ADVERTISEMENT

അൽപം വൈകിയെങ്കിലും ഈ വിജയത്തിനു പ്രത്യേക തിളക്കമുണ്ട്. ഇരുനൂറിലേറെ വോട്ടുകൾ കിട്ടി. അതു  ക യ്യടികളേക്കാൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നു’’ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ  സന്തോഷം പങ്കുവച്ചു തെസ്നി പറഞ്ഞു.

സിനിമയിൽ അമ്മക്കഥാപാത്രങ്ങളുടെ പുതിയ മുഖമായി മാറുമ്പോഴും പഴയ ചിരിവഴികൾ മറക്കുന്നില്ല തെസ്നി. ‘‘ഒരുകാലത്ത് മിമിക്രി വേദികളിൽ സ്ത്രീകളായി ഞാനും പ്രസീത മേനോനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 24 പെൺകുട്ടികൾ സംഘടനയിലുണ്ട്.’’ രണ്ടു പേർ നടന്ന വഴിയിലേക്കു രണ്ടിരട്ടിയിലേറെ പെൺകുട്ടികൾ കടന്നെത്തിയെങ്കിൽ അതൊരു ജൈത്രയാത്ര തന്നെയല്ലേ?’’

ADVERTISEMENT

37 വർഷം പിന്നിട്ട തെസ്നിയുടെ കലാജീവിതം ആരംഭിക്കുന്നതു സിനിമയിലല്ല, ഇന്ദ്രജാല വേദിയിലാണ്. ഓർമകളിൽ കാലം കൊലുസിട്ട് പിന്നോട്ടോടി. 

കോഴിക്കോട് സ്വദേശി ബാബു വൈദ്യർ ത ന്റെ അഞ്ചാമത്തെ മകൾ റുഖിയയെ ജാലവിദ്യക്കാരൻ അലിഖാനു വിവാഹം കഴിച്ചു കൊടുത്തു. മോടിവിദ്യയിൽ (ഉടലും തലയും വേർപെടുത്തിയതായി കാണിക്കുന്ന മാജിക്) പ്രശസ്തനായിരുന്ന ബാബു വൈദ്യർക്കു കുറ്റിപ്പുറം സ്വദേശി അലിഖാന്റെ അ ദ്ഭുതപ്രവൃത്തികൾ അത്രമേൽ ഇഷ്ടമായിരുന്നു. അലിഖാനും റുഖിയക്കും രണ്ടു പെൺകുഞ്ഞുങ്ങളുണ്ടായി– തെസ്നി ഖാൻ, സെഫ്നി ഖാൻ.

ADVERTISEMENT

മാജിക് ഷോയുമായി കേരളം മുഴുവൻ ചുറ്റി സഞ്ചരിക്കുന്നയാളായിരുന്നു അലിഖാൻ. തെസ്നിയെ കോഴിക്കോട് ഉ മ്മയുടെ ബന്ധുവീട്ടിൽ നിർത്തി ചെറിയ കുഞ്ഞുമായിട്ടാണ് അവർ  യാത്ര ചെയ്തിരുന്നത്.  ‘‘രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപു മുടി കെട്ടിത്തരാൻ ആളുണ്ടായിരുന്നു. കുളിപ്പിക്കാൻ ആളുണ്ടായിരുന്നു. ‘തെസി മോളേ...’ എന്നു വിളിച്ചു കൊഞ്ചിക്കാൻ വല്യുപ്പയും വല്യുമ്മയും ഉമ്മൂമ്മയുടെ അനിയത്തിമാരും  ഉണ്ടായിരുന്നു.’’ ബാല്യകാലത്തെ സന്തോഷങ്ങൾ തെസ്നി ഓർക്കുന്നു. 

മാജിക്കുമായുള്ള അലിഖാന്റെ ജീവിതയാത്ര കൊച്ചിയിൽ എത്തി. കലാഭവനിലെ ആബേൽ അച്ചനുമായി അലി ഖാൻ പരിചയപ്പെട്ടതു മാന്ത്രികന്റെ പ്രകടനങ്ങൾക്കു കൂടുതൽ പ്രശസ്തി നേടിക്കൊടുത്തു. കലാഭവൻ ഗാനമേളകളോടൊപ്പം അലിഖാന്റെ മാജിക് പ്രോഗ്രാം ഒഴിവാക്കാനാവാത്ത ഐറ്റം ആയി. അലിഖാനൊപ്പം അദ്ദേഹത്തിന്റെ മക്കളും വേദിയിലെത്തിയതു കാണികൾക്കു പുതുമയായി.  

