മഴക്കാലം മനസ്സിനു റൊമാന്റിക് സിനിമയാണെങ്കിൽ മുടിക്ക് പലപ്പോഴും ഹൊറർ സ്റ്റോറിയാണ്. ഒരു നിമിഷം മുൻപ് പരസ്യത്തിലെ മോഡലിനെപ്പോലെ മിനുസമാർന്ന പാറിപറക്കുന്ന മുടിയുമായി പുറത്തിറങ്ങും. അടുത്ത നിമിഷം ജീവനില്ലാത്ത, അനുസരണയില്ലാത്ത മുടി. ഇതിനു പുറമേ മുടികൊഴിച്ചിൽ, താരൻ, എണ്ണമയമുള്ള ശിരോചർമം എന്നിവയും കൂടിയാൽ മഴക്കാലം ഒരു ‘ഹെയർ ഹൊറർ സ്റ്റോറി’ ആയി മാറും.
ചില ചെറിയ മാറ്റങ്ങൾ, വീട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ, അൽപം അധിക ശ്രദ്ധ... ഇത്രയും മതി, മഴ എത്ര പെയ്താലും മുടി ഭംഗിയോടെ നിലനിർത്താം.
മഴയും മുടിയും
മഴക്കാലത്ത് വായുവിലെ അമിതമായ ഈർപ്പം മുടിയുടെ സ്വാഭാവിക ഘടനയെ ബാധിക്കുന്നുണ്ട്. ഫലമോ പറന്നുനിൽക്കുന്ന മുടിയിഴകൾ, കുരുക്കുകൾ, ഭംഗി കെട്ടുപോകുന്ന ഹെയർസ്റ്റൈലുകൾ...
ശിരോചർമമാണെങ്കിൽ മറ്റൊരു പ്രശ്നത്തിലാണ്. വിയർപ്പും പൊടിയും നനവും കൂടിച്ചേർന്നു ചൊറിച്ചിൽ, താരൻ, എണ്ണമയം എന്നിവയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.
മുടി നനവോടെ കെട്ടിവയ്ക്കേണ്ട
മഴക്കാല മുടിസംരക്ഷണത്തിന് ഗോൾഡൻ റൂൾ ഉണ്ടെങ്കിൽ അത് ഇതാണ്. പെട്ടെന്നു കുളിച്ച് ഓഫിസിലേക്ക് പോകേണ്ടി വരാം, അപ്രതീക്ഷിതമായി മഴ നനച്ചേക്കാം. മുടി ഉണങ്ങാൻ സമയില്ലെന്നു വരുമ്പോൾ കെട്ടിവയ്ക്കാൻ തോന്നിയാലും വേണ്ടേ വേണ്ട.
നനഞ്ഞ മുടി ദുർബലമാണ്. നനവുള്ള ശിരോചർമം പൂപ്പൽ വളരാൻ അനുയോജ്യമായ ഇടവും. മൃദുവായി ടവ്വൽ കൊണ്ടു ശിരോചർമവും മുടിയും ഉണക്കുക. ആവശ്യമെങ്കിൽ ഹെയർ ഡ്രയറിന്റെ തണുത്ത വായു ഉപയോഗിക്കുക.
അമിതമായ ഹീറ്റ് സ്റ്റൈലിങ് ഒഴിവാക്കാം. ഇതു സമ്മർദ്ദത്തിലായിരിക്കുന്ന മുടിയെ കൂടുതൽ വരണ്ടതാക്കും.
അനുസരണയില്ലാത്ത മൺസൂൺ ഫ്രിസ്
പ്രധാനപ്പെട്ട മീറ്റിങ്ങോ ഡേറ്റ് നൈറ്റോ വരുമ്പോഴാകും മുടിയാകെ ഫ്രിസ്. അനുസരണയില്ലാതെ പറന്നു നടക്കുന്ന മുടിയെ മെരുക്കാൻ നോക്കുന്നതിനു പകരം മുടിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാൻ ശ്രമിക്കാം.
