ADVERTISEMENT

കാൽപാദങ്ങളുടെ ഭംഗി വൃത്തിയാണ്. അഴുക്കും പൊടിയുമില്ലാതെ വരൾച്ചയില്ലാതെ പാദം ഭംഗിയായിരിക്കണമെങ്കിൽ വൃത്തി പാലിച്ചേ മതിയാകൂ. അതിനു സഹായിക്കുന്ന ചില ‘ഫൂട്ട് ബാത്’ വഴികളറിയാം. ഇവയിലേതെങ്കിലും ഒന്ന് ആഴ്ചയിൽ ഒരു തവണ ചെയ്യുന്നതു പാദങ്ങൾ വൃത്തിയോടെയിരിക്കാൻ സഹായിക്കും. ഫൂട്ട് ബാത്തിനു ശേഷം പാദങ്ങൾ ബ്രഷുപയോഗിച്ചു മൃദുവായി കഴുകി വൃത്തിയാക്കാം.

∙ ഇളംചൂടുള്ള വെള്ളത്തിലേക്കു കുറച്ച് ഉപ്പ് ഇട്ടതിനുശേഷം പാദങ്ങള്‍ അതില്‍ മുക്കിവയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നതു പാദസംരക്ഷണത്തിനു നല്ലതാണ്.

ADVERTISEMENT

∙ ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ടു പാദങ്ങള്‍ 15 മിനിറ്റ് മുക്കി വയ്ക്കുക.

∙ പാദസംരക്ഷണത്തിന് വളരെ നല്ലതാണു നാരങ്ങ. ഇളംചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽപാദങ്ങൾ മുക്കി വയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് ഉരസുക. സുന്ദരമായ പാദങ്ങൾ സ്വന്തമാക്കാം.

ADVERTISEMENT

∙ ഇളംചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേക്കുനാലുതുള്ളി നാരങ്ങാനീര് ചേര്‍ത്തതിനു ശേഷം പാദങ്ങ ൾ മുക്കി വയ്‌ക്കാം. 20 മിനിറ്റ് ഇങ്ങനെ വയ്ക്കാം. പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാക്കും.

പാദങ്ങൾ പൂ പോലെ

ADVERTISEMENT

∙ രാത്രി ഉറങ്ങും മുൻപ് മുഖം കഴുകി വൃത്തിയാക്കി മോയിസ്ചറൈസർ പുരട്ടണമെന്നു പറയാറില്ലേ. പാദത്തിന്റെ കാര്യത്തിലും കെയർ റുട്ടീൻ ആവശ്യമാണ്. എന്നും രാത്രി കിടക്കും മുൻപ് പാദം കഴുകി അഴുക്കു നീക്കി മോയിസ്ചറൈസര്‍ പുരട്ടണം. തണുപ്പുകാലത്തു രണ്ടു നേരം മോയിസ്ചറൈസർ ഉപയോഗിക്കണം.

∙ ചർമത്തിന്റെ വരൾച്ചയകറ്റി മൃദുലമായി സൂക്ഷിക്കാൻ ഒലിവ് ഓയിലും വെളിച്ചെണ്ണയും നല്ലതാണ്. ഇവ പുരട്ടി പാദം പൂ പോലെ സംരക്ഷിക്കാം. അമിതമായി വരണ്ട കാൽപാദമുള്ളവർ  മോയിസ്ചറൈസറായി ഷിയ ബട്ടർ ഉപയോഗിച്ചോളൂ.

∙ കുളിക്കുമ്പോൾ നാരങ്ങയുടെ തൊണ്ടു കാൽപാദത്തിലും ഉപ്പൂറ്റിയിലും ഉരച്ചാൽ പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാകും.

∙ കുളി കഴിഞ്ഞു വന്നാലുടൻ ഗ്ലിസറിനും റോസ് വാട്ടറും സമം ചേർത്ത മിശ്രിതം കാലിലും പാദത്തിലും പുരട്ടുക. വരൾച്ച അകലും.

∙ ഓട്സും ബ്രൗൺ ഷുഗറും ചേർന്ന സൂപ്പർ ഫൂട്ട് മാസ്ക് ഇതാ. തുല്യ അളവിൽ ഓട്സും ബ്രൗൺ ഷുഗറും മിക്സി യിൽ  പൊടിക്കുക. ഇതിലേക്കു കാൽ കപ്പ് തേനും ഒരു വലിയ നാരങ്ങയുടെ നീരും ഒരു വലിയ സ്പൂൺ ഒലിവ് ഓയിലും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ടായി ഭാഗിച്ചു പാദം ഇറക്കിവയ്ക്കാൻ പാകത്തിനുള്ള രണ്ടു പ്ലാസ്റ്റിക് ബാഗിലാക്കുക. ഓരോ പാദവും ബാഗിൽ വച്ചശേഷം മിശ്രിതം നന്നായി പുരട്ടി 10 മിനിറ്റ് കാത്തിരിക്കാം. അതിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകാം.

