ADVERTISEMENT

സൗന്ദര്യസംരക്ഷണത്തിനായി എല്ലാ ദിവസവും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടിപാർലറിൽ പോയി സ്പായും ഫേഷ്യലും പെ‍ഡിക്യൂറുമൊക്കെ ചെയ്യാൻ മടി. 

പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം. 

ADVERTISEMENT

അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു മോഹിച്ചൂടെ എന്നു ചോദിക്കാൻ വരട്ടെ... മോഹിച്ചാൽ മാത്രം പോരാ ഇനി പറയുന്ന സൂത്രവഴികൾ അറിയുകയും വേണം. സൗന്ദര്യത്തിലേക്ക് ഉറങ്ങിയുണരാൻ ഇതാ ചില വഴികൾ.

തല കഴുകാൻ തന്നെ മടിയാണോ?

ADVERTISEMENT

എണ്ണമയമുണ്ടെങ്കിൽ മുടി സ്റ്റൈൽ ചെയ്യാന്‍ ഇ ത്തിരി പ്രയാസമാണ്. അഴിച്ചിട്ടാലും ഭംഗിയുണ്ടാകില്ല. ഷാംപൂവും കണ്ടീഷനറുമിട്ടു തല കഴുകിയാൽ തീരുന്ന പ്രശ്നമാണ്. പക്ഷേ, ഇടയ്ക്കിടെ തല കഴുകാൻ മടിയാണെങ്കിലോ ? ടെൻഷനേ വേണ്ട, ഡ്രൈ ഷാംപൂ ഉണ്ടല്ലോ. 

ഷംപൂ എന്നാണ് പേരെങ്കിലും ഇതു സ്പ്രേ ആ ണ്. മുടി  ചെറുഭാഗങ്ങളായി തിരിച്ച് സ്പ്രേ ചെയ്തശേഷം വിരലുകൾ കൊണ്ടു മുടി കോതിയെടുക്കാം. എണ്ണമയം നീങ്ങി ഷാംപൂ ചെയ്തതുപോലെ മുടി ഒഴുകിപ്പറന്നുകിടക്കും.

ADVERTISEMENT

തല കഴുകിയാൽ മുടി ഉണങ്ങാൻ എടുക്കുന്ന സമയം പലരെയും അലട്ടാറുണ്ട്. മുടിയിൽ ഈർപ്പം മാറ്റാൻ മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിക്കുക. അല്ലെങ്കിൽ പഴയ ടീഷർട്ട് ഉപയോഗിക്കുക. മുടി കെട്ടിവച്ച് ഉണക്കാനും ടീഷർട്ട് ചുറ്റിവയ്ക്കുന്നതാണു നല്ല വഴി. മുടി വരളാതിരിക്കാനും ഈ ടീഷർട് ടിപ് സഹായകരമാണ്. 

മുടിയിൽ അലകൾ തീർക്കാൻ

ഉറങ്ങിയുണരുമ്പോഴേക്കും തിരമാലകൾ പോലുള്ള വേവി ഹെയർ സ്വന്തമാക്കാൻ തലേന്നു രാത്രി 10 മിനിറ്റ് മാറ്റി വച്ചാൽ മതി.  മുടി നന്നായി ചീകിയ ശേഷം മുടി രണ്ടായി പിന്നിക്കെട്ടി ഉറങ്ങാം. മേക്കപ്പും ഡ്രസ്സിങ്ങുമെല്ലാം കഴിഞ്ഞ ശേഷം മുടി അഴിച്ചിടുക. ചീപ്പ് ഉപയോഗിച്ചു ചീകരുത്. ആവശ്യമെങ്കിൽ ആന്റി ഫ്രിസ് സീറം പുരട്ടി മുടി ഭംഗിയാക്കാം. മുടി പിന്നിക്കെട്ടും മുൻപ് ഹെയർ ടെക്സചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. മുടി മൂന്നായി ഭാഗിച്ച് ഓരോ ഭാഗവും സോക്സ് ചേർത്തു ചുറ്റി വച്ചും ഓവർനൈറ്റ് വേവി ഹെയർ സ്വന്തമാക്കാം.

