സിംഗപ്പൂർ പഠിക്കണമെന്ന് വാശി പിടിച്ചു. ഒടുവിൽ ചെന്നൈ ലയോള കോളജിൽ പഠിച്ചു Riya Shibu's Unforgettable College Days
Mail This Article
കോളജ് ഡേയ്‌സ് ഒരിക്കലും മിസ് ചെയ്യരുത് എന്നാണ് ഡെലൂലുവായി മനം കവർന്ന റിയ ഷിബുവിന് പറയാനുള്ളത്. എന്റെ കോളജ് കഥ പറഞ്ഞാൽ ഞാൻ വീണ്ടും പപ്പയ്ക്കും ഉമ്മയ്ക്കും മുന്നിൽ ചമ്മേണ്ടി വരും... എന്നാലും പറഞ്ഞേക്കാം....
പ്ലസ്‌ടു കഴിഞ്ഞപ്പോൾ ഞാൻ പപ്പയോടും ഉമ്മയോടും പറഞ്ഞു എനിക്ക് സിംഗപ്പൂർ, അല്ലെങ്കിൽ യുഎസിൽ പഠിച്ചാൽ മതി കേട്ടോ.. . ‘നീ വീടിന് അടുത്തുള്ള ലയോള കോളജിലാണ് പഠിക്കാൻ പോകുന്നത്.’ ഉമ്മ നിർദയം മറുപടി പറഞ്ഞു. പപ്പയാണ് വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് എനിക്കായി തിരഞ്ഞെടുത്തത്. അതെനിക്കിഷ്ടമായി. പക്ഷേ, ലയോള കോളജ്, അതു വേണ്ട. സിംഗപ്പൂരിലും യുഎസിലുമൊക്കെ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാമല്ലോ... ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു.
ആപ്ലിക്കേഷൻ അയയ്ക്കുന്നു... ഇന്റർവ്യൂ നടക്കുന്നു... അഡ്മിഷൻ കിട്ടുന്നു... അപ്പോഴും ഞാൻ സിംഗപ്പൂർ, സിംഗപ്പൂർ എന്നു വാശി പിടിക്കുന്നു. ഒടുവിൽ മുഖവും വീർപ്പിച്ച് കോളജിലേക്ക് പോകുന്നു. ആദ്യ ദിവസം വൈകുന്നേരം തന്നെ എന്റെ വീർത്ത മുഖം ചെറുതായി മാറി, പിറ്റേന്ന് ലേശം ചിരി വരാൻ തുടങ്ങി. പിന്നെപ്പിന്നെ തുള്ളിച്ചാടി കോളജിൽ പോകാൻ തുടങ്ങി. ഉമ്മ ചോദിച്ചു. ‘എങ്ങനെയുണ്ട് കോളജ് ?’ ‘ഓ... കുഴപ്പമില്ല.’ സന്തോഷം മറച്ചു വച്ചു ഞാൻ പറഞ്ഞു. അങ്ങനങ്ങ് തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ...
ലയോളയിൽ പഠിക്കുമ്പോഴാണ് വിഡിയോ ക്രിയേഷൻസ് ചെയ്തു തുടങ്ങിയത്. അപ്പോൾ പ്രൊഡക്‌ഷനെക്കുറിച്ച് അറിയാൻ ആഗ്രഹമായി. പപ്പയോട് പ്രൊഡക്‌ഷനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ‘നീ നാളെ മുതൽ ഓഫിസിലേക്ക് പോരൂ...’ പപ്പ പറഞ്ഞു.
പ്രൊഡക്‌ഷൻ ടീം വർക്കാണ് എന്നു ഓഫീസിൽ പോയിത്തുടങ്ങിയതോടെ മനസ്സിലായി. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ, ലൈൻ പ്രൊഡ്യൂസർ, മാർക്കറ്റിങ് തുടങ്ങി പല ഘടകങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രൊഡക്ഷനെ വിജയത്തിലേക്ക് നയിക്കുന്നത്. ‘മുറ’യിലും ‘വീര–ധീര–സൂരനി’ലും മാർക്കറ്റിങ് സൈഡിൽ ഞാൻ നന്നായി പ്രവർത്തിച്ചു. എല്ലാത്തിന്റെയും താക്കോൽ പപ്പ തന്നെ ആയിരുന്നു.