ADVERTISEMENT

നൊമ്പരം മായ്ക്കുന്ന കണ്ണീർ

മിമിക്രി വേദികളിൽ നിന്നു ബിഗ് സ്ക്രീനിലെത്തിയ നടിയല്ല തെസ്നി. ആദ്യം ക്യാമറ പിന്നീട് മൈക്ക് – അതായിരുന്നു ലൈഫ് ലൈൻ. 1988-ൽ ഡെയ്സി എന്ന ചിത്രത്തിലെ ബാലതാരമായാണ് ആദ്യ ചുവടുവയ്പ്. 

മൂന്നാംപക്കം, വൈശാലി... അങ്ങനെ സിനിമയുടെ ഇടനാഴികളിലൂടെ നടന്നു തുടങ്ങി. കലാഭവൻ റഹ്‌മാൻ‌ ഒരുക്കിയ ജോക്‌സ് ഇന്ത്യ എന്ന വിഡിയോ കസറ്റിലൂടെയായിരുന്നു മിമിക്രിയിലേക്കുള്ള എൻട്രി. അബി, ദിലീപ്, നാദിർഷാ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി കലാകാരന്മാർക്കൊപ്പം നായികയായും കാമുകിയായും അമ്മയായും വേദികളിൽ നിറഞ്ഞത് ബാക്കി രംഗങ്ങൾ. കലാരംഗത്തേക്കു വഴി തുറന്നുകിട്ടിയതിനെക്കുറിച്ചു തെസ്നി പറയുന്നത് ഇങ്ങനെ:  ‘‘പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉണ്ടായ അപകടം കോളജിൽ പോയുള്ള പഠനത്തിനു സാധ്യത ഇല്ലാതാക്കി. ആ സമയത്താണ് ആബേൽ അച്ചന്റെ നിർദേശപ്രകാരം കലാഭവനിൽ ഗാനഭൂഷണത്തിന് ചേർന്നത്. പാട്ടു പാടാനൊന്നും അറിയില്ല. എന്നാലും പാട്ടു പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു’’ മ്യൂസിക് ക്ലാസിൽ വച്ച് മറ്റൊരു വാതിൽ തുറന്നു കിട്ടിയതിന്റെ സന്തോഷമാണു തെസ്നി പങ്കുവയ്ക്കുന്നത്.

സംവിധായകന്മാരായ സിദ്ദിഖ്–ലാലിലെ ലാലിന്റെ സ ഹോദരി ലീലാമ്മ അതേ ക്ലാസിൽ പാട്ടു പഠിക്കാൻ ചേ ർന്നിരുന്നു. ‘‘എന്റെ ചേട്ടൻ സംവിധായകൻ ഫാസിലിന്റെ അസോഷ്യേറ്റ് ഡയറക്ടറാണ്’’ ലീലാമ്മ ഇതു പറഞ്ഞപ്പോൾ തെസ്നിയുടെ സ്വപ്നങ്ങൾ ചിറകു വിടർത്തി.

‘‘അഭിനയിക്കാൻ ഒരു ചാൻസ് കിട്ടുമോ?’’ തെസ്നി ചോ ദിച്ചു. പിന്നെ, നേരെ സ്റ്റുഡിയോയിൽ പോയി ഫോട്ടോയെടുത്തു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിൽ നായികയാകുമെന്നുള്ള പ്രതീക്ഷയിൽ ലീലാമ്മയുടെ കയ്യിൽ ഫോട്ടോ കൊടുത്തയച്ചു. 

ആ ഫോട്ടോയിലെ എന്റെ മുഖമോർക്കുമ്പോൾ ഇപ്പോഴും ചിരി വരും. സൗന്ദര്യമൊന്നും ഒരു കുറവായി അന്നു തോന്നിയതേയില്ല. പക്ഷേ, അതിനു ശേഷവും എങ്ങനെയും സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു കുറവൊന്നും വന്നില്ല.

