ADVERTISEMENT


മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു.  കൊച്ചിൻ കലാഭവന്റെ സെക്രട്ടറിയായ കെ എസ് പ്രസാദ് ആബേലച്ചന്റെ ഒാർമകളിലൂടെ യാത്ര ചെയ്തപ്പോൾ

‘‘മഹാരാജാസിൽ വച്ച് അൻസാറിനെ ഞാൻ വീണ്ടും കണ്ടു. ഞങ്ങളൊരുമിച്ച് ചില ‘തട്ടിക്കൂട്ട്’ പരിപാടികൾ തുടങ്ങി. കേരള യൂണിവേഴ്സിറ്റിയിൽ മിമിക്രിക്ക് രണ്ടാം സ്ഥാനം നേടിയതോടെ വേദികൾ കിട്ടിത്തുടങ്ങി. അന്നും കലാഭവൻ ആണ് സ്വപ്നം. അവിടെയൊന്നു കയറാനായെങ്കിൽ എന്നു മോഹിക്കും. ആയിടക്ക് ഒന്നു രണ്ടു പ്രോഗ്രാമുകളുടെ നോട്ടീസിൽ ഗാനമേളയ്ക്കൊപ്പം ‘പ്രസാദും അൻസാറും അവതരിപ്പിക്കുന്ന മിമിക്രി’ എന്നച്ചടിച്ചു വന്നു.

ADVERTISEMENT

കലാലോകത്ത് പുതുമയുള്ളതെന്ത് നടക്കുന്നു എന്ന് കണ്ണും മനസ്സും നട്ട് ഇരിക്കുന്ന ആബേലച്ചന്റെ റഡാറിൽ ഞങ്ങളുടെ പേരുകൾ െതളിഞ്ഞു. ഒരു ദിവസം എന്നെ തേടി ‌ഒരാൾ വന്നു–‘ആബേലച്ചൻ അന്വേഷിക്കുന്നുണ്ട്,’ ഞാനച്ചന്റെ മുന്നിലെത്തി. ഇന്റർവ്യൂ പോലും നടത്തിയില്ല. കലാഭവനിൽ എടുത്തു. അങ്ങനെ കോഴിക്കോട്ടെ പ്രോഗ്രാമിനു കലാഭവന്റെ വണ്ടിയിൽ ഞാനാദ്യമായി കയറി.

പഠിച്ചത് കേരള യൂണിവേഴ്സിറ്റിയിൽ ആണെങ്കിലും ജീവിത സർവകലാശാല കൊച്ചിൻ കലാഭവൻ ആയിരുന്നു. ആബേലച്ചൻ അതിന്റെ വൈസ് ചാൻസലറും. പ്രേക്ഷകരാണ് ദൈവമെന്നും അവരാണ് അന്നം തരുന്നതെന്നും സംഘാടകരെ ബഹുമാനിക്കണമെന്നും അച്ചൻ പഠിപ്പിച്ചു. റിഹേഴ്സൽ ഇല്ലാതെ ഒരു പ്രോഗ്രാമിനു പോലും പോവരുതെന്നും പറഞ്ഞു തന്നു. ഇന്നുമതു ഞാൻ പാലിക്കുന്നു.

ADVERTISEMENT

എല്ലാത്തിനും അച്ചനു മറുപടിയുണ്ട്. കലാഭവനിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ചില തലതെറിച്ച പിള്ളേർ അച്ചനെ കൂവും. അച്ചനത് മൈൻഡ് ചെയ്യില്ല. പക്ഷേ, കൂവൽ കേൾക്കുന്ന ഞങ്ങൾക്ക് ചൊറിയും. ഒരു ദിവസം ചോദിച്ചു,‘അച്ചനെന്താ പിള്ളേരെ ചീത്ത വിളിക്കാത്തത്?’ ഉടൻ മറുപടി വന്നു–‘അച്ചൻപട്ടത്തിന് ഇറ്റലിയിൽ പഠിക്കുമ്പോൾ ഞങ്ങളുടെ മനസ്സിന് കട്ടികൂട്ടാനായി പൈസ കൊടുത്ത് ആൾക്കാരെ കൊണ്ട് കൂവിക്കുമായിരുന്നു. ആദ്യം സങ്കടം തോന്നും, ചമ്മലുണ്ടാവും. പിന്നെ, മൈൻഡ് ചെയ്യില്ല. ആ പരിശീലനം പൈസകൊടുത്ത് നേടിയതാണ്. ഇത് ഫ്രീ അല്ലേ... അവര് കൂവട്ടെ, ഒച്ച തെളിയാൻ നല്ലതാ.’

81 ല്‍ അച്ചൻ ചോദിച്ചു,‘മിമിക്രിക്ക് മാത്രമായി ഒരു സ്റ്റേജ് പ്രോഗ്രാം ചെയ്താലോ?’ അതുവരെ ഗാനമേളയ്ക്കിടയിൽ മാത്രം നിന്നിരുന്ന മിമിക്രിയെ മുഴുനീള ചിരിപ്പടമാക്കിയത് ആ ചോദ്യമായിരുന്നു. എറണാകുളത്തെ ഫൈൻ ആർട്സ് ഹാളിലായിരുന്നു ആദ്യ ഷോ. അൻസാർ, ലാൽ,സിദ്ദിഖ്, വർക്കിച്ചൻ പേട്ട, റഹ്മാൻ പിന്നെ ഞാനും... ഫൈൻആർട്സ് ഹാളിൽ ഷോ നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ പരിചിത മുഖം കണ്ടു– മമ്മൂട്ടി. പുതിയത് എന്തെങ്കിലും കണ്ടാൽ അതറിയാനായി എത്തുന്ന മനസ്സ് അദ്ദേഹത്തിന് അന്നേയുണ്ട്. മിമിക്സ് പരേഡ് ഹിറ്റായി, ആയിരക്കണക്കു വേദികൾ. ഒരുപാടു താരങ്ങൾക്ക് വളരാനുള്ള മണ്ണായിരുന്നു കലാഭവനും മിമിക്സ് പരേഡും.

ADVERTISEMENT

വര്‍ഷങ്ങൾ കഴിഞ്ഞു, പലരും കലാഭവനിൽ നിന്നു പോയി. പകരം പുതിയ ആളുകളെത്തി. ചിലരൊക്കെ പോയപ്പോൾ അച്ചനോട് പറഞ്ഞേയില്ല. ഞാൻ പക്ഷേ, പകരക്കാരെ പരിശീലിപ്പിച്ചിട്ടാണ് ഇറങ്ങിയത്. അത് അച്ചൻ പറയാറുമുണ്ടായിരുന്നു. ഇപ്പോഴും കൊച്ചിന്‍ ഗിന്നസിന്റെ ഷോ ചെയ്യുമ്പോൾ ഫൈനൽ റിഹേഴ്സൽ ഞാന്‍ കലാഭവൻ ഹാളിൽ വച്ചു നടത്തും. അച്ചനതു കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അതൊരു ധൈര്യമാണ്.’’

KS Prasad: A Half-Century of Laughter:

KS Prasad, a pioneer of Mimicry Parade, is celebrating fifty years in the art world. His journey, deeply influenced by Abelachan of Cochin Kalabhavan, highlights his dedication to comedy and mentorship.

ADVERTISEMENT