ADVERTISEMENT

മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറാൻ ഒരവസരം കെ.എസ്. പ്രസാദിനു കിട്ടിയത്. അതു മിമിക്രി മത്സരത്തിനല്ല, ഡാൻസിനായിരുന്നു. ഉച്ചയ്ക്കു രണ്ടു മണിക്കു മത്സരം. പക്ഷേ, സ്കൂളിലേക്ക് ഒാടിപ്പിടഞ്ഞു ചെന്നപ്പോഴേക്കും കണ്ട കാഴ്ച– നൃത്ത സംഘത്തിലെ കുട്ടികൾ സ്റ്റേജിലേക്കു കയറുന്നു.

ആദ്യ വേദി തന്നെ അസാധു ആയതിന്റെ സങ്കടം മൂന്നാം ക്ലാസു കാരനെ നന്നായി നീറ്റി. പ്രസാദ് പിന്നെ, ജീവിതത്തിൽ‌ ഒരു സ്റ്റേജിലും വൈകിയിട്ടില്ല. മിമിക്രിയെ കൂട്ടുപിടിച്ചു നാട്ടിലും വിദേശത്തുമായി അയ്യായിരത്തിലധികം വേദികളിൽ ചിരിയുടെ പൂരം നടത്തി. കോമഡിയമിട്ടിന്റെ വർണക്കാഴ്ചകളുമായി നാട്ടുകാരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. കൂടെയുള്ളവരൊക്കെ വഴിമാറിപ്പോയിട്ടും ചിരി തന്നെ മാറിപ്പോയിട്ടും പ്രസാദിന്റെ ചിരിക്കു മാറ്റു കുറഞ്ഞില്ല.

ADVERTISEMENT

കെ.എസ്. പ്രസാദ് ഈ മേഖലയിൽ പലതിന്റെയും തുടക്കക്കാരനാണ്. ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്ത് മിമിക്സ് പരേഡ് വിഡിയോ കസെറ്റ് പുറത്തിറക്കി, ടിവിയിൽ മിമിക്സ് കോമഡി പരിപാടിക്ക് തുടക്കമിട്ടു, ആദ്യമായി അമേരിക്കയിൽ മിമിക്രി അവതരിപ്പിക്കാൻ പോയ രണ്ടു പേരിൽ ഒരാൾ, ആദ്യമായി ഡാൻസും പാട്ടുമൊക്കെ ചേർത്ത് മിമിക്രി മെഗാഷോ സംഘടിപ്പിച്ചു, ഇപ്പോൾ കൊച്ചിൻ കലാഭവന്റെ സെക്രട്ടറി... അരനൂറ്റാണ്ട് കേട്ട കയ്യടിയുടെ ആരവം കൊച്ചിയിലെ വീട്ടിലിരുന്നു പ്രസാദ് ഒാർത്തെടുത്തു. ചിരിവേദികളിലൂടെ ഒരു യാത്ര.

പകരക്കാരനായ ആദ്യ വേദി

ADVERTISEMENT

‘‘സെന്റ് അഗസ്റ്റിൻ സ്കൂളില്‍ പഠിക്കുമ്പോഴേ മിമിക്രി മത്സരത്തിൽ പങ്കെടുക്കും. അന്നെനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. പോൾ മൈക്കിൾ. മിമിക്രിക്ക് ഒരു വർഷം എനിക്ക് ഒന്നാം സ്ഥാനം കിട്ടിയാൽ അടുത്ത വർഷം പോൾ മൈക്കിളിനായിരിക്കും. സ്കൂളിൽ നിന്നിറങ്ങിയിട്ടും ഞങ്ങൾ രണ്ടും മിമിക്രി വിട്ടില്ല. പോൾ മൈക്കിളിനെ നിങ്ങളറിയും–സംവിധായകനും നടനുമായ ലാൽ‌.

