വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഓറഞ്ച് സഹായിക്കും.
കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഇത് ചർമത്തിന്റെ ഘടനയെയും ഉറപ്പിനെയും സഹായിക്കും. ഓക്സീകരണ സമ്മർദം തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഓറഞ്ചിലുണ്ട്. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ചർമത്തിന് ആരോഗ്യവും ഉന്മേഷവും നൽകാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസിന്റെ ഗുണങ്ങള്‍
∙ വൈറ്റമിൻ സി, എ, ബി, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയടങ്ങിയതാണ് ഓറഞ്ച് ജ്യൂസ്. ഇവയെല്ലാം തന്നെ ചർമത്തിന്റെ ആരോഗ്യത്തിനു സഹായിക്കുമെങ്കിലും വൈറ്റമിൻ സിയാണു കൂടുതല്‍ ഗുണം നൽകുന്നത്.
∙ വൈറ്റമിൻ സി മികച്ച ആന്റി ഓക്സിഡന്റ് ആണ്. ഇതു ചർമത്തിലെ ഫ്രീ റാഡിക്കിൾസിനെ ന്യൂട്രലൈസ് ചെയ്യുന്നതുവഴി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റും.
∙ ചർമത്തിനു ദൃഢത നൽകുന്ന കൊളാജൻ ഉൽപാദനം കൂട്ടാനും വൈറ്റമിൻ സി സഹായിക്കും. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കാം. പഞ്ചസാര ചേർക്കാതിരിക്കുന്നതാണു നല്ലത്.
∙ വൈറ്റമിൻ സി ചർമകാന്തി കൂട്ടും. ഇരുണ്ട നിറം നൽകുന്ന മെലാനിൻ ഉൽപാദനം കുറയ്ക്കാൻ വൈറ്റമിൻ സി സഹായിക്കുമെന്നതിനാലാണ് ഇങ്ങനെ പറയുന്നത്.
∙ മധുരമുള്ള പഴമായതുകൊണ്ടുതന്നെ സ്വീറ്റ് ക്രേവിങ്ങ്സ് അകറ്റാൻ ഓറഞ്ച് കഴിക്കുന്നതിലൂടെ സാധിക്കും. മധുരത്തിനു പുറമെ വൈറ്റമിനുകളും നാരുകളും ശരീരത്തിലെത്തുകയും ചെയ്യും. ഓറഞ്ചിലെ നാരുകൾ വയറു നിറഞ്ഞ തോന്നലുണ്ടാക്കും. അതുകൊണ്ടുതന്നെ അമിതമായി ലഘുഭക്ഷണം കഴിക്കുന്നത് തടയാനും സാധിക്കും.
∙ ഓറഞ്ചിൽ വൈറ്റമിൻ സിയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന സസ്യസംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഓറഞ്ചിൽ കരോട്ടിനോയ്ഡ് അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ യുടെ ഉറവിടമാണിത്. ഓറഞ്ചും അതിനൊപ്പം ക്യാരറ്റ്, ചീര, പപ്പായ, ക്യാപ്സിക്കം തുടങ്ങിയവയും കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കും.