ആറു വർഷം മുൻപ്, പതിനെട്ടുകാരി ക്യാമറയ്ക്കു മുന്നിൽ ‘കണ്ണിറുക്കി’(വിങ്ക്)യപ്പോൾ ഇന്റർനെറ്റ് ആ നോട്ടത്തിന്റെ അമ്പേറ്റുവീണു. ആ ഒറ്റനോട്ടത്തിൽ പ്രിയ പ്രകാശ് വാരിയർ എന്ന പെൺകുട്ടി ഇന്റർനെറ്റ് സെൻസേഷനായി മാറി. മീമുകളിലുൾപ്പെടെ വളർത്തുന്നതും തളർത്തുന്നതുമായ കമന്റുകളുടെ തിരയിളകി. പക്ഷേ, പ്രിയ നിശബ്ദത പാലിച്ചു. കല്ലെറിഞ്ഞവരെക്കൊണ്ടു കയ്യടിപ്പിക്കാൻ പ്രിയയ്ക്ക് അധികസമയം വേണ്ടിവന്നില്ല.
കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും പിൻബലത്തിൽ പ്രിയ മലയാളത്തിൽ നിന്നു തമിഴിലേക്കും അവിടെ നിന്നു തെലുങ്കിലേക്കുമെത്തി. ആ യാത്ര ഇന്നെത്തിനിൽക്കുന്നത് തെന്നിന്ത്യൽ സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം ഗുഡ്, ബാഡ്, അഗ്ലി എന്ന സിനിമയിലാണ്. പുതിയ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ വനിതയ്ക്കൊപ്പം.
ഗുഡ്, ബാഡ്, അഗ്ലിയിലെ നിത്യ ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ?
ഒരുപാടു സന്തോഷമുണ്ട്. സംവിധായകൻ ആദിക് രവിചന്ദ്രനാണ് സിനിമയിലേക്ക് ക്ഷണിച്ചത്. വളരെ രസകരമായാണു നിത്യയെക്കുറിച്ച് ആദിക്ക് സംസാരിച്ചത്. എന്തെങ്കിലും തയാറെടുപ്പുകൾ വേണോ എന്നു ചോദിച്ചപ്പോൾ, ‘പ്രിയ സ്പെയിനിലേക്ക് വെക്കേഷന് പോകുന്ന മൂഡിൽ വന്നാൽ മതി’ എന്നായിരുന്നു മറുപടി. ആ ഉത്തരത്തിൽ പകുതി റിലാക്സ്ഡ് ആയി. ചിരിയോടെ മാത്രം ഓർത്തെടുക്കാനാകുന്ന അനുഭവങ്ങളാണ് ‘ഗുഡ് ബാഡ് അഗ്ലി’ സമ്മാനിച്ചത്.
ജിബിയുവിലേക്ക് എന്നെ ആകർഷിച്ച പ്രധാനഘടകം അജിത് കുമാർ എന്ന പേരാണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമായിരുന്നു. എന്നാൽ പരിചയപ്പെട്ടപ്പോൾ മനസ്സിലായി ഇനി ലൈഫ് ലോങ് ഞാൻ അജിത് കുമാർ എന്ന വ്യക്തിയുടെ ഫാൻ ആയിരിക്കുമെന്ന്. അത്രയ്ക്ക് ഡൗൺ ടു എർത്ത് ആയ മനുഷ്യനാണ്. ഷൂട്ടിന്റെ ഇടവേളകളിൽ ഒരുപാടു സംസാരിച്ചു. കേരളത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അദ്ദേഹം വാചാലനാകും.
സാറിനൊപ്പമുള്ള ആദ്യ ഷോട്ട് ‘തൊട്ടുതൊട്ടു പേസും സുൽത്താനാ’ എന്ന പാട്ടിന്റെ അവസാനരംഗമാണ്. അന്നു പാട്ടു മാത്രം ഷൂട്ട് ചെയ്യും എന്നാണ് ആദിക്ക് പറഞ്ഞിരുന്നത്. സെറ്റിൽ അജിത് സാറിനെ കണ്ടപ്പോൾ ഞാനാലോചിച്ചു, ഇന്നു പാട്ടു മാത്രമാണല്ലോ ഉള്ളതെന്ന്. പാട്ടിന്റെ മൂഡിൽ ചിൽ ചെയ്തു നിൽക്കുമ്പോഴാണ് ആദിക്ക് പറയുന്നത് ‘ഇനി നമുക്ക് അജിത് സാറിനൊപ്പമുള്ള ഭാഗം എടുക്കാം’എന്ന്. സ്പോട്ടിലാണ് ഡയലോഗ് പോലും പറഞ്ഞു തന്നത്.