ഹെയർ സ്റ്റൈലിൽ ലൂസ് വേവ്സ്, സോഫ്റ്റ് കേൾസ്, അയഞ്ഞ ബ്രെയ്ഡ്സ്, സിംപിൾ ഹെയർ ബൺ എന്നിവ തിരഞ്ഞെടുക്കാം. ലൈറ്റ്‌വെയ്റ്റ് സീറം മുടി ഒട്ടിപ്പിടിക്കാതെ ഫ്രിസ് നിയന്ത്രിക്കാൻ സഹായിക്കും. മുടിയിൽ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കാം.
ചുരുണ്ട മുടിയുള്ളവർക്ക് സ്വാഭാവിക ടെക്സ്ചർ ആഘോഷിക്കാനുള്ള അവസരമാണ് മൺസൂൺ. കേൾ ഡിഫൈനിങ് ക്രീമും മോയിസ്ചർ ബാലൻസിങ് ഉൽപ്പന്നവും ഉപയോഗിച്ചു ചുരുളുകൾ ഭംഗിയോടെ നിലനിർത്താം.
മുടി വൃത്തിയാക്കുമ്പോൾ
ഈർപ്പമുള്ള കാലാവസ്ഥയിൽ വിയർപ്പും പൊടിയും വേഗത്തിൽ ശിരോചർമത്തിൽ അടിഞ്ഞുകൂടും. ഇതു മൂലം മുടിവേരുകൾ അടയാനും ചൊറിച്ചിലും അസ്വസ്ഥതകളും വരാനും ഇടയുണ്ട്. സൾഫേറ്റ് രഹിതവും വീര്യം കുറഞ്ഞതുമായ ഷാംപൂ ഉപയോഗിച്ചു തല വൃത്തിയാക്കാം. എണ്ണമയം കൂടുതലുള്ള ശിരോചർമമുള്ളവർ ഒരു ദിവസം ഇടവിട്ട് തല കഴുകാം. അമിതമായി കഴുകിയാൽ മുടി വരണ്ടുപോകുമെന്നുമോർക്കുക.
മഴക്കാലത്തും കണ്ടീഷനർ ഒഴിവാക്കരുത്. മുടിയുടെ നടുഭാഗം മുതൽ അറ്റം വരെ മാത്രം കണ്ടീഷനർ പുരട്ടിയാൽ മതി. ഭാരം കുറഞ്ഞതും ഈർപ്പം നിലനിർത്തുന്നതുമായ കണ്ടീഷനർ ഫ്രിസ് നിയന്ത്രിക്കാൻ നല്ലതാണ്. ലീവ് ഇൻ കണ്ടീഷനറും ആന്റി ഹ്യുമിഡിറ്റി സീറവും വായുവിലെ ഈർപ്പത്തിൽ നിന്ന് അധിക സംരക്ഷണം നൽകും.
താരൻ അലട്ടുന്നുണ്ടെങ്കിൽ ടീ ട്രീ ഓയിൽ, സാലിസിലിക് ആസിഡ്, സിങ്ക് എന്നിവ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
മഴ നനഞ്ഞാൽ
മഴ നനഞ്ഞാൽ കഴിയുന്നത്ര വേഗം ശുദ്ധജലത്തിൽ മുടി കഴുകുക. വായുവിലെ മലിനീകരണവും മറ്റും മഴവെള്ളത്തെ അമ്ലസ്വഭാവമുള്ളതാക്കാം. ഇതു മുടിയുടെ ഘടനയെയും ശിരോചർമത്തിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. കൂടുതൽ നേരം മഴ നനഞ്ഞിട്ടുണ്ടെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിയശേഷം മുടി നന്നായി ഉണക്കുക.
മുടികൊഴിച്ചിൽ കുറയ്ക്കാം
കാലാവസ്ഥ മാറുമ്പോൾ സീസണൽ ഷെഡ്ഡിങ് സാധാരണമാണ്. എന്നാൽ അമിതമായ മുടികൊഴിച്ചിൽ അവഗണിക്കരുത്.
