ADVERTISEMENT

റോസ്മേരി ഓയിൽ മുടിയുടെ വളർച്ച കൂട്ടുമോ?

മുടിയുടെ വളർച്ചയും ഉള്ളും കൂട്ടാൻ റോസ്മേരി സഹായിക്കും. എണ്ണമയമുള്ള ശിരോചർമമുള്ളവർ റോസ്മേരി വാട്ടറും വരണ്ട ശിരോചർമമുള്ളവർ റോസ്മേരി എണ്ണയും തിരഞ്ഞെടുക്കുക. റോസ്മേരി ഓയിലും റോസ്മേരി വാട്ടറും വിപണിയിലുണ്ട്. ഇവ രണ്ടും  വീട്ടില്‍ സ്വയം തയാറാക്കാനാകുന്നതുമാണ്. മൂന്നു മുതൽ അഞ്ചു മാസം കൃത്യമായി ഉപയോഗിച്ചാലാണു ഫലം ലഭിക്കുക. 

ADVERTISEMENT

അമിതമായി മുടികൊഴിച്ചിലുള്ളവർ റോസ്മേരി ഉപയോഗിച്ചു ഫലം ലഭിക്കും വരെ കാത്തിരിക്കേണ്ട. ഡോക്ടറെ കണ്ടു കൃത്യമായി മരുന്നും ലേപനങ്ങളും ഉപയോഗിക്കുക. റോസ്മേരി വാട്ടർ / ഓയിൽ ഉപയോഗം ചിലരിൽ താരൻ കൂട്ടാൻ കാരണമാകാറുണ്ട്. അലർജി പ്രശ്നങ്ങളോ ശിരോചർമത്തിന് അസ്വസ്ഥതകളോ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കുക. ഓർക്കേണ്ട മറ്റൊരു കാര്യം, റോസ്മേരി എണ്ണയോ റോസ്മേരി വാട്ടറോ ഉപയോഗിച്ചതുകൊണ്ടു മാത്രം മുടി കൊഴിച്ചിൽ പൂർണമായി പരിഹരിക്കാനായേക്കില്ല. മുടിയുടെ ആരോഗ്യത്തിനു വേണ്ട പോഷണം ശരീരത്തിലെത്തുന്നുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നം കൊണ്ടല്ല മുടികൊഴിച്ചിലെന്നും ഉറപ്പാക്കണം.

സ്നെയിൽ മ്യൂസിൻ ഗുണകരമാണോ?

ADVERTISEMENT

കൊറിയൻ സ്കിൻ കെയർ ഉൽപന്നമാണ് സ്നെയിൽ മ്യൂസിൻ. ചർമത്തിനു മൃദുത്വവും ജലാംശവും നൽകാൻ നല്ലതുമാണ് ഈ ഉൽപന്നം. 

കൊറിയക്കാരുടെ ചർമത്തിനു വേണ്ടി നിർമിച്ച ഉൽപന്നം നമുക്ക് ഇണങ്ങുമോ എന്നു സംശയം തോന്നാം. എന്നാൽ നമ്മുടെ നാട്ടിലെ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിപണിയിൽ കൊറിയൻ സ്കിൻ കെയർ പ്രൊഡക്റ്റ്സ് ഇപ്പോൾ വൻ താരമാണ്. 

ADVERTISEMENT

എന്തായാലും ഏതു നാട്ടിലുള്ളവരുടെയും ചർമത്തിന് ഹൈഡ്രേഷൻ വളരെ ആവശ്യമാണ്. ഉള്ളിൽ നിന്നും പുറമേ നിന്നും ജലാംശം നൽകണം. ദിവസവും  മൂന്നു ലീറ്റർ വെള്ളം കുടിക്കുന്നതു പൊതുവായുള്ള ആരോഗ്യത്തിനും ചർമത്തിനും നൽകാവുന്ന മികച്ച പരിപാലനമാണ്. സ്കിൻ ഹൈഡ്രേഷനു വേണ്ടി സ്നെയിൽ മ്യൂസിൻ തന്നെ പുരട്ടണമെന്നില്ല, ഹയലുറോണിക് ആസിഡ്, പെപ്റ്റൈഡ് സീറം എന്നിവ ഉപയോഗിച്ചാലും മതി. 

ഈർപ്പമുള്ള ചർമത്തിലാണ് സ്നെയിൽ മ്യൂസിൻ പുരട്ടേണ്ടത്. മിക്കവരുടെയും ചർമത്തിനു യോജിക്കുന്ന ഒന്നാണിത്. എന്നിരുന്നാലും ഏത് ഉൽപന്നവും സ്കിൻ പാച്ച് ടെസ്റ്റ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക. പുരട്ടിത്തുടങ്ങുമ്പോൾ കുരുക്കൾ ഉണ്ടാകുകയോ ചർമം ചുവന്നു വരികയോ ചെയ്താൽ ചർമത്തിനു യോജിക്കുന്നില്ലെന്നു മനസ്സിലാക്കി ഒഴിവാക്കാൻ മടിക്കേണ്ട. 

വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി

Rosemary Hair Treatments and Exploring Snail Mucin for Skin Health:

Rosemary oil and water can promote hair growth and thickness, but results take 3-5 months of consistent use. Snail mucin, a Korean skincare product, provides softness and hydration, and is suitable for most skin types after a patch test.

ADVERTISEMENT