നര വീണ മുടിയെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആക്കുകയാണു പുതിയ കാലം; അറിയാം ഗ്രേ ബ്ലെൻഡിങ് How to Achieve Grey Blending and Maintenance Tips
Mail This Article
സലൂണിൽ പോകുക, ഹെയർ കളർ ചെയ്യുക. നരച്ച മുടി വെള്ള തെല്ലുമില്ലാതെ മറയ്ക്കാൻ ശ്രമിക്കുന്നവരുടെ നാലാഴ്ച കൂടുമ്പോഴുള്ള റുട്ടീനായി മാറിയിട്ടുണ്ടാകും ഇത്. സെൽഫ് കെയർ എന്നത് ഒരു വശത്തുണ്ടെങ്കിലും സലൂണിൽ പോയി മാസാമാസം പണം മുടക്കാനും തിരക്കുകൾക്കിടയിൽ സമയം മാറ്റിവയ്ക്കാനും ചിലർക്കെങ്കിലും മടി കാണും. മാത്രമല്ല, മുടിയുടെ ആരോഗ്യം ഇല്ലാതാകുമോ എന്ന ടെൻഷൻ വേറെ... ഇതിനെല്ലാം പരിഹാരമാണു പുതിയ കളറിങ് ടെക്നിക്; ഗ്രേ ബ്ലെൻഡിങ്.
നരച്ച മുടി പൂർണമായി മറയ്ക്കുന്നില്ല. പകരം സ്വാഭാവികമായുള്ള നരയും നിറമുള്ള മുടിയും തമ്മിൽ ലയിച്ചു നിൽക്കുന്ന രീതിയിൽ മുടിക്കു നിറം നൽകുന്നു. ഇതാണു ഗ്രേ ബ്ലെൻഡിങ്. അറിയാം വിശദമായി...
എന്തുകൊണ്ടാണ് ട്രെൻഡിങ് ?
∙ ഇരുപതുകളിലുളളവർക്കും എഴുപതുകാർക്കും ഒരുപോലെ ഇണങ്ങും ഗ്രേ ബ്ലെൻഡിങ്. പ്രായത്തെ മറച്ചുപിടിക്കുന്നതിനേക്കാൾ, ഏതു പ്രായത്തിലും സ്റ്റൈലിഷ് ആയിരിക്കുക എന്ന പുതിയ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.
∙ ഗ്രേ ബ്ലെൻഡിങ് സോൾട് & പെപ്പർ സ്റ്റൈൽ അല്ലേ എന്നാണോ ചിന്തിച്ചത്. ഏറെക്കുറെ അതാണ്. പക്ഷേ, ഗ്രേ ബ്ലെൻഡിങ് ചെയ്യുമ്പോൾ മുടിയിലെ വെള്ളയും കറുപ്പും നിറം എങ്ങനെ വേണമെന്നു തീരുമാനിക്കുന്നതു നമ്മളാണ്. ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിയും സ്കിൻ ടോണുമൊക്കെ പരിഗണിച്ച് ഇണങ്ങുന്ന രീതിയിൽ മുടിക്കു നിറം നൽകാം.
∙ ഹെയർ സ്റ്റൈലിൽ മാറ്റം വരുത്തി ഗ്രേ ഹെയർ ഫാഷൻ സ്റ്റേറ്റ്മെന്റ് ആക്കാം. മുഖത്തിനിണങ്ങുന്നതു ലോങ് ഹെയർ സ്റ്റൈലോ ഷോർട് ഹെയർ സ്റ്റൈലോ ആയിക്കോട്ടെ... മുടി വെട്ടി സ്റ്റൈലാക്കി ഗ്രേ ബ്ലെൻഡിങ് ചെയ്യാം.
