Friday 02 September 2022 04:39 PM IST : By സ്വന്തം ലേഖകൻ

‘കാര്യങ്ങൾ കൈവിട്ടു പോകും എന്നു തോന്നിയപ്പോൾ പ്രപ്പോസ് ചെയ്തു’: അർക്കുവിന്റെ സ്വന്തം അപ്പു

Arkaj-Raksha

റീലുകളും ഫാൻ വിഡിയോസും പോസ്റ്റ് ചെയ്തുള്ള ആഘോഷം. അതിനിടയിലാണ് ഇൻസ്റ്റഗ്രാമിൽ രക്ഷ രാജ് വിവാഹ വാർത്തയുടെ പൂത്തിരി കത്തിച്ചത്.

‘ഞാൻ ദാ, കല്യാണം കഴിക്കാൻ പോകുന്നു സേവ് ദ് ഡേറ്റ് കേട്ടോ’ എന്നായിരുന്നു അത്.

‘യ്യോ... കൊച്ച് കല്യാണം കഴിക്കാൻ പോകാണോ.. അപ്പൊ ഞങ്ങളുടെ അപ്പു എന്ത് ചെയ്യും എന്നായിരുന്നു സീരിയൽ പ്രേമികൾക്ക് അറിയേണ്ടത്. ‘സാന്ത്വനം’ സീരിയലിലെ അപ്പു മോളുടെ സ്ഥാനത്ത് രക്ഷ അല്ലാതെ വേറൊരാളെ സങ്കൽപിക്കാൻ പറ്റാത്ത വി ധം അപർണയെന്ന അപ്പുവിനെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു.

‘‘വിവാഹത്തോടെ അഭിനയം നിർത്തുമെന്ന് കരുതിയാകാം അത്തരം കമന്റുകൾ. വിവാഹശേഷവും ക രിയർ തുടരാൻ തന്നെയാണ് എന്റെ തീരുമാനം.’’

തിരിച്ചറിയപ്പെടുന്നതിനു മുൻപേ

പ്രേക്ഷകരുടെ സ്നേഹവും പ്രതികരണങ്ങളും കണ്ടപ്പോൾ മൂന്നു വർഷം മുൻപെടുത്ത തീരുമാനം രക്ഷയുടെ മനസ്സിലേക്ക് ഒാടി വന്നു. ‘‘നടി എന്ന നിലയിൽ ആളുകൾ പറയാതെ മനസേസിലാക്കുന്ന നാൾ വരുമ്പോഴേ ഇനി ഉദ്ഘാടനങ്ങൾക്ക് പോകുന്നുള്ളൂ എ ന്നതായിരുന്നു ആ തീരുമാനം. അഭിനേത്രി എന്ന നിലയിൽ മലയാളികൾ തിരിച്ചറിയുന്ന വളർച്ച നേടിയിട്ടേ വിവാഹം കഴിക്കൂ എന്നും നിശ്ചയിച്ചിരുന്നു.

തിരിച്ചറിയുന്ന നടിയാകുക എന്ന എന്റെ സ്വപ്നം നടപ്പിലാകുമോ എന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ തീരുമാനം നടപ്പിലാക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.

കോഴിക്കോട് ഉള്ള്യേരിയാണ് എന്റെ നാട്. പൂക്കാട് കലാലയത്തിലാണ് നൃത്തം പഠിച്ചത്. ക്ഷേത്രങ്ങളിലും കലാമേളകളിലും നൃത്ത പരിപാടികൾ ചെയ്തിരുന്നു. അങ്ങനെയൊരു പ്രോഗ്രാം കണ്ട സ ഹോദരൻ രഗിന്റെ സുഹൃത്തായ കാസ്റ്റിങ് മാനേജരാണ് ‘ലോലിപോപ്പ്’ സിനിമയിലേക്ക് നിർദേശിച്ചത്. ചെറിയ റോൾ ആയിരുന്നു. അതിനു ശേഷം ‘മലയാളി’ എന്ന സിനിമ.