അങ്ങനെയിരിക്കെ, കൊച്ചിൻ കലാഭവന്റെ ഡാൻസ് ട്രൂപ്പിനൊപ്പം എറണാകുളം ടൗൺ ഹാളിൽ അവതരിപ്പിച്ച നൃത്തം തോംസൺസ് ഫിലിംസിൽ ജോലിക്കാരനായിരുന്ന ഷ റഫുദ്ദീൻ കണ്ടു. അദ്ദേഹം ആ സ്ഥാപനത്തിന്റെ പ്രൊപ്രൈറ്ററായ ബാബു അങ്കിളിനോടു എന്നെക്കുറിച്ചു പറഞ്ഞു. ഉപ്പച്ചിയുടെ പരിചയക്കാരനാണു ബാബു അങ്കിൾ. അദ്ദേഹത്തിന്റെ സഹായത്തോടെ  ഡെയ്സി സിനിമയിലെ അഞ്ച് പെൺകുട്ടികളിൽ ഒരാളാകാൻ ‌അവസരം കിട്ടി.’’  ആ സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു ദിവസം എം. ടി. വാസുദേവൻ നായർ വന്നു. 

‘‘ബാബു വൈദ്യരുടെ കൊച്ചുമകളാണോ?’’ സ്വന്തം നാട്ടുകാരനായ ബാബു വൈദ്യരുടെ മകളുടെ പേര് എംടി സാർ ഓർത്തുവച്ചു. പിന്നീട് അദ്ദേഹം തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത  ആരണ്യകം എന്ന സിനിമയിലേക്കു ക്ഷണിച്ചു. പക്ഷേ,  സെലക്‌ടഡ് ആയില്ല. അതിന് പരിഹാരം എന്ന രീതിയിൽ  അദ്ദേഹം ഭരതൻസാറിനോടു പറ‍ഞ്ഞു വൈശാലിയിലേക്ക് അവസരം ഒരുക്കിത്തന്നു. വൈശാലിയുടെ തോഴിയായി മഞ്ഞ സാരിയുടുത്തു വിശറി വീശുന്നതു ഞാനാണ്.’’

അലിഖാന്റെ മകളുടെ വീട് 

‘‘സിനിമയിൽ നിലനിൽക്കാൻ കഴിവിനേക്കാൾ ഭാഗ്യം വേണം.  കാര്യസ്ഥൻ, പോക്കിരിരാജ എന്നീ ചിത്രങ്ങൾക്കുശേഷമാണ് കരിയർ മെച്ചപ്പെട്ടത്. ഉദയകൃഷ്ണ – സിബി കെ തോമസ്, അനൂപ് മേനോൻ, വി. കെ. പ്രകാശ്, ബെന്നി പി. നായരമ്പലം, ലാൽജോസ് തുടങ്ങിയ പ്രതിഭകൾ ഒരുക്കിയ സിനികളിലൂടെയാണ് എന്റെ മുഖം പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. ട്രിവാൻഡ്രം ലോഡ്ജ് റിലീസായപ്പോൾ ആ ചിത്രം ഇന്റർനാഷനൽ മൂവിയുടെ നിലവാരമുള്ളതാണെന്ന് പ്രിയദർശൻ സാർ പറഞ്ഞു. എന്റെ അഭിനയത്തേയും അദ്ദേഹം പ്രശംസിച്ചു. വലിയ അഭിമാനം തോന്നിയ സംഭവമാണ് അത്. അത്തരം കഥാപാത്രങ്ങൾ വീണ്ടും വന്നു. ടൈപ്പ് കാസ്റ്റ് ആയിപ്പോകുമെന്നു സംശയം തോന്നി. അതിനാൽത്തന്നെ അത്തരം കഥാപാത്രങ്ങൾ വേണ്ടെന്നു തീരുമാനിച്ചു.

‌പക്ഷേ, ഇതേ കാലത്തു വന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലും സമാനസ്വഭാവമുള്ള കഥാപാത്രമായിരുന്നു. പക്ഷേ, അത് ഉപേക്ഷിക്കാനായില്ല. മമ്മൂക്കയുമായുള്ള കോംബിനേഷൻ സീൻ ആണെന്നു പറഞ്ഞപ്പോൾ ഇഷ്ടത്തോടെയല്ലെങ്കിലും ആ കഥാപാത്രം ഏറ്റെടുത്തു.’’

വർഷങ്ങൾ ഏറെക്കഴിഞ്ഞു. തെസ്നി നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ എം. എ നിഷാദ് നായകനായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഇപ്പോൾ വരുന്നത്. 

‘‘ഞാൻ അഭിനയിച്ച പുതിയ സിനിമ പ്രേംപാറ്റയാണ്. അതിൽ ക്യാമറമാൻ ജോമോൻ ടി. ജോണാണ് നായകൻ. ജോമോന്റെ ഉമ്മായുടെ വേഷമാണ് എനിക്ക്.  അമ്മക്കഥാപാത്രങ്ങളിൽ കുറേ പുതുമ അനുഭവപ്പെടുന്നുണ്ട്. കഥാപാത്രമായാണെങ്കിലും ആ റോൾ ഞാനേറെ ആസ്വദിക്കുന്നു. ഇതുപോലെ നല്ല കഥാപാത്രങ്ങളായി  മരണം വരെ ക്യാമറയ്ക്കു മുന്നിൽ നിൽക്കണം’’  തെസ്നി ഉള്ളിലെ മോഹം തുറന്നു പറഞ്ഞു.

‘‘പണ്ടൊക്കെ അവസരങ്ങൾ കുറയുന്ന സാഹചര്യങ്ങളിൽ സങ്കടം തോന്നും. ആകെ വിഷമിച്ചിരുന്നൊരു ദിവസം ഉമ്മാ അടുത്ത് വന്നു. കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നു. പിന്നെ, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ‘തെസീ,  നീ എന്തിനാ വിഷമിക്കുന്നത്? നമുക്കു റേഷൻ കാർഡുണ്ട്. പട്ടിണി കിടക്കേണ്ടി വരില്ല’  ഉമ്മയുടെ വാക്കുകൾ തന്ന ധൈര്യമാണ് ഇന്നും എന്റെ കരുത്ത്. പട്ടിണി ഇല്ലാതെ ജീവിക്കുക. ജീവിതം തന്ന സൗഭാഗ്യങ്ങളിൽ സന്തോഷിക്കുക. സങ്കടങ്ങളുടെ മുഖം ആരെയും കാണിക്കാതിരിക്കുക.’’ ഒരു നിമിഷത്തെ മൗനത്തിനു ശേഷം തെസ്നി തുടർന്നു. 

‘‘തമ്മനത്ത് ഒരു വീടു വാങ്ങണമെന്ന് ഉപ്പയ്ക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. 2016 ൽ അതു സാധിച്ചു. ചെറിയൊരു ഫ്ലാറ്റ് വാങ്ങി. പക്ഷേ, അപ്പോഴേക്കും ഉപ്പച്ചി പോയി. പക്ഷേ, അവസാനനാൾ വരെ  പൊന്നുപോലെ നോക്കാൻ കഴിഞ്ഞു. അതുപോലെ ഉമ്മച്ചിയേയും നോക്കണം. ഈ ജ ന്മത്തിലെ ഏറ്റവും വലിയ ആഗ്രഹം അതാണ്...

എന്റെ മനസ്സ് ഇങ്ങനെയൊക്കെയാണെന്ന് പലർക്കും അറിയില്ല. എവിടെ പോയാലും ഒതുങ്ങിയിരുന്ന് മറ്റുള്ളവർ പറയുന്നതു ശ്രദ്ധയോടെ കേൾക്കുന്നയാളാണു ഞാൻ. അതു കാണുമ്പോൾ ആശങ്കപ്പെടുന്ന ചിലരുണ്ട്: ‘എന്തു പറ്റി? ആകെ ഡള്ളായല്ലോ!’ എന്നൊക്കെയാണു ചോദ്യം. വാസ്തവത്തിൽ അവർ പ്രതീക്ഷിക്കുന്നത് സിനിമയിലെ തെസ്നിയെയാണ്. യഥാർഥ ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. വളരെ സൈലന്റാണ്. 

Thesninew
ഉമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം തെസ്നി

സിനിമാ മോഹവുമായി നടന്നിരുന്ന കാലത്തുള്ള എന്റെ ഫോട്ടോയെക്കുറിച്ച് നേരത്തെ പറഞ്ഞില്ലേ. അഭിനയത്തിന്റെ തുടക്ക സമയത്ത് തീരെ മെലിഞ്ഞൊരു രൂപമായിരുന്നു. പക്ഷേ, അതൊന്നും എന്റെ അഭിനയമോഹത്തിനു ത ടസ്സമായില്ല. ഇഷ്ടമുള്ളൊരു കാര്യം ചെയ്യാൻ പുറപ്പെടുമ്പോൾ ഒരുപാടു തടസ്സങ്ങളുണ്ടായേക്കാം. പക്ഷേ, നമ്മളവിടെ എത്തിക്കഴിയുമ്പോൾ കിട്ടുന്നൊരു സമാധാനമുണ്ടല്ലോ. അതാണു ശരിക്കുള്ള ചിരി. അതാണെനിക്ക് സിനിമ.

വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഞാനിപ്പോൾ ഹാപ്പിയാണ്. എന്റെ സഹോദരിയെ നല്ല രീതിയിൽ വിവാഹം ചെയ്തയയ്ക്കാൻ കഴിഞ്ഞു. അവൾ സന്തോഷത്തോടെ കുടുംബത്തിനൊപ്പം കഴിയുന്നു. എനിക്കുള്ളതെല്ലാം കലാജീവിതം തന്ന ഭാഗ്യങ്ങളാണ്. ജീവിതം കണ്ടുവളർന്നതു കൊണ്ട് എനിക്കു മറ്റുള്ളവരുടെ പ്രശ്നങ്ങളും എളുപ്പത്തിൽ മനസ്സിലാകും. 

ഫ്ലാറ്റിൽ ക്ലീനിങ് ജോലിക്കു വന്നിരുന്ന ചേച്ചി കുറേ ദിവസം ലീവെടുത്തു. എന്തു പറ്റിയെന്നറിയാൻ ഞാൻ അവരുടെ വീട്ടിൽ പോയി. രണ്ടു മുറിയുള്ള ഓടുമേഞ്ഞ വീട്ടിലാണ് അവർ താമസിക്കുന്നത്. ആ വീടിന്റെ എല്ലാ ഭാഗങ്ങളും ചോർന്നൊലിക്കുകയാണ്. മുറിയിൽ നിറയുന്ന വെള്ളം അമ്മയും മകളും ബക്കറ്റിൽ കോരിയെടുത്ത് വൃത്തിയാക്കുകയിരുന്നു. കനത്തൊരു കാറ്റും മഴയും വന്നാൽ ആ വീട് നിലം പൊത്തുമെന്ന് തോന്നി.  രണ്ടു മുറികളിലായി ആറേഴു കുടുംബാംഗങ്ങളാണു കഴിയുന്നത്.

പുതിയൊരു വീട് പണിതു കൊടുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അത്രയും പണം എന്റെ കയ്യിലില്ല. എന്റെ   ചെലവിൽ ആ വീട് പൊളിച്ച് സ്ഥലമൊരുക്കിക്കൊടുത്തു. ഒരു ചാരിറ്റി സംഘടനയുടെ സഹായത്തോടെ പതിനഞ്ചു ലക്ഷം രൂപ ചെലവിൽ  വീട് പണി ആരംഭിച്ചു. ആ വീട്ടിലെ അമ്മയും എന്റെ ഉമ്മായും ചേർന്നാണ് പുതിയ വീടിനു തറക്കല്ലിട്ടത്. ’’ 

 തെസ്നി പറഞ്ഞതത്രയും സന്തോഷത്തിന്റെ കഥകളാണ്. മനസ്സുലച്ച സങ്കടങ്ങൾ, പ്രതിസന്ധികൾ കടന്ന അനുഭവങ്ങൾ അങ്ങനെ ഒന്നും ഓർമയിൽ തങ്ങിനിൽക്കുന്നില്ലേ എന്ന ചോദ്യത്തിനും പുഞ്ചിരിയായിരുന്നു മറുപടി. സങ്കടങ്ങളുടെ കണ്ണുകെട്ടുന്ന തൂവാലയാണു തെസ്നിക്കു ചിരി.    

ADVERTISEMENT