‘ചർമം ദൃഢതയുള്ളതാക്കാന് കോഴിയുടെയും ആടിന്റെയും എല്ല് കൊണ്ട് സൂപ്പ്’; ആഹാരത്തിലൂടെ കൊളാജൻ കൂട്ടാന് വഴിയുണ്ട് Natural Ways to Boost Collagen Production
Mail This Article
വേണോ വേണ്ടയോ എന്നു സംശയം? ഉപയോഗിച്ചാൽ വേണ്ട ഫലം ലഭിക്കുമോ? ഇനി ലഭിക്കുന്നതു പാർശ്വഫലങ്ങളാകുമോ എന്ന് ആശങ്ക. സോഷ്യൽ മീഡിയയിലെ പല സൗന്ദര്യമന്ത്രങ്ങളും നമ്മുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുന്നതു പല ചോദ്യങ്ങളാണ്. ഓരോ സമയത്തും വൈറലാകുന്ന ബ്യൂട്ടി ട്രെൻഡുകൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ പായുന്നവരുമുണ്ട്. ഇത്തരത്തിൽ കണ്ടും കേട്ടും വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ചില ബ്യൂട്ടി ഹാക്കുകളെ കുറിച്ചു വിദഗ്ധർക്ക് എന്താണു പറയാനുള്ളതെന്ന് അറിയാം.
മുപ്പതു വയസ്സിനു ശേഷം കൊളാജൻ സപ്ലിമെന്റ് ആവശ്യമാണോ?
ചർമത്തിനു ദൃഢത നൽകുന്ന ഘടകമാണ് കൊളാജൻ. കൊളാജൻ നഷ്ടപ്പെടുമ്പോഴാണു ചർമത്തിനു ചുളിവു വരുന്നതും ചർമം അയഞ്ഞുതൂങ്ങുന്നതും. 25 വയസ്സിനു ശേഷം ഓരോ വർഷവും ഒരു ശതമാനം വീതം കൊളാജൻ നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ശ്രദ്ധ വേണമെന്നതു ശരിയാണ്. സപ്ലിമെന്റ്സിനെ കുറിച്ചു ചിന്തിക്കും മുൻപ് ആഹാരത്തിലൂടെയും ജീവിതശൈലിയിലൂടെയും കൊളാജൻ ഉൽപാദനം മെച്ചപ്പെടുത്താമോ എന്നു ചിന്തിക്കാം.
ബോൺ ബ്രോത് കൊളാജൻ സമ്പുഷ്ടമാണ്. കോഴിയുടെയും ആടിന്റെയുമൊക്കെ എല്ല് ചെറുതായി നുറുക്കിയതു കൊണ്ടു സൂപ്പുണ്ടാക്കി കുടിക്കാം. ചിക്കൻ, മീൻ എന്നിവ തൊലിയോടെ കഴിക്കാം. മുള്ള് കൂടി കഴിക്കാവുന്ന മീൻ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. ദിവസവും രണ്ടു മുട്ടവെള്ള കഴിക്കുന്നതു ശീലമാക്കാം. വെജിറ്റേറിയൻസ് ഒമേഗ ത്രീ ഫാറ്റി ആസിഡും വൈറ്റമിൻ സിയും അടങ്ങിയഭക്ഷണം കൂടുതലായി കഴിക്കുക. ബ്രോക്‌ലി, ബെറിപ്പഴങ്ങൾ, വോൾനട്ട്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ് എന്നിവ.
അൾട്രാവയലറ്റ് രശ്മികൾ ചർമത്തിലേൽക്കുന്നത് കൊളാജൻ നശിപ്പിക്കാം. അതിനാൽ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കണം. വൈറ്റമിന്‍ സി, റെറ്റിനോയ്ഡ് എന്നിവ സ്കിൻ കെയറിൽ ഉൾപ്പെടുത്തുന്നത് പ്രായാധിക്യം തടയാൻ നല്ലതാണ്.
കൊളാജൻ സപ്ലിമെന്റ്സ് കഴിക്കുന്നതുകൊണ്ടു നഷ്ടപ്പെട്ട കൊളാജൻ തിരിച്ചുകിട്ടില്ല. അയഞ്ഞുതൂങ്ങിയ ചർമം ദൃഢതയുള്ളതാക്കാനും കഴിയില്ല. ഓറൽ കൊളാജൻ ചർമത്തിന്റെ തിളക്കത്തിനും തുടിപ്പിനും സഹായിക്കും.
ഗ്ലൂട്ടാത്തിയോണിന് പാർശ്വഫലങ്ങളില്ലേ ?
ചർമത്തിന് നിറം നൽകുന്നത് മെലനിൻ എന്ന ഘടകമാണ്. മെലനിൻ കൂടുമ്പോൾ ചർമത്തിന് ഇരുളിമയും പിഗ്‌മെന്റേഷൻ പ്രശ്നങ്ങളും നിറവ്യത്യാസവും വരാം. ഗ്ലൂട്ടാത്തിയോൺ മെലനിൻ സിന്തസിസ് കുറയ്ക്കുകയും ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.
നമ്മുടെ ശരീരത്തിൽ സ്വാഭാവികമായുള്ളതാണ് ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റ്. അതിനാൽ ഇവ സപ്ലിമെന്റ് ആയി കഴിക്കുന്നതിലോ കുത്തിവയ്പ്പ് എടുക്കുന്നതിലോ പൊതുവേ പാർശ്വഫലങ്ങളില്ല. ഡോക്ടറുടെ നിർദേശത്തോടെ കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. എല്ലാവർക്കും ഒരേ പോലെയാകില്ല ഫലം ലഭിക്കുക. പിഗ്‌മന്റേഷന്റെ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെങ്കിൽ ഗ്ലൂട്ടാത്തിയോണിലൂടെ മാത്രം പരിഹരിക്കാനുമാകില്ല.
ഗ്ലൂട്ടാത്തിയോൺ കുത്തിവയ്പ്പ് നൽകുമ്പോൾ ആഴ്ചയിൽ ഒരു ഒന്നു വീതം എട്ട് – പന്ത്രണ്ട് കുത്തിവയ്പ്പാണ് എടുക്കുക. ഇടവേളയിൽ ഗ്ലൂട്ടാത്തിയോൺ ടാബ്‌ലറ്റും ന ൽകും. ഗ്ലൂട്ടാത്തിയോണിനൊപ്പം വൈറ്റമിൻ സി, ബി 12, ഡി എന്നിങ്ങനെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന പോഷകങ്ങൾ ചേർത്തും കൊടുക്കാറുമുണ്ട്.
ഗ്ലൂട്ടാത്തിയോൺ ലഭിക്കാൻ ബ്രോക്‌ലി, കോളിഫ്ലവർ, കാബേജ്, സ്പിനച്ച്, അവക്കാഡോ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. മീര ജെയിംസ്, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ബ്യൂ എസ്തെറ്റിക്ക, കൊച്ചി
