ADVERTISEMENT

ഫാമിലിയോടൊപ്പം അമ്പലത്തിൽ പോവാറുണ്ട്. ദൈവ വിശ്വാസിയാണോ എന്നു ചോദിച്ചാൽ, നിഷേധിയല്ലെന്നു പറയാം. അതേസമയം, ഭ്രമയുഗത്തിലെ ചാത്തൻ ഫിക്‌ഷൻ കഥാപാത്രമാണ്.

ഞാനുമായോ ജീവിതവുമായോ അതിനു യാതൊരു ബന്ധവുമില്ല. – ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENT

ജീവിതത്തിൽ രണ്ടാമതൊരു സിനിമ ചെയ്യാൻ പത്തുവർഷം കാത്തിരിക്കേണ്ടി വന്ന ഭൂത കാലത്തിനുടമയാണു രാഹുൽ സദാശിവൻ. ഭ്രമയുഗം എന്ന ടൈറ്റിലിനു താഴെ സംവിധായകനും തിരക്കഥാകൃത്തുമായി രാഹുലിന്റെ പേരു തെളിഞ്ഞപ്പോൾ സന്തോഷം തുളുമ്പിയ കണ്ണുകളോടെ തിയേറ്ററിലെ മുൻനിരയിൽ രണ്ടു പേരുണ്ടായിരുന്നു. കനറാ ബാങ്ക് മാനേജർ സദാശിവനും ഭാര്യ രാധികയും. അവരുടെ പ്രാർഥന ദൈവം കേട്ടു; മകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയ്ക്കു സംസ്ഥാന സർക്കാരിന്റെ നാലു പുരസ്കാരങ്ങൾ. പോറ്റിയായി അഭിനയിച്ച മമ്മൂട്ടി, ചാത്തന്റെ പാചകക്കാരനായ സിദ്ധാർഥ് ഭരതൻ, പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്‌റ്റോ സേവ്യർ, മേക്കപ്പ് മാൻ റോണക്സ് സേവ്യർ – ഇവരിലേക്കു വന്നണഞ്ഞ പുരസ്കാരങ്ങളെ സ്വന്തം ഹൃദയത്തിലേക്കു ചേർക്കുകയാണു രാഹുൽ. അവാർഡ് കിട്ടിയപ്പോഴുണ്ടായ സന്തോഷത്തെക്കുറിച്ചു ചോദിച്ചാൽ കാച്ചിക്കുറുക്കിയ വാക്കുകളിലാണ് സംവിധായകന്റെ മറുപടി.

രാഹുലിന്റെ വാക്കുകൾ:

ADVERTISEMENT

വീടാണ് എന്റെ എഴുത്തുപുര. നിശബ്ദതയിൽ എഴുതാനാണ് എനിക്കിഷ്ടം. രാത്രിയിലാണ് എഴുതാറുള്ളത്. വീട്ടിൽ ഭാര്യയും മകനും മാത്രമേയുള്ളൂ. ഭാര്യ ശ്യാമൾ. ഞങ്ങൾക്ക് ഒരു മകൻ – ഇഷാൻ.