∙ അമിത വരൾച്ചയുള്ള പാദം പോലും മൃദുവാക്കുന്ന ഓ വർ നൈറ്റ് ഫൂട്ട് മാസ്ക് ഉണ്ട്. ഒരു വലിയ സ്പൂൺ വീതം ഒലിവ് ഓയിലും കൊക്കോ ബട്ടറും യോജിപ്പിച്ചതിലേക്കു മൂന്നു വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. കാല്‍ കഴുകി വന്നാലുടൻ ഈ മാസ്ക് പാദത്തിൽ പുരട്ടി സോക്സ് ധരിച്ചു കിടക്കാം. രാവിലെ ഇളം ചൂടുവെള്ളത്തിൽ പാദം കഴുകാം.

കാൽപാദം വിണ്ടു കീറാതിരിക്കാൻ

കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍ ചര്‍മം  വരണ്ടു  തൊലിയിൽ വരകള്‍ പോലെ ഉണ്ടായി അതു വിണ്ടുകീറലായി മാറുന്നു. ശരിയായ സംരക്ഷണം പാദങ്ങൾക്കുകൊടുക്കുന്നതു വഴി  ഈ പ്രശ്‌നം ഇല്ലാതാക്കാനാകും.

∙ രണ്ടു സ്പൂൺ ഗ്ലിസറിനും നാരങ്ങാനീരും ചേർത്തു ദിവസവും കുളി കഴിഞ്ഞു കാലിൽ തേച്ചു പിടിപ്പിക്കാം.

∙ പെട്രോളിയം ജെല്ലി കാലുകളിൽ പുരട്ടി കോട്ടൻ സോക്സ് ധരിച്ചു രാത്രിയിൽ കിടന്നുറങ്ങുക. കാലുകൾ മൃദുലമാകാനും ഇതു നല്ലതാണ്.

∙ ഒരു പിടി ചുവന്നുള്ളി, ഏതാനും അല്ലി വെളുത്തുള്ളി എന്നിവ ചതച്ചെടുത്ത നീരിൽ ഒരു സ്‌പൂൺ ആവണക്കെണ്ണ ചൂടാക്കി ചേർത്തശേഷം പാദത്തിൽ പുരട്ടുക. വിണ്ടുകീറലിനു ശമനം കിട്ടും.

∙ ഇളം ചൂടുവെള്ളത്തിൽ തേൻ കലർത്തി അതിൽ പാദം 10 മിനിറ്റ് മുക്കി വയ്ക്കാം. മുറിവുകൾ ഉണങ്ങാൻ സഹായിക്കുന്ന ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങളും തേനിനുണ്ട്.

∙ ഒരു കഷണം ഏത്തപ്പഴം ഉടച്ചതും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ചു വീണ്ടുകീറലുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം. രണ്ടാഴ്ച പതിവായി രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഇതു പുരട്ടുക.  

∙ തണുപ്പുകാലത്ത് വീട്ടിനുള്ളിൽ ചെരിപ്പിടാതെ നടക്കരുത്. തണുപ്പു തട്ടുമ്പോൾ പാദം വിണ്ടുകീറാനിടയുണ്ട്. എന്നും സോക്സ് ധരിച്ച് ഉറങ്ങുന്നതും നല്ലതാണ്.

കരിവാളിപ്പും പാടുകളും അകറ്റാന്‍

∙ ഒരു സ്‌പൂൺ കസ്‌തൂരിമഞ്ഞൾ, രണ്ടു സ്‌പൂൺ ചെറുപയർപൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്തു കുഴമ്പാക്കി ഒരു മണിക്കൂർ കാലിൽ പുരട്ടിവച്ചതിനു ശേഷം കഴുകിക്കളയുക. കാലിലെ നിറവ്യത്യാസവും കരിവാളിപ്പും അകലും.

