ADVERTISEMENT

ചീറിപ്പാഞ്ഞു പോവുന്ന എത്രയെത്ര കാറുകൾ പല നിറങ്ങളിൽ, പല പവറിൽ... എന്നിട്ടും പഴയൊരു മാരുതി കിതച്ചു കുതിച്ചു പോകുമ്പോൾ ആരുമൊന്നു നോക്കി പോകും. പഴയ പ്രണയം പോെല‌യല്ലേ ചുവന്ന മാരുതി 800. കാലം എത്ര പാഞ്ഞാലും ഇഷ്ടം ഇഷ്ടമായി തന്നെ ബാക്കി കിടക്കും...  

മാരുതിയുടെ ഹൃദയത്തിനരികിൽ കൈവച്ചു നിൽക്കുമ്പോൾ കാറുകളോടുള്ള പ്രണയത്തെക്കുറിച്ചാണു മംമ്ത പറഞ്ഞു തുടങ്ങിയത്. അമേരിക്കയില്‍ ട്രാക്ക് ഡ്രൈവിങ്ങിനു പോകാറുണ്ട് മംമ്ത. 110 കിലോമീറ്റര്‍ സ്പീഡില്‍ പറപറക്കുമ്പോള്‍ േപാലും വളവുകളിൽ പതറാതെ സ്റ്റിയറിങ് വളയ്ക്കാറുണ്ട്. കൺമുന്നിൽ ഒരു കാർ തെന്നിത്തെറിച്ചു മറിഞ്ഞിട്ടും ഇടിച്ചു കയറാതെ ഒഴിഞ്ഞു മാറിയിട്ടുമുണ്ട്.

ADVERTISEMENT

വർഷങ്ങൾക്കു മുൻപ്  കാൻസർ ഇടിച്ചിടാൻ വന്നപ്പോഴും ബ്രേക്കിട്ടു നിർത്തി മുന്നോട്ടു പോയതാണ്. രോഗത്തെ നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചതാണ്. പക്ഷേ, കഴിഞ്ഞ  മാർച്ചിൽ മംമ്തയെ തേടി മറ്റൊരു പ്രതിസന്ധിയെത്തി.

ഈ ചിത്രം പോസ്റ്റു ചെയ്തത് ഒരുപാട് ആലോചിച്ച ശേഷമാണ്. കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്.

ADVERTISEMENT

2022 ജനുവരി ഒന്ന്. രാവിലെ  മണിയൻപിള്ള രാജു ചേട്ടൻ വിളിച്ചു.  ‘ പുതിയ സിനിമയെക്കുറിച്ച് പറയാനാണ്. സേതു ആണ് സംവിധാനം. ആസിഫ് അലി നായകൻ. നായിക മംമ്തയാകണം ’ കഥ വിശദമായി കേൾക്കാനൊന്നും നിന്നില്ല.  പുതിയ വർഷം. ആദ്യ കോൾ,  ഞാൻ യെസ് പറ‍ഞ്ഞു.  

മഹേഷും മാരുതിയും എന്ന ആ സിനിമയുടെ ഷൂട്ട് തുടങ്ങി. മനസ്സ് കൂടുതൽ പോസിറ്റീവായി.  മാരുതിയും പ്രണയവും ഒക്കെയുള്ള സിനിമ.  മാരുതിയോടുള്ള പ്രണയവും. അതിനിടയിൽ ഗൗരി വരുന്നതും ഒക്കെയാണ് കഥ.  

ADVERTISEMENT

ഷൂട്ട് മുന്നോട്ടു പോയി.  മാർച്ച് ആയപ്പോൾ  ശരീരത്തിൽ വെളുത്ത കുത്തുകളാണു കണ്ടു തുടങ്ങിയത്. പിന്നീടത് വലുതായി മുഖത്തേക്കും കഴുത്തിലേക്കും കൈപ്പത്തിയിലേക്കും പടർന്നു. ഇടയ്ക്കു മരുന്നുകൾ മാറ്റിയിരുന്നു. ഇന്റേണൽ ഇൻഫ്ലമേഷൻ ഉണ്ടായി. ശ്വാസകോശത്തിനു കുഴപ്പങ്ങളുണ്ടായതു നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യാസം വലുതായി.

കാൻസർ വന്നപ്പോൾ എന്റെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ‘മംമ്താ നീ സ്ട്രോങ് ആണെന്ന്’ മനസ്സു പറഞ്ഞുകൊണ്ടിരിക്കും. ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണുപോയി.  സുഹൃത്തുക്കൾക്കു ഫോൺ ചെയ്തില്ല.  ദിവസങ്ങളോളം ഞാൻ ഇരുന്നു കരഞ്ഞു, തിരിച്ചു ലൊസാഞ്ചൽസിലേക്ക് പോയി. രണ്ടാഴ്ച  നിന്നപ്പോൾ മനസ്സു വീണ്ടും പറ‌ഞ്ഞു ‘മംമ്താ നീ സ്ട്രോങ്’ ആണ്. തിരികെ നാട്ടിലെത്തി.

ഒരു രാത്രി കാറുമായി പുറത്തിറങ്ങി. പെട്രോൾ അടിച്ചു കാർ‌ഡു കൊടുത്തപ്പോൾ ആദ്യ ചോദ്യം – അയ്യോ മാഡം മുഖത്തിലും കയ്യിലും എന്തുപറ്റി? ആക്സിഡന്റായതാണോ? നൂറു കിലോ സ്ട്രെസ്  മനസ്സിലേക്കു വന്നു വീണു. ഇഷ്ടം കൊണ്ടാകാം ഇത്തരം ചോദ്യമുണ്ടാകുന്നത്. പക്ഷേ, കേൾക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന ഭാരം താങ്ങാനാകില്ല. പ്രത്യേകിച്ചു ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന ഒരാൾക്ക്. മാസങ്ങളോളം ഒറ്റയ്ക്കിരുന്നു. ഒടുവിൽ മനസ്സിലായി ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കും. സ്ട്രെസ് കൂടും തോറും രോഗവും കൂടും. പുറത്തിറങ്ങിയേ പറ്റൂ. 

അമ്മയും അച്ഛനും ഞാനും അതിരപ്പള്ളിയിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ചാണ് ഈ ഫോട്ടോ പോസ്റ്റു ചെയ്യാൻ തീരുമാനിച്ചത്. ഇനി രോഗത്തെക്കുറിച്ചു പറയില്ലെന്ന് ഉറപ്പിച്ചതാണ്. ഈ ഫോട്ടോ കണ്ടാൽ ‘മംമ്തയുടെ ആരോഗ്യം കുഴപ്പത്തിലായെന്നു’ വാർത്തകൾ വരും. ഫോട്ടോ പോസ്റ്റ് ചെയ്തതോടെ മനസ്സ് ശാന്തമായി. എന്തു പറ്റിയെന്നു ചോദിക്കുന്നവരോടു തമാശയ്ക്കാണെങ്കിലും പോയി ഇൻസ്റ്റ പേജ് നോക്ക് എന്നു പറയാമല്ലോ.

തീപ്പൊള്ളലേറ്റവരോട്, ആസിഡ് പൊള്ളിച്ചവരോട് എന്തു പറ്റിയെന്നു പലരും ചോദിക്കാറുണ്ട്. അറിയാനുള്ള ആ ഗ്രഹം കൊണ്ടാകാം. പക്ഷേ, അത്തരം ചോദ്യങ്ങൾ ചിലരുടെ  മനസ്സിലേൽപ്പിക്കുന്ന മുറിവ് വലുതാണ്.

ADVERTISEMENT