ആ ഓഡിഷൻ കോൾ ഫേക്ക് ആണെന്നാണു കരുതിയത്; അഭിനയം വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല: പ്രാച്ചി തെഹ്ലാൻ
Mail This Article
അഭിനയം വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നതല്ല. പൈലറ്റാകണം അല്ലെങ്കിൽ ആർമിയിൽ ചേരണം. അതായിരുന്നു മോഹം. അഭിനയത്തിലേക്കു കടന്നു വരുന്നത് ദിയ ഓർ ബാട്ടി ഹം എന്ന ഹിന്ദി സീരിയലിലൂടെയാണ്. ദിയ ഓർ ബാട്ടി ഹമ്മിന്റെ റീമേക്കാണ് മലയാളത്തിലെ പരസ്പരം എന്ന സീരിയൽ.
എന്റെ ഒഫിഷ്യൽ ഫാൻ പേജിലേക്കാണ് ദിയ ഓർ ബാട്ടി ഹമ്മിന്റെ ഓഡിഷൻ കോൾ വന്നത്. ഫേക്ക് ആണെന്നാണ് ആദ്യം കരുതിയത്. അന്നു ഞാൻ ഒരു എംഎൻസിയിൽ ജോലി ചെയ്യുകയാണ്. ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നു ദിവസത്തിനുള്ളില്‍ മുംബൈയിലേക്ക് മാറി. സീരിയലുകൾക്കൊപ്പം പഞ്ചാബി സിനിമകളും ചെയ്തു.
മാമാങ്കത്തിന്റെ ഓഡിഷനായി വിളിക്കുമ്പോൾ ഞാൻ മുംബൈയിലാണ്. ഒരു ദിവസത്തെ ബ്രേക്ക് എടുത്ത് കേരളത്തിലെത്തി. ഓഡിഷനിൽ കയ്യിലേക്കു തന്നത് നീളൻ ഡയലോഗുകളെഴുതിയ സ്ക്രിപ്റ്റാണ്. മലയാളം അറിയാതെ മിഴിച്ചുനിന്ന എന്നോടു ഭാവം മാത്രമേ ഇപ്പോൾ നോക്കൂ എന്ന് ടീമംഗം പറഞ്ഞു. ഒപ്പം സീനും സംഭാഷണവും ഹിന്ദിയിൽ പറഞ്ഞു തരുകയും ചെയ്തു. ഓഡിഷൻ കഴിഞ്ഞ് അതേദിവസം ഞാൻ മുംബൈയിലേക്കു മടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ സെലക്ട് ആയി എന്നു കോൾ വന്നു. പിന്നെ കളരി പഠനം ഉൾപ്പെടെ മാമാങ്കത്തിനായുള്ള തയാറെടുപ്പുകളായിരുന്നു.
മലയാളത്തിൽ ഞാനാദ്യമായി കാണുന്ന സിനിമ മഹേഷിന്റെ പ്രതികാരമാണ്. അതോടെ ഞാൻ മലയാള സിനിമയുടെ ഫാൻ ആയി. പിന്നീടു പുതിയ മലയാളസിനിമകൾ കാണുന്നതു പതിവായി. ഇടയ്ക്കൊക്കെ സബ്ടൈറ്റിലുകൾ നോക്കാതെ ഡയലോഗുകൾ മനസ്സിലാകുന്നുണ്ടോ എന്നു പരീക്ഷിക്കുകയും ചെയ്യും.
സിനിമ മാത്രമല്ല. ഞാനിപ്പോൾ ഏറെക്കുറേ കേരളത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മാമാങ്കത്തിനു വേണ്ടിയാണു കളരിപ്പയറ്റ് പഠിച്ചു തുടങ്ങുന്നത്. ആ ഇഷ്ടം ഇപ്പോഴും തുടരുന്നു. കോവിഡിനു ശേഷം പൂർണമായും കൊച്ചിയിലേക്കു താമസം മാറി. ഞാൻ ആദ്യമായി ഒരിടം, വീട്, സ്വന്തമാക്കുന്നതു കൊച്ചിയിലാണ്. മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന വരാഹമാണ് റിലീസിനൊരുങ്ങുന്നത്. കുക്കു എഫ്എമ്മിനായി പ്രാച്ചി ഒരു സീരീസും ചെയ്യുന്നുണ്ട്.’’ പ്രാച്ചിയുടെ വാക്കുകളിൽ അഭിമാനം തുളുമ്പി.
