‘പ്രേമ’ത്തിലെ സെലിൻ ആകേണ്ടിയിരുന്നതു ഞാൻ; പിന്നീട് മഡോണയെ കണ്ടപ്പോൾ സന്തോഷം തോന്നി: റേബ പറയുന്നു
Mail This Article
‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിലൂടെ നിവിൻ പോളിക്കൊപ്പം കെഎസ്ആർടിസി ബസിൽ ആരംഭിച്ചതാണു റേബാ ജോണിന്റെ സിനിമായാത്ര. ആ യാത്രയിപ്പോൾ മലയാളത്തിന്റെ അതിരുകൾ കടന്നു തമിഴും തെലുങ്കും താണ്ടി തുടരുന്നു.
രജനികാന്തിനൊപ്പം കൂലി, വിജയ്ക്കൊപ്പം ബിഗിൽ, പിന്നാലെ ഈയടുത്തിറങ്ങിയ മാഡ്സ്ക്വയർ എന്ന തെലുങ്ക് സിനിമയിലെ ‘സ്വാതി റെഡ്ഢി’ എന്ന ഗാനരംഗത്തിലൂടെ വൈറൽ സ്റ്റാറുമായി ഈ മിടുക്കി.
ക്യാമറയ്ക്ക് മുന്നിൽപ്പോലും നിൽക്കാൻ മടിയുള്ള പെൺകുട്ടിയിൽ നിന്ന് ബോൾഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രതാരത്തിലേക്കുള്ള യാത്രയെക്കുറിച്ച് റേബ പറയുന്നു. ‘‘ഡാൻസ് ചെയ്യാനിഷ്ടമാണെങ്കിലും സിനിമയിൽ ഇതുവരെ ഫുൾ ഓൺ ഡാൻസ് നമ്പർ ചെയ്തിട്ടില്ല. അങ്ങനെയിരിക്കെയാണ് സ്വാതി റെഡ്ഢി എനിക്കു ലഭിക്കുന്നതും ഞാൻ കൈകൊടുക്കുന്നതും. യഥാർഥത്തിൽ അതൊരു നാടൻ പാട്ടാണ്. പാട്ടിന്റെ എനർജിയും വൈബും ഇഷ്ടമായതുകൊണ്ടുതന്നെ ആസ്വദിച്ചാണ് അഭിനയിച്ചത്. പാട്ട് റിലീസായപ്പോൾ ഒരുപാടുപേർ ചോദിച്ചു, ‘റേബാ,ഡാൻസ് ചെയ്യുമോ?’ എന്ന്. തെലുങ്കിൽ മൃത്യുഞ്ജയ് ആണു പുതിയ റിലീസ്.
ജേക്കബിന്റെ സ്വർഗരാജ്യത്തിനു പിന്നാലെ മലയാളത്തിൽ ഒരുപാട് അവസരങ്ങള്‍ ലഭിച്ചെങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന തീരുമാനത്തില്‍ പലതും വേണ്ടെന്നു വച്ചു. പ്രേമത്തിലെ സെലിൻ ആയി എന്നെ കാസ്റ്റ് ചെയ്തിരുന്നു. പപ്പ സുഖമില്ലാതെ ആശുപത്രിയിലായിരുന്നതുകൊണ്ട് അതുപേക്ഷിക്കേണ്ടി വന്നു. കരിയറിനേക്കാൾ എനിക്കു പ്രധാനം പപ്പയായിരുന്നു. സിനിമ കണ്ടപ്പോൾ മഡോണ ആ കഥാപാത്രം മനോഹരമായി ചെയ്തിരിക്കുന്നല്ലോ എന്നു സന്തോഷം തോന്നി. ’’ റേബ പറഞ്ഞു. ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ധീരമാണ് മലയാളത്തിൽ റേബ അഭിനയിക്കുന്ന പുതിയ ചിത്രം.
