ന് ഉണങ്ങിട്ട് മാത്രം സ്റ്റൈൽ ചെയ്തു തുടങ്ങുക. അനുശാസിക്കുന്നതിലും കൂടുതൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
മിക്ക ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേയും നനവുള്ളതോ അല്ലാത്തതുമായ മുടിയിലേക്ക് നേരിട്ട് പുരട്ടാൻ പാകത്തിലുള്ളവയാണ്. ചുരുണ്ടതോ നിവർന്നതോ... നിങ്ങളുടെ മുടിയുടെ സ്വഭാവത്തിനനുസരിച്ചുള്ള സ്പ്രേ തന്നെ തിരഞ്ഞെടുക്കാൻ നോക്കാം. ഹെയർ സ്പ്രേ ആയിട്ട് അടിക്കാൻ ആഗ്രഹിക്കാത്തവർക്ക് ജെല്ലോ ക്രീമോ ആയിട്ടും ഇത് ലഭിക്കും. കൂടാതെ മുടി കളർ ചെയ്തവർക്കോ മുടി ട്രീറ്റ് ചെയ്തവർക്കോ ഒക്കെ ഉപയോഗിക്കാനുള്ള സൗകര്യത്തിനായി സൾഫേറ്റ്–ഫ്രീയായിട്ടുള്ള രീതിയിലും ഇവ വരുന്നുണ്ട്.
ഇതും ഓർക്കാം...
ചൂടിൽ നിന്നുള്ള പ്രശ്നങ്ങൾ കുറയ്ക്കുമെന്നല്ലാതെ അവ പൂർണമായി ഇല്ലാതാക്കാൻ ഇത്തരം സ്പ്രേയ്ക്കു കഴിവില്ലെന്നത് ഓർക്കാം. ആവശ്യം കഴിഞ്ഞ് ഇവ മുടിയിൽ നിന്നും പൂർണമായും നീക്കുന്ന തരത്തിൽ കഴുകി കളയാനും ഓർക്കണം. അല്ലെങ്കിൽ താരൻ പോലുള്ള അവസ്ഥകൾ വരാം.