‘തൊപ്പി’ ആയിരുന്നു ആദ്യ തമിഴ് സിനിമ. ഡെല്ല രാജ് എന്ന പേര് തമിഴ്നാട്ടിൽ അത്ര സ്വീകാര്യമാകില്ല എന്ന തോന്നലിലാണ് രക്ഷ രാജ് എന്നാക്കിയത്.

എന്റെ അച്ഛൻ രാജൻ കോൺട്രാക്റ്റർ ആണ് അമ്മ രമ വീട്ടമ്മ. അച്ഛനും അമ്മയും ഒറ്റയ്ക്ക് എ ന്നെ ഒരിടത്തും വിടില്ല. കേരളത്തിനു പുറത്ത് ഷൂട്ടിന് അച്ഛനും നാട്ടിലെ ഷൂട്ടുകൾക്ക് അമ്മയും കൂ ടെ വരും. ഇവർക്ക് രണ്ടു പേർക്കും സാധിക്കാതെ വ ന്നാൽ മാത്രം ചേട്ടൻ രഗിൻ വരും.

ആറോളം തമിഴ് സിനിമകൾ ചെയ്തു കഴിഞ്ഞ സമയത്താണ് അച്ഛന് ഒരു അപകടമുണ്ടാകുന്നത്. അതോടെ അമ്മ സദാ അച്ഛന്റെ കൂടെ വേണം എന്ന സ്ഥിതിയായി. എനിക്ക് കുറച്ചു നാൾ ബ്രേക്ക് എടുക്കേണ്ടി വന്നു. ചേട്ടന് എപ്പോഴും കൂടെ വരാനാകുമായിരുന്നില്ല.

അച്ഛന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്ന സമയത്താണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന പരമ്പരയിലേക്ക് ക്ഷണം വരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പരിചയമായ സെന്തിലേട്ടൻ വ ഴിയാണ് ചാൻസ് വന്നത്. നാട്ടിൽ തന്നെ ജോലി ചെയ്യാൻ പറ്റും എന്നത് സീരിയൽ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു.

‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്റെ ഇഷ്ട സിനിമകളിലൊന്നാണ്. അതേ കഥ ആധുനിക കാലഘട്ടത്തിലേക്ക് മാറ്റിയ സീരിയലായിരുന്നു അത്. നായകന്റെയും നായികയുടെയും പേര് സോളമൻ, സോഫിയ എന്നു തന്നെ. അതുകൊണ്ട് സോഫിയയാകാൻ ഏറെ ആലോചിക്കേണ്ടി വന്നില്ല.

‘മുന്തിരിത്തോപ്പുകൾ’ ശ്രദ്ധിക്കപ്പെട്ടു. സിനിമയേക്കാ ൾ ദൈർഘ്യമേറിയതാണല്ലോ സീരിയൽ വർക്ക്. കുറച്ച് നാളിനു ശേഷം അടുത്തത് നോക്കാം എന്നു കരുതിയിരിക്കുമ്പോഴാണ് ‘സാന്ത്വനം’ സീരിയലിലേക്കുള്ള വിളി വന്നത്. ചിപ്പി ചേച്ചിയുടെ പ്രോജക്റ്റ്, ഹിറ്റ് മേക്കറായ ഡയറക്ടർ ആദിത്യൻ. ‘യെസ്’ എന്നു പറയാൻ അധികം ആലോചിക്കേണ്ട കാര്യമില്ല.

എങ്കിലും എനിക്കൊരു കൺഫ്യൂഷൻ. എനിക്ക് എല്ലാത്തിനും ഉത്തരം തരുന്ന ബെസ്റ്റ് ഫ്രണ്ടിനെ വിളിച്ച് അഭിപ്രായം ചോദിച്ചു. എന്നെ ഞാനായി മനസ്സിലാക്കുന്ന എ ന്റെ ആത്മസുഹൃത്ത് അതിനൊരു ഉത്തരം നൽകുമെന്ന് എനിക്കുറപ്പായിരുന്നു.

