ADVERTISEMENT

കൗമാരക്കാരിൽ കൂടുതലായി കണ്ടുവരുന്ന ചർമപ്രശ്നമാണു മുഖക്കുരു (Acne). മുഖക്കുരുവിന്റെ ആദ്യഘട്ടം മുഖത്തു ചെറിയ ചുവപ്പു പാടുകളായി തുടങ്ങി വേദനയോടു കൂടിയ കുരുക്കളായി മാറുന്നു. ചില മുഖക്കുരുകളിൽ മുകളിലെ ഭാഗം വെള്ളയും അതിനു ചുറ്റുമുള്ള ഭാഗം ചുവപ്പും ആയിരിക്കും. ഇത് അണുബാധയുടെ ലക്ഷണമാകാം. 

മുഖക്കുരു ഉള്ളവരിൽ മുഖത്തും മറ്റും സെബത്തിന്റെ അളവ് (എണ്ണമയം) കൂടുതലായിരിക്കും. ഇതു മൂലം മുഖത്തെ രോമകൂപങ്ങൾ അടഞ്ഞു ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും രൂപപ്പെടുന്നു. ഇതിൽ ബാക്ടീരിയൽ അണുബാധ ഉണ്ടാകുമ്പോഴാണ് മുഖക്കുരുവായി മാറുന്നത്. കുരുക്കൾ പൊട്ടിയ ശേഷം അവയുടെ ഭാഗത്തു കറുത്ത പാടുകൾ രൂപപ്പെടാം. 

ADVERTISEMENT

താരൻ മൂലവും മുഖക്കുരു ഉണ്ടാകാമെന്നതിനാൽ മുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധ വേണം. ഹോർമോൺ വ്യതിയാനം കൊണ്ടും ആർത്തവ ക്രമക്കേടുകൾ കൊണ്ടും മുഖക്കുരു വരാം. അതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ ചെയ്യുക. 

പരിഹാരം  

ADVERTISEMENT

എണ്ണമയം ഉള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ തൈര്, അച്ചാർ എന്നിവയുടെ ഉപയോഗം ക്രമീകരിക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

വിയർത്തതിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക. അധികമായി വെയിലേൽക്കാതെ ശ്രദ്ധിക്കണം. ഫെയ്സ് സ്ക്രബുകളുടെ ഉപയോഗം ഒഴിവാക്കുക. ഇടയ്ക്കിടെ മുഖക്കുരുവിൽ തൊടുകയും പൊട്ടിക്കുകയും ചെയ്യുന്ന ശീലം വേണ്ട.  

ADVERTISEMENT

നിംബാദി കഷായം, വരണാദി കഷായം, പുനർന്നവാദി കഷായം, ത്രായന്ത്യാദി കഷായം, കൈശോര ഗുൽഗുലു, കാഞ്ചനാര ഗുൽഗുലു, അവിപത്തി ചൂർണം, മാണിഭദ്രഗുളം എന്നിവ വൈദ്യ നിർദേശാനുസരണം ഉപയോഗിക്കാം. 

മുഖക്കുരു അധികമായിട്ടുള്ള അവസ്ഥയിൽ അട്ട ചികിത്സ (ലീച് തെറാപ്പി) വളരെ ഫലപ്രദമാണ്.

പരിപാലന കൂട്ടുകൾ

∙ മുഖക്കുരുവിന്റെ ആദ്യ അവസ്ഥയിലും പഴുപ്പുള്ളപ്പോഴും ലേപങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. പകരം ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളമോ ത്രിഫലാദി ചൂർണം ഇട്ടു തിളപ്പിച്ച വെള്ളമോ ചൂടാറിയശേഷം തലയും മുഖവും കഴുകാനായി ഉപയോഗിക്കാം.

∙ പഴുപ്പില്ലാത്ത മുഖക്കുരുവില്‍ ത്രിഫല ചൂർണമോ ലോദ്രാധി ചൂർണമോ  ഇളം  ചൂടുവെള്ളത്തിൽ കുഴച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. 

∙ കച്ചോലം അരച്ചതു കട്ടിയുള്ള മുഖക്കുരുവിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം.  

∙ ആര്യവേപ്പില,  ത്രിഫല ചൂർണം ഏലാദി ചൂർണം എന്നിവയിലേതെങ്കിലും ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ആവി കൊണ്ടു മുഖം വിയർപ്പിച്ചതിനു ശേഷം വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും നീക്കം ചെയ്യാവുന്നതാണ്.

Ayurvedic Treatments for Acne:

Acne is a common skin problem among teenagers. This condition involves small red patches that can develop into painful pimples, sometimes with white or red centers indicating infection. The article discusses causes like excess sebum, clogged pores leading to blackheads and whiteheads, hormonal changes, and dandruff, along with various remedies including dietary changes, hygiene practices, and Ayurvedic treatments.

ADVERTISEMENT