ദിവസവും 210 കിലോമീറ്റർ മോട്ടർ സൈക്കിൾ ഓടിച്ച് അച്ഛൻ ഓഫിസിൽ പോയി വന്നു, ഒടുവിൽ അമ്മയുടെ ആ ചോദ്യം എന്നെ ഗായികയാക്കി Music and beyond
Mail This Article
‘അഞ്ച് നാട്ടു കള്ളാ ഏ ആസ കള്ളാ...’ എന്ന പാട്ട് കേരളത്തിൽ തരംഗമാകുമ്പോൾ അതിന്റെ സന്തോഷത്തിരയിളക്കം അങ്ങ് നാഗ്പൂരിലാണ്.
‘‘ജേക്സ് ബിജോയ് സാറിനൊപ്പം വർക്ക് ചെയ്യണം എന്നത് വലിയ സ്വപ്നമായിരുന്നു. ജേക്സ് സാറിന്റെ ‘നീല മാലാഖ’യുടെ കവർ വേർഷൻ ഞാൻ പാടി റീൽസ് ചെയ്തത് കേട്ടിട്ടാണ് സർ എന്നെ ഓപ്പറേഷൻ ജാവയിലെ ‘ഇരുവഴി...’ പാടാനായി ക്ഷണിക്കുന്നത്. അന്ന് നാഗ്പൂരിൽ നിന്നു പാടി അയയ്ക്കുകയായിരുന്നു.
പിന്നീട് സരിഗമപ ഹിന്ദിയിലെ പെർഫോമൻസുകൾ കണ്ടിട്ടാണ് സംവിധായകൻ ജയൻ നമ്പ്യാർ സർ കാട്ടു റാസയ്ക്കായി എന്റെ പേര് നിർദേശിച്ചത്. അങ്ങനെ മൂന്നു വർഷങ്ങൾക്കുശേഷം വിലായത്ത് ബുദ്ധയിലൂടെ ജേക്സ് സാറിനൊപ്പം നേരിട്ട് വർക്ക് ചെയ്യാൻ സാധിച്ചു.
അമ്മയുടെ കയ്യക്ഷരത്തിൽ പതിഞ്ഞ പാട്ടുകൾ
എന്റെ പ്രയോരിറ്റി ലിസ്റ്റിൽ ആദ്യ സ്ഥാനം സംഗീതത്തിനാണ്. അതിനാവശ്യമായ പിന്തുണനൽകി അച്ഛൻ ഹരികുമാർ നായരും അമ്മ ദീപ്തി നായരും ഒപ്പമുണ്ട്. കന്യാകുമാരിക്കടുത്ത് പത്മനാഭപുരമാണ് അച്ഛന്റെ നാട്. അമ്മയുടെ വീട് തിരുവനന്തപുരത്തും. ഒന്നര വയസ്സുമുതൽ ഞാൻ നാഗ്പൂരിലാണ്. നാഗ്പൂരിൽ ഇറിഗേഷൻ വകുപ്പിലായിരുന്നു അച്ഛനു ജോലി. വീട്ടിൽ മലയാളത്തിൽ മാത്രമേ സംസാരിക്കാവൂ എന്ന് അച്ഛന് നിർബന്ധമാണ്. മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത് അമ്മയാണ്. സംഗീതത്തിൽ രണ്ടുപേരും ഒരേ എഫർട്ട് എടുത്തിട്ടുണ്ട് കേട്ടോ. സംഗീതത്തിൽ എന്നെ പിന്തുണച്ച മറ്റൊരു വ്യക്തി വല്യമ്മ ദീപ മോഹൻ ആണ്.
ആറാമത്തെ വയസ്സില്‍ പട്ടമ്മാൾ ഗണപതി ഐയ്യർ മാമിനു കീഴിൽ കർണാടകസംഗീതം പഠിക്കാൻ തുടങ്ങി. പ്ലസ് ടുവിൽ ഒാപ്ഷനലായി ഹിന്ദുസ്ഥാനി സംഗീതം തിരഞ്ഞെടുത്തു. ഇപ്പോൾ കർണാടക സംഗീതജ്ഞ ഗീതാ മാമിനും ഭർത്താവ് അനിൽകുമാർ സാറിനും കീഴിൽ ഓൺലൈനായി സംഗീതപഠനം തുടരുന്നു.
ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്ന് 105 കിലോമീറ്റർ ദൂരെയായിരുന്നു അച്ഛന്റെ ഓഫീസ്. പാട്ടു ക്ലാസ് മുടങ്ങരുതെന്നു കരുതി ഓഫിസിന് അടുത്തേക്കു മാറിയില്ല. പകരം അച്ഛൻ ദിവസവും 210 കിലോമീറ്റർ മോട്ടർ സൈക്കിൾ ഓടിച്ച് ഓഫിസിൽ പോയി വരും. അമ്മ സംഗീതപ്രേമിയാണ്. ചില പാട്ടുകളുടെ വരികൾ പഠിക്കാൻ ബുദ്ധിമുട്ടാണ്. രാത്രി മുഴുവനിരുന്ന് പാട്ട് കേട്ട് അമ്മ വരികളെഴുതിയെടുക്കും. വരികൾ മാത്രമല്ല, സ്വരങ്ങളും. പല പാട്ടുകളും മനസ്സിൽ പതിഞ്ഞിരിക്കുന്നത് അമ്മയുടെ കയ്യക്ഷരത്തിലാണ്. സംഗീതം വേണോ മറ്റെന്തെങ്കിലും ജോലി വേണോ എന്നു ചിന്തിച്ചപ്പോഴൊക്കെ പിന്തുണച്ചത് അമ്മയാണ്. ‘ഇഷ്ടം സംഗീതത്തോടല്ലേ? പിന്നെന്തിനാണ് മാറി ചിന്തിക്കുന്നത്?’ എന്ന് അമ്മ ചോദിച്ചു. അതു പ്രചോദനമായി.
ആ ചുവപ്പു നിറത്തിലെ സാരി...
എന്റെ മ്യൂസിക്കൽ ജേണിയിൽ സരിഗമപ ഹിന്ദി റിയാലിറ്റി ഷോയ്ക്ക് വലിയ പങ്കുണ്ട്. സംഗീത സംവിധായകരായ സച്ചിൻ സാറും ജിഗർ സാറും ഷോയിൽ എന്റെ മെന്റേഴ്സ് ആയിരുന്നു. അങ്ങനെയാണ് പരം സുന്ദരിയിലെ ഡേഞ്ചർ പാട്ടിലെ ‘ചുവപ്പു നിറത്തിലെ സാരിയിൽ...’ എന്ന വരികൾ എന്നിലേക്ക് എത്തുന്നത്. വരികളും ഈണവും അയച്ചു തന്നിട്ടു പാടി തിരികെ അയയ്ക്കൂ എന്നു പറഞ്ഞു. വീട്ടിൽ മൈക്കും മറ്റു സംവിധാനങ്ങളുമുണ്ട്. റിലീസിന് രണ്ടു ദിവസം മുൻപാണ് സിനിമയ്ക്ക് വേണ്ടിയാണെന്ന് സച്ചിൻ സർ പറഞ്ഞത്. പാട്ട് റിലീസ് ആയതോടെ ട്രോളിലും മീമിലും ആ വരികൾ നിറഞ്ഞു.
ഒരുപാടു സന്തോഷങ്ങൾ പരം സുന്ദരി സമ്മാനിച്ചു. ശ്രേയ ഘോഷാൽ മാമിനും സോനു നിഗം സാറിനുമൊപ്പം വേദി പങ്കിടാൻ സാധിച്ചുവെന്നതാണ് ഒന്ന്. ശ്രേയ മാം എന്നെ പേരെടുത്ത് വിളിച്ചതും അഭിനന്ദിച്ചതും വലിയ അംഗീകാരമായി കാണുന്നു. സരിഗമപ2024 ഫൈനലിസ്റ്റ് ആകാൻ സാധിച്ചതും ദൈവാനുഗ്രഹം. കഴിഞ്ഞ വർഷം ഞാനും സുഹൃത്തുക്കളും ചേർന്നു പാർവതി മീനാക്ഷി ലൈവ് എന്ന ബാൻഡ് ആരംഭിച്ചു. ഇനിയുമൊരുപാടു പാട്ടുകൾ പാടണം. ബാൻഡ് കൂടുതൽ ലൈവ് ആക്കണം. അതൊക്കെയാണ് പുതിയ പരിപാടികൾ.