1975 ഡിസംബർ. അന്നൊക്കെ ഏതെങ്കിലും ഒരു വേദി കിട്ടാൻ നോക്കി ഇരിക്കുകയാണ് ഞാൻ. ലാലിന്റെ ഇ‍ടവകയിൽ കഴുന്നു കൊണ്ടു പോവുന്ന ദിവസം വലിയ ഉത്സവമാണ്. അവിടെ ഒരു വേദി ലാൽ ഒപ്പിച്ചു തന്നു. അതായിരുന്നു ആദ്യ വേദി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എറണാകുളത്തെ അയ്യപ്പന്‍ കാവിൽ ഉത്സവം കാണാൻ പോയി. അക്കാലത്ത് ഗാനമേളയുടെ ഇടവേളയിൽ മിമിക്രിയുണ്ട്. പായസം കുടിക്കുമ്പോൾ അച്ചാറ്‍ തൊട്ടുകൂട്ടുന്ന പോലെ പാട്ടിനിടയിലെ ആ ചിരി ആൾക്കാർക്ക് ഇഷ്ടമായിരുന്നു. അന്നു പരിപാടി അവതരിപ്പിക്കാമെന്നേറ്റ അൻസാർ വരാൻ വൈകി. അപ്പോഴാണ് സംഘാടകരിൽ ഒരാളായ ബാലകൃഷ്ണൻ ചേട്ടൻ എന്നെ കാണുന്നത്. ‘ഡാ നീ മിമിക്രി അവതരിപ്പിക്കില്ലേ, കയറിക്കോ...’ കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നു. കോമഡി ഏറ്റു. ആൾക്കാർ കയ്യടിച്ചു. ആരോ വന്നു മാലയിട്ടു. പരിപാടി കഴിഞ്ഞപ്പോൾ ബാലകൃഷ്ണൻ ചേട്ടൻ പത്തു രൂപ തന്നു. അതായിരുന്നു ആദ്യ പ്രതിഫലം.

ADVERTISEMENT

മഹാരാജാസിൽ വച്ച് അൻസാറിനെ വീണ്ടും കണ്ടു. ഞ ങ്ങളൊരുമിച്ച് ചില തട്ടിക്കൂട്ട് പരിപാടികൾ തുടങ്ങി. കേരള യൂണിവേഴ്സിറ്റിയിൽ മിമിക്രിക്ക് രണ്ടാം സ്ഥാനം നേടിയതോടെ വേദികൾ കിട്ടിത്തുടങ്ങി. അന്നും കലാഭവൻ ആണ് സ്വപ്നം. അവിടെയൊന്നു കയറാനായെങ്കിൽ എന്നു മോഹിക്കും. ആയിടക്ക് ഒന്നു രണ്ടു പ്രോഗ്രാമുകളുടെ നോട്ടീസിൽ ഗാനമേളയ്ക്കൊപ്പം ‘പ്രസാദും അൻസാറും അവതരിപ്പിക്കുന്ന മിമിക്രി’ എന്നച്ചടിച്ചു വന്നു.

കലാലോകത്ത് പുതുമയുള്ളതെന്ത് നടക്കുന്നു എന്ന് കണ്ണും മനസ്സും നട്ട് ഇരിക്കുന്ന ആബേലച്ചന്റെ റഡാറിൽ ഞങ്ങളുടെ പേരുകൾ െതളിഞ്ഞു. ഒരു ദിവസം എന്നെ തേ ടി ‌ഒരാൾ വന്നു–ആബേലച്ചൻ അന്വേഷിക്കുന്നുണ്ട്,’ ഞാനച്ചന്റെ മുന്നിലെത്തി. ഇന്റർവ്യൂ പോലും നടത്തിയില്ല. കലാഭവനിൽ എടുത്തു. അങ്ങനെ കോഴിക്കോട്ടെ പ്രോഗ്രാമിനു കലാഭവന്റെ വണ്ടിയിൽ ഞാനാദ്യമായി കയറി.

കലാഭവൻ യൂണിവേഴ്സിറ്റി

പഠിച്ചത് കേരള യൂണിവേഴ്സിറ്റിയിൽ ആണെങ്കിലും ജീവിത സർവകലാശാല കൊച്ചിൻ കലാഭവൻ ആയിരുന്നു. ആബേലച്ചൻ അതിന്റെ വൈസ് ചാൻസലറും. പ്രേക്ഷകരാണ് ദൈവമെന്നും അവരാണ് അന്നം തരുന്നതെന്നും സംഘാടകരെ ബഹുമാനിക്കണമെന്നും അച്ചൻ പഠിപ്പിച്ചു. റിഹേഴ്സൽ ഇല്ലാതെ ഒരു പ്രോഗ്രാമിനു പോലും പോവരുതെന്നും പറഞ്ഞു തന്നു. ഇന്നുമതു ഞാൻ പാലിക്കുന്നു.