ഞാൻ ഇങ്ങനെയൊക്കെ സിനിമകൾ ചെയ്യുന്നു എന്നുള്ള കാര്യം ആലോചിക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്. ലണ്ടനിൽ പഠനം കഴിഞ്ഞു തിരികെ വരുമ്പോൾത്തന്നെ കുറച്ചു കഥകൾ മനസ്സിലുണ്ടായിരുന്നു. പിന്നീട്, ഭ്രമയുഗം എഴുതി തുടങ്ങിയപ്പോൾ കൊടുമൺ പോറ്റിയായി അഭിനയിക്കാൻ മമ്മൂക്ക വേണമെന്നു മനസ്സിലുറപ്പിച്ചു. കഥ പൂർത്തിയാക്കി നിർമാതാവിനെ കണ്ടെത്തിയ ശേഷമാണ് മമ്മൂക്കയെ കാണാൻ പോയത്. ‘നമുക്ക് ഒരു തവണകൂടി ഇരിക്കാം – അദ്ദേഹം പറഞ്ഞു. മൂന്നു മാസങ്ങൾക്കു ശേഷം മുഴുവൻ തിരക്കഥയുമായി വീണ്ടും മമ്മൂക്കയെ കണ്ടു. അദ്ദേഹം അഭിനയിക്കാമെന്നു സമ്മതിച്ചു. കുറച്ചു ദിവസങ്ങൾകൊണ്ട് ഒരുപാടു വർഷങ്ങളുടെ ബന്ധം മമ്മൂക്കയുമായി ഉണ്ടാക്കിയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സിനിമാ മോഹവുമായി നടന്ന കാലത്തു സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്ത കാര്യമാണിത്. ഭ്രമയുഗത്തിന് നാല് അവാർഡ് കിട്ടിയപ്പോൾ സന്തോഷത്തിന്റെ മധുരം ഇരട്ടിയാകുന്നു. യുഎസിലെ ലൊസാഞ്ചലസിലുള്ള അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ് അവരുടെ ഹാളിൽ ഇരുപതു ദിവസം ഭ്രമയുഗം പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. ഒരു സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കാവുന്ന വലിയ അംഗീകാരമാണിത്.

ADVERTISEMENT

സിനിമ എന്ന മാധ്യമം പാശ്ചാത്യലോകത്തു നിന്ന് എത്തിയ കലാരൂപമാണ്. ഹോളിവുഡിൽ ഓരോ നിമിഷവും പുതിയ പരീക്ഷണങ്ങൾ നടക്കുന്നു. അതുപോലെ നമ്മുടെ സിനിമയുടെ പ്രമേയങ്ങളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭ്രമയുഗവും ഡീയസ് ഈറെയും ഓരോ കാലങ്ങളിൽ എനിക്കു തോന്നിയ കഥകളാണ്. അത് ട്രെൻഡിനൊപ്പം ആയിപ്പോയത് യാദൃച്ഛികം. പ്രേതസിനിമകൾ ഹിറ്റാകുന്നു എന്നതുകൊണ്ട് അങ്ങനെയൊരു കഥയെഴുതി എന്നുള്ള ധാരണ തിരുത്തപ്പെടണം. സിനിമയിലൂടെ ആളുകളെ പേടിപ്പിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഭയപ്പെടുന്ന ഒരാളുടെ അനുഭവങ്ങളാണ് ഡിയസ് ഇറ. പ്രണവ് ആ കഥാപാത്രത്തെ പെർഫെക്ട് ആയി അവതരിപ്പിച്ചു. ഓരോ വിഷയങ്ങളും ഈസിയായി കൈകാര്യം ചെയ്യുന്നയാളാണു പ്രണവ്. എല്ലാവരോടും നന്നായി പെരുമാറണമെന്ന കാര്യത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തുന്നതു കണ്ടിട്ടുണ്ട്. തമാശ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ആയാൽ പോലും ക്യാമറയുടെ മുന്നിലെത്തിയാൽ കഥാപാത്രത്തിന്റെ സീരിയസ്നെസ്സിലേക്കു മാറാൻ കഴിവുള്ള നടനാണു പ്രണവ്. എല്ലാ നടീനടന്മാരുടേയും അഭിനയത്തെ ഇഷ്ടത്തോടെ നോക്കിക്കണ്ടുകൊണ്ടാണ് ഞാൻ സിനിമാരംഗത്തേക്കു വന്നത്. കെ.ജി. ജോർജ് സാറിന്റേയും എം.ടിയുടേയും സിനിമകൾ എനിക്കേറെ പ്രിയപ്പെട്ടവയാണ്. പുതുതായി സിനിമ എടുക്കുമ്പോൾ ആവർത്തനങ്ങളില്ലാതെ, വ്യത്യസ്തത ഉണ്ടാകണമെന്നുള്ള വകതിരിവ് ഇ പ്പോൾ എനിക്കുണ്ട്. അടുത്ത സിനിമയുടെ കഥ അങ്ങനെയൊരു ലൈനിലാണ് പുരോഗമിക്കുന്നത്. ഹൊറർ ആണു പ്രമേയം. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ അറിയിക്കാം.

ADVERTISEMENT