പ്ലസ് പോയിന്റ്സ് ഏറെ
∙ മുടി മുഴുവൻ കളർ ചെയ്താൽ ദിവസങ്ങൾ കഴിയുമ്പോള്‍ മുടിയുടെ വേരറ്റത്തു വെള്ള തെളിഞ്ഞു വന്നു തുടങ്ങും. മുടി പെട്ടെന്നു നരച്ചു എന്നു തോന്നും. ഗ്രേ ബ്ലെൻഡിങ് ചെയ്താൽ മുടിയുടെ വളർച്ച സ്വാഭാവികമായി തോന്നിക്കും.
∙ നമ്മുടെ നാട്ടിലെ ചൂടും ഹ്യുമിഡിറ്റിയും മൂലം ഇടയ്ക്കിടെ തല കഴുകേണ്ടി വരും. ഹെയർ വാഷിന്റെ എണ്ണം കൂടുമ്പോ ൾ നര മറയ്ക്കാൻ ഉപയോഗിച്ച നിറം മങ്ങിവരും. നാലാഴ്ച പോലും ഹെയർ കളർ മുടിയിലുണ്ടാകണം എന്നില്ല.
∙ പിപിഡി ഫ്രീ, അമോണിയ ഫ്രീ എന്നിങ്ങനെയുള്ള നിറങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ കൂടി ഇടയ്ക്കിടെയുള്ള കളറിങ് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
∙ നരച്ച മുടി മറയ്ക്കാൻ ശ്രമിക്കാതെ ‘വെള്ള മുടി’യിൽ തിളങ്ങുന്നവർക്കും ഗ്രേ ബ്ലെൻഡിങ് സ്റ്റൈൽ നൽകും. മുടിക്ക് ഉള്ളുള്ളതായും തോന്നിപ്പിക്കും.
ഹൈലൈറ്റ്സും ലോലൈറ്റ്സും
ഹൈലൈറ്റ്സ് എന്നാൽ മുടിയുടെ നിറത്തിനേക്കാൾ ലൈറ്റ് ഷേഡ് നൽകുന്ന ഹെയർ കളർ ടെക്‌നിക് ആണ്. ലോലൈറ്റ്സ് എന്നത് മുടിയുടെ നിറത്തിനേക്കാൾ ഇരുണ്ട നിറം നൽകി മുടിയിഴകളെ സുന്ദരമാക്കുന്നതും. ഈ രണ്ടു ടെക്നിക്കും ഗ്രേ ബ്ലെൻഡിങ്ങിൽ ഉപയോഗിക്കുന്നുണ്ട്.
∙ ചോക്‌ലെറ്റ് ബ്രൗൺ, ആഷ് ബ്രൗൺ എന്നിവ നാച്ചുറൽ ലുക്കിനിണങ്ങും. കാരമൽ, ഗോൾഡൻ, ഹണി എന്നീ ബ്രൗൺ ഷേഡ്സ് യൂത്ഫുൾ വൈബ് നൽകും. മഷ്റൂം ബ്രൗൺ, സ്മോക്കി ഗ്രേ, സ്റ്റീൽ ഗ്രേ എന്നിവ മോഡേൺ ലുക്കിനായി പരീക്ഷിക്കാം.
എങ്ങനെ ചെയ്യാം ഗ്രേ ബ്ലെൻഡിങ് ?
∙ റൂട്ട് സ്മഡ്ജിങ് ആണ് ഒരു കളറിങ് രീതി. മുടിയുടെ വേരിനോടു ചേർന്നു നരച്ച മുടിയുടെ നിറത്തിനോടു ചേരുന്ന നിറങ്ങൾ നൽകാം. നര തെളിഞ്ഞാലും കളർ ചെയ്ത മുടിക്കൊപ്പം ഇണങ്ങി നിൽക്കും.
∙ നരച്ച മുടി അധികമായുള്ളവരുടെ മുടിക്ക് ഡെപ്ത് നൽകാ ൻ ലോലൈറ്റ്സ് സഹായിക്കും. ഇരുണ്ട ഷേഡുകൾ നൽകി മുടിയിഴകളുടെ ഭംഗി എടുത്തു കാണിക്കാനും മുടിക്ക് ഉള്ളുള്ളതായി തോന്നിപ്പിക്കാനും കഴിയും.