‘ആര് എന്തു പറഞ്ഞാലും നീ നിന്റെ മനസ്സ് പറയുന്നത് കേട്ടാൽ മതി’ എന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ഞാൻ ആലോചിച്ചു. ഒടുവിൽ അഭിനയിക്കാം എന്ന് തന്നെ തീരുമാനിച്ചു. പക്ഷേ, ബെസ്റ്റ് ഫ്രണ്ട് പറഞ്ഞു എന്ന് മാത്രം പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കില്ലല്ലോ. അതുകൊണ്ട് ജ്യോതിഷി കൂടിയായ ചെന്നൈയിലെ ഒരു സുഹൃത്തിനോടു കൂടി ആലോചിച്ചു. അദ്ദേഹവും ‘നീ നിർബന്ധമായും ഇതു ചെയ്യണം’ എന്നു പറഞ്ഞതോടെ ഞാൻ ‘സാന്ത്വന’ത്തിലെ അപ്പുവായി.

അതോടെ എന്റെ പ്രാർഥന സഫലമായി. എവിടെ ചെന്നാലും പറഞ്ഞ് പരിചയപ്പെടുത്തേണ്ട അവസ്ഥ മാറി. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. സ്നേഹപൂർവം അപ്പൂ എന്നു വിളിച്ചുതുടങ്ങി ’’

അർക്കു, എന്റെ ബെസ്റ്റ് ഫ്രണ്ട്

‘‘പലരും കരുതിയിരിക്കുന്നത് എന്റേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ്. ഞാൻ ആദ്യമേ പറഞ്ഞില്ലേ, എന്നെ ഞാനായി മനസ്സിലാക്കുന്ന ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ച്. ആ സുഹൃത്ത് അർക്കജ് ആണ്. എന്റെ അർക്കു.

11 വർഷത്തെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയിട്ട് നാല് വർഷമേ ആകുന്നുള്ളൂ. എന്റെ സുഹൃത്ത് അഞ്ജലിയുടെ നാടായ കുളത്തൂരിലെ അദ്വൈതാശ്രമത്തിൽ നടന്ന അവധിക്കാല ക്യാംപിൽ അവൾ വിളിച്ചിട്ടാണ് ഞാൻ പോയത്. അന്ന് ഞാൻ സ്കൂൾ വിദ്യാർഥിയാണ്. ക്യാംപിൽ അ ർക്കുവും ഉണ്ടായിരുന്നു. അഞ്ജലിയുടെ സുഹൃത്തായിരുന്നു അർക്കു. കോഴിക്കോട് അത്തോളിയാണ് അർക്കുവിന്റെ വീട്.

ആ ക്യാംപിൽ നിന്നൊരു ‘ഫ്രണ്ട് സർക്കിൾ’ രൂപപ്പെട്ടു. ക്യാംപിന് ശേഷവും അതു തുടർന്നു. സമയം കിട്ടുമ്പോ ൾ ഞങ്ങൾ കോഴിക്കോട് നഗരം ചുറ്റാനിറങ്ങും, ഒന്നിച്ചു ഭക്ഷണം കഴിക്കും, സിനിമ കാണാൻ പോകും. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അർക്കജ് എന്റെ ബെസ്റ്റ് ഫ്രണ്ടായി.

ഇഷ്ടം പറഞ്ഞ ഗാനങ്ങൾ

എനിക്ക് ഗായകരെ വലിയ ഇഷ്ടമാണ്. അർക്കജ് തരക്കേടില്ലാതെ പാടും. നൃത്തവും ചെയ്യും. പാടുന്ന ഒരാളെ കല്യാണം കഴിക്കാൻ പറ്റിയെങ്കിൽ എന്നൊക്കെ വിചാരിച്ചിരുന്നെങ്കിലും അർക്കജിനെ ആ സ്ഥാനത്ത് ഞാൻ ചിന്തിച്ചിരുന്നില്ല.

