മുഖം മിനുങ്ങാനും മുടിയഴകിനും പപ്പായ മാസ്ക്; ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഇട്ടൂ നോക്കൂ... Beyond Fruit: Papaya's Transformative Beauty Benefits
Mail This Article
വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പഴവർഗമാണ് പപ്പായ. മുടി വളർച്ചയ്ക്ക് ഒരു പ്രതിവിധിയായി വളരെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു. പഴുത്ത പപ്പായയിൽ കൂടുതൽ പ്രകൃതിദത്ത പഞ്ചസാരയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും അത്യാവശ്യമാണ്. ആരോഗ്യമുള്ളതും ശക്തവുമായ മുടിയിഴകളുടെ വളർച്ചയ്ക്കും ഈ പ്രോട്ടീൻ സഹായിക്കുന്നു.
പപ്പായ കൊണ്ട് മാസ്ക്
∙ അരക്കപ്പ് പഴുത്ത പപ്പായ, അര കപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി കുഴമ്പു രൂപത്തിലാക്കുക. തല നന്നായി നനച്ചശേഷം ഈ മാസ്ക് തലയിൽ പുരട്ടി അര മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകുക. മുടിക്കു കരുത്തും മിനുസവും നൽകാൻ ഈ മാസ്ക് ഉത്തമമാണ്.
∙ അരക്കപ്പ് പഴുത്ത പപ്പായ, രണ്ടു ചെറിയ സ്പൂൺ പാൽ, ഒരു വലിയ സ്പൂണ്‍ തേൻ എന്നിവ ചേർത്തിളക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചർമത്തെ മൃദുലമാക്കാൻ ഈ മാസ്ക് സഹായിക്കും.
∙ അര കപ്പ് പഴുത്ത പപ്പായയിലേക്ക് ഒരു ചെറിയ സ്പൂൺ വീതം തേനും നാരങ്ങാനീരും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അൽപം മുൾട്ടാണി മിട്ടി കൂടി ചേർത്തു മുഖത്തു പുരട്ടാം. പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയിലൊരിക്കൽ ഈ മാസ്ക് ഉപയോഗിച്ചാൽ മുഖക്കുരു നീങ്ങും, പാടുകൾ മായും.
∙ ചർമാരോഗ്യം നിലനിർത്താൻ അരക്കപ്പ് പഴുത്ത പപ്പായയും ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു കുഴമ്പാക്കി പുരട്ടാം. ഇതു പൂർണമായി ഉണങ്ങിയശേഷം വെള്ളംതൊട്ടു പതുക്കെ സ്ക്രബ് ചെയ്യാം. ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ ഒരിക്ക ൽ ഈ മാസ്ക് ഇടുക.