ADVERTISEMENT

കരിയർ സെറ്റായിട്ടേ കുഞ്ഞിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നു പറയുന്ന പുതിയകാലത്തെ സ്ത്രീകളെ കണ്ട് അമ്പരക്കേണ്ട. ഉന്നതവിദ്യാഭ്യാസത്തിനോ കരിയർ ലക്ഷ്യങ്ങൾക്കോ വേണ്ടി ദീർഘകാലം ചെലവഴിച്ച ശേഷം മിഡ്‌ലൈഫ് പ്രഗ്‌നൻസി തിരഞ്ഞെടുക്കാനാണു യുവതലമുറ ഇഷ്ടപ്പെടുന്നത്. രണ്ടാമത്തെ കുഞ്ഞ് നാൽപതുകളിൽ മതിയെന്നു തീരുമാനിക്കുന്നവരുമേറെ. ബോളിവുഡ് നടിമാരായ ദീപിക പദുക്കോൺ, കത്രീന കൈഫ്, സോനം കപൂർ തുടങ്ങിയവർ മിഡ്‌ലൈഫ് പ്രഗ്‌നൻസി തിരഞ്ഞെടുത്തതോടെ നാൽപതുകളിലെ ഗർഭധാരണം വീണ്ടും ചർച്ചയാകുകയാണ്. വൈകിയുള്ള ഗർഭധാരണം തിരഞ്ഞെടുക്കുമ്പോൾ മുൻകൂട്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

തിരഞ്ഞെടുക്കാം േയാജിച്ച ചികിത്സ

ADVERTISEMENT

നാൽപതുകളിൽ അമ്മയാകാനൊരുങ്ങുമ്പോൾ മൂന്നോ നാലോ മാസത്തിനുള്ളിൽ സ്വാഭാവികമായി ഗർഭം ധരിച്ചില്ലെങ്കിൽ വന്ധ്യതാചികിത്സ വൈകരുത്. 45 വയസ്സ് കഴിയുന്നതോടെ ആർത്തവവിരാമമടുക്കുന്നതു കൊണ്ടു ഗർഭധാരണം ബുദ്ധിമുട്ടുള്ളതാകും. ഇങ്ങനെയുള്ളവർക്ക് െഎവിഎഫ് ചികിത്സ സ്വീകരിക്കാം.

വിവാഹം വൈകുക, ആകസ്മികമായി മക്കളുടെ ജീവൻ നഷ്ടപ്പെടുക തുടങ്ങിയ കാരണങ്ങളാലാകും പലരും 45 വയസ്സിനു ശേഷം വന്ധ്യതാചികിത്സയ്ക്കായെത്തുക. ഇങ്ങനെയുള്ളവർക്കും ഡോക്ടറുമായി ചർച്ച ചെയ്തു യോജിച്ച ചികിത്സ പിന്തുടരാൻ കഴിയും.

ADVERTISEMENT

ഓേരാ വ്യക്തിയുടെയും പ്രായം, ശാരീരിക അവസ്ഥ തുടങ്ങിയവ വിലയിരുത്തിയാണ് േഡാക്ടർ യോജിച്ച ചികിത്സ നിർദേശിക്കുക. സ്ത്രീകൾക്ക് 50 വയസ്സ് വരെയുള്ള പ്രായത്തിൽ െഎവിഎഫ് ചികിത്സ സ്വീകരിക്കാനാകും (49 വയസ്സ് പൂർത്തിയാകുന്ന കാലം വരെ). പുരുഷന്മാർക്ക് 55 വയസ്സു വരെ വന്ധ്യതാ ചികിത്സ സ്വീകരിക്കാനാകും. ഇതിനു ശേഷമുള്ള പ്രായത്തിൽ വന്ധ്യതാ ചികിത്സ സ്വീകരിക്കണമെങ്കിൽ കോടതിയെ സമീപിച്ചു പ്രത്യേക ഉത്തരവ് നേടിയെടുക്കേണ്ടി വരും.

മുൻകൂട്ടി അണ്ഡം ശീതീകരിക്കാം

ADVERTISEMENT

ശാസ്ത്രീയമായ രീതിയിൽ അണ്ഡം പുറത്തെടുത്തു ദീർഘകാലം ശീതീകരിച്ചു വച്ചു ഭാവിയിൽ താൽപര്യമുള്ള സമയത്തു ഗർഭം ധരിക്കാൻ സഹായിക്കുന്ന പ്രക്രിയയാണ് അണ്ഡശീതീകരണം (എഗ് ഫ്രീസിങ്). സാഹചര്യങ്ങൾ കൊണ്ടു ഗർഭധാരണം വൈകിപ്പിക്കുന്നവർക്ക് ഈ മാർഗം തിരഞ്ഞെടുക്കാം.