അജിത് സർ ഞങ്ങളെ വിലങ്ങണിയിച്ചു കൊണ്ടുപോകുന്ന രംഗം മുൻകൂട്ടി പറഞ്ഞിരുന്നില്ല. അർജുനും സാറും തമ്മിൽ ഏറ്റുമുട്ടലുണ്ടാകും എന്നായിരുന്നു എന്റെ ധാരണ. ഷോട്ടിനു തൊട്ടു മുൻപാണ് എന്നേയും വിലങ്ങണിയിക്കുമെന്ന് അറിയുന്നത്. പാട്ടിനിടയിൽ സാറിന്റെ എൻട്രിയുണ്ട് എന്നതും അറിയില്ലായിരുന്നു. തിയറ്ററിൽ ആ സീൻ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റ് വിവരിക്കാൻ എനിക്കറിയില്ല. ക്രൂയിസിൽ സിമ്രൻ മാമിനെ കാണിക്കുന്നുണ്ടെങ്കിലും മാമിനൊപ്പം കോമ്പിനേഷനുണ്ടായിരുന്നില്ല. അതിൽ അൽപം നിരാശയുണ്ട്.

സുൽത്താനയിലുമുണ്ടല്ലോ ‘വിങ്ക്’?
അയ്യോ... ആ വിങ്ക് എന്റേതല്ല. സിമ്രൻ മാമിന്റേതാണ്. യ ഥാർഥ പാട്ടിൽ മാം വിങ്ക് ചെയ്യുന്നുണ്ട്. റിക്രിയേഷനായതു കൊണ്ട് ഉപയോഗിച്ചുവെന്നു മാത്രം. സത്യത്തിൽ വിങ്ക് ഗേൾ അല്ലെങ്കിൽ വൈറൽ സെൻസേഷൻ എന്ന ഫീൽ ജിബിയുവിൽ ഒരിടത്തുമില്ല. ആരും അതിനെക്കുറിച്ചു സംസാരിച്ചതേയില്ല. അതെന്നെ വളരെ റിഫ്രഷ്ഡ് ആക്കി.
ശാലിനിയെ പരിചയപ്പെട്ടിരുന്നോ?
സ്പെയിനിൽ ശാലിനി മാമുണ്ടായിരുന്നെങ്കിലും കാണാൻ സാധിച്ചില്ല. ആ ദിവസങ്ങളിൽ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ലൊക്കേഷനും ഞങ്ങൾ താമസിക്കുന്ന സ്ഥലവുമായി നല്ല ദൂരമുണ്ടായിരുന്നു. പക്ഷേ, മേയ് ഒന്നിനു ചെന്നൈയിൽ നടന്ന അജിത് സാറിന്റെ ബർത് ഡേ പാർട്ടിയിൽ ശാലിനി മാമിനെ കാണാനും സംസാരിക്കാനും സാധിച്ചു. വളരെ കാലമായി പരിചയമുള്ള, അടുപ്പമുള്ള ഒരാളോടു സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. സാറിന്റെ മകൾ അനൗഷ്കയുമായി എനിക്കു വളരെ ക്യൂട്ട് റിലേഷൻഷിപ്പ് ആണുള്ളത്.
ധനുഷിന്റെ ചിത്രത്തിലൂടെ തമിഴിലുമെത്തിയല്ലോ?