എല്ലാത്തിനും അച്ചനു മറുപടിയുണ്ട്. കലാഭവനിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ചില തലതെറിച്ച പിള്ളേർ അച്ചനെ കൂവും. അച്ചനത് മൈൻഡ് ചെയ്യില്ല. പക്ഷേ, കൂവൽ കേൾക്കുന്ന ഞങ്ങൾക്ക് ചൊറിയും. ഒരു ദിവസം ചോദിച്ചു,‘അച്ചനെന്താ പിള്ളേരെ ചീത്ത വിളിക്കാത്തത്?’ ഉടൻ മറുപടി വന്നു–‘അച്ചൻപട്ടത്തിന് ഇറ്റലിയിൽ പഠിക്കുമ്പോൾ ഞങ്ങളുടെ മനസ്സിന് കട്ടികൂട്ടാനായി പൈസ കൊടുത്ത് ആൾക്കാരെ കൊണ്ട് കൂവിക്കുമായിരുന്നു. ആദ്യം സങ്കടം തോന്നും, ചമ്മലുണ്ടാവും. പിന്നെ, മൈൻഡ് ചെയ്യില്ല. ആ പരിശീലനം പൈസകൊടുത്ത് നേടിയതാണ്. ഇത് ഫ്രീ അല്ലേ... അവര് കൂവട്ടെ, ഒച്ച തെളിയാൻ നല്ലതാ.’

KSPrasad3
കെ.എസ്. പ്രസാദ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

81 ല്‍ അച്ചൻ ചോദിച്ചു,‘മിമിക്രിക്ക് മാത്രമായി ഒരു സ്റ്റേജ് പ്രോഗ്രാം ചെയ്താലോ?’ അതുവരെ ഗാനമേളയ്ക്കി ടയിൽ മാത്രം നിന്നിരുന്ന മിമിക്രിയെ മുഴുനീള ചിരിപ്പടമാക്കിയത് ആ ചോദ്യമായിരുന്നു. എറണാകുളത്തെ ഫൈൻ ആർട്സ് ഹാളിലായിരുന്നു ആദ്യ ഷോ. അൻസാർ, ലാൽ,സിദ്ദിഖ്, വർക്കിച്ചൻ പേട്ട, റഹ്മാൻ പിന്നെ ഞാനും... ഫൈ ൻആർട്സ് ഹാളിൽ ഷോ നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ പരിചിത മുഖം കണ്ടു– മമ്മൂട്ടി. പുതിയത് എന്തെങ്കിലും കണ്ടാൽ അതറിയാനായി എത്തുന്ന മനസ്സ് അദ്ദേഹത്തിന് അന്നേയുണ്ട്. മിമിക്സ് പരേഡ് ഹിറ്റായി, ആയിരക്കണക്കു വേദികൾ. ഒരുപാടു താരങ്ങൾക്ക് വളരാനുള്ള മണ്ണായിരുന്നു കലാഭവനും മിമിക്സ് പരേഡും.

വര്‍ഷങ്ങൾ കഴിഞ്ഞു, പലരും കലാഭവനിൽ നിന്നു പോ യി. പകരം പുതിയ ആളുകളെത്തി. ചിലരൊക്കെ പോയപ്പോൾ അച്ചനോട് പറഞ്ഞേയില്ല. ഞാൻ പക്ഷേ, പകരക്കാരെ പരിശീലിപ്പിച്ചിട്ടാണ് ഇറങ്ങിയത്. അത് അച്ചൻ പറയാറുമുണ്ടായിരുന്നു. ഇപ്പോഴും കൊച്ചിന്‍ ഗിന്നസിന്റെ ഷോ ചെയ്യുമ്പോൾ ഫൈനൽ റിഹേഴ്സൽ ഞാന്‍ കലാഭവൻ ഹാളിൽ വച്ചു നടത്തും. അച്ചനതു കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അതൊരു ധൈര്യമാണ്.

ദൂരദർശനിലെ ചിരിയും ഗിന്നസും

അന്ന് ഹാർഡ്‌വെയർ കമ്പനിയിലെ സെയിൽസ് മാനേജരായിരുന്നു. ഒപ്പം മിമിക്സ് പരേഡുകളും. രാവിലെ ഒൻപതരയ്ക്ക് ഒാഫിസിലെത്തും ഉച്ചയ്ക്ക് ഇറങ്ങും. മറ്റു ജില്ലകളിലാണ് ഷോ എങ്കിൽ അന്നത്തെ സെയിൽസ് വർക്ക് അവിടെയാക്കും. ആറുമണിക്ക് സ്റ്റേജിലെത്തും.