പ്രായം കൂടുന്തോറും ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാം. ഇതോടെ ഗർഭിണിയാകാനുള്ള സാധ്യത കുറയും. വന്ധ്യതാചികിത്സയുടെ വിജയശതമാനവും കുറയാം. ഇതെല്ലാം പരിഹരിക്കാൻ അണ്ഡം ശീതീകരിക്കൽ സഹായിക്കും. ഏതു പ്രായത്തിലാണോ അണ്ഡം ശീതീകരിക്കുന്നത്, അതേ ഘടനയോടെ സൂക്ഷിക്കാൻ കഴിയും.

വിവാഹിതർക്കു മാത്രമല്ല, വിവാഹം വൈകുക, മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുക എന്നീ സാഹചര്യങ്ങളിലും അണ്ഡം ശീതീകരിക്കാം. ഉന്നതവിദ്യാഭ്യാസത്തിനോ കരിയർ ലക്ഷ്യങ്ങൾക്കോ വേണ്ടി ദീർഘകാലം ചെലവഴിക്കാൻ മുൻകൂട്ടി തീരുമാനിക്കുന്നവർക്കു മുപ്പതുകളുടെ തുടക്കത്തിൽത്തന്നെ അണ്ഡം ശീതീകരിക്കാം. അണ്ഡ ശീതീകരണത്തിനു 75,000 മുതൽ 1.5 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. നാൽപതുകൾക്കു ശേഷം വന്ധ്യതാ ചികിത്സ ചെയ്യുമ്പോഴുള്ള ചെലവിനെ അപേക്ഷിച്ചു വളരെ കുറവാണ് ഈ തുക.

കണ്ടെത്താം ജനിതക വൈകല്യങ്ങൾ

30 വയസ്സു വരെ പ്രായമുള്ള 1500 സ്ത്രീകളിൽ ഒരാൾക്കു ഡൗൺ സിൻഡ്രോമുള്ള കുഞ്ഞ് ജനിക്കാൻ സാധ്യതയുണ്ട്. 30- 34 വ യസ്സു വരെയുള്ള പ്രായത്തിൽ 800 സ്ത്രീകളിൽ ഒരാൾക്കാകും ഈ സാധ്യത. 40- 45 പ്രായത്തിൽ നൂറിലൊരാൾക്കും 45 വയസ്സിനു ശേഷം അൻപതിലൊരാൾക്കും ജനിക്കുന്ന കുട്ടിക്ക് ഡൗൺ സിൻഡ്രോമുണ്ടാകാം. മുൻകൂട്ടി എഗ് ഫ്രീസിങ് പ്രയോജനപ്പെടുത്തിയാൽ ഈ അവസ്ഥ ഒരുപരിധി വരെ തടയാം.

നാൽപതുകളിലെ ഗർഭധാരണത്തിൽ സങ്കീർണതകളുള്ളതുകൊണ്ടു ജനിതകവൈകല്യങ്ങൾ കണ്ടെത്താനുള്ള പ്രത്യേക പരിശോധനകൾ നടത്തേണ്ടതുണ്ട്. ഫീറ്റൽ മെഡിസിൻ വിദഗ്ധരെ കണ്ട് അൾട്രാസൗണ്ട് സ്കാൻ നടത്തണം. 12ാം ആഴ്ചയിലെ സ്കാനിങ്, ബ്ലഡ് ടെസ്റ്റ്, 20ാം ആഴ്ചയിലെ അനോമലി സ്കാൻ ഇവ വഴി കുഞ്ഞിനു ജനിതകവൈകല്യങ്ങൾ ഉണ്ടോയെന്ന് അറിയാൻ കഴിയും. െഎവിഎഫ് ചികിത്സ ചെയ്യുമ്പോൾ പ്രീ ഇംപ്ലാന്റേഷൻ ജനിതക പരിശോധന (PGT) വഴി ഗർഭധാരണത്തിനു മുൻപുതന്നെ ഭ്രൂണങ്ങളിൽ ക്രോമസോം തകരാറുകളോ ജനിതക വൈകല്യമോ ഉണ്ടോയെന്ന് അറിയാൻ കഴിയും.

ഗർഭകാലത്തു ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ശ്രദ്ധിക്കുകയും വേണം. മാനസികാരോഗ്യവും ഉറപ്പാക്കുക. ഗർഭകാല പരിശോധനകൾ മുടക്കരുത്.

സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ച ശേഷം അമ്മയാവാൻ പ്രായം തടസ്സമാകില്ല. മുന്നൊരുക്കവും കരുതലും വേണമെന്നു മാത്രം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. രശ്മി ജെ. ആർ.

സീനിയർ കൺസൽറ്റന്റ്, ഡിപ്പാർട്മെന്റ് ഓഫ്

റിപ്രൊഡക്ടീവ് മെഡിസിൻ

കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ്

ഫെർട്ടിലിറ്റി സെന്റർ, ചേർത്തല, ആലപ്പുഴ

മിഡ്‌ലൈഫ് കമ്മിറ്റി ചെയർപേഴ്സൻ, കേരള ഫെഡറേഷൻ ഓഫ് ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി

ADVERTISEMENT