∙ മുടിയിഴകൾക്കു തിളക്കം നൽകും ഗ്ലോസ് ട്രീറ്റ്മെന്റ്. വെള്ള മുടി വെള്ളിത്തിളക്കമുള്ള മുടിയാകുമ്പോൾ ഭംഗി കൂടും.
∙ പതിവായി ഹെയർ കളർ ചെയ്തിരുന്നവരുടെ മുടിയിൽ അതുവരെ ഉപയോഗിച്ചിരുന്ന കറുപ്പോ ഇരുണ്ട ബ്രൗണോ ആയിരിക്കും കൂടുതൽ. നര തെളിഞ്ഞു വന്ന് അവ ഭംഗിയായി സ്റ്റൈൽ ചെയ്തെടുക്കാൻ കുറച്ചു മാസം വേണ്ടി വരും.
∙ സലൂണിൽ പോയി ഗ്രേ ബ്ലെൻഡിങ് ചെയ്യുന്നതാണു നല്ലത്. ഹെയർ കളറിങ് എക്സ്പർട്ടിന് മുടിയുടെ ഘടനയും നരയുടെ രീതിയും മനസ്സിലാക്കി ഓരോ വ്യക്തിയുടെയും മുഖത്തിനിണങ്ങുന്ന വിധം പ്രഫഷനലായി കളർ ചെയ്യാനാകും.
∙ ഗ്രേ ബ്ലെൻഡിങ് ലോ മെയിന്റനൻസ് ആണ്, നോ മെയിന്റനൻസ് അല്ല. ഹെയർ കളറിങ്ങിനു വേണ്ടി സലൂണിലേക്കു മാസം തോറും ഓടേണ്ടി വരില്ലെങ്കിലും വലിയ ഇടവേളയിൽ ചെറിയ പരിചരണം ആവശ്യമാണ്. കളർ ടച്ച് അപ് മുഖ്യം.
വെള്ളി മുടിക്കുള്ള കെയർ
∙ എക്സ്പർട് സിൽവർ ഷാംപൂ, ഗ്രേ ഷാംപൂ എന്നിങ്ങനെ നരച്ച മുടിക്കായുള്ള ഷാംപൂ ഉപയോഗിച്ചാൽ മുടിയുടെ ഡൾനെസ് മാറി കൂടുതൽ റിഫ്രഷ് ആകും. ഗ്രേ ബ്ലെൻഡിങ്ങിനു ശേഷം കളർ സേഫ് ഷാംപൂവും എക്സ്പേർട് നിർദേശിക്കാം.
∙ തല കഴുകാനായി സാധാരണ വെള്ളം മതി. മുടിയെ വരണ്ടതാക്കും ചൂടുള്ള വെള്ളം.
∙ ഷാംപൂവിങ്ങിനു ശേഷം കണ്ടീഷനർ ഉപയോഗിക്കണം. മുടിക്ക് തിളക്കവും മൃദുത്വവും നൽകാൻ ഇതു സഹായിക്കും.
∙ ആഴ്ചയിൽ ഒരിക്കൽ ഹൈഡ്രേറ്റിങ് ഹെയർ മാസ്ക് അണിയുന്നത് മുടിയുടെ ആരോഗ്യം കാക്കും.
∙ മുടി സ്വാഭാവികമായി ഉണക്കുക. ഹീറ്റ് സ്റ്റൈലിങ് അധികം വേണ്ട. പുറത്തു പോകുമ്പോൾ സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കുന്നതും കരുതലാണ്.
∙ മുടിക്കു തിളക്കം നൽകാനും സംരക്ഷണമാകാനും സീറം പതിവായി ഉപയോഗിക്കാം
വിവരങ്ങൾക്കു കടപ്പാട് : വിജി, ഫെയർ പ്രഫഷനൽ സലോൺ സ്പാ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം
