ADVERTISEMENT

കേരളവർമ തമ്പാന്റെ കൊച്ചുമകൻ പ്രകാശ് വർമ...” മോഹൻലാലിന്റെ ശബ്ദത്തിൽ ഈ വാചകം ഒന്നു സങ്കൽപ്പിച്ചു    നോക്കൂ. സിനിമയിലെ മാസ് ഡയലോഗിന്റെ  തുടക്കം പോലെ തോന്നുന്നില്ലേ? പ്രകാശ് വർമയോട് ഇതു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. ‘പേരു മാത്രമല്ല, അതിനു പിന്നിലൊരു സിനിമയ്ക്കുള്ള കഥയുമുണ്ട്.’  

തുടരും എന്ന സിനിമയിലെ ജോർജ് സാറായി ഞങ്ങളുടെ മുന്നിലേക്ക് എത്തും വ രെ എവിടെയായിരുന്നു? വളരെ സിംപിളാണു ചോദ്യം. പക്ഷേ, ഉത്തരം സങ്കീർണമാണ്. കാലം അൽപ്പം പിന്നിലേക്കു പായുന്നു... ലൊക്കേഷൻ ആലപ്പുഴയ്ക്കു സമീപം ചേർത്തല കാട്ടുങ്കൽ കോവിലകം.

ADVERTISEMENT

അച്ഛൻ കെ. എൻ. രവീന്ദ്രനാഥ വർമ – ഫിസിക്സ് അധ്യാപകൻ. അമ്മ ടി. കെ. വത്സല വർമ –  ടീച്ചേഴ്സ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ. അവർക്ക് രണ്ട് ആൺ മക്കൾ – പ്രവീൺ, പ്രകാശ്. രവീന്ദ്രനാഥ വർമയുടെ ഇളയ പുത്രൻ പ്രകാശ് സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. ‘പഠിത്തം കഴിഞ്ഞിട്ടു മതി ബാക്കി പരിപാടികൾ’ അച്ഛന്റെ ശാസനകൾ പലപ്പോഴും മകന്റെ കാൽമുട്ടിനു താഴെ അടയാളങ്ങളായി കരുവാളിച്ചു.

ശരീരത്തിൽ നിന്നു മനസ്സിലേക്കു പകർന്ന സങ്കടക്കടൽ കണ്ണീരിൽ ചാലിച്ച് കടലാസിലേക്കു വരയ്ക്കാൻ അന്നത്തെ എട്ടാം ക്ലാസുകാരൻ കട്ടിലിനടിയിലാണ് ഇടം കണ്ടെത്തിയത്.  

ADVERTISEMENT

സ്ഫടികം സിനിമയിലെ ആടു തോമ യെ പോലെ ആയില്ലെന്നു മാത്രമേയുള്ളൂ; അതിലേറെ നൊമ്പരപ്പാടുകൾ പ്രകാശ് വ ർമയുടെ ഹൃദയത്തിലുണ്ട്. അക്കാലത്തു മുന്നിൽ തുറന്നു കിട്ടിയ സ്വതന്ത്രലോകം സ്കൂൾ മാത്രമായിരുന്നു. അവിടെയാകട്ടെ പുസ്തകപ്പന്തിയിൽ മുന്നിലെത്താൻ സാധിച്ചില്ല. അധ്യാപക ദമ്പതികളുടെ മകനായിട്ടും പഠനത്തിൽ പിന്നിലായ പ്രകാശിനെ ചുറ്റുമുള്ളവർ കുറ്റപ്പെടുത്തിയപ്പോൾ അവൻ സ്വയം കണ്ടെത്തിയ കഴിവുകളിലൊന്നായിരുന്നു കഥ പറച്ചിൽ.

അന്നുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ സ്വന്തം അനുഭവങ്ങളായി കൂട്ടുകാരോടു പറഞ്ഞപ്പോൾ അവരെല്ലാവരും അതു സത്യമാണെന്നു വിശ്വസിച്ചു. അച്ഛനോടും അമ്മയോടും ചേട്ടനോടും അവർക്കു വിശ്വാസം വരുംവിധം കഥകൾ മെനയാനുള്ള മിടുക്ക് അവനുണ്ടായിരുന്നു.

ADVERTISEMENT

പിടിക്കപ്പെടാത്ത വിധം കഥ പറഞ്ഞു ഫലിപ്പിച്ചപ്പോൾ അവന്റെ മനസ്സ് സന്തോഷം ആസ്വദിച്ചു. സ്കൂളിലും അതുതന്നെ. വഴിയാത്രയിലെ സംഭവങ്ങൾ സ്വന്തം ഭാവനയിൽ കൂട്ടുകാർക്ക് പ റഞ്ഞുകൊടുക്കും. കഥ സത്യമാണോ എന്നതല്ല പ്രധാനം. കേൾക്കുന്നവർ വിശ്വസിക്കുന്നുണ്ടോ? അതാണു വിഷയം.

‘‘പിന്നീട് സംവിധായകനും പരസ്യചിത്രകാരനും ന ടനും ആയപ്പോൾ ബാല്യകാലത്തെ കഴിവുകൾ പലരൂപത്തിൽ തിരികെ വന്നു’’ പ്രകാശ് വർമ ജീവിതത്തിന്റെ നാൾവഴികൾ ഓർത്തു. 

അതെല്ലാം മറക്കാൻ ശ്രമിക്കുന്നു

സിനിമയിലേക്കുള്ള യാത്ര വൈകിയതിനു പിന്നിലും അനുഭവപരമ്പരകളുണ്ട്. സംവിധായകനാവണം എന്നൊരു മോ ഹം സ്കൂളിൽ പഠിക്കുന്ന കാലത്തു മനസ്സിൽ കയറിയിരുന്നു. എന്നാൽ, അവിടേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.

‘‘പ്രീഡിഗ്രിക്കു  പഠിക്കുമ്പോൾ  അച്ഛനറിയാതെ ക്ലാസ് കട്ട് ചെയ്ത് ഷൂട്ടിങ് കാണാൻ പോകുമായിരുന്നു. സിനിമാ ലൊക്കേഷനുകളിൽ പോയി കൊതിയോടെ ചിത്രീകരണം നോക്കി നിൽക്കും. അച്ഛന്റെ അനിയൻ ജഗന്നാഥ വർമ സിനിമയിൽ പ്രശസ്തനായിരുന്നു. പലപ്പോഴും അച്ഛനറിയാതെ ചിറ്റപ്പൻ അഭിനയിക്കുന്ന ഒന്നു രണ്ടു ലൊക്കേഷനുകളിൽ പോയിട്ടുമുണ്ട്.

എന്നാൽ, എനിക്ക് പുസ്തകം വാങ്ങുന്നതു മുതൽ ഏ തു കോഴ്സ് പഠിക്കണം എന്നുവരെ അച്ഛനാണു തീരുമാനിച്ചിരുന്നത്. ‘എങ്ങനെയെങ്കിലും ഇവിടെ നിന്നു രക്ഷപെടണം’ അതു മാത്രമായിരുന്നു ആലോചന. ഒരു ദിവസം ഗേറ്റ് തുറക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ മതിൽ ചാടി കൊച്ചിയിലേക്കു പുറപ്പെട്ടു. അച്ഛൻ ട്യൂഷൻ ക്ലാസെടുക്കാൻ പോകുന്ന സമയം നോക്കിയാണു മതിൽ ചാടിയത്. ടൊറന്റ് ഫാർമസ്യൂട്ടിക്കൽസ് സയൻസ് ബിരുദ ധാരികൾക്കായി നടത്തിയ വോക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്തു. അവിടെ നിന്നാണു ജീവിതം മറ്റൊരു വഴിയിലേക്കു തിരിഞ്ഞത്. ആദ്യം ടൊറന്റിലും പിന്നീട് ഒന്നര വർഷത്തോളം ഫൈസർ എന്ന കമ്പനിയിലും ജോലി ചെയ്തു.

മരുന്നു കച്ചവടവുമായി ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിയപ്പോഴും സിനിമാ മോഹം മനസ്സിൽ പടർന്നു നിന്നു. മലയാള സിനിമ പ്രതിഭാശാലികളായ സംവിധായകരിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അരവിന്ദൻ, ഭരതൻ, പത്മരാജൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കെ.ജി. ജോർജ്... പ്രഗദ്ഭരുടെ സിനിമകൾ കണ്ടുപഴകിയ മനസ്സ് ഒരിടത്ത് ഉറച്ചു – ‘സിനിമയാണ് എന്റെ ലോകം.’ 

സഹസംവിധായകനാവാനുള്ള ആഗ്രഹവുമായി ഒട്ടുമിക്ക സംവിധായകരുടേയും ലൊക്കേഷനുകൾ സന്ദർശിച്ച് അവസരം തിരഞ്ഞു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഒരു സംവിധായനോടൊപ്പം എട്ടോ പത്തോ സഹസംവിധായകരുണ്ട്. അവർക്കു വലിയ ശമ്പളമൊന്നുമില്ല.

സിനിമയിൽ ഇറങ്ങുന്നതിനു മുൻപ് ജീവിക്കാനുള്ള പ ണം ഉണ്ടാക്കി വയ്ക്കണം. അങ്ങനെയൊരു ദൃഢനിശ്ചയമെടുത്തു. അന്നു മുതൽ തുടർച്ചയായി രണ്ടു വർഷം ജോലി ചെയ്ത് ശമ്പളം സ്വരുക്കൂട്ടി. ജോലി രാജിവച്ച് ആദ്യം വിജി തമ്പിയോടൊപ്പവും ലോഹിതദാസിനൊപ്പവും അതിനു ശേ ഷം ഇസ്മയിൽ ഹസന്റെയൊപ്പവും പിന്നീട് വി. കെ. പ്രകാശിനൊപ്പവും അസിസ്റ്റന്റ് ഡയറക്ടറായും അസോഷ്യേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.

ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമ കിട്ടുംവരെ വലിയൊരു ഗ്യാപ്പാണ്. ഒന്നൊന്നര വർഷം കാത്തിരിക്കേണ്ടി വരും. ‘ഈ ഗ്യാപ്പിൽ അഡ്വർടൈസിങ് ചെയ്യട്ടെ?’ എ ന്നു വികെപിയോട്  ചോദിച്ചു. സിനിമയ്ക്കു പകരമായില്ലെങ്കിലും മറ്റൊരു രൂപത്തിൽ അതു സിനിമ ചെയ്യാനുള്ള അവസരമായി.

ഒരു ബ്രാൻഡ് എങ്ങനെ സംസാരിക്കണം, ഒരു ചിത്രം എ ങ്ങനെ ഓർമയിൽ നിൽക്കണം, ഓരോ ദൃശ്യങ്ങളും ഏതു രീതിയിൽ ആശയവിനിമയം നടത്തണം  എന്നീ കാര്യങ്ങളിൽ കൃത്യത കൈവന്നു. പിന്നീടാണ്  അത്രയും നാൾ ജോലി ചെയ്തിരുന്ന ബെംഗളൂരു കേന്ദ്രീകരിച്ചു നിർവാണ എന്നൊരു പരസ്യ ചലച്ചിത്ര നിർമാണ കമ്പനി തുടങ്ങുന്നത്.’’ 

ഷാറുഖ് പ്രത്യേക വിമാനത്തിലെത്തി

 ഹ്യുണ്ടായ് സാൻട്രോയുടെ പരസ്യം. മോഡലായി ഷാറുഖ് ഖാൻ അഭിനയിക്കണം. സാധാരണ രീതിയിൽ ചെയ്യാമായിരുന്നു. പക്ഷേ, പ്രകാശ് വേറിട്ടൊരു വഴിയാണു തിരഞ്ഞെടുത്തത്. ബെംഗളൂരുവിൽ ഹൊസൂർ ഭാഗത്ത് ഒരു സ്വകാര്യ എയർ സ്ട്രിപ്പ് ഉണ്ട്. അവിടെ പ്രൈവറ്റ് ജെറ്റ് ഇറക്കാം.

ഷാറുഖ് മുംബൈയിൽ നിന്ന് ചാർട്ടേഡ് പ്ലെയിനിൽ ലൊക്കേഷനിൽ ഇറങ്ങി. അന്ന് അത്രയും വലിയൊരു താരത്തെ അങ്ങനെ കൊണ്ടുവന്ന് ഷൂട്ട് ചെയ്യുന്നത് ചെറിയ കാര്യമല്ലായിരുന്നു. ആഴ്ചകൾ നീണ്ടു നിന്നിരുന്ന ആഡ് ഫിലിം ഷൂട്ട് മൂന്നു ദിവസം കൊണ്ടു മനോഹരമായി പൂർത്തിയാക്കിയ സംവിധായകനെ ഷാറുഖ് ഖാൻ ചേർത്തു പിടിച്ചു. 2002 ൽ തുടങ്ങിയ ആ ബന്ധം പിന്നീടു നിരവധി വലിയ പ്രോജക്ടുകളിലൂടെ ഇന്നും ഊഷ്മള സൗഹൃദമായി തുടരുന്നു.

“ഞാൻ ചില പ്രോജക്ടുകൾ മനഃപൂർവം എടുക്കുന്നത് ഷാറുഖിനൊപ്പം സമയം ചെലവഴിക്കാൻ കൂടിയാണ്’ പ്രകാശ് വർമ ഇതു പറയുമ്പോൾ കിങ് ഖാനുമായുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാകും. 

കുട്ടികൾ ഫ്രൂട്ടി കുടിക്കുന്നതു കൊതിയോടെ നോക്കി നിൽക്കുന്ന ഷാറുഖിനെ പരസ്യത്തിൽ ചിത്രീകരിച്ചതു പ്രകാശ് വർമയാണ്.

‘‘ഞാൻ പണ്ട് സ്കൂളിലേക്കു പോകുന്നവഴിയിൽ ഒരു ബേക്കറി ഉണ്ടായിരുന്നു. അവിടെ എല്ലാ ദിവസവും വൈകിട്ടാണ് ഉള്ളിവട ഉണ്ടാക്കാറുള്ളത്.  സ്കൂൾ വിട്ടുവരുന്ന കൂട്ടികൾ കൊതിയൂറിക്കൊണ്ട് അതു നോക്കി നിൽക്കും. ഫ്രൂട്ടിക്കു വേണ്ടി പരസ്യം ചിത്രീകരിച്ചപ്പോൾ ആ ദൃശ്യമാണ് ആദ്യം മനസ്സിൽ ഓടിയെത്തിയത്.’’  

വിസിൽ അടിയിൽ തുടങ്ങിയ പ്രണയം

‘‘വികെപിയുടെ പരസ്യചിത്ര നിർമാണ കമ്പനിയിൽ വച്ചാണ് സ്നേഹയെ പരിചയപ്പെട്ടത്. വികെപിയുടെ വീടിനോടു ചേർന്നാണ് അദ്ദേഹത്തിന്റെ ഓഫിസ്. അതെനിക്കു സ്വന്തം വീടു പോലെയായിരുന്നു. കിച്ചന്റെ പരിസരത്തു കൂടി ഓഫിസിലേക്കു കേറുന്ന ഒരു ഡോർ ഉണ്ട്. ഞാൻ അതുവഴി പോകുന്ന സമയത്ത് അപ്പുറത്തു നിന്നൊരു വിസിൽ അടി.

ഇതുകേട്ടു തിരിഞ്ഞു നോക്കിയ സ്നേഹ എന്നെയാണു കണ്ടത്. അവൾ തിരിഞ്ഞു നിന്നപ്പോഴേക്കും വീണ്ടും വിസിൽ അടി മുഴങ്ങി. ‘ഡിസ്‌ഗസ്റ്റിങ് ഫെല്ലോ’ എന്നെ നോക്കി സ്നേഹ പറയുന്നതു കേട്ടു.

പിന്നീട് വികെപിയോടു കാര്യം പറഞ്ഞപ്പോഴാണ്   സമാധാനമായത്.  ‘സമീപത്തെ വീട്ടിലൊരു തത്തയുണ്ട്. ആരെങ്കിലും അടുക്കളഭാഗത്തു കൂടി വന്നാൽ അതു വിസിൽ അടിക്കുമത്രേ.’ അതൊന്നുമറിയാതെ ഇത് കേട്ട സ്നേഹ വിചാരിച്ചു ഞാൻ ഫ്ലെർട്ട് ചെയ്തതാണെന്ന്. അങ്ങനെയാണ് ഞ ങ്ങളുടെ ബന്ധത്തിന്റെ തുടക്കം.

സ്നേഹയുടെ മാതാപിതാക്കൾ തിരുവല്ലക്കാരാണ്. അ ച്ഛൻ കെ. എ. ഐപ്പിന് ജെം ആൻഡ് ജ്വല്ലറി കൗൺസിലിലായിരുന്നു ജോലി. അമ്മ കണ്ടത്തിൽ ഫാമിലിയിലെ ലീലാ ഐപ്പ്. 

വിവാഹശേഷം സ്നേഹയും ഞാനും ചേർന്നാണു നിർവാണയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഞങ്ങൾക്ക് മൂന്നു മക്കൾ. ആര്യൻ, അർജുൻ, മായ. ട്വിൻസ് ആണ് ആര്യനും അർജുനും. ആര്യൻ പാരിസിൽ കമ്യൂണിക്കേഷൻ ഡിസൈൻ പഠിക്കുന്നു. അർജുൻ, കൾനറി ആർട്ട് പരിശീലിക്കാൻ പോകുന്നു. മായ പ്ലസ് വൺ വിദ്യാർഥി.’’

സിനിമയിലെ‍ പുതിയ റോളുകൾ

“പരസ്യ ചിത്രങ്ങളുമായി 27 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ജോർജ് സാറിലേക്ക് എത്തിയത്. ഞാൻ ഒരിക്കലും ആക്ടറാകാൻ ആഗ്രഹിച്ചിട്ടില്ല. സംവിധായകനാകണം എന്നായിരുന്നു മോഹം. ‘തുടരും’ വന്നപ്പോൾ ആ തീരുമാനം മാറി.

പണ്ട് എങ്ങനെയെങ്കിലും സിനിമയിൽ എത്തണം എ ന്നൊരു ഫയർ  മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ഫിലിം മേക്കർ, ടീം, എക്സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങൾ... അങ്ങനെ കുറേ കാര്യങ്ങൾ നോക്കാനുണ്ട്.

onlinemasterpageNew5
ഭാര്യ സ്നേഹ, മക്കള്‍ മായ, അർജുൻ, ആര്യൻ എന്നിവരോടൊപ്പം പ്രകാശ് വർമ

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് വിളിച്ചപ്പോൾ സിനിമയുടെ പശ്ചാത്തലം എന്താണെന്നു മാത്രമേ ചോദിച്ചുള്ളൂ. തുടരും എന്ന സിനിമയിലെ പൊലീസ് വേഷത്തിനു ശേഷം ഉടൻ അതുപോലൊരു റോൾ ചെയ്യില്ലെന്നു മനസ്സിൽ തീരുമാനിച്ചിരുന്നു. ജോർജ് സാറിന്റെ മാനറിസങ്ങളിൽ നിന്നു വ്യത്യസ്തമായ മനുഷ്യനാണ് ലോ ആൻഡ് ഓർഡറിലെ ബാലഗോപാൽ. 

  അഭിരാമിയാണു നായിക. നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുള്ള ലഹരിയുടെ വലകൾ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ മനോഹരമായി എഴുതിയിട്ടുണ്ട്. സ്വന്തമായൊരു സിനിമ നിർമിക്കണമെന്നുള്ള തീരുമാനത്തിലാണിപ്പോൾ. തിരക്കഥയും ആലോചനയിലുണ്ട്.   

‘പഠിക്കുക. ജോലി നേടുക.’ ഇതായിരുന്നു എന്റെ അ ച്ഛന്റെ ആഗ്രഹം. ‘നിങ്ങളുടെ വഴി നിങ്ങൾ കണ്ടെത്തൂ’ എ ന്നാണു ഞാൻ എന്റെ മക്കളോടു പറയാറുള്ളത്. എന്റെ വ ലതു കയ്യിൽ പച്ച കുത്തിയപ്പോൾ മക്കളും അവരുടെ കൈത്തണ്ടയിൽ അങ്ങനെയൊരു മുദ്ര വേണമെന്നു പറഞ്ഞു. അവരുടെ സന്തോഷങ്ങളിൽ ഞാനും എന്റെ സന്തോഷങ്ങളിൽ അവരും ഒരുപോലെ പങ്കാളികളാണ്. ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങളിലൂടെയാണു ഞാൻ യാത്ര ചെയ്യുന്നത്. അതു മാറ്റമില്ലാതെ തുടരും.

ADVERTISEMENT