അച്ഛന് അപകടം നടന്ന സമയത്ത് അർക്കജ് എനിക്കു തന്ന പിന്തുണയും ആശ്വാസവും വലുതായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഈ സൗഹൃദം അതിനും മേലെ വളരുകയാണെന്ന്.

‘അടുപ്പം മറ്റൊരു തലത്തിലേക്ക് പോകുന്നു, നമുക്ക് ബ്രേക്ക് എടുത്താലോ’ എന്ന് ഞാൻ ചോദിച്ചു. അർക്കജ് സമ്മതിച്ചു. അതുവരെയും അർക്കജ് എന്നോട് പ്രണയമാണെന്ന് പറഞ്ഞിരുന്നില്ല. പക്ഷേ, എനിക്ക് അയയ്ക്കുന്ന പാട്ടുകളിൽ പ്രണയം നിറഞ്ഞിരുന്നു.

ഞാൻ ആവശ്യപ്പെട്ട പ്രകാരം ഫോൺവിളിയും നേരിട്ടുള്ള സംസാരവും നിർത്തിയെങ്കിലും വീണ്ടും പാട്ടുകൾ വ ന്നുകൊണ്ടേയിരുന്നു. താമസിയാതെ എനിക്കും മനസ്സിലായി എനിക്ക് അർക്കജിനെ ‘മിസ്’ ചെയ്യാൻ പറ്റില്ല എന്ന്’’

അതുവരെ എല്ലാം നിശബ്ദനായി കേട്ടിരുന്ന അർക്കജ് ചിരിയോടെ പറഞ്ഞു. ‘‘ആ സമയത്താണ് രക്ഷയ്ക്ക് വിവാഹാലോചന വരുന്നത്. ഇനിയും പറഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്നു തോന്നിയപ്പോൾ ഞാൻ ‘പ്രപ്പോസ്’ ചെയ്തു.

വരുന്ന വിവാഹാലോചനകൾ രക്ഷ ഒഴിവാക്കി വിടുന്നത് കണ്ടപ്പോൾ വീട്ടുകാർ ചോദിച്ചു മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. അപ്പോഴാണ് വീട്ടുകാരോട് ഞങ്ങളുടെ പ്രണയം തുറന്നു പറഞ്ഞത്.’’ എന്ന് അർക്കജ്.

‘‘പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർ തമ്മിൽ സംസാരിക്കുന്നു. തീരുമാനമെടുക്കുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ വച്ചു വിവാഹം നടക്കുന്നു.

അർക്കജിന്റെ അച്ഛൻ സത്യപാലൻ ആർമിയിലായിരുന്നു. അമ്മ ഇന്ദിര എൽഐസിയിൽ ജോലി ചെയ്യുന്നു. അനുജൻ അരുൺ മർച്ചന്റ് നേവിയിലാണ്. അർക്കജ് ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്.

വർക്ക് ഫ്രം ഹോം ആയതുകൊണ്ട് ഇപ്പോൾ എന്നോടൊ പ്പമുണ്ട്. ഷൂട്ട് ഉള്ളപ്പോൾ തിരുവനന്തപുരത്തേക്കും ബ്രേക്ക് കിട്ടുമ്പോൾ കോഴിക്കോട്ടേക്കുമുള്ള ഓട്ടത്തിലാണ് ഞങ്ങൾ. അതിനൊപ്പം വിവാഹ ശേഷമുള്ള ആദ്യ ഓണാഘോഷത്തിനുള്ള പ്ലാനിങും നടക്കുന്നു’’ നാട്ടിൻപുറത്തെ പുലർവെയിൽ പോലെ രക്ഷ പുഞ്ചിരിക്കുന്നു.

രാഖി റാസ്