ഷാംപൂ ചെയ്യുന്നത് ശരിയായ രീതിയിലാണോ ? കണ്ടീഷനർ ‘തലയിൽ’ പുരട്ടുന്നുണ്ടോ ? മുടിയുടെ ആരോഗ്യത്തിനായി അറിയേണ്ട ചില കാര്യങ്ങളിതാ...
Mail This Article
കുളിക്കാൻ കയറി ഷവർ അങ്ങു തുറന്നാലുടൻ ഷാം പൂ പുരട്ടുന്നതാണോ പതിവ് ? എന്നാൽ, ആ രീതി മാറ്റാൻ സമയമായി.
ആദ്യം ഏറെ വെള്ളത്തിൽ തല നന്നായി കഴുകുക. മുടിയിൽ തങ്ങിനിൽക്കുന്ന പൊടിയും അഴുക്കും ഹെയർ ഉൽപന്നങ്ങളുടെ ശേഷിപ്പുകളും നീക്കാനാണിത്. ഇനി അൽപം ഷാംപൂ കയ്യിലെടുത്തു പതപ്പിച്ചശേഷം തലയിൽ പുരട്ടാം. സാവധാനം മസാജ് ചെയ്തു നന്നായി പതപ്പിക്കണം. ശിരോചർമം നന്നായി വൃത്തിയാകും. മസാജിങ് തലയിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും.
എക്സ്ട്രാ പോയിന്റ് : ഡ്രൈ ഷാംപൂ, ഹെയർ സ്പ്രേ തുടങ്ങിയ ഉൽപന്നങ്ങൾ അധികമായി ഉപയോഗിച്ച ദിവസങ്ങളിൽ ഡബിൾ ഷാംപൂയിങ് വേണം. രണ്ടു വട്ടം ഷാംപൂ പുരട്ടി കഴുകിയാലേ മുടി ശരിയായി വൃത്തിയാകൂ.
കണ്ടീഷനർ മുടിയിഴകൾക്കു മൃദുത്വവും തിളക്കവും നൽകാനുള്ളതാണ്. ശിരോചർമത്തെ കണ്ടീഷൻ ചെയ്യാൻ സ്വാഭാവികമായുള്ള സെബം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ കണ്ടീഷനർ ശിരോചർമത്തിന് ആവശ്യമില്ല, പുരട്ടേണ്ടതുമില്ല. മാത്രമല്ല, കണ്ടീഷനർ കൂടി പുരട്ടിയാൽ മുടിയുടെ വേരുകളോടു ചേർന്ന ഭാഗത്ത് എണ്ണമയം അധികമാകും. മുടി ഒന്നിലൊലൊന്ന് ഒട്ടിപ്പിടിച്ചതു പോലെയിരിക്കും.
കണ്ടീഷനർ എപ്പോഴും മുടിയുടെ പകുതി മുതൽ താഴേക്കു പുരട്ടിയാൽ മതി. മുടിയുടെ അറ്റത്തേക്കു ചെല്ലുന്തോറും സ്വാഭാവികമായ എണ്ണമയും കുറയും. അതിനാൽ കണ്ടീഷനിങ് ആവശ്യമാണ്.
കണ്ടീഷനറിന്റെ നറിഷിങ് ഗുണങ്ങൾ മുടിക്കു ലഭിക്കാന്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഷാംപൂവിങ്ങിനു ശേഷം ഈർപം ഒപ്പി മാറ്റിയിട്ടു വേണം കണ്ടീഷനർ പുരട്ടാന്‍. ക ണ്ടീഷനർ പുരട്ടി രണ്ടു മിനിറ്റ് കഴിഞ്ഞു തല കഴുകുക.
എക്സ്ട്രാ പോയിന്റ് : അറ്റം വിണ്ടുകീറുന്ന മുടിയാണെങ്കിൽ, കണ്ടീഷനർ കയ്യിലെടുത്തശേഷം രണ്ടു തുള്ളി എണ്ണ ചേർത്തു യോജിപ്പിക്കുക. ശേഷം മുടിയിൽ പുരട്ടുക. ഡീപ് കണ്ടീഷനിങ്ങിനു വേണ്ടി ഒരു എക്സ്ട്രാ പ്രൊഡക്ട് വാങ്ങാതെ പൈസയും ലാഭിക്കാം.
വിവരങ്ങൾക്കു കടപ്പാട് : ജാസ്മിന്‍ മൻസൂർ, സിൻഡ്രല്ല ബ്യൂട്ടി കൺസപ്റ്റ്സ്, കോട്ടയം