സ്ട്രെയ്റ്റ് ഹെയർ ഉള്ളവർക്കാണ് ഈ സൂത്രപ്പണിയുടെ ഫലം പൂർണമായി ലഭിക്കുക. അങ്ങിങ്ങായി ചുരുളുകളുള്ള മുടിയും ഭംഗിയായി കിടക്കും. ഉള്ളു കുറവുള്ള മുടിക്കു ഉള്ളു തോന്നിക്കാനും ഈ ഹെയർ സ്റ്റൈൽ സൂപ്പറാണ്.

കൈകാലുകൾ മൃദുലമാകും

പെഡിക്യൂർ ചെയ്യാൻ പാർലറിൽ പോകാൻ മടി. വീട്ടിലിരുന്നു ഹോം പെഡിക്യൂർ ചെയ്യാൻ അതിലും മടി. അപ്പോൾ നാളത്തെ ഫങ്ഷന് കാൽ പാദവും വിരലും സുന്ദരമായിരിക്കാൻ എന്താ വഴി ? 

രാത്രി കിടക്കും മുൻപ് ഷാംപൂ ചേർത്ത ചെറുചൂടുവെള്ളത്തിൽ അഞ്ചു മിനിറ്റ് കാലുകൾ മുക്കി വയ്ക്കുക. യുട്യൂബിൽ ഒരു പാട്ടിന്റെ വിഡിയോ കാണുന്ന സമയം. ഇനി പഴയ ടൂത് ബ്രഷ് ഉപയോഗിച്ച് പാദം ഒന്നുരച്ചു കഴുകി വൃത്തിയാക്കുക. ഈർപ്പത്തോടെ തന്നെ കാലിൽ മോയ്സചറൈസർ പുരട്ടുക. ഉപ്പൂറ്റിയിലും വിരലുകൾക്കിടയിലുമെല്ലാം മോയിസ്ചറൈസർ എത്തണം. ഈർപ്പം  മാറിയ കാൽ നഖങ്ങളിൽ നെയിൽ ഓയിൽ/ക്യൂട്ടിക്കിൾ ഓയിൽ പുരട്ടുക. ബദാം എണ്ണയായാലും മതി. ഇനി ഒരു പാട്ടു കൂടി കേട്ടോളൂ. അതിനുശേഷം കോട്ടൻ സോക്സ് അണിഞ്ഞ് ഉറങ്ങാം. രാവിലെ ഉണരുമ്പോൾ കാൽപാദം മൃദുവായിരിക്കും. പാടുകളോ ചെറിയ വിണ്ടുകീറലോ ഉള്ള നഖം പോലും സുന്ദരമായിരിക്കും. 

കൈവിരലുകൾക്കു ഭംഗി പകരാനും ഇതേ ടെക്നിക് പരീക്ഷിക്കുക. നെയിൽ ഓയിൽ പുരട്ടിയശേഷം കോട്ടൻ ഗ്ലൗവ്സ് അണിഞ്ഞ് ഉറങ്ങാം. നെയിൽ പോളിഷ് അണിഞ്ഞിട്ടുണ്ടെങ്കിൽ അതു നീക്കി നഖം ആകൃതിയിലാക്കിയശേഷം കൈകാലുകൾക്ക് ഈ പരിചരണം നൽകുന്നതാണു നല്ലത്. 

മുഖം തിളങ്ങാൻ മാസ്ക്

തലേന്നു രാത്രി ഒരു ഓറഞ്ച് രണ്ടായി മുറിച്ചു മുഖത്തു മസാജ് ചെയ്താൽ, പപ്പായ ഉടച്ചു മുഖത്തു പുരട്ടിയാൽ പിറ്റേന്നു മുഖത്തിനു തെളിച്ചം ലഭിക്കും. അല്ലെങ്കിൽ ഇതിലും എളുപ്പമുള്ള ഒരു വഴിയുണ്ട്. മുഖത്തിനു തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന ഹൈഡ്രേറ്റിങ് ഫെയ്സ് മാസ്ക്. 

ചർമസ്വഭാവത്തിന് ഇണങ്ങുന്ന ബ്രാൻഡഡ് ഫെയ്സ് മാസ്ക് വാങ്ങിവയ്ക്കാം. രാത്രി ഇതു മുഖത്തണിഞ്ഞു കിടക്കാം. രാവിലെ ഉണരുമ്പോൾ ജലാംശം നിറഞ്ഞ മുഖം സ്വാഭാവിക ഭംഗിയോടെ തിളങ്ങുന്നുണ്ടാകും. വരൾച്ച എങ്ങോ മറഞ്ഞിട്ടുണ്ടാകും. 