1989 ആയപ്പോൾ ഞാന്‍ അച്ചനോടു ചോദിച്ചു, ‘ഒരു ട്രൂപ്പ് തുടങ്ങിക്കോട്ടേ...’ അച്ചൻ എതിരു പറ‍ഞ്ഞില്ല. ഞാൻ ആ സ്വപ്നവുമായി മുന്നോട്ടു പോയി. ട്രൂപ്പിന് പേര് കണ്ടെത്തി– കൊച്ചിൻ ഗിന്നസ്. അതിലൊരു കഥയുണ്ട്. ഗിന്നസ് ബുക്ക് ഒാഫ് റെക്കോർഡ്സിൽ കയറുകയെന്നത് എന്റെ മോഹമായിരുന്നു. ഒറ്റയടിക്ക് നൂറ് വ്യത്യസ്ത ശബ്ദം അ നുകരിക്കും. അന്ന് മറ്റാരും അതു ചെയ്തിരുന്നില്ല.

അമേരിക്കയിൽ ഷോയ്ക്ക് പോയപ്പോൾ ഒരു സുഹൃത്തു വഴി ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഒാഫിസിൽ പോയി. കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ട് അന്നത്തെ ചെയർമാൻ ലണ്ടനിലെ ഹെഡ്ക്വാർട്ടേഴ്സിലേക്കും ഡൽഹിയിലേക്കും കത്തെഴുതാൻ നിർദേശിച്ചു. ലണ്ടനിൽ‌ നിന്ന് മറുപടി വന്നു–മിമിക്രിയെ വേൾഡ് റെക്കോർഡ്സിലെ വിഭാഗമാക്കിയിട്ടില്ല. ആ മോഹം തീർന്നു.

ട്രൂപ്പിന് പേരാലോചിച്ചപ്പോൾ അതാണ് ഒാർമ വന്നത്. അതോടെ പേരുണ്ടായി– ‘കൊച്ചിൻ ഗിന്നസ്’. ഒരോണത്തിനു കൊച്ചിൻ ഗിന്നസിന്റെ ബാനറിൽ‌ ലൈവ് ‌ഷോ ദൂരദർശനിൽ വന്നു. ഗിന്നസിന്റെ ആദ്യ ടിവി ഷോ. അതു വഴിത്തിരിവായി. ആളുകൾ ഞങ്ങളെ തിരിച്ചറിയാൻ തുടങ്ങി.

സ്റ്റേജ് ഷോകളുമായി നടക്കുമ്പോഴാണ് മിമിക്സ് പ രേഡ് ഷൂട്ട് ചെയ്ത് പുറത്തിറക്കിയാലോ എന്ന െഎഡിയ മനസ്സിൽ വന്നത്. ഒാഡിയോ കസെറ്റുകൾ ഹിറ്റ് ആയി നിൽക്കുന്ന സമയമാണ്. ഇത്തരം ഒരു പരീക്ഷണം നടന്നിട്ടില്ല. പ്രതിസന്ധികളേറെയുണ്ട്. സ്പോൺസറെ തേടി കു റേ അല‍ഞ്ഞു. അന്ന് ഞാൻ വാടക വീട്ടിലാണു താമസം. വീടു വയ്ക്കാനായി ആറു സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അതിൽ പകുതി വിറ്റു. അങ്ങനെ ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്ത മിമിക്രി കസെറ്റ്, കൊച്ചിൻ ഗിന്നസിന്റെ ബാനറിൽ ‘മിമിക്സ് പരേഡ് ഒാഫ് കൊച്ചിൻ ഒാസ്കാർ’ പുറത്തിറങ്ങി. അതും ചരിത്രമായി. സൈനുദ്ദീനും നാദിർഷയും അബിയും ആന്റണി വാഴക്കുളവും റൊണാൾഡും അരവിന്ദാക്ഷക്കുറുപ്പുമാ‌യിരുന്നു അഭിനേതാക്കൾ.