ധനുഷ് സാറിന്റെ വണ്ടർ ബാർ ഫിലിംസിൽ നിന്നാണ് ആ ദ്യം വിളിക്കുന്നത്. ചെന്നൈയിൽ എത്തിപ്പോൾ ധനുഷ് സർ നേരിട്ടു ‘നിലവ്ക്ക് എൻമേൽ എന്നടി കോപ’ത്തിന്റെ സ്ക്രിപ്റ്റ് വിശദീകരിച്ചു. രണ്ടു ഭാഗമായാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ആദ്യഭാഗത്ത് ഒരു ചെറിയ പോർഷനാണ് എന്റെ കഥാപാത്രമായ പ്രീതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ക്രിപ്റ്റ് എഴുതി വന്നപ്പോൾ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം പ്രീതിയാണെന്നും അദ്ദേഹത്തിന്റെ മനസ്സിൽ പ്രീതിയായി ഞാനല്ലാതെ മറ്റൊരു ഒാപ്ഷനില്ലെന്നും ധനുഷ് സർ പറഞ്ഞിരുന്നു.
ചെറിയ വേഷമായതുകൊണ്ടുതന്നെ ആലോചിച്ചു തീരുമാനം അറിയിച്ചാൽ മതിയെന്നു പറഞ്ഞെങ്കിലും എന്റെ മറുപടി ഇമ്മീഡിയറ്റ് യെസ് ആയിരുന്നു. കാരണം, സാറിനൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു. പക്ഷേ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാന്‍ സാധിക്കുമെന്നു പ്രതീക്ഷിച്ചതേയില്ല.

പെട്ടെന്ന് വൈറലായ വിങ്കും പിന്നാലെ വന്ന വിവാദങ്ങളും. എങ്ങനെ പിടിച്ചു നിന്നു?
ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു അഡാർ ലൗവിലെ വിങ്ക് സീൻ വൈറലായത്. എല്ലാ അവസ്ഥകളിലും ഗ്രൗണ്ടഡ് ആയി നിൽക്കണം എന്നതാണ് എന്റെ പോളിസി. പെട്ടെന്നുണ്ടാകുന്ന വിജയങ്ങളിൽ പൊങ്ങിപ്പോയാൽ പിന്നാലെയുണ്ടാകുന്ന വീഴ്ചകളുടെ ആഘാതം വലുതായിരിക്കുമെന്നല്ലേ പറയുന്നത്. വിങ്ക് സെൻസേഷനിൽ മതിമറക്കാത്തതുകൊണ്ടുതന്നെ പിന്നാലെയുണ്ടായ വിവാദങ്ങളും എന്നെ തൊട്ടതേയില്ല.
അഡാർ ലൗവിൽ എന്നെ കാസ്റ്റ് ചെയ്തത് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ്. പ്രധാന കഥാപാത്രം ചെയ്യേണ്ടിയിരുന്ന കുട്ടി പെട്ടെന്നു പിന്മാറിയതുകൊണ്ടാണ് ആ വേഷം എന്നിലേക്ക് എത്തിയത്. എന്നാൽ, വിശ്വസിച്ചയിടങ്ങളിൽ നിന്നുണ്ടായ തിരിച്ചടികൾ വേദനിപ്പിച്ചു. ഇന്നും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. അച്ഛനും അമ്മയും അടുത്ത സുഹൃത്തുക്കളുമാണ് പരീക്ഷണഘട്ടം താണ്ടാൻ സഹായിച്ചത്. വിവാദങ്ങൾ കരിയറിനെ പ്രതികൂലമായി ബാധിച്ചു. ചെറിയ റോളിലേക്ക് കാസ്റ്റ് ചെയ്യാമെന്നു കരുതുന്നവർ പോലും നെഗറ്റിവിറ്റിയുടെ പേരിൽ എന്നെ ഒഴിവാക്കി. ആരേയും തെറ്റു പറയാനാവില്ല.
ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ ഞാ ൻ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. കാഴ്ചപ്പാടുകൾക്കു വ്യക്തത കൈവന്നുവെന്നത് ബോണസാണ്. ലക്ഷ്യങ്ങളും ചിന്തകളും നല്ലതാണെങ്കിൽ ആ നന്മ നമ്മിലേക്കു തിരികെയെത്തും എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.
തെറ്റിദ്ധരിക്കപ്പെടുന്നു എന്ന തോന്നലുണ്ടോ?