മുഖം കഴുകിയശേഷം അൽപം ഈർപ്പത്തോടെ മോയിസച്റൈസർ പുരട്ടുന്നതു ചർമത്തിലെ ജലാംശം നിലനിർത്തും.

കൺപീലിയും പുരികവും

ഐ ബ്രോ മേക്കപ് ശ്രദ്ധയോടെ സമയമെടുത്തു ചെയ്യേണ്ടതാണ്. അല്ലെങ്കിൽ കൃത്രിമത്വം തോന്നും. അതുകൊണ്ടു സമയമില്ലാത്തപ്പോൾ പുരികമെഴുതാൻ മെനക്കെടേണ്ട. അൽപം ലിപ് ബാം (ഐ ബ്രോ ജെൽ ഉള്ളവർ അതുപയോഗിക്കുക) പുരികത്തിൽ പുരട്ടി ഐ ബ്രോ ബ്രഷ് കൊണ്ടു മെല്ലേ കോംബ് ചെയ്യുക. പുരികം ആകൃതിയോടെയിരിക്കും.

കൺപീലിയിൽ അൽപം ബേബി പൗഡർ  ബ്രഷ് ചെയ്തശേഷം മസ്കാര അണിഞ്ഞാൽ ഇടതൂർന്ന കൺപീലികൾ സ്വന്തമാക്കാനാകും. ലാഷ് കേളർ ഉപയോഗിക്കുന്നവർ കൺപീലി കേൾ ചെയ്യാനും പിന്നീടു മസ്കാര അണിയാനുമായി സമയം പാഴാക്കേണ്ട. ലാഷ് കേളറിൽ  ഐ പെൻസിൽ കൊണ്ടു വരച്ചശേഷം കൺപീലി കേൾ ചെയ്യുക.

കണ്ണഴകായി കണ്ണിനഴകായി 

ഒൻപതു മണിക്കു പോകാനുള്ള പരിപാടിക്ക് എട്ടരയ്ക്ക് ഉണർന്നാൽ മുഖം ക്ഷീണിച്ചിരിക്കും, കണ്ണിനടിയിൽ തടിപ്പുമുണ്ടാകും. തികച്ചും സ്വാഭാവികം. ഇങ്ങനെ മടി പിടിച്ചുറങ്ങിയ ദിവസങ്ങളിൽ  മുഖത്തിന് ഓജസ്സും തേജസ്സും കൊണ്ടുവരാന്‍ കണ്ണുകളെ ഉഷാറാക്കിയാൽ മതി. 

ഐസ് ക്യൂബ് വച്ചാൽ കണ്ണിനടിയിലെ പഫിനെസ് അകലും. ഗ്വാ ഷാ മസാജിങ് സ്റ്റോൺ ഉണ്ടെങ്കിൽ ഇതുപയോഗിച്ചു മെല്ലെ മസാജ് കൂടി ചെയ്യാം. കണ്ണെഴുതാനും എളുപ്പവഴികളുണ്ട്. കൺകോണിൽ നിന്നു വാലിട്ടെഴുതുന്ന വിങ്ഡ് ഐ ലുക്ക് മുഖത്തിനു പ്രസരിപ്പു നൽകും. വിങ്സ് വരയ്ക്കേണ്ട ആങ്കിളിൽ ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡ് പോലെ കട്ടിയുള്ള വസ്തു കൺകോണിൽ വയ്ക്കുക. ഐ ലൈനർ കൊണ്ടോ ഐ പെൻസിൽ കൊണ്ടോ കണ്ണെഴുതാം. അതിലും എളുപ്പത്തിൽ കണ്ണെഴുതാൻ  ഐ ബ്രഷ് ഐ പെൻസിലിലോ ഐ ഷാഡോയിലോ തൊട്ടെടുത്ത് ഷേഡ് ചെയ്തതു വരയ്ക്കാം.

കൺകോണിൽ കാർഡ് വച്ചിട്ടുള്ളതിനാൽ പെ ർഫക്ട് വിങ്സ് വരയ്ക്കുന്നത് നിസ്സാരം.

