ഞാനൊരു ഫെമിനിച്ചിയാണ്: മികച്ച നടി ഷംല ഹംസ അങ്ങനെ പറയാൻ വ്യക്തമായ കാരണമുണ്ട് best actress shamla interview
Mail This Article
ജോലി ചെയ്തു ജീവിക്കുന്നതാണു ഫെമിനിസമെങ്കിൽ ഞാനൊരു ഫെമിനിച്ചിയാണെന്ന് തുറന്നു പറയാൻ ആർജവമുള്ള നടിയാണ് ഷംല. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ശേഷം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ ഷംല നിലപാടു വ്യക്തമാക്കി.
ചോദ്യം: ഫെമിനിച്ചിയാണോ ഷംല?
ഷംല: ജോലി ചെയ്തു ജീവിക്കുന്നയാളാണു ഞാൻ. നമ്മുടെ ജീവിതം നമുക്ക് ആസ്വദിക്കാനുള്ളതല്ലേ? ഫെമിനിച്ചിയാണോ എന്നു ചോദിച്ചാൽ, ‘ഫെമിനിച്ചിയാണ്’ എന്നു തന്നെയാണു മറുപടി. ജീവിതത്തിൽ ഒരു ഉയർച്ചയുണ്ടാകുമ്പോൾ തൊട്ടു പിന്നാലെ താഴ്ചയുമുണ്ടാകുമെന്നുള്ളതാണ് എന്റെ അനുഭവം. അതുകൊണ്ടു തന്നെ ഫെമിനിച്ചി ഫാത്തിമയെപ്പോലെ ഞാനും നിസ്സാര കാര്യങ്ങൾ കൊട്ടിഘോഷിക്കാറില്ല. ഈയൊരു നിലപാടിൽ കുറ്റപ്പെടുത്തുന്നവരും നല്ലതു പറയുന്നവരുമുണ്ട്. വലിയ ആഘോഷങ്ങൾ എനിക്കു ഭയമാണ്. എന്നെത്തന്നെ വേദനിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കു വേണമെന്നു തോന്നുന്നതു നേടിയെടുക്കാ ൻ കഠിന പരിശ്രമം നടത്താറുണ്ട്. ആ നേട്ടം ആരോടും ഫൈറ്റ് ചെയ്തുകൊണ്ട് ആകരുതെന്നും നിർബന്ധമുണ്ട്. – ഷംല പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല ഇപ്പോൾ മലപ്പുറത്തിനു സമീപം എടപ്പാളിലെ വീട്ടിലുണ്ട്. അഭിനന്ദനം അറിയിക്കാൻ പല ദിക്കുകളിൽ നിന്നു വരുന്നവരുമായി സ്നേഹോപചാരങ്ങളുടെ തിരക്കിലാണു താരമായി മാറിയ ഷംല.
ചോദ്യം: അഭിനയം വന്ന വഴി
നമ്മുടെ നാട്ടിൽ സിനിമപോലെ നാടകങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്ന കാലത്തു മലബാറിൽ അറിയപ്പെടുന്ന നടനായിരുന്നു എന്റെ ഉപ്പ ഹംസം തൃത്താല. ഉമ്മ ഫാത്തിമക്കുട്ടി. ഞങ്ങൾ നാലു മക്കളാണ്. മക്കളെ നോക്കാൻ വേണ്ടി ഉപ്പ നാടകാഭിനയവും കലാപ്രവർത്തനങ്ങളും ഉപേക്ഷിച്ചു. ഉപ്പയുടെ നാടകബന്ധം വഴി കുട്ടിക്കാലത്തേ കുറേയധികം നാടകങ്ങൾ കാണാൻ കഴിഞ്ഞു. ഉപ്പയുടെ മകളായതുകൊണ്ടാകാം പിൽക്കാലത്തു സിനിമയിൽ അഭിനയിക്കാൻ സാധിച്ചത്.
എനിക്ക് അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ഉപ്പയാണ്. ഭർത്താവു സാലിഹും അദ്ദേഹത്തിന്റെ ബന്ധുക്കളും അളവില്ലാതെ നൽകുന്ന പിന്തുണയാണ് ഈ അവാർഡിലേക്ക് എന്നെ എത്തിച്ചത്.
– ഷംല പറഞ്ഞു നിർത്തി.