തീർച്ചയായും. ആദ്യ സിനിമ മുതൽ എന്നെക്കുറിച്ച് ഒരുപാ ടു തെറ്റിധാരണകളുണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായിപ്പോലും ഭാവിക്കാറില്ല. ചിലതു നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു. പൊതുവേ കേട്ടുവരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാൻ. ഒരുപക്ഷേ അതാകാം. വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ചധികം നാളായിട്ടുണ്ടത്രേ. പക്ഷേ ഈയടുത്താണ് അതറിയുന്നത്.
കുറച്ചുനാൾ മുൻപ് ഒരു പ്രശസ്ത മലയാളം സംവിധായകനെ എയർപോർട്ടിൽ വച്ച് കണ്ടു. സംസാരിച്ചിരിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു ‘ പ്രിയ ഇത്ര വലിയ തുകയാണല്ലേ പ്രതിഫലമായി ചോദിക്കുന്നത്’ എന്ന്. എനിക്കെന്തു പറയണമെന്നറിയില്ലായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഒരു സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച് മറ്റൊരാളുമായി സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത്രേ പ്രിയയുടെ പ്രതിഫലം വളരെ കൂടുതലാണെന്ന്. എന്തിനാകും അയാളങ്ങനെ പറഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് അയാൾക്ക് എന്തു നേട്ടമുണ്ടായിട്ടുണ്ടാകും? മറ്റുള്ളവരുടെ ഉള്ളിലെന്താണെന്ന് അറിയാൻ സാധിക്കില്ലല്ലോ. ആരോ കൊളുത്തിവിടുന്ന നിസാരമായൊരു കമന്റിലൂടെ എത്രയോ മനുഷ്യർക്ക് അവരുടെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകും.
പ്രിയ പേടിക്കുന്ന എന്തെങ്കിലുമുണ്ടോ?
ബന്ധങ്ങൾ, അടുപ്പം ഒക്കെ എനിക്കു പേടിയാണ്. കാരണം ഒരുപാട് അടുത്താൽ അവർ വിട്ടുപോകുമ്പോൾ നമുക്കു വേദനിക്കും. ആ വേദന എനിക്കു താങ്ങാൻ സാധിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ ക്ലോസ് സർക്കിളിൽ വളരെ കുറച്ചു മനുഷ്യർക്കേ സ്ഥാനമുള്ളൂ.
യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണോ?
യാത്ര ചെയ്യാതെ പിടിച്ചു നിൽക്കാൻ സാധിക്കുന്ന പരമാവധി കാലാവധി നാലു മാസമാണ്. അതിനപ്പുറം നീണ്ടാൽ ഉള്ളിലിരുന്ന് ആരോ കുത്താൻ തുടങ്ങും. ഗുഡ് ബാഡ് അഗ്ലിയുടെ ഷൂട്ടിനായി സ്പെയിനിൽ പോയിരുന്നു. അതിനുശേഷം ഒരു ഗ്യാപ് വന്നപ്പോഴാണു ബാലിയിലേക്കുള്ള ബാഗ് പാക്ക് ചെയ്തത്.
ബാലി മുഴുവൻ എക്സ്പ്ലോർ ചെയ്ത് മടങ്ങിയെത്തിയപ്പോഴേക്കും ഒന്ന് റീചാർജ് ചെയ്ത ഫീലുണ്ട്. സോളോ ട്രാവലിങ് അടിപൊളിയാണെന്ന് എല്ലാവരും പറയുന്നു. ഒ റ്റയ്ക്കുള്ള യാത്രകൾ എനിക്കു ബോറിങ്ങാണ്. കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊ ഒപ്പമുള്ള യാത്രകളാണു സന്തോഷം.
അഭിനേത്രി എന്ന നിലയിൽ പത്തു വർഷത്തിനപ്പുറം പ്രിയയെ എവിടെ കാണാൻ സാധിക്കും?
ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ ഭാഗമാകണം, ഒാസ്കർ നേടണം, ഇതൊക്കെയാണ് സ്വപ്നം. എനിക്കു തന്നെ ചിരി വരുന്നുണ്ടെങ്കിലും സ്വപ്നം കാണാമല്ലോ. സംഭവിക്കുമെന്നു പ്രതീക്ഷിക്കാം.