പൂ വിരിയും ചുണ്ടുകളിൽ

വരണ്ടുണങ്ങിയ ചുണ്ടിൽ ലിപ്സ്റ്റിക് അണിയുന്നത് അഭംഗിയാണ്. തലേന്നു രാത്രി മോയിസ്ചറൈസിങ് ലിപ് ബാം പുരട്ടിക്കിടന്നാൽ രാവിലെ ചുണ്ടുകൾ വരൾച്ചയില്ലാതെ സുന്ദരമായിരിക്കും. അഥവാ ഇക്കാര്യം മറന്നുപോയെങ്കിൽ പിറ്റേന്നു രാവിലെ പല്ലു തേച്ചശേഷം ഈ ടൂത് ബ്രഷ് നന്നായി കഴുകിയെടുത്ത് ചുണ്ടിൽ വൃത്താകൃതിയിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. ഈർപ്പം ഒപ്പിമാറ്റിയശേഷം ലിപ് ബാം പുരട്ടാം. ചുണ്ടിലെ മൃതകോശങ്ങൾ അകലും ചുണ്ടുകൾ മൃദുലവുമാകും. 

മേക്കപ് ചെയ്യാൻ തുടങ്ങും മുൻപ് തുണിയുപയോഗിച്ച് ഈ ലിംപ് ബാം മെല്ലേ തുടച്ചു മാറ്റാം. വരണ്ട ചർമം ചുണ്ടിൽ അവശേഷിക്കുന്നെങ്കിൽ അവയും നീങ്ങാനാണിത്. 

ഇനി വീണ്ടും ലിപ് ബാം അണിഞ്ഞ് ലിപ് മേക്കപ് ചെയ്യാം. ചുണ്ടിനു തുടിപ്പു നൽകുന്ന ലിപ് പ്ലംബേഴ്സ് വിപണിയിൽ ലഭ്യമാണ്. ചുളിവുകൾ അകറ്റി ചുണ്ടുകൾ തുടിപ്പു നൽകുന്ന ലിപ് പ്ലംബേഴ്സ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം. 

ഒരു പ്രൊഡക്ട് പല ഉപയോഗം

ബ്രൗൺ നിറത്തിലുള്ള ഐ ബ്രോ പെൻസിൽ ഉപയോഗിക്കുന്നതിനു പകരം ടിന്റഡ് ഐ ബ്രോ ജെൽ ഉപയോഗിക്കുക. ഇടയിലുള്ള വിടവുകൾ അകലും. പുരികത്തിന് ആക‍ൃതിയും ലഭിക്കും.

ടിന്റഡ് ലിപ് ബാം ഉപയോഗിച്ചാൽ ലിപ്സ്റ്റിക് അണിഞ്ഞില്ലെങ്കിലും ചുണ്ടുകൾ സുന്ദരമായിരിക്കും. ന്യൂഡ് മേക്കപ് ലുക്കിന് ടിന്റഡ് ലിപ് ബാം ധാരാളം 

ബ്ലഷ് ഉപയോഗിക്കാതെ  തന്നെ കവിൾ തുടുക്കും. പിങ്ക്, റെഡ് ഷേഡുകളിലുള്ള ലിപ്സ്റ്റിക് അണിഞ്ഞശേഷം അതേ ഷേഡ് തന്നെ കവിളിലെ ചീക് ബോൺസിൽ അൽപം പുരട്ടാം. ച ർമവുമായി ചേർന്നിരിക്കും പോലെ നന്നായി ബ്ലെൻഡ് ചെയ്യണം. ഈ കോർഡിനേറ്റഡ് ബ്ലഷ് ലുക്ക് മുഖം കൂടുതൽ സുന്ദരമാക്കും. 

ചുണ്ടിലും കവിളിലും ഒരുപോലെ ഉപയോഗിക്കാവുന്ന ലിപ്–ചീക് ടിന്റുകൾക്ക് ഇത്രയേറെ ആരാധകരുള്ളതിനു കാരണവും കോർഡിനേറ്റഡ് ബ്ലഷ് ലുക്കിന്റെ ഭംഗിയാണ്. 

Effortless Beauty Tips for Everyday Glamour:

Beauty hacks for busy individuals offer simple solutions to look stunning without extensive effort. These tips cover everything from hair and skin to hands and feet, ensuring you are always ready for any occasion.

ADVERTISEMENT