ആറുമാസം കഴിഞ്ഞപ്പോൾ അടുത്ത കസെറ്റ് ഇറങ്ങി. കലാഭവൻ കോമഡി. അതിലാണ് കലാഭവൻ‌ മണി ആദ്യമായി രംഗത്തെത്തുന്നത്. മൂന്നാമത്തെ ഹരിശ്രീ മിമിക്സ് പരേഡിൽ ദിലീപ്, ഹരിശ്രീ അശോകൻ, എൻഎഫ് വർഗീസ്, രമേഷ് കുറുമശേരി എന്നിവർ വന്നു. ടിനിടോമും മനോജ് ഗിന്നസും ഉണ്ണി എസ്. നായരും സുബിയുമൊക്കെയുള്ള ‌ഈസ്റ്റേൺ സൂപ്പർ കോമഡി ഷോയും വൻഹിറ്റായി. പിന്നെയങ്ങോട്ടു കേരളത്തിൽ കസെറ്റ് പ്രളയമായിരുന്നു.

ഗള്‍ഫിലും അമേരിക്കയിലും ജപ്പാനിലും ഈജിപ്തിലും ഉൾപ്പടെ വിദേശത്ത് ഒരുപാട് കോമഡി ഷോകൾ ചെയ്തിട്ടുണ്ട്. എഴുതിയാൽ തീരാത്ത അനുഭവങ്ങളുമുണ്ട്. ആൾക്കാരെ ചിരിപ്പിക്കാൻ ദൈവത്തിനിഷ്ടമായതു കൊണ്ടാവും എപ്പോഴും സഹായിച്ചിട്ടുണ്ട്. ഒന്നും പാളിയില്ല. എ ന്നും ഒാർമയുള്ളത് ഗൾഫിൽ നടന്ന ഈസ്റ്റേൺ സൂപ്പർ കോമഡി ഷോ ആണ്. ബഹ്റൈനിലെ ടിഎസ്‌എസ് പണിക്കർ ആയിരുന്നു സ്പോൺസർ. വിചാരിച്ചതു പോലെ താരങ്ങളെ കിട്ടാത്തതു കൊണ്ട് ഷോ ഉപേക്ഷിച്ചാലോ എന്നാലോചിച്ചതാണ്. പക്ഷേ, പണിക്കരു ചേട്ടൻ പറഞ്ഞു, ഇതിലെ താരം കോമഡിയാണ്. നിങ്ങൾ വരണം.

ഒാരോ സ്ഥലത്തെയും ഷോ കഴിയും തോറും കാണികളുടെ തിരക്കു കൂടി. ഒടുവിൽ കുവൈത്തിലെ േവദിയിൽ എത്തി. സ്റ്റേജും സീറ്റും തമ്മിലുള്ള ചെറിയ ഗ്യാപ്പിൽ പോലും ഷോ കാണാൻ ആളുകൾ മുട്ടു കുത്തി നിൽക്കുകയാണ്. പെട്ടെന്ന് പുറത്തു നിന്ന് ശബ്ദം കേട്ടു. ഹാളിന്റെ അടച്ചിട്ട വാതിലിൽ ഇടിക്കുന്ന ഒച്ചയാണ്. രണ്ടാമത്തെ ഇടിയിൽ വിജാഗിരികളും ലോക്കും തെറിച്ചു. അടുത്തതിൽ വാതിലും. ഒരുകൂട്ടം പേർ മരക്കുറ്റികൊണ്ട് വാതിൽ ഇടിച്ചു തുറന്ന് അകത്തു കയറുന്നതാണ് പിന്നെ, കണ്ടത്.

കാലം മാറി. ചിരിയുടെ രൂപങ്ങൾ മാറി. ബ്രേക്ക്ഫാസ്റ്റിന് നാല് ഇഡ്ഡലിയും കൂട്ടായി ചട്നിയും സാമ്പാറും മുന്നിലെത്തുമ്പോൾ സന്തോഷത്തോടെ മുഴുവൻ കഴിക്കും. പകരം പൊറോട്ടയും പുട്ടും ചപ്പാത്തിയും ഫ്രൈഡ്റൈസും ബീഫും ചിക്കനും മട്ടനും ഒന്നിച്ചു മുന്നിലെത്തിയാലോ? ഒന്നോ രണ്ടോ വിഭവം കഴിക്കും. മുഴുവനും ആസ്വദിക്കാനും പറ്റുന്നില്ല. അതാണ് ഇന്നത്തെ കോമഡിയുടെ അവസ്ഥ.

