മഴ നനയാൻ രസമാണെങ്കിലും മുടിയിഴകൾക്കു അതൊട്ടും നല്ലതല്ല. മുടിയിൽ ഈർപ്പം തങ്ങിനിന്നാല്‍ ദുർഗന്ധമുണ്ടാകാനും താരൻ പോലെയുള്ള അണുബാധകൾ വർധിച്ച് ശിരോചർമത്തിൽ ചൊറിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്.
മഴവെള്ളത്തോടൊപ്പം അന്തരീക്ഷത്തിലുള്ള മാലിന്യങ്ങളും പൊടികളും ശിരോചർമത്തിലടിയുകയും ഇത് തലയോട്ടിയിലെ സ്വാഭാവിക പി എച്ച് നിലയെ തകർക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ ശിരോചർമം ദുർബലമാകുകയും അതുമൂലം മുടി പൊട്ടി പോവുകയു ചെയ്യും. അതോടൊപ്പം ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാനും കാരണമാകും.
മഴവെള്ളം മുടിയിൽ വീണാൽ
മഴവെള്ളം മുടിയിൽ വീണാൽ അതങ്ങനെ തന്നെ ഉണങ്ങാൻ അനുവദിക്കരുത്. കഴിയുന്നതും വേഗം ചെറു ചൂടുവെള്ളം കൊണ്ട് തലമുടി നന്നായി കഴുകണം. വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മഴവെള്ളത്തിലൂടെ ശിരോചർമത്തിലടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാം. ഷാംപൂ ചെയ്ത ശേഷം കണ്ടീഷണർ ഉപയോഗിക്കാൻ മറന്നുപോകരുത്. മുടിയിലെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.
മുടിയിൽ മഴവെള്ളം പറ്റിയാൽ ഒരിക്കലും ശക്തിയായി തോർത്തരുത്. വൃത്തിയായി തല കഴുകിയ ശേഷം മൃദുലമായ തോർത്തോ, തുണിയോ ഉപയോഗിച്ച് ഉണക്കാൻ ശ്രമിക്കാം. നനഞ്ഞിരിക്കുന്ന മുടിയിൽ ശക്തമായി തോർത്തുന്നതും ചീപ്പ് ഉപയോഗിച്ച് ചീകുന്നതും മുടിയിഴകൾ പൊട്ടിപ്പോകാൻ കാരണമാകും.
മഴയുള്ള ദിവസങ്ങളിൽ മുടി വൃത്തിയായി കെട്ടിവയ്ക്കുന്നതാണ് നല്ലത്. മുടി അഴിച്ചിടുമ്പോള്‍ നന്നായി നനയാനും അതുവഴി മുടി കെട്ടുപിണയാനും കാരണമാകും. ഇതു മുടിയിഴകളുടെ ആരോഗ്യത്തെ നശിപ്പിക്കും.
മഴക്കാലത്തു എല്ലാ ദിവസവും തല കുളിക്കണമെന്നില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എണ്ണ തേച്ചു മസാജ് ചെയ്തതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മതിയാകും.
മഴക്കാലത്ത് താരൻ പോലെയുള്ള അണുബാധകൾ വർധിക്കുകയാണെങ്കിൽ കൂടുതൽ മുടി പൊഴിയുന്നത് വരെ കാത്തിരിക്കാതെ എത്രയും വേഗം ഒരു ചർമരോഗ വിദഗ്ധനെ കണ്ട് പ്രതിവിധി നേടേണ്ടതാണ്.