ഇതു പ്രേതഗാനമാണോ? ആളുകളുടെ ആദ്യ പ്രതികരണമിങ്ങനെ; മറ്റു രണ്ടു പാട്ടുകളും ബോണസ്: സിന്ധു ഡെൽസൺ
Mail This Article
വീട്ടുജോലികളുമായി തിരക്കിട്ടു നിന്ന ഒരു ദിവസം മകൻ നെവിൻ പറഞ്ഞു, ‘അമ്മ വിന്റേജ് മൂഡിൽ ഒരു പാട്ടു പാടി തരണം’ എന്ന്. എന്തിനാണ് എന്നൊന്നും വ്യക്തമായി പറഞ്ഞില്ല. സംഗീത സംവിധായകൻ മുജീബ് മജീദിന്റെ അഡീഷനൽ പ്രോഗ്രാമറാണ് നെവിൻ. മോന്റെ ഹോം സ്റ്റുഡിയോയിൽ നിന്നു പാടി അയച്ചുകൊടുത്തു. പാട്ടിന്റെ അണിയറ പ്രവർത്തകർ ഓക്കെ പറഞ്ഞെങ്കിലും മമ്മൂക്കയുടെ അഭിപ്രായം അറിയുന്നതിനുള്ള കാത്തിരിപ്പായിരുന്നു പിന്നീടുള്ള ഒരാഴ്‌ച. മമ്മൂക്ക യെസ് പറഞ്ഞതിനുശേഷമാണ് എന്റെ ശബ്ദം ‘നിലാ കായും വെളിച്ച’ത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മന്നനൈ നീ..., എൻ വൈഗൈ... എന്നീ ഗാനങ്ങൾ ബോണസായി കിട്ടിയതാണ്.
ഇതു പ്രേതഗാനമാണോ ?
സ്മ്യൂൾ ആപ്പ്, വാട്സാപ്പ് സംഗീത കൂട്ടായ്മ തുടങ്ങിയ ഇടങ്ങളിൽ സജീവമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ സ്മ്യൂളിൽ പാട്ടുകൾ പാടി. വീടിനുള്ളിൽ മാത്രം ഒതുങ്ങി നിന്ന എന്റെ ശബ്ദം കുറച്ചുകൂടി വലിയ ജനക്കൂട്ടത്തിലേക്കെത്തിയത് അപ്പോഴാണ്.
സിനിമയിൽ പാടിയ കാര്യം അടുത്ത സുഹൃത്തുക്കളോടുപോലും പറഞ്ഞിരുന്നില്ല. നിലാ കായും ലിറിക്കൽ വിഡിയോ ഇറങ്ങിയപ്പോൾ എന്റെ പേരു കണ്ട് ഒരുപാടുപേർ വിളിച്ചു. പ്രേതഗാനമാണോ എന്നായിരുന്നു പലരുടെയും സംശയം. വാണി ജയറാമിന്റെയൊക്കെ ഹോറർ ഗാനങ്ങൾ ഞാൻ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും പാടിയിട്ടുണ്ട്, അതുകൊണ്ടാകും.
ഈണത്തിലൊഴുകിയ താരാട്ടുകൾ
ചെറുപ്പം തൊട്ടേ സംഗീതത്തോടു വലിയ ഇ ഷ്ടമാണ്. എട്ടാം വയസ്സിൽ ശാസ്ത്രീയ സംഗീതം പഠിച്ചുതുടങ്ങിയെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ തലപൊക്കിയതോടെ സംഗീതപഠനത്തോടു വിട പറയേണ്ടിവന്നു. വീണ്ടും പാടിത്തുടങ്ങിയത് അമ്മയായതിൽപ്പിന്നെയാണ്. നെവിൻ പിറന്നശേഷം താരാട്ടുപാട്ടുകളായി എന്റെ ലോകം. ആഗ്രഹം പോലെ നെവിൻ സംഗീതത്തിന്റെ വഴി നടന്നു. നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുമുണ്ട്. ഗോപി സുന്ദറിനൊപ്പമായിരുന്നു അവന്റെ തുടക്കം. സംഗീത സംവിധാനമാണു താൽപര്യം. ഇളയമകൻ മെബിനെ പാട്ടിലേക്കു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവൻ അച്ഛന്റെ വഴിയേ ഫുട്‌ബോൾ ഗ്രൗണ്ടിലേക്കിറങ്ങി. പ്ലസ് വൺ വിദ്യാർഥിയാണ് മെബിൻ.
പാട്ടു നിറയും വീട്
സ്നേഹവും പാട്ടും നിറയുന്ന ഇടമാണ് ഹരിപ്പാടെ ഞങ്ങളുടെ വീട്. എന്റെയുള്ളിലെ ഗായികയെ അടുത്തറിഞ്ഞതും പിന്തുണച്ചതും ഭർത്താവ് ഡെൽസൺ ആണ്. ബിസിനസും ഫുട്ബോളുമാണ് അദ്ദേഹത്തിന്റെ ലോകമെങ്കിലും പാട്ടിന്റെ ലോകം എനിക്കൊരുക്കിത്തരുന്നതിൽ ആൾക്ക് സന്തോഷമാണ്. സംഗീതത്തിൽ ഇപ്പോൾ വഴികാട്ടുന്നതു നെവിനാണ്. നിലാ കായും പാടാൻ എനിക്കു സാധിക്കുമെന്ന് അവനുറപ്പായിരുന്നു. ആ വിശ്വാസമാണ് പ്രചോദനമായത്. തമിഴിൽ നിന്ന് ചില അവസരങ്ങൾ വന്നിട്ടുണ്ട് എന്നതാണു പുതിയ വിശേഷം.