ഇടയ്ക്കിടെ മുടി ചീകുന്നത് ഒഴിവാക്കുക. സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയണക്കവറുകൾ ഉപയോഗിക്കുക. സ്ട്രെസ് നിയന്ത്രിക്കുന്നതും പ്രധാനമാണ്. ഉറക്കക്കുറവും മാനസികസമ്മർദ്ദവും മുടികൊഴിച്ചിൽ കൂടുതൽ രൂക്ഷമാക്കും.
മുടിയെ ഉള്ളിൽനിന്ന് പോഷിപ്പിക്കൂ
ആരോഗ്യമുള്ള മുടിയുടെ തുടക്കം അടുക്കളയിൽ നി ന്നാണ്. പ്രോട്ടീനിനായി മുട്ട, മത്സ്യം, പയർവർഗങ്ങൾ, ആരോഗ്യകരമായ കൊഴുപ്പിനായി നട്ട്സും വിത്തുകളും, ഇരുമ്പു ലഭിക്കാൻ ചീരയും ഇലക്കറികളും, വൈറ്റമിൻ സി കിട്ടാൻ നാരങ്ങയും ഓറഞ്ചും പോലുള്ള സിട്രസ് പഴങ്ങൾ, ഒമേഗ 3 ഫാറ്റി ആസിഡിനായി വാൾനട്ട്, ഫ്ലാക്സ് സീഡ് എന്നിവ ആഹാരത്തില്‍ ഉൾപ്പെടുത്താം. മഴക്കാലത്തും ധാരാളം വെളളം കുടിക്കണമെന്നും ഓർക്കുക.
അമ്മൂമ്മയുടെ പൊടിക്കൈകൾ
മുത്തശ്ശിമാരുടെ ചില സൗന്ദര്യക്കൂട്ടുകൾ മുടിയുടെ ആരോഗ്യകാര്യത്തിൽ നല്ല ഫലം നൽകും.
∙ മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുന്നുണ്ടോ? ഒരു പിടി കറിവേപ്പില അരക്കപ്പ് വെളിച്ചെണ്ണയിൽ ചൂടാക്കുക. ഇലകൾ ഇരുണ്ട നിറമാകുമ്പോൾ അടുപ്പില്‍ നിന്നു വാങ്ങി എണ്ണ ചൂടാറാൻ വയ്ക്കുക. ആഴ്ചയിലൊരിക്കൽ ഈ എണ്ണ തലയിൽ മസാജ് ചെയ്തശേഷം കുളിക്കാം.
∙ തലയോട്ടിയിൽ ചൊറിച്ചിലോ അസ്വസ്ഥതയുമുണ്ടെങ്കിൽ കറ്റാർവാഴയുടെ കാമ്പ് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയുക.
∙ തൈര് ചേർന്ന ഹെയർ മാസ്ക് മൺസൂൺ ഫ്രിസ് കുറയ്ക്കും. മൂന്നു വലിയ സ്പൂൺ തൈരും ഒരു വലിയ സ്പൂൺ തേനും യോജിപ്പിച്ചു മുടിയുടെ പകുതിയിൽ നിന്ന് അറ്റം വരെ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം കഴുകാം.
∙ താരൻ ചെറുക്കാൻ ആരിവേപ്പില നല്ലതാണ്. ഒരു പിടി ആരിവേപ്പില വെള്ളത്തിൽ തിളപ്പിക്കുക. ചൂടാറിയശേഷം അരിച്ചെടുക്കണം. ഷാംപൂ ചെയ്തതിനുശേഷം അവസാന റിൻസായി ഈ വെള്ളം ഉപയോഗിക്കാം.
∙ താരനകറ്റാൻ ഒരു ജെൻ സി ടിപ് വേണോ? നാലു വലിയ സ്പൂൺ ഒലിവ് ഓയിലിലേക്കോ വെളിച്ചെണ്ണയോ അഞ്ചു തുള്ളി ടീട്രീ ഓയിൽ ചേർത്തു തലയിൽ മസാജ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞ് ഇളംചൂടുവെള്ളത്തിൽ കഴുകാം.