വിവാഹച്ചിരി

1995ലായിരുന്നു വിവാഹം. ഭാര്യ പ്രീതി. പ്രീതിയുടെ അ ച്ഛൻ ഒ.കെ. ഗഗനൻ കാഥികനായിരുന്നു. സ്റ്റേജിലെ ജീവിതം പ്രീതിക്കും പരിചിതമായിരുന്നു. മൂത്ത മകൾ ദേവിക പ്രസാദ് ഹോമിയോ ഡോക്ടറാണ്. ഡൽഹി ഐഐടിയിൽ കൊഗ്‌നറ്റീവ് സയൻസ് കോഴ്സ് പൂർത്തിയാക്കി. ഇപ്പോൾ എയർ ഇന്ത്യയുടെ െഎടി വിഭാഗത്തിൽ. രണ്ടാമത്തെ മകൾ ശാരിക പ്രസാദ് തേവര കോളജിൽ നിന്ന് സിനിമ ടെലിവിഷൻ പിജി പൂർത്തിയാക്കി. ഫിലിം എഡിറ്ററാണ്.

KSPrasadFamily
ശാരിക, ദേവിക, പ്രസാദ്, പ്രീതി, പ്രസാദിന്റെ അമ്മ സരസ്വതി പണിക്കർ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഞാനിപ്പോൾ കൊച്ചിൻ കലാഭവന്റെ സെക്രട്ടറിയാണ്. ചിലർ ചോദിക്കും– ‘ഒപ്പമുണ്ടായിരുന്ന പലരും സിനിമയിൽ എത്തി, പ്രസാദിപ്പോഴും കലാഭവനിൽ തന്നെയാണല്ലോ?’ മറുപടിയായി 47 വർഷത്തിനിടെ ഞാൻ കലാഭവനില്‍ കണ്ട കാര്യം പറയും– ഒൻപതിലും പത്തിലും പഠിക്കുന്ന പെൺകുട്ടികൾ കലാഭവനിൽ ചേരാനെത്തും. അവരെ ഞാൻ പരിചയപ്പെട്ടു.

നാലഞ്ച് വർഷം കഴിഞ്ഞ് അവരെ കാണാതായി. പിന്നെ ഒരു പത്തു വർഷം കഴിഞ്ഞ് അവരുടെ കുട്ടിയുമായിട്ടു വീണ്ടും കലാഭവനിലേക്ക് എത്തും. ഞാനപ്പോൾ പരിചയം പുതുക്കും. മോളെ പരിചയപ്പെടും. പിന്നെ, ആ മോൾ ഒറ്റയ്ക്ക് വരാന്‍ തുടങ്ങും. അപ്പോള്‍ അമ്മയുടെ വിശേഷം ചോദിക്കും. പത്താം ക്ലാസിലാവുമ്പോൾ അവളെയും കാണാതാവും. പിന്നെ, ആ കുട്ടി അവളുടെ മകളെയും കൂട്ടി കലാഭവനിലെത്തും. അപ്പോൾ ഞാൻ അമ്മൂമ്മയുടെ വിശേഷം ചോദിക്കും. ഇങ്ങനെ മൂന്നു തലമുറയെ കണ്ടിട്ടുണ്ട്. അതൊരു ഭാഗ്യമല്ലേ ?

ഒരുപാട് കലാകാരന്മാരെ കൈപിടിച്ചു കൊണ്ടുവന്ന ആബേലച്ചന്റെ കലാഭവന്‍. അതിന്ന് ബഹ്റൈനിലും കുവൈത്തിലും ലണ്ടനിലും ഡൽഹിയിലും കരുനാഗപ്പള്ളി യിലും അങ്കമാലിയിലും മൂക്കന്നൂരിലും ബ്രാഞ്ചുകൾ തുടങ്ങി. അവിടെ പതിനായിരക്കണക്കിന് കലാകാരന്മാരെ പരിശീലിപ്പിക്കുന്നതിനു നേതൃത്വം നൽകാന്‍ എനിക്കു സാധിക്കുന്നു. അതൊരു ദൈവാധീനമല്ലേ...

K.S.Prasad: 50 years of laughter:

K.S. Prasad, a veteran Malayalam mimicry artist, has completed 50 years of entertaining audiences with his humor and comedic performances. Starting his journey in mimicry from a young age, Prasad has graced over five thousand stages, both in India and abroad, marking significant milestones in the Malayalam entertainment industry.

ADVERTISEMENT