∙ ഒരു ബ്ലെൻഡറിൽ രണ്ടു കുക്കുമ്പറും ഒരു നാരങ്ങയുടെ നീരും മൂന്നു വലിയ സ്പൂൺ ഒലിവ് ഓയിലും കൂടി യോജിപ്പിക്കുക. ഈ മിശ്രിതം രണ്ടു പ്ലാസ്റ്റിക് ബാഗിലായി പകുത്തു വയ്ക്കുക. കാൽ പാദം ബാഗിലിറക്കി വച്ചു കണങ്കാലിന്റെ ഭാഗത്തു വച്ചു കെട്ടുക. 10 മിനിറ്റിനുശേഷം കഴുകാം. വരൾച്ച അകലുന്നതിനൊപ്പം പാടുകളും മായും.

406908547

∙കാൽപാദം സുന്ദരമാക്കാനും  ദുർഗന്ധമകറ്റാനും   ഡീടോ ക്സ് മാസ്ക്  അണിയാം. കാൽസ്യം, അയൺ, മഗ്‌നീഷ്യം എന്നിവ നിറഞ്ഞ ബെൻടോനൈറ്റ് ക്ലേ ഡീടോക്സിഫൈയിങ് ഇഫക്ട് ഉള്ളവയാണ്. ഒരു വലിയ സ്പൂൺ ആ പ്പിൾ സിഡർ വിനഗറും രണ്ടു വലിയ ബെൻടോനൈറ്റ് ക്ലേയും ഗ്ലാസ് ബൗളിൽ യോജിപ്പിക്കുക. ഇതു പാദത്തിന്റെ അടിവശത്ത് ( sole) പുരട്ടി 10 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം എംപ്സം സോൾട്ട് ലയിപ്പിച്ച വെള്ളത്തിൽ കാൽ മുക്കി വയ്ക്കുക. ക്ലേ പൂർണമായി അലിഞ്ഞ് ഇല്ലാതായശേഷം കഴുകുക. ഇനി പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ചു പാദങ്ങൾ ഉരച്ചു കഴുകി തുടച്ചു വൃത്തിയാക്കുക.

∙ തൈരും നാരങ്ങനീരും ഗ്ലിസറിനും കടലമാവും ചേർത്ത് പേസ്റ്റ് പോലെയാക്കി  കാലുകളിൽ പുരട്ടിവയ്ക്കാം. 15 മിനിറ്റു കഴിഞ്ഞ് കഴുകികളയാം. തൈരിനു പകരം പാൽപാട ചേർക്കുന്നതും നല്ലതാണ്. കാലിലെ ചർമത്തിന്റെ തിളക്കത്തിനും മൃദുലതയ്ക്കും സഹായിക്കും.

പീലിങ് ഫൂട്ട് മാസ്ക് നല്ലതോ?

ഈയടുത്ത് വൈറലായ ഒന്നാണ് പീലിങ് ഫൂട്ട് മാസ്ക്. മൃതകോശങ്ങൾ നീക്കുന്ന എക്സ്ഫോളിയേറ്റിങ് ആസിഡ് അടങ്ങിയ മാസ്ക് ആണിത്. സോക്സ് പോലെയുള്ള ഈ മാസ്ക് കാലിൽ അണിഞ്ഞു നിശ്ചിത സമയം പൊതിഞ്ഞു വയ്ക്കും. പിന്നീട് കഴുകിക്കളയും. പല ദിവസങ്ങൾ കൊണ്ടു ചർമം അടർന്നു വരികയാണു ചെയ്യുക. ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ മൃതകോശങ്ങൾ പൂർണമായി നീങ്ങി പുതിയ മൃദുലമായ ചർമം വരും.

ഈ മാസ്ക് ഉപയോഗിക്കുമ്പോൾ പലർക്കും ലഭിക്കുന്ന ഫലം വ്യത്യസ്തമാണ്. ചർമം പീൽ ഓഫ് ആകുമ്പോൾ വേദന അനുഭവപ്പെടാം. മാത്രമല്ല എക്സ്ഫോളിയേറ്റിങ് ആസിഡ്സ് എല്ലാ ചർമത്തിനും യോജിക്കണമെന്നുമില്ല. സെൻസിറ്റീവ് ചർമമുള്ളവരും എക്സീമയുളളവരും ഇതുപയോഗിക്കുന്നതു ചർമത്തെ ദോഷമായി ബാധിക്കുമെന്നും ഓർക്കുക.

വിവരങ്ങൾക്കു കടപ്പാട് : അന്ന സെബി, ബ്യൂട്ടി ഷാക്, പനമ്പിളളിനഗർ, കൊച്ചി

Soothing Foot Baths for Softness:

Achieve beautiful and clean feet with natural home remedies. Learn effective foot bath recipes and moisturizing techniques to keep your feet soft and smooth, addressing issues like dryness and cracked heels.

ADVERTISEMENT