പൂ പോലുള്ള പാദങ്ങൾ സ്വന്തമാക്കാൻ ഇനി പാർലറിൽ പോകേണ്ടതില്ല: വീട്ടിൽ ചെയ്യാം പെഡിക്യൂർ DIY Pedicure: Achieve Salon-Worthy Feet at Home
Mail This Article
മുടി നന്നായി സെറ്റ് ചെയ്തിരിക്കുന്നുു, മുഖത്തെ മെയ്ക്കപ്പ് കിടു, ഇട്ടിരിക്കുന്ന ഉടുപ്പ്... ഒരു രക്ഷയുമില്ല! ആഭരണങ്ങൾ– പെർഫക്റ്റ് മാച്ച്. കാലുകളിലേക്ക് കണ്ണെത്തുമ്പോഴാകട്ടേ.... ഇടയ്ക്കിടയ്ക്ക് പൊട്ടിയടർന്ന് നെയിൽ പോളിഷ്, നഖത്തിന്റെ അറ്റത്ത് മുഴുവൻ ചെളി നിറഞ്ഞിരിക്കുന്നു.... സകല ലുക്കിനേയും ഒറ്റയടിക്ക് അവതാളത്തിലാക്കുന്ന കാലുകൾ!
ഒരു ചടങ്ങിനോ മറ്റോ ആയി ഒരുങ്ങി ഇറങ്ങുമ്പോൾ പലർക്കും പറ്റുന്ന അബദ്ധമാണ് കാലുകളെ ശ്രദ്ധിക്കാതെ വിടുന്നത്. കാലകളുടെ കാര്യം ശ്രദ്ധിക്കാൻ വലിയ വില കൊടുത്ത് പാർലറിൽ തന്നെ പോകണമെന്നില്ല. മാസത്തിലൊരിക്കലെങ്കിലും ഒരു ദിവസം അൽപ സമയം കാലുകൾക്കായി മാറ്റി വച്ചാൽ വീട്ടിൽ വച്ചു തന്നെ നിങ്ങൾക്ക് പെഡിക്യൂർ ചെയ്യാം. ഏതൊരു ചടങ്ങിനും പോകാനിറങ്ങുമ്പോൾ പിന്നെ കാലുകളെ കുറിച്ചുള്ള ആവലാതി വേണ്ടേ വേണ്ട...
വീട്ടിൽ പെഡിക്യൂർ ചെയ്യാം ഇങ്ങനെ:
∙ ആദ്യം തന്നെ ഒരു നെയിൽ പോളിഷ് റിമൂവർ കൊണ്ട് തുടച്ച് പഴയ നെയിൽ പോളിഷ് കാൽ നഖങ്ങളിൽ നിന്നും പൂർണമായി നീക്കം ചെയ്യാം. ശേഷം നഖം വെട്ടി നെയിൽ ഫൈലർ കൊണ്ടുരസി ആകൃതി വരുത്താം.
∙ കാൽ പാദങ്ങൾ മുഴുവനായി മുങ്ങിയിരിക്കുന്ന തരത്തിൽ കുഴിവുള്ളൊരു പാത്രം എടുക്കുക. അതിലേക്ക് വീര്യമില്ലാത്ത ഷാംപുവും അൽപം ഉപ്പും ചേർക്കാം. എന്നിട്ടിത് ഇളം ചൂടുവെള്ളമൊഴിച്ച് കലക്കി ഷാംപൂവും ഉപ്പും അലിയിക്കാം. ഇതിൽ 15 മിനിറ്റ് നേരത്തേക്ക് കാലുകൾ രണ്ടും ഇറക്കി മുക്കി വയ്ക്കുക.
∙ ഒരു പ്യൂമിസ് സ്റ്റോണോ ഫൂട്ട് ഫൈലറോ ഉപയോഗിച്ച് കാലിലുള്ള മൃതകോശങ്ങൾ സാവകാശം നീക്കം ചെയ്യുക.
∙ ഒരു ക്യൂട്ടിക്കിൾ റിമൂവർ കൊണ്ട് നഖങ്ങളിലെ ക്യൂട്ടിക്കിൾ നീക്കം ചെയ്യാം.
∙ പഞ്ചസാരയോ തരുതരുപ്പുള്ള കാപ്പിപ്പൊടിയോ കാലുകളിൽ പുരട്ടി മസാജ് ചെയ്ത് എക്സ്ഫോളിയേറ്റ് ചെയ്ത് കാലിലുള്ള മൃതകോശങ്ങൾ നീക്കം ചെയ്യാം. അതു കഴിഞ്ഞ് കാലു കഴുകി തുടച്ച ശേഷം നനവ് പൂർണമായും മാറും മുൻപേ മോയസ്ച്യുറൈസറിട്ട് കാലുകൾ മസാജ് ചെയ്യാം.
∙ നഖങ്ങളിൽ പതിഞ്ഞ ലോഷനും മറ്റും വൃത്തിയുള്ള ടവലോ പഞ്ഞിയോ കൊണ്ട് തുടച്ചു മാറ്റിയ ശേഷം പുതിയ നെയിൽ പോളിഷ് പുരട്ടാം.
പെഡിക്യൂർ ചെയ്യാൻ ഉപയോഗിക്കുന്ന ടൂളുകൾ കഴിവതും മറ്റുള്ളവരുമായി പങ്കിട്ട് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രി കിടക്കും മുൻപ് പാദങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം അൽപം എണ്ണയോ മോയച്യുറൈസറോ പുരട്ടിയിട്ട് കിടക്കാം. ഇത് പാദങ്ങൾ വരണ്ടു പോകുന്നതു തടയും. കൂടാതെ അവ മൃദുലമാക്കുകകയും ചെയ്യും.